Friday, May 1, 2026
Homeഅമേരിക്കകതിരും പതിരും: (94) 'ഭയം വേണ്ട! കരുതൽ മതി'. ✍ ജസിയഷാജഹാൻ

കതിരും പതിരും: (94) ‘ഭയം വേണ്ട! കരുതൽ മതി’. ✍ ജസിയഷാജഹാൻ

കനത്ത ഉഷ്ണച്ചൂടിൽ തളർന്നു നിൽക്കുമ്പോൾ പാമ്പുകളുടെ നെട്ടോട്ടം ? കേരളം വെന്തുരുകുന്നു. പാമ്പുകടിയേറ്റ് മരണങ്ങൾ പെരുകുന്നു. സത്യത്തിൽ ദൈനം ദിന വാർത്തകളിലും അനുഭവങ്ങളിലും കേരളത്തിലെ ജനങ്ങൾ തികച്ചും പരിഭ്രാന്തരാണ്?

പ്രകൃതിയുടെ വികാരവിക്ഷോഭങ്ങളോട് മല്ലടിച്ചു ജയിക്കാൻ നമ്മൾ മനുഷ്യർക്കാവില്ല! എന്നാൽ ആ മനോഭാവം മാറുന്നതനുസരിച്ച് നമ്മുടെ രീതികൾക്ക് ചെയ്തികൾക്ക്, സ്വഭാവങ്ങൾക്ക്, കരുതലുകൾക്ക് മാറ്റങ്ങൾ തീർച്ചയായും വരുത്താം. അങ്ങനെ വലിയ ആഘാതങ്ങളിൽ നിന്നും, അപായങ്ങളിൽ നിന്നും നമുക്ക് രക്ഷനേടാം.

ഈ കടുത്ത വേനലിൽ ഒന്നാമതായി നാം ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുക എന്നത് തന്നെയാണ്.വലിയ ദാഹം വരുന്നതു വരെ ഒന്നും കാത്തിരിക്കേണ്ട. ഒരു നിശ്ചിത സമയം ഇടവിട്ട് വെള്ളം കുടിക്കുക തന്നെ വേണം. ഒപ്പം നമ്മുടെ ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാക്കുന്ന കാപ്പി , ചായ കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ, മദ്യം തുടങ്ങിയ പൂർണ്ണമായും ഒഴിവാക്കുക.

നമ്മുടെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുക. നമ്മുടെ സുരക്ഷയും ആരോഗ്യവും , കരുതലും നമ്മുടെ തന്നെ കൈകളിലാണ് പ്രവൃർത്തികളിലാണ്, ചിന്തകളിലാണ് എന്ന കാര്യം ഒട്ടും തന്നെ മറക്കാതിരിക്കുക.

പിന്നെ നമുക്ക് ഏറ്റവും പുണ്യമായി ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് പക്ഷികൾക്കും മൃഗങ്ങൾക്കും ജല ലഭ്യത ഉറപ്പാക്കുക എന്നുള്ളത്. കുട്ടികളുടെ കാര്യത്തിലും പ്രായമായവരുടെ കാര്യത്തിലും ഏറെ ശ്രദ്ധയും കരുതലും ഉണ്ടാകുക എന്നതും അതിപ്രധാനം തന്നെ.

ചൂടുകാലത്ത് കഠിന വ്യായാമങ്ങളിൽ ഏർപ്പെടാതിരിക്കുക. വെയിൽ ആറിയ ശേഷമുള്ള ഇളം നടത്തം ഗുണം ചെയ്യും. വിയർപ്പ് താഴാതെ അപ്പപ്പോൾ ഒപ്പിയെടുക്കുക എന്ന കാര്യം ശ്രദ്ധിക്കുക .

ചൂടു കുരുക്കളും ചെറിയ രീതിയിലുള്ള പൊള്ളലുകളും, തൊലിപ്പുറം ചുവന്ന് തടിക്കലുമൊക്കെ ശ്രദ്ധയോടെ പരിചരിക്കുക.

നമ്മൾ ഇതേവരെ നേരിട്ടിട്ടില്ലാത്ത, അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത, മുന്നൊരുക്കങ്ങൾ ഒന്നും നടത്തിയിട്ടില്ലാത്ത പല പല കാര്യങ്ങളും കാലം നമുക്കായി കരുതി വച്ചിട്ടുണ്ടാകും , കാത്തുവച്ചിട്ടുണ്ടാകും. അതെന്തായാലും ? വരുന്നതിനെ സമചിത്തതയോടെ നേരിടുക . ഏതു പരീക്ഷണങ്ങളെയും അതിജീവിക്കുക എന്നതാണ് നമ്മളെക്കൊണ്ട് ചെയ്യാൻ പറ്റുക. ജാഗ്രതൈ..

