പ്രകൃതാവസ്ഥയിൽ ഭൂമിയെല്ലാം കാടുവെട്ടി തരിശായി കിടക്കുന്ന ഒരു വിദൂരസ്ഥലത്തു പോയി കുടിപാർക്കുക എന്നത് അത്ര എളുപ്പമായ കാര്യമൊന്നുമല്ല. ഭാഷപോലും അറിയാത്തവരും ക്രൂരന്മാരും മറ്റുമായ ചില ആദിവാസികളും മറ്റു ക്രൂര ജന്തുക്കളും മാത്രമാണവിടെ ഉണ്ടാവുക. കുടിയേറിപ്പാർക്കുക എന്ന സപ്താക്ഷരമന്ത്രം ഉച്ചരിക്കുവാൻ എല്ലാവർക്കും എളുപ്പത്തിൽ സാധിക്കും. എന്നാൽ ആദ്യമായി അവിടെചെന്നു കുടി പാർക്കുവാൻ തുടങ്ങിയ ആളുകൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളേയും കഷ്ടപാടുകളേയും കുറിച്ച് അധികമാരും ചിന്തിച്ചിരിക്കുവാൻ സാദ്ധ്യതയില്ല. രണ്ടും കല്പിച്ചുകൊണ്ടുള്ള ഒരു സാഹസികയാത്രയാണിത്. അതിനാൽ എങ്ങനെയായിരിക്കും അവർ അവിടങ്ങളിൽ(ആദ്യമാദ്യമായി പോയ സംഘക്കാർ) കുടിയേറി പാർത്തുതുടങ്ങിയതെന്ന സംഗതി പ്രായോഗിക വശത്തുകൂടെ പരിശോധിക്കുന്നത് രസപ്രദം മാത്രമല്ല അത്ഭുതകരവുമായിരിക്കും.
ഏകദേശം ബി.സി. 1500-ാം മാണ്ടോടടുത്ത കാലത്താണ് ആര്യന്മാർ ഇവിടെ ആദ്യമായി വന്നു തുടങ്ങിയതെന്നോർക്കണം. അന്ന് ഇവിടെ ഉണ്ടായിരുന്ന സ്ഥിതി എന്തായിരിക്കും? ഇവിടെ ഉണ്ടായിരുന്ന ആദിവാസികളുടെ ജീവിതമെങ്ങിനെയായിരിക്കും? ഇരമ്പിനെപറ്റി ഈ ആദിവാസികൾക്ക് നിശ്ചയമില്ലാത്തതിനാൽ വെട്ടുകത്തി, കൈക്കോട്ട്മുതലായ ആയുധങ്ങൾ ഒന്നും അവർക്കുണ്ടായിരുന്നില്ല. അതിനാൽ ഒരു കുടിൽ കെട്ടി വെയിലും മഴയും കൊള്ളാതെ താമസിക്കാനുള്ള കഴിവും അവർക്കില്ലായിരുന്നു. ഇരുമ്പില്ലാത്തതിനാൽ വില്ലും അമ്പുമുപയോഗിച്ച് വേട്ടയാടാനോ ദുഷ്ടമൃഗങ്ങളെ അകറ്റാൻ പോലുമോ അവർക്ക് കഴിഞ്ഞിരിക്കുകയില്ല. മരങ്ങളുടെ ചില്ലിക്കമ്പുകൾ ഒടിച്ച് വടിയായി ഉപയോഗിച്ചിരിക്കാം. ചെറിയ കല്ലുകൾ എടുത്ത് എറിയുകയും ചെയ്തിരിക്കാം. ശത്രുക്കളെ അകറ്റാനും ഭക്ഷണത്തിനും മൃഗങ്ങളെ വേട്ടയാടിപ്പിടിക്കാനും മറ്റും അവർക്കുണ്ടായിരുന്ന ആയുധങ്ങൾ ഇത്രമാത്രമായിരിക്കും. വല്ലമരത്തിൻ്റേയും തോൽ കൈകൊണ്ട് ഉരിഞ്ഞെടുത്ത് ചെറുതാക്കി ചീന്തിപിരിച്ച് കവണയുണ്ടാക്കാനും അതുപയോഗിച്ചുകൊണ്ട് കല്ലെറിയാനും ഒരുപക്ഷെ അവർക്ക് വശമുണ്ടായിട്ടുണ്ടാകാം. മരങ്ങൾതമ്മിൽ കാറ്റത്തുരുമ്മി വേനൽകാലത്ത് സ്വാഭാവികമായി തീയുണ്ടാവുമെന്നതിനാൽ അതു പയോഗിക്കാനും പാലിനും മാംസത്തിനും വേണ്ടി ആടുമാടുകളെ വളർത്താനും അവർക്കറിവുണ്ടായിരുന്നു എന്ന് കരുതാം. അത്തരം ഒരു പ്രദേശത്തേയ്ക്കാണ് ആര്യന്മാർ ആദ്യമായി എത്തിയതെന്നോർക്കണം.
