Friday, May 15, 2026
Homeഅമേരിക്കമലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (നാൽപ്പത്തിയേഴാം ഭാഗം) 'ശ്രീ മുട്ടത്തുവർക്കി' ✍ അവതരണം: പ്രഭ ദിനേഷ്

മലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (നാൽപ്പത്തിയേഴാം ഭാഗം) ‘ശ്രീ മുട്ടത്തുവർക്കി’ ✍ അവതരണം: പ്രഭ ദിനേഷ്

മലയാളി മനസ്സിലെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന പംക്തിയുടെ 47-ാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏

മലയാള സാഹിത്യത്തിലെ എക്കാലത്തേയും ജനപ്രിയ എഴുത്തുകാരൻ ആയിരുന്ന ശ്രീ. മുട്ടത്തുവർക്കി യാണ് ഇന്നത്തെ നക്ഷത്രപ്പൂവ്!

മുട്ടത്തുവർക്കി (28/04/1913 – 28/05/1989)

സാധാരണക്കാരുടെ,കഥാകാരനായിരുന്നു മുട്ടത്തു വർക്കി. ഘനഗംഭീരമായ ഭാഷാ പ്രയോഗങ്ങളോ ദാർശനികതയുടെ ഉൾക്കരുത്തുകളോ ഒന്നും അദ്ദേഹത്തിൻ്റെ കൃതികളിൽ കണ്ടെത്തുവാൻ കഴിഞ്ഞെന്നു വരികയില്ല. ഒരുപക്ഷേ മലയാളത്തിൽ ഏറ്റവുമധികം നോവലുകളും കഥകളുമെഴുതിയത് മുട്ടത്തു വർക്കി ആയിരിക്കും!

നാട്ടിൻപുറങ്ങളുടെയും, നിഷ്ക്കളങ്കരായ ഗ്രാമീണരുടെയും ഹൃദയത്തുടിപ്പുകളാണ് അദ്ദേഹത്തിൻ്റെ എല്ലാ കൃതികളുടേയും പ്രമേയം. ഇവയുടെ ഉള്ളടക്കത്തിന് ഏതാണ്ട് ഒരു ഐക്യരൂപം വായനക്കാർക്ക് അനുഭവപ്പെടുകയും ചെയ്യും. സാധാരണ ജനങ്ങൾക്ക് വായനാശീലം ഉണ്ടാക്കുവാൻ മുട്ടത്തുവർക്കിയുടെ കഥകൾ വളരെയധികം ഉപകരിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ തുടർച്ചയായി കൃതികൾ രചിക്കുവാൻ അദ്ദേഹത്തിന് താല്പര്യവും ഉണ്ടായിരുന്നു.

കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരിക്കടുത്തു ചെത്തിപ്പുഴയിൽ മുട്ടത്തു മത്തായിയുടെയും അന്നമ്മയുടെയും മകനായിട്ട് അദ്ദേഹം 1913 ഏപ്രിൽ 28ാം തീയതി ജനിച്ചു. വടക്കേക്കര ഗവ. ലോവർ പ്രൈമറി സ്ക്കൂളിലും, ചങ്ങനാശ്ശേരി സെൻ്റർ ബർക്കുമെൻസ് ഹൈസ്ക്കൂളിലും പഠിച്ചു. ചങ്ങനാശ്ശേരി എസ്സ്.ബി. കോളേജിൽ നിന്നും ബിരുദം നേടി. കുറച്ചു കാലം എസ്.ബി.ഹൈസ്ക്കൂളിൽ അദ്ധ്യാപകനായി ജോലി നോക്കി. അവിടുത്തെ വരുമാനം തികയാതെ വന്നപ്പോൾ കോട്ടയത്ത് എം.പി.പോളിൻ്റെ ടൂട്ടോറിയൽ കോളേജിൽ ജോലി ചെയ്തു. ഒരു ചെറുകഥാമാസിക പ്രസിദ്ധീകരിച്ച് അതിൽ കഥകളെഴുതി. അവസാനം ദീപിക ദിനപ്പത്രത്തിൽ പത്രാധിപരായി ദീർഘകാലം സേവനം അനുഷ്ഠിച്ചു.

ആദ്യകാലത്ത് മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയിരുന്നു.
ആത്മാഞ്ജലി എന്ന ലഘു കാവ്യമാണ് ആദ്യകൃതി. ഇണപ്രാവുകൾ ആണ് ആദ്യത്തെ നോവൽ. തുടർന്ന് 80 ൽ അധികം നോവലുകളും, ചെറുകഥകളും, നാടകങ്ങളും ജീവചരിത്രഗ്രനഥങ്ങളുമൊക്കെയായി വളരെയധികം കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. മുട്ടത്തുവർക്കിയുടെ അനേകം നോവലുകളും ചില ചെറുകഥകളും ചലച്ചിത്രമാക്കിയിട്ടുണ്ട്. ഇത് ഒരു പക്ഷേ ലോക റിക്കോർഡ് ആയിരിക്കും. മലയാളത്തിൽ ഇത് ഒരു റിക്കാർഡ് തന്നെയാണ്!

ഇണപ്രാവുകൾ, പാടാത്ത പൈങ്കിളി, മറിയക്കുട്ടി, കരകാണാക്കടൽ, ഒരു ചുംബനം മാത്രം,കാലചക്രം, ചട്ടമ്പിക്കവല, പച്ചനോട്ടുകൾ, ഒരു കുടയും കുഞ്ഞുപെങ്ങളും, അഴകുള്ള സെലീന, മയിലാടുംകുന്ന്, കാണാൻ പോകുന്ന പൂരം,പാവപ്പെട്ടവൻ, പുതിയ കോവിൽ, പൂന്തേനരുവി, വഴിതെറ്റി വന്ന മാലാഖ,ലോറാ നീ എവിടെ, വെളുത്ത കത്രീന,വാഗ്ദത്ത ഭൂമി, രണ്ടു കണ്ണുകൾ, തെക്കൻകാറ്റ്, ഫിഡിൽ, പിറവം റോഡ്, ലൈൻ ബസ്, ഹോട്ടൽ, പഞ്ചായത്തു വിളക്ക് തുടങ്ങിയവ അദ്ദേഹത്തിൻ്റെ നോവലുകളിൽ ചിലതാണ്.

ഒട്ടകവും സൂചിക്കുഴയും, കൂട്ടുകിണർ, പുതിയമണ്ണ്, മാറ്റൊലി, സമരഭൂമി, കറുത്തമറുക്, ഹേമന്തരാവിൽ, മണിയറ, മഴക്കാറുകൾ, പൊട്ടാത്ത നൂലുകൾ തുടങ്ങിയവ കഥാസമാഹാരങ്ങളാണ്. അക്ബർ, ഡോ. ഷിവാഗോ, രാജവീഥി, കുരിശും കൊടുങ്കാറ്റും, താഴ്വരയിലെ വീട്, മരങ്ങളും മനുഷ്യരും തുടങ്ങിയ അദ്ദേഹം വിവർത്തനം ചെയ്ത കൃതികളാണ്.

വി. പത്താം പീയൂസ്,മരിയ ഗൊരേത്തി, ഫാദർ വില്യം എന്നീ ജീവിച്ചരിത്രങ്ങളും അദ്ദേഹം എഴുതിയതാണ്.

ഈ കൃതികൾ പ്രസിദ്ധീകരിക്കുന്ന സമയത്ത് ഏറ്റവും ജനപ്രീതി നേടിയ എഴുത്തുകാരനായിരുന്നു മുട്ടത്തുവർക്കി. അതിനു കാരണം സാഹിത്യലോകത്ത് അതുവരെ ആരും കാര്യമായി പ്രയോഗിക്കാതിരുന്ന, സാധാരണക്കാരുടെ ജീവിതവും അവരുടെ പ്രശ്നങ്ങളും സുഖദുഃഖങ്ങളും പ്രകൃതിയുമായുള്ള ബന്ധവും എല്ലാം തനിമയോടെ അകൃത്രിമമായ ഭാഷാശൈലിയിൽ വായിച്ചപ്പോൾ സാധാരണ ജനങ്ങൾക്ക് അത് ഒരു പുതിയ അനുഭവമായിത്തീർന്നു.ഈ വായനക്കാരിൽ ഏറെയും സ്ത്രീകളായിരുന്നു എന്നതും ശ്രദ്ധേയമാണ്.

സ്ത്രീകളെ കൂടുതൽ ആകർഷിക്കത്തക്കവിധത്തിൽ അവരുടെ മനസ്സിനെ സ്പർശിക്കുന്നതും അവരുടെ താൽപ്പരുങ്ങളെ ഉണർത്തുന്നതുമായ കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിക്കുവാൻ അറിയാതെ ഒരു പ്രേരണ വായനക്കാർക്ക് ഉണ്ടാക്കുവാൻ മുട്ടത്തുവർക്കി എന്ന കഥാകൃത്തിന് കഴിഞ്ഞു.
മതപരവും, രാഷ്ട്രീയവും, സാമുദായികവുമായ ദുഷ്പ്രവണതകളെ എതിർക്കുന്നതിലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു!

അങ്ങനെ ഒരു കാലത്ത് സാധാരണ മലയാളികളുടെ വായനാശീലത്തെ ഊട്ടിവളർത്തിയ ജനപ്രിയ എഴുത്തുകാരനായ സാഹിത്യകാരൻ 1989 മെയ് 28 ന് കാലയവനികയ്ക്കുള്ളിൽ മറഞ്ഞു🙏🌹

അടുത്ത ലക്കം വീണ്ടും കണ്ടുമുട്ടാം❤️💕💕

പ്രഭ ദിനേഷ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com