മലയാളി മനസ്സ് ലെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും മലയാളസാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന രചനയുടെ 45 ാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏
മാനുഷികബന്ധങ്ങളുടെ മനോജ്ഞമായ ചിത്രീകരണങ്ങളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ, *ഉറൂബ്* എന്ന തൂലികനാമത്തിലൂടെ പ്രശസ്തനായ ശ്രീ. പി.സി. കുട്ടികൃഷ്ണൻ ആണ് ഇന്നത്തെ നക്ഷത്രപ്പൂവ്!
ഉറൂബ് (പി.സി. കുട്ടികൃഷ്ണൻ)

(08/06/1915 – 10/07/1979)
മലപ്പുറം ജില്ലയിൽ പൊന്നാനിക്ക് അടുത്തുള്ള പള്ളിപ്പുറം ഗ്രാമത്തിൽ 1915 ലാണ് പി.സി. കുട്ടികൃഷ്ണൻ ജനിച്ചത്. പാറുക്കുട്ടി അമ്മയും, കരുണാകര മേനോനുമായിരുന്നു മാതാപിതാക്കൾ.
പൊന്നാനി എ.വി. ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം
നേടിയ അദ്ദേഹം ചെറുപ്പത്തിൽ തന്നെ കാല്പനിക കവിയായ ഇടശ്ശേരി ഗോവിന്ദൻ നായരുമായി സൗഹൃദത്തിലായി. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അദ്ദേഹം കവിത എഴുതാനാരംഭിച്ചത്.ആദ്യമെഴുതിയ കവിതയും, കഥയും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചതോടെ പൊന്നിയിലെ സാഹിത്യമണ്ഡലത്തിൽ കവിയായി അദ്ദേഹം പേരെടുത്തു. 1934 ൽ നാടുവിട്ട അദ്ദേഹം ഉത്തരേന്ത്യയിൽ പല സ്ഥലത്തും യാത്ര ചെയ്യുകയും അതോടൊപ്പം പല ജോലികളും ചെയ്തു. അദ്ധ്യാപകനായും, ചില കമ്പനികളിൽ ഗുമസ്തനായും മറ്റും ജോലി നോക്കി. കെ.ആർ. ബ്രദേഷ്സ്, മംഗളോദയം എന്നീ പ്രസിദ്ധീകരണ ശാലകളിലെ ജോലിക്കു ശേഷം കോഴിക്കോട് റേഡിയോ നിലയത്തിൽ സ്റ്റാഫ് ആർട്ടിസ്റ്റ് ആയും പിന്നീട് പ്രൊഡ്യൂസറായും ജോലി ചെയ്തു. ആകാശവാണിയിൽ നിന്ന് പ്രൊഡ്യൂസറായി വിരമിച്ച അദ്ദേഹം കുങ്കുമം, മലയാള മനോരമ എന്നിവയുടെ പത്രാധിപർ,
കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു.
“നീർച്ചാലുകൾ” എന്ന കഥാ സമാഹാരമാണ് ആദ്യകൃതി.
‘യൗവ്വനം നശിക്കാത്തവൻ’ എന്നർത്ഥമുള്ള അറബിവാക്കായ *ഉറൂബ്* എന്ന തൂലികാനാമത്തിലാണ് അദ്ദേഹം പ്രശസ്തനായത്. 1952 ൽ ആകാശവാണിയിൽ ജോലി നോക്കവേ സഹപ്രവർത്തകനും സംഗീത സംവിധായകനുമായ കെ. രാഘവനെ കുറിച്ച് ഒരു ലേഖനം മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കുമ്പോഴാണ് ‘ഉറൂബ്’എന്ന പേര് ആദ്യമായി ഉപയോഗിച്ചത്. സ്വന്തം പേരിൽ എഴുതാൻ ഉദ്യോഗസ്ഥർ മുൻകൂർ അനുവാദം നേടണം എന്ന സർക്കാർ ഉത്തരവാണ് തൂലിക നാമം സ്വീകരിക്കാൻ അദ്ദേഹത്തിനു പ്രേരണയായത്.
അദ്ദേഹത്തിൻ്റെ സാഹിത്യപ്രപഞ്ചം പൊന്നാനിയിൽ തുടങ്ങി പല വിദൂരതകളിലും സഞ്ചരിച്ച് അവസാനം പൊന്നാനിയിൽ തന്നെ എത്തിച്ചേരുന്നതായി വായനക്കാർക്ക് തോന്നും! ചെറുകഥാ രംഗത്ത് എന്ന പോലെ നോവൽ സാഹിത്യത്തിലും അദ്ദേഹം തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സാമൂഹിക ലോകത്തിൻ്റെ വിശാലമായ ലോകത്ത് മനുഷ്യ സ്വഭാവങ്ങളുടെ അഗാധഭാവങ്ങളെ കാവ്യസുന്ദരമായി ചിത്രീകരിക്കുന്നതിൽ ഉറൂബിന് പ്രത്യേക സാമർത്ഥ്യം ഉണ്ട്. ലഘുകവിതകളിൽ തുടങ്ങി ചെറുകഥകളിലൂടെ വളർന്ന് നോവലിൽ എത്തിയതാണ് അദ്ദേഹത്തിൻ്റെ സാഹിത്യലോകം എന്നു പറയാം. അദ്ദേഹത്തിൻ്റെ പ്രതിപാദനരീതി ആകർഷകവും കവിതാമയവുമാണ്! മലയാള സാഹിത്യലോകത്തെ
‘മനുഷ്യ കഥാനുഗായിയായ എഴുത്തുകാരൻ’ എന്ന് ഉറൂബിനെ വിശേഷിപ്പിക്കാറുണ്ട്.