ആര്യന്മാർ അക്കാലത്ത് കപ്പൽയാത്രയിൽ വിദഗ്ദ്ധന്മാരായിരുന്നു. അതിനാൽ അങ്ങനെയുള്ള വിദൂരപ്രദേശങ്ങളിൽ ചെന്ന് കുടിയേറിപ്പാർക്കണമെങ്കിൽ എന്തൊക്കെയാണ് മുൻ കരുതലെടുക്കേണ്ടതെന്ന് അവർക്ക് ഏതാണ്ടൊക്കെ അറിയാമായിരുന്നു. ആദ്യത്തെ പരിശോധനയിൽ തന്നെ ബോംബെ, ഗോവ, ഉഡുപ്പി, പൊന്നാനി എന്നീ നാലുസ്ഥലങ്ങൾ കുടിപ്പാർക്കുന്നതിന് അവർ തിരഞ്ഞെടുക്കുകയും അവിടങ്ങളിൽ കുടിലുകൾ കെട്ടി മനുഷ്യർക്ക് താമസിക്കുന്നതിന് എന്തെല്ലാം പോരായ്മകൾ ഉണ്ടെന്ന് മനസ്സിലാക്കുകയും ചെയ്തിട്ടുണ്ടാകണം. മാത്രമല്ല സിന്ധിയിൽ നിന്നു പുറപ്പെട്ടാൽ ഉദ്ദിഷ്ട സ്ഥലങ്ങളിലെത്താൽ എത്രദിവസം വേണ്ടിവരുമെന്നും അവർ മനസ്സിലാക്കിയിട്ടുണ്ടാകാം.
ആദ്യമായി പോയ സംഘക്കാരെല്ലാം കൂടിപാർത്തുതുടങ്ങിയത് കടൽത്തീരത്തേ ആയിരിക്കൂ. കടൽക്കരയിൽ നിന്ന് ഉള്ളോട്ട് – കിഴക്കോട്ട് – ഒന്നുരണ്ടു നാഴികയോളം വിസ്താരത്തിൽ ഉടനീളം സമ നിരപ്പായ മണൽ പ്രദേശമാണല്ലോ. അവിടങ്ങളിൽ കുറുക്കൻ, മുയൽ, പന്നി മുതലായ ചെറിയതരം കാട്ടു ജന്തുക്കൾക്ക് വസിക്കാവുന്ന ചെറിയ കാടുകളും പൊന്തകളുമല്ലാതെ മലയോര പ്രദേശങ്ങളിലെന്നപോലെ വൻതരം കാടുകളുണ്ടാവുകയില്ല. അതിനാൽ സിംഹം, കടുവ, ആന മുതലായ കാട്ടുമൃഗങ്ങളെപ്പറ്റി ഭയപ്പെടെണ്ട കാര്യവുമില്ല. കപ്പൽ കരയോടടുപ്പിക്കാൻ കടൽപ്പാലങ്ങളോ സാമാനങ്ങളിറക്കാൻ ക്രയിനുകളോ കരയ്ക്കിറക്കിയാൽ തന്നെ അവ കയറ്റുന്നതിന് വാഹനങ്ങളോ വാഹനങ്ങൾ കൊണ്ടു പോകുന്നതിന് റോഡുകളോ ഒന്നും ഉണ്ടായിരുന്നില്ല. സാമാനങ്ങൾ തലച്ചുമടായി കടത്താമെന്നു വെച്ചാൽ തന്നെ അതിനുതക്ക നടപ്പാത പോലും അവിടെ ഉണ്ടായിരുന്നില്ലെന്ന് ഓർക്കണം. ആദ്യത്തെ സംഘക്കാരെല്ലാം താമസമുറപ്പിച്ചതു കടൽക്കരയിലെ ആയിരിക്കൂ എന്ന് പറഞ്ഞതിൻ്റെ കാരണങ്ങൾ ഇങ്ങനെ പലതാണ്.
വീടിൻ്റെ മേൽപ്പുരയുണ്ടാക്കുന്നതിനു മുളകൾ, മരങ്ങൾ, മേയുന്നതിന് പുല്ലുകൾ മരത്തിൻ്റെ ഇലകൾ മുതലായതെല്ലാം അവിടെ സുലഭമായി കിട്ടിയിരുന്നു. ചുമരുണ്ടാക്കുന്നതിന് മണ്ണുപയോഗിച്ചിട്ടുണ്ടായിരിക്കാം. പക്ഷെ കടൽ തീരത്തെല്ലാം ഉതിർന്ന മണലാകയാൽ അതുകൊണ്ട് ചുമരുണ്ടാക്കാൻ പറ്റില്ലല്ലോ. വേണമെങ്കിൽ മേൽഭാഗത്തെ മണൽ നീക്കി അഞ്ചാറടി താഴോട്ട് ചെന്നേ ചുമരുണ്ടാക്കത്തക്ക പശിമയുള്ള മണ്ണു കിട്ടുകയുള്ളൂ.മരത്തിനാണെങ്കിൽ പഞ്ഞവുമുണ്ടാവുകയില്ല. അതിനാൽ ആദ്യമാദ്യം കുടിപാർത്തു തുടങ്ങിയവരെല്ലാം തൂണുകളിന്മേൽ മേൽപ്പുരയുണ്ടാക്കുകയും ചുമരൻ്റെ സ്ഥാനത്ത് മരപ്പലകൾ കൊണ്ട് നിറയ്ക്കുകയുമാണ് ചെയ്തിരിക്കുക.ഇത്രമാത്രമേ അവിടെ ഉണ്ടായിരിക്കാൻ സാദ്ധ്യത കാണുന്നുള്ളൂ. ബാക്കി ആവശ്യമായ എല്ലാ സാധനങ്ങളും സ്വദേശത്തു നിന്ന് കൊണ്ടുവന്നിട്ടുണ്ടായിരിക്കാം.
(തുടരും)




🙏🙏