Friday, July 3, 2026
Homeഅമേരിക്കഅമേരിക്ക - (23) "വിർജീനിയ മ്യൂസിയം ഓഫ് ഫൈൻ ആർട്‌സ്" (Virginia museum of ...

അമേരിക്ക – (23) “വിർജീനിയ മ്യൂസിയം ഓഫ് ഫൈൻ ആർട്‌സ്” (Virginia museum of  fine arts) ന്യൂ യോർക്ക് (യാത്രാ വിവരണം) ✍ റിറ്റ മാനുവൽ, ഡൽഹി

ഏറ്റവും വലുതല്ലെങ്കിലും, യുണൈറ്റഡ് സ്റ്റേറ്റ്സിലെ മികച്ച പത്ത് സമഗ്ര കലാ മ്യൂസിയങ്ങളിൽ ഒന്നാണ് VMFA!.  ‘ അനന്തം അജ്ഞാതം അവർണ്ണനീയം’ – അവിടെ എത്തിയപ്പോൾ മനസ്സിലേക്ക് ഓടി വന്ന ചിന്ത!

 ആഫ്രിക്കൻ, അമേരിക്കൻ, ഇന്ത്യൻ, ഫാബർജെ, ആധുനിക- സമകാലികമായ കലകളുടെ ശേഖരമാണ് ഇവിടെ.എല്ലാ കലാസൃഷ്ടികളിലും അത്യാവശ്യം വേണ്ട വിവരണത്തോടെ  അടുക്കും ചിട്ടയോടു കൂടി വെച്ചിരിക്കുന്നു.

‘ ഫാബെർജ് ഈസ്റ്റർ എഗ്’ കാണാൻ സുന്ദരമാണെങ്കിലും അതിൻ്റെ വിവരണമാണ് കണ്ണുതള്ളിച്ചത്. വ്യാഖ്യാനം അനുസരിച്ച്, സർ. നിക്കോളാസ് രണ്ടാമൻ തന്റെ ഭാര്യക്ക് സമ്മാനിച്ചതാണ് ‘ഇംപീരിയൽ പീറ്റർ ദി ഗ്രേറ്റ് ഈസ്റ്റർ എഗ്ഗ്’. അതിന് 4 മില്യൺ മുതൽ 12-15 മില്യൺ ഡോളർ വരെ വിലവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.1903-ൽ, സർ. പീറ്റർ ദി ഗ്രേറ്റ് സെന്റ് പീറ്റേഴ്‌സ്ബർഗ് സ്ഥാപിച്ചതിന്റെ 200-ാം വാർഷികത്തിന്റെ സ്മരണയ്ക്കായി,   സമ്മാനിച്ചതാണത്രേ!.മുട്ടയുടെ മുകളിൽ നിക്കോളാസിൻ്റെയും ഭാര്യയുടേയും സിറിലിക് ഇനീഷ്യലുകൾ ഉണ്ട്. ഇതുപോലുള്ള ഫാബെർജ് മുട്ടകൾ അവയുടെ സങ്കീർണ്ണമായ കരകൗശല വൈദഗ്ധ്യത്തിനും വിലയേറിയ വസ്തുക്കൾക്കും പേരുകേട്ടതാണ്.  ഈ പ്രത്യേക മുട്ട സ്വർണ്ണം, പ്ലാറ്റിനം, വജ്രങ്ങൾ, മാണിക്യങ്ങൾ എന്നിവകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.ലോകത്തിലെ ഏറ്റവും വിലയേറിയ മുട്ട ഫാബെർഗെ മുട്ടയായിരിക്കാം. റഷ്യൻ ജ്വല്ലറിയായ ഹൗസ് ഓഫ് ഫാബെർഗെ സൃഷ്ടിച്ച ഒരു രത്ന അലങ്കാര മുട്ടയാണിത്. കരകൗശല വൈദഗ്ദ്ധ്യം,  ചരിത്രപരമായ പ്രാധാന്യം എന്നിവ കാരണം ഈ മുട്ടകൾക്ക് ആവശ്യക്കാർ ഏറെയാണ്.ഇത് ആഡംബരത്തിന്റെ പ്രതീകങ്ങൾ ആകുന്നു. റഷ്യയ്ക്ക് പുറത്തുള്ള ഫാബെർഗെയുടെ ഏറ്റവും വലിയ പൊതു ശേഖരങ്ങളിൽ ഒന്നാണ് ഇവിടം. ‘ ഈ വില കൂടിയ മുട്ടയെ പറ്റി ഞാനാദ്യമായിട്ടാണ് കേൾക്കുന്നത്. നിങ്ങളോ?

ഇവിടെ പല പ്രമുഖ റോമാക്കാരുടെ പ്രതിമകളുള്ള ഒരു പുരാതന ശിൽപ ശേഖരം ഉണ്ട്. ഒരാൾ പൊക്കമുള്ള ആ പ്രതിമയുടെ കൂടെ നിന്ന് ഫോട്ടോ എടുത്തതിനു ശേഷമാണ് കണ്ണാടിയെല്ലാം വെച്ച് വിവരണം വായിക്കാൻ തുനിഞ്ഞത്. അത് ‘  ഗായസ് ജൂലിയസ് സീസർ അഗസ്റ്റസിന്റെ ഒരു ഭീമൻ പ്രതിമയായിരുന്നു. കാലിഗുല എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.കലിഗുല എന്നാൽ ലിറ്റിൽ ബൂട്ട്സ് എന്നാണ് അർത്ഥം .അയാൾ ഒരു കൂട്ടം ആളുകളെ കൊന്നൊടുക്കിയ ഒരു ക്രൂരനായ മനുഷ്യനായിരുന്നു. വാസ്തവത്തിൽ, കാലിഗുലയെ റോമാക്കാർ വളരെയധികം വെറുത്തിരുന്നു, അദ്ദേഹത്തിന്റെ മരണശേഷം മിക്ക പ്രതിമകളും നശിപ്പിക്കപ്പെട്ടു.  അവശേഷിക്കുന്ന രണ്ടു പ്രതിമകളിൽ ഒന്നാണിത്.’ ജൂലിയസ് സീസർ’ എന്നൊരു ധാരണയിലായിരുന്നു ഫോട്ടോയെല്ലാം എടുത്തത്. സാരമില്ല, ഒരു അബന്ധം ഒക്കെ എല്ലാവർക്കും പറ്റും അല്ലേ !

വർണ്ണാഭമായ നിറത്തിൽ നമ്മുടെ ‘സൂപ്പർ മാൻ ‘ നിലെ പോലെ ബ്രീഫ്സ് ധരിച്ച് അരക്കെട്ട് വളച്ച് എളിയിൽ കൈകുത്തി ബബിഗം വീർപ്പിച്ചു നിൽക്കുന്ന ആ ചെറിയ പ്രതിമയെ കണ്ടപ്പോൾ, പഴയ സർക്കസ്സും അതിലെ കോമാളികളെയും ആണ് ഓർമ്മ വന്നത്. രൂപത്തിലൂടെയും ഭാവത്തിലൂടെയും പെരുമാറ്റത്തിലൂടെയും മറ്റുള്ളവരെ രസിപ്പിക്കുന്ന അവരെ വളരെ ഇഷ്ടമായിരുന്നു. ഇന്ന് സർക്കസ്സും കോമാളിയുമൊക്കെ ഉണ്ടോ എന്ന് സംശയം. എന്നാൽ നേപ്പാളിൽ ജനിച്ച ടിബറ്റൻ അമേരിക്കൻ കലാകാരനായ ഷെറിൻ ഷെർപ്പയുടെ ആകർഷകമായ  ശിൽപങ്ങളിൽ ഒന്നാണ് ‘സ്കിപ്പർ ( നീദീപ്) ‘എന്നറിയപ്പെടുന്ന ഈ പ്രതിമ. അദ്ദേഹത്തിൻ്റെ കൃതികൾ പരമ്പരാഗത ബുദ്ധമത കലയിൽ അധിഷ്ഠിതമാണ്.നഷ്ടം, പോരാട്ടം, പുനർ-ശാക്തീകരണം എന്നിവയുടെ കഥ പറയുന്ന ഒരു ആഖ്യാനത്തിന്റെ രൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. VMFA യിൽ അദ്ദേഹം ഒരു സോളോ പ്രദർശനം നടത്തിയിട്ടുണ്ട്. പ്രദർശനത്തിലെ 36 ചിത്രങ്ങളും ശിൽപങ്ങളും അദ്ദേഹത്തിന്റെ “സ്പിരിറ്റ്സ്” പരമ്പരയുടെ പരിണാമത്തെ കണ്ടെത്തുന്നു.  അന്താരാഷ്ട്ര അംഗീകാരവും നേടിയിട്ടുണ്ടത്രേ!

മ്യൂസിയങ്ങൾ എന്നത് കല, സാംസ്കാരികം, ചരിത്രം,പരമ്പരാഗതം, ശാസ്ത്രീയ താൽപ്പര്യമുള്ള വസ്തുക്കൾ   എന്നിവയെക്കുറിച്ചെല്ലാം നമ്മെ പരിചയപ്പെടുത്തുന്ന സ്ഥലമാണല്ലോ,  അതിൽ അമേരിക്കൻ കായിക കലയിലെ അടിമത്തത്തിന്റെ ചിത്രങ്ങൾ, VMFA-യിലെ ഏറ്റവും ചെലവേറിയ പെയിന്റിംഗായ

പ്രോഗ്രസ്( ദി അഡ്വാൻസ് ഓഫ് സിവിലൈസേഷൻ), അതുപോലെ ഇന്ത്യ സന്ദർശിച്ച ആദ്യത്തെ അറിയപ്പെടുന്ന അമേരിക്കൻ കലാകാരനായ  എഡ്വിൻ ലോർഡ് വീക്സ് ൻ്റെ ചിത്രമായ ആഗ്രയിലെ മോട്ടി മുഷിദിലെ (പേൾ മോസ്‌ക്) പ്രാർഥനയുടെ സമയത്തെ കാഴ്ച. അതും  യഥാർത്ഥ ഫ്രെയിമിൽ!   ഈ ചിത്രത്തിന്  പാരീസിൽ വെച്ച് ഒരു സ്വർണ്ണ മെഡലും ലഭിച്ചിട്ടുണ്ടത്രേ!

ലോകമെമ്പാടുമുള്ളതും കാലാകാലങ്ങളിൽ നിന്നുള്ളതുമായ ഏകദേശം 50,000 കലാസൃഷ്ടികൾ ഉള്ള സ്ഥലമാണിത്. അവിടെയുള്ള  സന്ദർശനത്തിൽ നിന്ന് മനസ്സിലേക്ക് കുടിയേറിയവയെ ഞാൻ നിങ്ങളുമായി പങ്കു വെച്ചു എന്നു മാത്രം .

1936-ൽ ആരംഭിച്ച VMFA, ഒരു മ്യൂസിയം എന്നതിലുപരി  കലകളുടെ പഠനം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ  എക്സിബിഷനുകൾ, കലയുമായി ബന്ധപ്പെട്ട പ്രോഗ്രാമുകൾ, സിമ്പോസിയങ്ങൾ, പ്രഭാഷണങ്ങൾ, കോൺഫറൻസുകൾ, വർക്ക് ഷോപ്പുകൾ ….എന്നിവക്കുള്ള സൗകര്യം ഒരുക്കുന്നു.

വിശാലവും വൈവിധ്യപൂർണ്ണവുമായ ശേഖരങ്ങളുടെ ഈ കലവറയിൽ നിന്ന് യാത്രാ പറയുമ്പോൾ, വേറിട്ട അനുഭവങ്ങളുടെ ലോകമായിരുന്നു എനിക്ക് .

Thanks 

റിറ്റ മാനുവൽ, ഡൽഹി

RELATED ARTICLES

4 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com