ഇനി പാമ്പുകളുടെ വിളയാട്ടത്തെക്കുറിച്ച് പറഞ്ഞാലോ? “ഇടം” എന്നൊരു വാക്കുണ്ട്. ആ വാക്കിന് ഒരുപാട് അർത്ഥ തലങ്ങൾ ഉണ്ട് .വെറും രണ്ടക്ഷരങ്ങൾ കൊണ്ടുള്ള ഒരു വാക്ക് മാത്രമല്ല. ഇടം കൊടുക്കാതെ ഒരു വസ്തുവിനും ഒരു സ്ഥലത്തും പ്രവേശിക്കാൻ കഴിയില്ല. കയറി കുടിയേറി പാർക്കാൻ കഴിയില്ല.

ആ ഇടങ്ങളെ, അവസരങ്ങളെ ഇല്ലാതാക്കുക . നമ്മൾ ഇതേവരെ കേട്ടതും കണ്ടതുമായ പാമ്പുകടിയേറ്റുള്ള മരണവാർത്തകളിൽ മിക്കതും എടുത്തു പരിശോധിച്ചാൽ, അവരുടെ വീട് പരിസരങ്ങൾ ആയാലും! അതിൻ്റെ ചുറ്റുപാട് പരിസരങ്ങൾ ആയാലും കാടും പടർപ്പുകളും, വീടിനോട് ചേർന്ന് ഇടങ്ങളും ഒക്കെ കാണാം.

ആവശ്യമില്ലാത്ത സാധനങ്ങൾ വാരിക്കൂട്ടി ഇടാതിരിക്കുക, ഭക്ഷണ വേസ്റ്റുകൾ പരിസരങ്ങളിൽ നിക്ഷേപിക്കാതിരിക്കുക, പാമ്പുകളുടെ ഇനങ്ങളെ വേണ്ട വിധം പഠിച്ച് മനസ്സിലാക്കി വയ്ക്കുക, പാമ്പുകടി ഏറ്റു എന്ന് ബോധ്യമായാലുടൻ വേണ്ട പ്രാഥമിക ശുശ്രൂഷ ചെയ്ത് എത്രയും വേഗം ആന്റിവനം കിട്ടുന്ന ആശുപത്രികളെ സമീപിക്കുക .

മനുഷ്യർക്ക് താങ്ങാൻ പറ്റാത്ത ഈ കൊടും ചൂടിനൊപ്പം പാമ്പുകടി മരണങ്ങളും വർദ്ധിച്ചതോടെ അതിനെതിരെ പൊരുതി നിൽക്കാൻ വേണ്ട നിർദ്ദേശങ്ങളും ഉപദേശങ്ങളും പൊതു സമൂഹവും, സോഷ്യൽ മീഡിയകളും, വാർത്താചാനലുകളും ഒക്കെ നമുക്ക് ദൈനംദിനം നൽകുന്നുണ്ട്. കൂടാതെ പത്രവാർത്തകളിൽ നിറയുന്നുണ്ട്. എന്നതുകൊണ്ട് തന്നെ എല്ലാവരും ഈ വക കാര്യങ്ങളിൽ ഏറെ കാര്യക്ഷമതയുള്ളവരും ശ്രദ്ധാലുക്കളും ആണ് എന്നറിയാം. എങ്കിലും “നാടോടുമ്പം നടുവേ ഓടണം എന്നല്ലേ?” അതുകൊണ്ട് തന്നെ ഈ വിഷയം തിരഞ്ഞെടുത്തു കുറച്ചു പ്രധാന കാര്യങ്ങൾ ഓർമ്മപ്പെടുത്താം എന്നു കരുതി.

എന്തായാലും! പാമ്പിനെ പേടിക്കാത്തവരായി ആരും ഉണ്ടാകില്ല എന്ന് വിശ്വസിക്കാം അല്ലേ?. എൻ്റെ ഒരു അനുഭവം പറയുകയാണെങ്കിൽ, (കഴിഞ്ഞവർഷം) ഒരു വലിയ ചതുര ചട്ടി നിറയെ തിങ്ങി നിറഞ്ഞു നിന്ന എൻ്റെ ഫേൺ ചെടി ഒരു വൈകുന്നേരം ഒന്നു കട്ട് ചെയ്തു മാറ്റി ക്ലീൻ ആക്കാമെന്നു കരുതി ആദ്യം അതിനിടയിൽ നിറയെ പതിഞ്ഞു കിടന്ന കരിയിലകൾ കൈകൾ ഇടയിലേക്കിട്ട് ഓരോന്നായി പെറുക്കി മാറ്റി. പിന്നെ കത്തിയെടുത്ത് ഒരു വിഭാഗം കൂട്ട വേരോടെ മുകളിലേക്ക് വളർന്ന് ഏറെ ഭംഗിയോടെ പല പല കൂട്ടങ്ങളായി , ഒരു വലിയ കൂട്ടമായി ചട്ടി നിറയുന്ന ഫേണിൻ്റെ ഓരോ കൂട്ടങ്ങളെ വേര് മുറിഞ്ഞു പോകാതെ അടിയിലേക്ക് കത്തി താഴ്ത്തി അറുത്തറുത്ത് മാറ്റാൻ തുടങ്ങി.

