Monday, November 17, 2025
Homeഅമേരിക്ക'ഇലപ്പൊതിച്ചോറുണ്ട ഇളമക്കാലം' (ഓർമ്മക്കുറിപ്പുകൾ) ✍ റോമി ബെന്നി

‘ഇലപ്പൊതിച്ചോറുണ്ട ഇളമക്കാലം’ (ഓർമ്മക്കുറിപ്പുകൾ) ✍ റോമി ബെന്നി

ഓളങ്ങളേകും സൗന്ദര്യത്തുടിപ്പാൽ ജീവനാർന്നൊഴുകുന്ന പുഴയും, ഹരിത ഭംഗിയുടെ പുടവയണിഞ്ഞു നിൽക്കുന്ന കരയും പരസ്പരം നോക്കി നിൽക്കുന്നതിനപ്പുറം വാചാലമായ മൗനത്തിലൂടെ ജീവദായകമായ പലതുമേകി ദേശവാസികളെ പോറ്റിയിരുന്നു.

എന്റെ ബാല്യകാലത്ത് വിദേശരാജ്യങ്ങളിൽ പ്രത്യേകിച്ചു മിഡിൽ ഈസ്റ്റിൽ പോയി ജോലിയെടുക്കുന്നവർ ഞങ്ങളുടെ ഗ്രാമത്തിലുണ്ടായിരുന്നില്ല. വിരലിലെണ്ണാവുന്നവർ കണ്ടേക്കാം. അതും അമേരിക്കയിൽ കുടിയേറിപ്പാർത്തവർ. വല്ലപ്പോഴും അതിഥികളായി സ്വന്തം മണ്ണിലെത്തുന്നവർ.

ഉന്നതവിദ്യാഭ്യാസം നേടാനാകാത്തവർക്ക് നാടു തന്നെ ധാരാളം അവസരം വെച്ചു കാത്തിരുന്നു. ദരിദ്രരരും, സമ്പന്നരും, ഇടത്തരക്കാരും സ്വന്തം മണ്ണിൽ തന്നെ അന്നത്തിനു വക കണ്ടെത്തിപ്പോന്നു.ചെറിയൊരു ദ്വീപിൽ അതിനു വേണ്ട വിഭവസമ്പത്തു നിറഞ്ഞു നിന്നിരുന്നു.

നെൽകൃഷിയും, മത്സ്യകൃഷിയും മാത്രമല്ല, പുഴയും തന്നിലുള്ള സ്വത്ത് അധ്വാനിക്കുന്നവർക്കു നിർലോഭം വീതിച്ചു നൽകിയിരുന്നു.

ചെറുവഞ്ചിയിൽ ചൂണ്ടയിട്ട് വലിയ മത്സ്യങ്ങളെ പിടിക്കുന്നവർ, കക്കവാരുന്നവർ, കക്കത്തോടു നീറ്റി കുമ്മായമുണ്ടാക്കാൻ നൽകുന്നവർ , യാത്രാവഞ്ചിയും ചരക്കു വഞ്ചിയും തുഴയുന്നവർ, മണൽ വാരുന്നവർ, ചീനവലക്കാർ , കൃഷിയില്ലാ സമയം പാടത്തിറങ്ങി മീനും, ചെമ്മീനും മുങ്ങാംകുഴിയിട്ടു തപ്പി പിടിക്കുന്നവർക്കുമൊക്കെ , ഉപജീവനത്തിനായി ജന്മനാട്ടിൽ തന്നെ അവസരം കിട്ടിയിരുന്നു.

കേരത്തിന്റെ അളമാണ് കേരളമെന്നതിനു ഒന്നാന്തരം ഉദാഹരണമായ ഗ്രാമം. തെങ്ങുകയറിയും, തേങ്ങ പൊതിച്ചും, വെട്ടിയും,ജീവിക്കുന്ന ഒരു വിഭാഗം. അടയ്ക്കാ വ്യാപാരം മറ്റൊരു തൊഴിൽ.

തൊണ്ടു തല്ലിയും കയർപിരിച്ചും അന്നമുണ്ടാക്കുന്നവർ. മരം വെട്ടുകാരും, മരപ്പണിക്കാരും, കല്പ്പണിയും, കച്ചവടവും എന്നു വേണ്ട പറമ്പു കിളച്ചും, കൂലിപ്പണി ചെയ്തും ജീവിക്കാനുള്ള വക എന്നും നൽകാൻ സാധന സമ്പത്തു നിറഞ്ഞ സുന്ദരദ്വീപ്.

കണ്ടൽക്കാടുകളിൽ മത്സ്യ സമ്പത്തിനെ ഒളിപ്പിച്ച് പ്രജനനം നടത്തിയേകി മക്കളെ അന്നമൂട്ടിയ നാട്.

എത്ര ജോലിയെടുത്താലും അംഗങ്ങളധികമുള്ള കുടുംബത്തിന് ചിലപ്പോഴൊക്കെ വിശപ്പു സഹിക്കേണ്ടി വന്നവരുമുണ്ട്. മഴക്കാലവും, വേനൽക്കാലവും ഒരു പോലെ അവർക്ക് ദാരിദ്ര്യം, സമ്മാനിച്ചിട്ടുണ്ട്. അക്കാര്യത്തിൽ സ്വത്തുള്ളവരെന്നു വിളിക്കപ്പെട്ടവരും , ദരിദ്രരും ഉൾപ്പെടും.

ക്ലാസ് മുറിയിൽ ചോറുണ്ണാൻ ഇരിക്കുമ്പോൾ കൂട്ടുകാരിൽ ചിലർ വീട്ടിൽ പോയി ഭക്ഷണം കഴിക്കും. അതു കാണുമ്പോൾ അസൂയതോന്നും. ചൂടോടെ ചോറു കഴിച്ച് ഒന്നുകൂടി മുടി വാരികെട്ടി, പൗഡർ പൂശി വരുമ്പോൾ അവർ പറയും മീൻ ചാറു കൂട്ടിക്കഴിച്ച മണം പോകാനാണ് പൗഡർ ഇട്ടതെന്ന്.

യു.പി. ക്ലാസുകളിലെത്തിയപ്പോൾ ഹൈസ്കൂളിൽ പഠിക്കുന്ന മോളി ചേച്ചിയുടെ ക്ലാസിൽ പോയിരുന്നു ഉച്ചഭക്ഷണം കഴിക്കാറുണ്ട്. വീട്ടിൽ കഴിക്കുന്നതു പോലൊരു തോന്നൽ അപ്പോൾ കിട്ടും. പകൽ മാത്രം വീട് വിട്ടുനിന്നിട്ടും അന്നേ ഗൃഹാതുരത്വം എന്നെ പിടികൂടിയിരുന്നു.

അപ്പനും, അമ്മയും പിന്നെ നാലുമക്കൾക്കും പൊതിച്ചോറാണ് ഉച്ച ഭക്ഷണം. ആറു പേർക്കു പൊതി കെട്ടണം. അപ്പനും അമ്മയും വേഗതയോടെ ഒരുമിച്ചാണ് രാവിലെ ആ ജോലിചെയ്യുന്നത്.

ആറു പേർക്കുള്ള വാഴയില വെട്ടിയതും, കുറച്ച് ഉണക്ക വാഴയിലയും വൃത്തിയാക്കി ഊണുമുറിയിൽ അപ്പൻ എത്തും. അതിരാവിലെ പള്ളിയിൽ പോയി കുർബാനയിൽ പങ്കെടുത്ത ശേഷം പറമ്പിലെ പച്ചക്കറികൾക്കിടയിലെ കുത്തും വെട്ടുമൊക്കെ വ്യായാമം പോലെ ചെയ്തിട്ടാണ് വരുന്നത്.

മുറങ്ങളിൽ പഴയ ദിനപ്പത്രത്തിന്റെ ഒരു പേജ് വിരിച്ച് മീതെ വാട്ടിയ വാഴയില, നിരത്തും. ഉണക്കവാഴയില കൃത്യമായി മുറിച്ച് കുമ്പിളുപോലാക്കി വെയ്ക്കും. അമ്മ ചോറ്,ഓരോരുത്തർക്കുവേണ്ട,അളവിൽ വിളമ്പിയശേഷം പച്ചക്കറി, ഉലർത്തിയതെടുത്തു, ഉണക്കവാഴയിലക്കുമ്പിളിലാക്കി ചോറിന്റെമീതെ, അമർത്തിവെയ്ക്കും. പിന്നെഎന്തെങ്കിലുമൊരു സസ്യേതര കറിയും ഇതുപോലെ തന്നെ വെയ്ക്കും.

