Thursday, March 20, 2025
Homeഅമേരിക്കമരണം പീറ്റർ (നർമ്മ കഥ) ✍ നൈനാൻ വാകത്താനം

മരണം പീറ്റർ (നർമ്മ കഥ) ✍ നൈനാൻ വാകത്താനം

നൈനാൻ വാകത്താനം

മരണ വീടുകളിലെ നിറഞ്ഞ സാന്നിധ്യമാണ് മരണം പീറ്റർ. പ്രായമായ മാതാപിതാക്കളും മറ്റും മരണപ്പെടുന്ന വീടുകളിൽ മൊബൈൽ മോർച്ചറി, ജനറേറ്റർ, മൈക്ക്, പാട്ട് തുടങ്ങി പള്ളിയിലേക്ക് മൃതശരീരം വിലാപയാത്രയായി കൊണ്ടുപോകുമ്പോൾ സമയമാം രഥത്തിൽ… തുടങ്ങിയ മരണപ്പാട്ടുകൾ (കേൾക്കുന്നവരിൽ ദുഃഖവും മരണത്തെ കുറിച്ചുള്ള ഒരു ബോധവും ഉളവാക്കുന്ന വിധത്തിൽ) വിലാപസ്വരത്തിൽ ആലപിക്കുന്ന ക്വയർ തുടങ്ങിയ കാര്യങ്ങളൊക്കെ വളരെ ഭംഗിയായി ഉത്തരവാദിത്വത്തോട് കൂടി മിതമായ നിരക്കിൽ മരണം പീറ്ററിന്റെ നേതൃത്വത്തിൽ കേരളത്തിലങ്ങോളമിങ്ങോളം നടത്തി വരുന്നു. അങ്ങനെയാണ് പീറ്ററിന് മരണം പീറ്റർ എന്ന ഇരട്ടപ്പേര് വീണത്.

ആരും വിദേശത്തു നിന്നും എത്താൻ ഇല്ലെങ്കിൽ പോലും മരണ ഭവനത്തിൽ ഒരു രാത്രി എങ്കിലും മൊബൈൽ മോർച്ചറിയിൽ മരിച്ച അപ്പച്ചനെ അല്ലെങ്കിൽ അമ്മച്ചിയെ വെച്ചില്ലെങ്കിൽ എന്തോ ഒരു പോരായ്ക മരിച്ച ആളിന്റെ മക്കൾക്ക് തോന്നി തുടങ്ങിയതു മുതൽ മരണം പീറ്ററിന്റെ മൊബൈൽ മോർച്ചറിക്കും ക്വയറിനും ഓട്ടവും കൂടി. അങ്ങനെ നേരം വെളുക്കുന്നതു വരെ റെക്കോർഡ് ചെയ്തു വെച്ച പാട്ടും വായനയും മരണ വീട്ടിൽ മൈക്കിൽ കൂടി ഉച്ചത്തിൽ തകർത്തുകൊണ്ടുമിരുന്നു…

പഴയതു പോലെ മരണ വീടുകളിൽ നേരം വെളുക്കുന്നതു വരെ കുത്തി പിടിച്ചിരുന്ന് പാട്ടുപാടാനും ബൈബിളു വായിക്കാനും ആളില്ലാതായതോടെ റെക്കോർഡ് ചെയ്തത് കേൾപ്പിക്കുന്നതിനു പകരം മരണം പീറ്റർ മറ്റൊരു വഴി കണ്ടെത്തി. മരിച്ച വ്യക്തിയുടെ മക്കളുടെയോ ബന്ധുക്കളുടെയോ ആവശ്യപ്രകാരം മരണ വീടുകളിൽ പാട്ടുപാടാനും ബൈബിളു വായിക്കാനും ഉൾപ്പെടെ ഉള്ള ആളുകളെയും അദ്ദേഹം ഇറക്കി തുടങ്ങി…