അതിനിടയിൽ എത്ര പെട്ടെന്നാണ് എൻ്റെ കണ്ണുകളെ വിസ്മയിപ്പിച്ചുകൊണ്ട് ഉള്ളിൽ ഞെട്ടലുകൾ ഉണ്ടാക്കിക്കൊണ്ട് ,ഒരു കുഞ്ഞു പാമ്പ് തലപൊക്കിയത്. നല്ല ഈർപ്പത്തിൽ അങ്ങനെ പുതഞ്ഞ് ചുരുണ്ട് കിടക്കുന്നു. ഞാൻ ആദ്യം വേഗം അതിൻ്റെ വീഡിയോ എടുത്തു. പിന്നെ… വേഗം ഇഴഞ്ഞു മുകളിലേക്ക് വരും മുമ്പേ നന്നായി ചട്ടി മൂടി വച്ചു. അയലത്തെ പയ്യനെ വിളിച്ചു. വീട്ടിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ പയ്യൻ പാമ്പുപിടുത്തക്കാരെ വിളിച്ചു. അവർ വന്ന് ഒരു കുപ്പിയിൽ ആക്കി കൊണ്ടു പോയി. അവർ എൻ്റെ കൈയ്യിൽ നിന്നും 1000 രൂപയും വാങ്ങി.

അന്നു മുതൽ ചെടിച്ചട്ടികളെ ഒന്നു ആഴത്തിൽ നിരീക്ഷിച്ചിട്ടേ ഞാൻ ഇത്തരം പ്രവൃത്തികൾക്ക് ഇറങ്ങൂ. പിന്നെ … പാമ്പുകളുടെ ഇനങ്ങളെ പഠിക്കാനും തുടങ്ങി. അത് വെള്ളിക്കെട്ടൻ്റെ കുഞ്ഞായിരുന്നു. അതിനു ശേഷം ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ കൈകളിൽ നല്ല കട്ടിയുള്ള പ്ലാസ്റ്റിക് ഉറയും ഉപയോഗിക്കാൻ തുടങ്ങി.

ഇതൊക്കെയാണെങ്കിലും എനിക്ക് പാമ്പുകളെ പേടിയില്ല. അതെന്താണെന്ന് ചോദിച്ചാൽ അറിയില്ല? കേരളത്തിലെ പ്രധാന വിഷമില്ലാത്ത പാമ്പുകളാണ് ചേര, മലമ്പാമ്പ്, മണ്ണൂലി, നീർക്കോലി, കവചവാലൻ, പച്ചില പാമ്പ്,മൂവരയൻ ചുരുട്ട എന്നിവയൊക്കെ. എന്നിരുന്നാലും അവയ്ക്ക് ഭീക്ഷണി തോന്നിയാൽ കടിച്ചു എന്നും വരാം. അതുകൊണ്ടുതന്നെ എപ്പോഴും പാമ്പുകളെ ദൂരെ നിന്ന് നിരീക്ഷിക്കുന്നതാണ് ഉത്തമം.

കേരളത്തിൽ 25 ഓളം ഇനം വിഷപ്പാമ്പുകൾ ഉണ്ടെങ്കിലും മനുഷ്യ ജീവന് വലിയ ഭീഷണി ഉയർത്തുന്നവ പ്രധാനമായും മൂർഖൻ, വെള്ളിക്കെട്ടൻ , അണലി, രാജവെമ്പാല, ചുരുട്ടാമണ്ഡലി, എട്ടടി മൂർഖൻ , പച്ച മണ്ഡലി തുടങ്ങിയവയാണ്.

ഏതായാലും പാമ്പ് കയറി ഇരിക്കാൻ ഇടമുള്ള , ഇടയുള്ള എന്ത് സാധനങ്ങളും, നമ്മൾ ഉപയോഗിക്കാൻ എടുക്കുമ്പോൾ ഒരു കണ്ണ് വേണം. ഏറെ ജാഗ്രത വേണം.കരുതൽ വേണം.

“പാമ്പുകൾക്ക് മാളമുണ്ട്
പറവകൾക്കാകാശമുണ്ട്
മനുഷ്യപുത്രന് തലചായ്ക്കാൻ
മണ്ണിലിടമില്ല” എന്ന ശ്രീ വയലാർ രാമവർമ്മ യുടെ വരികൾ ഈ സാഹചര്യത്തെ ഏറെ അന്വർത്ഥമാക്കുന്നതാണ്.
എൻ്റെ ഈ ചെറിയ എഴുത്ത് നിങ്ങൾക്ക് ഏതെങ്കിലും രീതിയിൽ ഉപയോഗപ്രദമാകട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട്..
വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം. നന്ദി, സ്നേഹം .

ജസിയഷാജഹാൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com