കോട്ടയമെന്ന അക്ഷര നഗരിയിലെ മാത്രമല്ല, കേരളത്തിൻ്റെ തന്നെ കലാലയ മുത്തശ്ശിയാണ്
C MS കോളേജ്. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് എൻ്റെ കോളേജ് പ്രവേശനം . കോൺവെൻ്റ് സ്കൂളിലെ അച്ചടക്കമുള്ള അലമ്പികൾ, കോളേജിൽ കരിമ്പിൻ കാട് കണ്ട ആനയെ പോലെ തന്നെ ആയിരുന്നു. എവിടെ പോകണം എങ്ങോട്ടു നോക്കണം……. പച്ചപ്പ്’. കാറ്റാടി മരം , വിശാലമായ ക്യാമ്പസ്, യുവ മിഥുനങ്ങൾ സുന്ദരന്മാർ, സുന്ദരികൾ, ഫാഷൻ, സ്റ്റെലന്മാർ അങ്ങനെ ഒരു നൂറായിരം കാഴ്ചകൾ , കാഴ്ചകളായിരുന്നു പ്രധാന ആകർഷണം.
കുവൈറ്റ് യുദ്ധത്തെ തുടർന്നു ഒരുപാട് പ്രവാസികൾ അവരുടെ
കുട്ടികളെ തുടർ പഠനത്തിനായി CMS ൽ ചേർക്കാൻ തുടങ്ങിയ സമയം കൂടിയായിരുന്നു. അതെന്തായാലും ക്യാമ്പസിൻ്റെ നിറം കൂട്ടി. മൽയാലവും മലയാലവും ഇംഗ്ലീഷും മംഗ്ലീഷും ഒക്കെ ക്യാമ്പസിൻ്റെ ഭാഷയായി. വേഷവിധാനത്തിലും ഫാഷനിലുമുള്ള വൈവിധ്യങ്ങളും ക്യാമ്പസിൻ്റെ പച്ചപ്പും കാറ്റാടിമരങ്ങളും ലവേഴ്സ് പാത്തുമൊക്കെ ഏതൊരു കൗമാരക്കാരനേയും പ്രണയാതുരനാക്കാൻ ധാരാളമായിരുന്നു.
അങ്ങനെ ആവർഷത്തെ കോളേജ് യൂണിയൻ ഇലക്ഷൻ വരവായി. ആകെ മൊത്തം ഒരു ഉത്സവപ്രതീതി. കൊടി തോരണങ്ങൾ, സ്ഥാനാർത്ഥികളുടെയും അനുഭാവികളുടെയും ചെറുസംഘങ്ങൾ… വോട്ടുപിടിത്തം എങ്ങും കാണാം.
മിക്ക പ്രണയങ്ങൾ മൊട്ടിടുന്നതും പുഷ്പിക്കുന്നതുമൊക്കെ ഇലക്ഷൻ കാലത്താണ്. ലൈൻമാൻമാരുടെ പോസ്റ്റു നാട്ടലും ലൈൻവലിയും കണക്ഷൻ കിട്ടലും ഒക്കെയായ് ക്യാമ്പസ് പൂത്തുലയുന്ന സമയം.
നിരാശാ കാമുകന്മാരും കാമുകികളും നല്ല കുട്ടി ചമഞ്ഞ് സ്വയം ആശ്വസിച്ച്, ഞങ്ങൾ ആ type അല്ല, മാരുതി ആർക്കും കിട്ടും എന്നാൽ പോർഷെ എല്ലാവർക്കും കിട്ടില്ല… (അല്ല പിന്നെ🫣😏😩) എന്നിങ്ങനെയുള്ള ആത്മഗതങ്ങളുമായി
ഉള്ളിൽ അസൂയയും പുറമേ സദാചാര ഭാരവും പേറി ഗതികിട്ടാതെയും നടപ്പുണ്ട്.
അങ്ങനെ സ്ഥാനാർത്ഥികൾ വിനയാന്വിതന്മാരായി നടുവൊടിച്ച് വോട്ട് ചോദിക്കുന്നു. സിൽബന്ധികൾ വേട്ടും നോട്ടവും line വലിയും ഒക്കെയായി പിന്നാലെയും. പൊതുവേ first group ഉം Second group ഒക്കെ പഠിപ്പികളുടെ ക്ലാസുകളായാണ് അറിയപ്പെട്ടിരുന്നത്. ഞങ്ങൾ അങ്ങനെയല്ലെങ്കിലും നമ്മളായിട്ടത് മാറ്റി പറയിക്കാൻ ശ്രമിച്ചുമില്ല.
സുന്ദരന്മാരൊക്കെ KSU ക്കാരാണ്, പാവങ്ങളാണ്, ഏത് സമരത്തിനും തല്ലുകിട്ടുന്നവരാണ്..
SFI ക്കാർ അക്രമത്തിൻ്റെ ആളുകൾ ഇങ്ങനെയൊക്കെ കേട്ടുകൊണ്ടാണ് നവാഗതരായ ഞങ്ങൾ ക്യാമ്പസിലെത്തിയത്. പക്ഷെ SFI ആദ്യം തന്നെ Ground level ൽ Strong ആയിതന്നെ ആദ്യം നവാഗതരെ എതിരേറ്റു.
ഇതൊക്കെ ആദ്യമായി കണ്ട, Girls സ്കൂളിൽ നിന്നു വന്ന എന്നേ പോലുള്ള കുറെ പെൺകുട്ടികൾക്ക് ഇതൊക്കെ ഒരു ഉത്സവത്തിൻ്റെ ഭാഗമായേ തോന്നിയുള്ളൂ.