അങ്ങനെ ഇരിക്കെ ഒരു ദിവസം ഒരു മരണ വീട്ടിൽ ഒരു അപ്പച്ചൻ മരിച്ചു. പതിവുപോലെ വീട്ടുകാർ മരണം പീറ്ററെ ബുക്കുചെയ്തു. വീട്ടിലെ പ്രാർത്ഥനകൾക്കു ശേഷം മൃതശരീരം വിലാപയാത്രക്കായി എടുക്കുന്നതിനു മുമ്പായി അന്ത്യചുംബന സമയത്ത് കരച്ചിലിന്റെയും മറ്റും ബെഹളത്തിന് പകരം തികഞ്ഞ നിശ്ശബ്ദതയാണ് ആ ഭവനത്തിൽ അനുഭപ്പെട്ടത്. അപ്പച്ചന്റെ വിദേശത്തു നിന്നും വന്ന രണ്ട് ആണും രണ്ടു പെണ്ണും ഉൾപ്പെട്ട മക്കൾ സംഘം കരയാനൊ ഒരു തുള്ളി കണ്ണീർ പൊഴിക്കാനൊ തയ്യാറാകാതിരുന്ന സാഹചര്യത്തിൽ (ഒരു പക്ഷെ ഡ്രസ് കോഡും പ്രകാരം അവർ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും ബ്യൂട്ടി പാർലറിൽ നിന്നും ഇട്ടുവിട്ട ചായങ്ങളും അഴുക്കാകാതിരിക്കുവാൻ ആയിരിക്കും, പ്രത്യേകിച്ചും ഫോട്ടോ, വീഡിയോ എടുക്കുന്ന സമയം)
പാട്ടിനും വായനക്കുമായി വന്ന ചേട്ടനും ചേച്ചിയും സഹിക്കവയ്യാതെ വളരെ ഭംഗിയായി ഉച്ചത്തിൽ കരഞ്ഞ് ആ ചടങ്ങ് ആരും പറയാതെ അങ്ങു നിർവ്വഹിച്ചു…

ഇതോടു കൂടി മരണം പീറ്ററിന്റെയടുത്ത് ഏതെങ്കിലും മരണ വീട്ടിലേക്ക് ആര് ക്വയർ ബുക്കു ചെയ്താലും പീറ്റർ അവരോട് ആദ്യം തന്നെ ചോദിക്കും. ‘കരച്ചില് കൂട്ടിയാണൊ അതൊ പാട്ടും വായനയും മാത്രം ആണൊ’ എന്ന്. കാരണം രണ്ടും തമ്മിൽ റെയിറ്റിൽ വിത്യാസം ഉള്ളതു കൊണ്ടാണ് അങ്ങനെ ചോദിക്കുന്നത് എന്ന് പ്രത്യേകം അവരോടു പറയുകയും ചെയ്യും. മാത്രമല്ല കരച്ചിലിന് ആളു കൂടുതൽ വേണമെങ്കിൽ
അതിന് അനുസരിച്ച് തുകയുടെ കാര്യത്തിലും മാറ്റം വരുന്ന കാര്യവും ബുക്കു ചെയ്യുന്നവരോട് അദ്ദേഹം പ്രത്യേകം പറയുകയും ചെയ്യും. സാധാരണ സങ്കടം, സങ്കടം പ്ലസ്‌ കരച്ചിൽ, കൂടെ കരയൽ (മക്കടെ കൂടെ), കരച്ചിലും നിലവിളിയും… എന്നിങ്ങനെ ഇവയെ തരം തിരിച്ച് റെയിറ്റ് നിശ്ചയിച്ചിട്ടുമുണ്ട്.

നൈനാൻ വാകത്താനം✍

RELATED ARTICLES

8 COMMENTS

  1. ഇന്നത്തെ കാലത്ത് ആളുകൾക്ക് മാതാപിതാക്കൾ ഒരു ബാധ്യതയാണ് .മരണത്തിന്റെ കാര്യം പിന്നെ പറയേണ്ടല്ലോ..
    ദൂരെ ഏതോ രാജ്യത്ത് നിന്നും വീഡിയോ കോളിലൂടെ/ അല്ലെങ്കിൽ യൂട്യൂബിലൂടെ ചടങ്ങുകൾ കാണുകയാണ് ഇപ്പോഴത്തെ ഫാഷൻ..
    നല്ല നർമ്മകഥ

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments