Friday, May 1, 2026
Homeഅമേരിക്കപഴയ ഹിറ്റ് ഗാനങ്ങളിലൂടെ ഒരു തിരിഞ്ഞുനോട്ടം .... (3) പാട്ടെഴുത്തുകാരന്റെ ധർമ്മസങ്കടം ✍ തയ്യാറാക്കിയത്:...

പഴയ ഹിറ്റ് ഗാനങ്ങളിലൂടെ ഒരു തിരിഞ്ഞുനോട്ടം …. (3) പാട്ടെഴുത്തുകാരന്റെ ധർമ്മസങ്കടം ✍ തയ്യാറാക്കിയത്: രവിമേനോൻ.

മണവാട്ടിയുടെ ആടയാഭരണങ്ങളെല്ലാം റെഡി. എവിടെ, എങ്ങനെ അണിയിക്കണം എന്നുമാത്രം പിടിയില്ല. ശരിക്കും ധർമ്മസങ്കടത്തിലായി ബിച്ചു തിരുമല.

“അങ്ങാടി”യിലെ ഒപ്പനപ്പാട്ടാണ് വിഷയം. പിറ്റേന്ന് റെക്കോർഡ് ചെയ്യേണ്ട പാട്ട്. “അത്തരം പാട്ടുകൾ ഒരുക്കുമ്പോൾ ഉപയോഗിക്കേണ്ട വാക്കുകളുടെ കാര്യത്തിൽ സൂക്ഷ്മത വേണം. അറബിമലയാളത്തെക്കുറിച്ച് നല്ല ധാരണയുണ്ടെങ്കിലേ ആ ദൗത്യം വിജയിപ്പിക്കാനാകൂ. അക്കാര്യത്തിൽ എന്നെ സഹായിച്ചത് പ്രശസ്ത എഴുത്തുകാരൻ യു എ ഖാദറാണ്.” — ബിച്ചുവിന്റെ ഓർമ്മ.

“കൊച്ചിയിൽ വെച്ച് ഖാദർ സാഹിബിനെ അദ്ദേഹം താമസിക്കുന്ന ഹോട്ടലിൽ ചെന്ന് കണ്ടു. മുസ്ലിം വധുവിന്റെ ആടയാഭരണങ്ങളെക്കുറിച്ച് ഒരു ധാരണ തന്നത് അദ്ദേഹമാണ്. അദ്ദേഹം പറഞ്ഞ വാക്കുകളെല്ലാം ഞാൻ ശ്രദ്ധയോടെ എഴുതിയെടുക്കുകയും ചെയ്തു. തിരിച്ചു മുറിയിൽ വന്നപ്പോഴാണ് ഒരു കാര്യം ഓർത്തത്. ആഭരണങ്ങളുടെ പേരുകൾ കിട്ടിയെങ്കിലും അതൊക്കെ എവിടെ, എങ്ങനെ അണിയണം എന്നതിനെക്കുറിച്ച് പിടിയില്ല.

“പിന്നെ സമയം പാഴാക്കിയില്ല. നേരെ റെയിൽവേ സ്റ്റേഷനിലേക്ക് വച്ചുപിടിച്ചു. ഖാദർ സാഹിബ് കോഴിക്കോട്ടേക്കുള്ള വണ്ടിയിൽ കയറിയിരുന്നിരുന്നു അപ്പോഴേക്കും. വണ്ടി പുറപ്പെടാൻ ഏതാനും നിമിഷങ്ങൾ മാത്രം. ഭാഗ്യവശാൽ, ഉള്ള സമയം കൊണ്ട് അദ്ദേഹത്തിൽ നിന്ന് എനിക്കാവശ്യമുള്ള വിവരങ്ങൾ സംഘടിപ്പിക്കാനായി. ഇല്ലെങ്കിൽ ശരിക്കും കുഴങ്ങിപ്പോയേനെ.”

ശ്യാമിന്റെ ഈണത്തിൽ സൂപ്പർഹിറ്റായി മാറിയ “കന്നിപ്പളുങ്കേ പൊന്നും കിനാവേ സുന്ദരിപ്പൊന്നാരെ” എന്ന പാട്ടിന്റെ പിറവി അങ്ങനെയാണ്.

“കാതിൽ തുലുങ്കിയും കുഞ്ഞിയലുക്കത്തും കയ്യിൽ കടകനും തോടയും കൊമ്പനും മിന്നിയും മാട്ടിയും നെറ്റിക്കുറിയുമിട്ടംഗനമാരുടെ ഒപ്പന കേൾക്കുവാൻ പൊന്നിൽ കുളിച്ചു നീ വന്നതല്ലേ” എന്നൊക്കെ ധൈര്യപൂർവം എഴുതാനായത് ഖാദറിന്റെ അവസരോചിതമായ സഹായത്താലാണെന്ന് ബിച്ചു. സുശീലയും സംഘവും പാടിയ ആ ഗാനം മലയാളത്തിലെ എക്കാലത്തെയും മികച്ച ഒപ്പനപ്പാട്ടുകളിൽ ഒന്നായി മാറി.

“ബിച്ചുവില്ലാതെ എന്റെ സിനിമാജീവിതം പൂർണ്ണമാവില്ല.” — ശ്യാമിന്റെ വാക്കുകൾ. എല്ലാ പിറന്നാളിനും ബിച്ചുവിനെ ഓർക്കും. ഒരിക്കലും വരാത്ത ആ ഫോൺ കോളിനായി കാത്തിരിക്കും; വെറുതെ എന്നറിഞ്ഞുകൊണ്ടുതന്നെ.

തയ്യാറാക്കിയത്: രവിമേനോൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com