ഉമ്മാച്ചു,സുന്ദരികളും സുന്ദരന്മാരും, മിണ്ടാപ്പെണ്ണ്, ആമിന, കുഞ്ഞമ്മയും കൂട്ടുകാരും, അണിയറ, നീലവെളിച്ചം, മണ്ണും പെണ്ണും, തീ കൊണ്ടു കളിക്കരുത്, അമ്മിണി, മൂടുപടം, തേൻമുള്ളുകൾ, ഗോപാലൻ നായരുടെ താടി, രാച്ചിയമ്മ, തുറന്നിട്ട ജാലകം, ലാത്തിയും പൂക്കളും തുടങ്ങിയവയാണ് പ്രധാന കൃതികൾ.
മായൻ്റെയും ഉമ്മാച്ചുവിൻ്റെയും പ്രണയ ജീവിതത്തിലൂടെ രണ്ടു തലമുറകളുടെ കഥ പറയുന്ന കൃതിയാണ് ഉമ്മാച്ചു. ജാതിമതാദി ചിന്തകൾക്കതീതരായി വർത്തിക്കുന്ന സ്ത്രീ പുരുഷന്മാരാണ് ഇതിലെ കഥാപാത്രങ്ങൾ. നവോത്ഥാന ദിശയിലെ മലയാള നോവലുകളിൽ ‘ഉമ്മാച്ചു’വിന് ഒരു പ്രധാന സ്ഥാനമുണ്ട്.
സ്വാതന്ത്ര്യസമര പശ്ചാത്തലത്തിലുള്ള വിപുലമായ ഒരു നോവലാണ് ‘സുന്ദരികളും സുന്ദരന്മാരും’. ഉറൂബ് ന് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് നേടിക്കൊടുത്ത കൃതി കൂടിയാണിത്! ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ മലബാർ പ്രദേശത്തുണ്ടായ സാമൂഹ്യപരിവർത്തനങ്ങൾ ഇതിൽ അവതരിപ്പിച്ചിട്ടുണ്ട് ഈ കൃതിയിൽ കഥാപാത്രങ്ങളുടെ ബാഹുല്യം അനുഭവപ്പെടുമെങ്കിലും രാമൻനായർ, സുലൈമാൻ, വിശ്വനാഥൻ, രാധ, കുഞ്ഞുരാമൻ തുടങ്ങിയ കഥാപാത്രങ്ങൾ അനുവാചകരുടെ ഹൃദയത്തിൽ തങ്ങി നിൽക്കും! മാപ്പിളലഹള ദേശീയപ്രസ്ഥാനത്തിൻ്റെയും ട്രേഡ് യൂണിയനുകളുടെയും വളർച്ച, മതപരിവർത്തനം തുടങ്ങി ഒരു കാലഘട്ടത്തിൻ്റെ നേർക്കാഴ്ച ഈ നോവലിലൂടെ ലഭിക്കുന്നു.
‘ ഉമ്മാച്ചു’ വിന് കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചിട്ടുണ്ട്. മലയാള സിനിമയ്ക്ക് ആദ്യമായി ദേശീയ അവാർഡ് നേടിക്കൊടുത്ത ‘നീലക്കുയിൽ’ എന്ന സിനിമയുടെ കഥയും സംഭാഷണവും രചിച്ചത് ഉറൂബ് ആയിരുന്നു.
പ്രതിഭാസമ്പന്നനായ ഉറൂബ് മനോരമ പത്രാധിപർ ആയിരിക്കെ 1979 ജൂലൈ 10 ന് കോട്ടയത്ത് വച്ച് അന്തരിച്ചു🙏🌹
അടുത്ത ലക്കം വീണ്ടും കണ്ടുമുട്ടാം❤️💕💕💕




എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന അത്ര ലളിതമായ ഭാഷ.🥳💐
രാച്ചിയമ്മ ഉറൂബ് എഴുതിയതാണെന്ന് ഇന്നാണ് അറിയുന്നത്.🥰😍
സന്തോഷം… നന്ദി ആസിഫകുട്ടി🥰❤️🙏
Thank You Sri.Raju Sankarathil Sir 🙏❤️🥰
ഹൃദ്യമായ വിവരണം