ഇല ഭംഗിയായി നാലു വശവും മടക്കും. അതിനുശേഷം കടലാസു കൊണ്ടു പൊതിയും. ഓരോരുത്തരുടെ പൊതികൾ ബാഗിൽ വെക്കേണ്ടത് കുട്ടികൾ തന്നെയാണ്.

കുട്ടികൾക്ക് ചാറുള്ള കറികളോടു , താൽപര്യമില്ല. ചെറിയ, കറിപ്പാത്രത്തിൽ എന്തെങ്കിലും രസമോ, കാളനോ , പച്ചമോരോ അപ്പനും അമ്മയ്ക്കും കൊണ്ടു പോകാനുണ്ടാകും.

എറണാകുളത്തെ ഓഫിസിൽ എല്ലാവരും കൂടിയിരുന്നു ഭക്ഷിക്കുമ്പോൾ അപ്പച്ചൻ കൊണ്ടു പോകുന്ന കൊഞ്ചും മീനുമൊക്കെ മറ്റുള്ളവരാണ് കഴിക്കുന്നതെന്നും, പൊതിയഴിക്കുന്ന താമസം എല്ലാം പറന്നു പോകുമെന്ന് അപ്പൻ തമാശയായി പറയും.

ദിവസവും ഇലപ്പൊതിച്ചോറ് കഴിച്ച് ക്യൂ നിന്ന് സ്കൂൾ ടാപ്പിൽ കൈകഴുകി വന്നിരിക്കുമ്പോൾ വീട്ടിൽ പോയി കഴിച്ചു വരുന്നവരോട് കുശുമ്പു തോന്നും. പോയവരിൽ ചിലർ വയറുവേദന എന്നു പറഞ്ഞ് ചിലപ്പോഴൊക്കെ മടങ്ങി, വരാതിരിക്കുകയും ചെയ്യും. അതു കാണുമ്പോൾ അസൂയ മൂക്കും.

ഗോതമ്പ് ഉപ്പുമാവ് വിതരണം സ്കൂളിലുണ്ട്. കാലി ചോറ്റു പാത്രം വീട്ടിൽ നിന്ന് കൊണ്ടു വന്ന് വരാന്തയിൽ നിരന്നു നിന്ന് വാങ്ങി ക്ലാസ് റൂമിലേക്കു വരാതെ കുട്ടികൾ സ്വസ്ഥമായി എവിടെയെങ്കിലും പോയിരുന്നു കഴിക്കുന്നതു കാണാം.

ഉപ്പുമാവു വേകുന്ന മണം വരുമ്പോൾ കൊതി തോന്നും. ചോറുകൊണ്ടു വരുന്ന കുട്ടികൾക്ക് ആ വശത്തേയ്ക്ക് ചെല്ലാനേ പാടില്ല. നിങ്ങളുടെ ചോറുപാത്രത്തിന്റെ മൂടിയിൽ കുറച്ചു വാങ്ങിത്തരുമോ എന്നു പലരോടും ചോദിച്ചിട്ടുണ്ട്. ആരും കൊണ്ടു വന്നു തന്നിട്ടില്ല.

അന്ന് വീട്ടിൽ പോയി വന്ന ഒരു കുട്ടിയോട് എന്തായിരുന്നു കറി എന്നു ചോദിച്ചപ്പോൾ “കല്ലേൽ ഇഷ്ടു” എന്നു പറഞ്ഞു. ഇഷ്ടു എന്നാൽ സ്റ്റുവിനെ അവിടങ്ങളിൽ പറയുന്ന പേരാണ്. അതിഥികൾ വരുമ്പോഴോ പെരുന്നാളുകൾക്കോ മാത്രം വീട്ടിൽ ഉണ്ടാക്കുന്ന ഇഷ്ടവിഭവം. ഇവരൊക്കെ ദിവസവും കഴിക്കുന്നല്ലോയെന്നോർത്ത്, വീട്ടിലെ പാചകക്കാരി വിളമക്കുട്ടി താത്തിയോടു ചോദിച്ചു