എല്ലാവരും കൂട്ടുകാർ, പാട്ട്, മേളം ആൾക്കൂട്ടം…….
പല സ്ഥാനാർത്ഥികളുടെയും ചിത്രങ്ങളും പോസ്റ്ററുകളും ക്യാമ്പസിലാകമാനം നിറഞ്ഞു.
ക്ലാസ്മേറ്റ് സിനിമയിലേപ്പോലെ തന്നെയൊരു ക്യാമ്പസ് ഇലക്ഷൻ കാലം.. തല്ലാനും തല്ലു കൊള്ളാതിരിക്കാനും ഒക്കെ ആയിട്ട് ഒറ്റയ്ക്കും കൂട്ടമായും ഒക്കെ ഓടുന്ന ഓട്ടക്കാരെ കണ്ടും, തല്ലാനും ഓടാനും പ്രോത്സാഹിപ്പിച്ചും ധൈര്യത്തിൻ്റെ തീവ്രത അളന്നും ദൃശ്യങ്ങൾ മാക്സിമം കണ്ടെന്ന് ഉറപ്പുവരുത്തി രസിച്ച് ഞങ്ങൾ പുതുമുഖങ്ങളും ഇലക്ഷൻ കാലം നല്ലോണം ആസ്വദിച്ചു.
വോട്ടു ചോദിക്കാൻ സ്ഥാനാർത്ഥികൾ എത്തി. ലാളിത്യത്തിൻ്റെ പ്രതീകമായി മുണ്ട് ഒക്കെ ഉടുത്താണ് മിക്കവരും ”. ഏറ്റവും ഗ്ലാമറസ്സായത് ആർട്ട് ക്ലബ് സെക്രട്ടറി പദവിയാണ്. കലാകാരന്മാരെ, പ്രത്യേകിച്ച് പാട്ട് കാർക്ക് വൻ ഡിമാൻ്റാണ് ഇലക്ഷൻ കാലത്ത്. ആർട്ട്സ് ക്ലബ് സെക്രട്ടറി സ്ഥാനാർത്ഥിയായ സ്റ്റാൻലി സാമുവൽ ക്ലാസിലേക്ക് പരിവാരസമേതം കടന്നുവന്നു. ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന ഏലിയാസ് സാർ ഒരു പുഞ്ചിരിയോടെ പുസ്തകം മടക്കി ക്ലാസിൽ നിന്നിറങ്ങി.
സ്ഥാനാർത്ഥികളെ ഒരാൾ പരിചയപ്പെടുത്തിയശേഷം പാട്ടുപാടാനായി സ്റ്റാൻലി യെ വിളിച്ചു. ഒരു ചിരിയോടെ മെലിഞ്ഞ ഒരു പയ്യൻ ഞങ്ങളുടെ മുന്നിൽ നിന്നു. ക്ലാസ് നിശബ്ദമായി. നല്ല താടിയുള്ള, ജൂബയൊക്കെ ഇട്ട ആൾക്കേ നന്നായി പാടാൻ പറ്റുള്ളൂന്നൊരു തോന്നൽ എനിക്കുണ്ടായിരുന്നു. ( ദാസേട്ടൻ ഇഫക്‌റ്റ്). ഒന്നുകിൽ താടി, അല്ലെങ്കിൽ നീളൻ ജൂബ.. ഇത് വേണം…..അല്ലേൽ ശരിയാവില്ലന്ന് വിധിച്ച് പുച്ഛിച്ച് ഞാൻ ഇരുന്നു.
ഒരു ചിരിയോടെ സ്റ്റാൻലി തുടങ്ങി……
ആദ്യത്തെ ഹമ്മിംഗ് കേട്ടപ്പോഴെ എൻ്റെ കണ്ണ് മിഴിഞ്ഞു. പുച്ഛം ആശ്ചര്യവും ആസ്വാദനവും ആരാധനയുമായി മാറാൻ അധിക സമയം വേണ്ടി വന്നില്ല.
“മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ,
ഉള്ളിന്റെ ഉള്ളിൽ തിരയുന്നതെന്തേ..
മൗനം മയങ്ങുന്ന
മോഹങ്ങളാണോ
തൂവൽത്തുമ്പിലെ സിന്ദൂരമാണോ….”
പല്ലവി അനുപല്ലവി …… ഒക്കെ കഴിഞ്ഞു. ക്ലാസ് അന്തം വിട്ട് പാട്ടിൽ ലയിച്ചിരിപ്പാണ്. മധുര മനോഹര ആലാപനം ഞങ്ങൾ അത്ഭുതത്തോടും ആരാധനയോടും അതിലേറെ സന്തോഷത്തോടെയും ശ്വാസം പോലും പിടിച്ചു വച്ച് ആസ്വദിച്ചു. അവസാന വരികൾ കരഘോഷത്തോടെയാണ് പാടിത്തീർത്തത്. അന്ന് ഞങ്ങളുടെ 2B ക്ലാസ് ഒറ്റക്കെട്ടായി തീരുമാനിച്ചു ആരാകണം Arts club സെക്രട്ടറി എന്ന്.
ഇന്ന് വർഷങ്ങൾക്കിപ്പുറം ക്യാമ്പസിൽ നിന്ന് സ്റ്റാൻലിയുടെ ഒരു പാട്ട് കേട്ടു. ഓർമ്മകൾ പിന്നോട്ട് പാഞ്ഞു. നന്ദി സ്റ്റാൻലി, ഞങ്ങളുടെ ക്യാമ്പസ് ഓർമ്മകളെ സംഗീതസാന്ദ്രമാക്കിയതിന്…




ഓർമ്മകൾ മരിക്കുന്നില്ല..
നല്ല അവതരണം