“നാളെ ചോറിന് കല്ലേലിഷ്ടു ഉണ്ടാക്കി തരുമോ? “അവർ ചിരിച്ചുകൊണ്ടു പറഞ്ഞു. “എരിഞ്ഞിട്ട് കൊച്ച് സ്കൂളിന്ന് ഇറങ്ങിയോടും. ‘”അതെന്താ ?”
“ഉപ്പും, മുളകും അരകല്ലിൽ, അരച്ചചമ്മന്തിയാ കൊച്ചേ അത്.
പാവങ്ങളുടെ ഇഷ്ടു”

ഉച്ചഭക്ഷണം വീട്ടിൽ പോയി കഴിച്ച് വരുന്ന വഴി പെട്ടിക്കടയിൽ നിന്നു മിഠായി വാങ്ങിത്തിന്ന കാര്യവും പറഞ്ഞ് കൊതിപ്പിക്കുന്നവരുണ്ട്
എന്റെവീടു, സ്കൂളിനടുത്തായിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോകുമപ്പോൾ.

ചോറു,പൊതിയുമായി കൂട്ടുകാരുടെ വീട്ടിൽ പോയി കഴിച്ചാലോ എന്നുചിന്തിച്ചിട്ടുണ്ട് . പക്ഷേ ചോദിച്ചിട്ടും അവർ കൊണ്ടു പോയിട്ടില്ല. സ്കൂൾ മതിൽക്കെട്ടിനു പുറത്ത് അനുവാദമില്ലാതെ പോയാൽ അടി കിട്ടും എന്ന പേടിയും ഉണ്ടായിരുന്നു.

ഹൈസ്കൂൾ ക്ലാസുകളിലായ പ്പോഴാണ് അവർ കൊണ്ടുപോകാതിരുന്നത് സ്നേഹം ഇല്ലാഞ്ഞിട്ടല്ല വീട്ടിലെ അവസ്ഥ കാണിക്കേണ്ട എന്നു കരുതി യാണെന്നു തുറന്നു പറഞ്ഞറിയുന്നത്.

പാരമ്പര്യമായി കിട്ടിയ പറമ്പുകൾ,പലർക്കുമുണ്ട്. വരുമാനം ഒന്നിനും തികയില്ല. കാർന്നോമ്മാരുണ്ടാക്കിയിട്ട വലിയ വീടുകളിൽ കഴിയുമ്പോഴും പണത്തിൻ്റെ കുറവ് അനുഭവിക്കുന്നവരും അത് ആരെയും അറിയിക്കാതെ കൊണ്ടു നടക്കുന്നവരും ഉണ്ടായിരുന്നു.

ഒരു തലമുറയിലെ ചിലരുടെയെങ്കിലും സുഖജീവിതവും അലസതയും ഒരു പക്ഷേ അടുത്ത തലമുറയ്ക്ക് ഉയർന്നെത്തണമെന്ന നല്ലചിന്തയ്ക്കു വളമായിട്ടുണ്ടാകും. അവരൊക്കെ തഴച്ചു വളരുകയും ചെയ്തു.

പണത്തിനു കുറവു വന്നാലും മക്കളോടുള്ള മാതാപിതാക്കളുടെ സ്നേഹ വാത്സല്യം അനുഭവിച്ചറിഞ്ഞവരായതു കൊണ്ട് ഇന്നും മൺമറഞ്ഞ മാതാപിതാക്കളെ ഓർത്തു കൺ നനയാത്തവർ ഗ്രാമത്തിൽ കുറവാണ്.

ആയിടയ്ക്ക് പുഴയോടു ചേർന്ന് പലസ്ഥലത്തും പീലിംഗ് ഷെഡ്ഡുകൾ ഉയർന്നുവന്നു. ‘ചെമ്മീൻ കിള്ളൽ’ എന്നാണു പറയുന്നത്. നാട്ടിലെ പാവപ്പെട്ട വീടുകളിൽ അതൊരു സഹായമായി മാറി.

വീട്ടമ്മമാരും പെൺമക്കളും ഐസു പുരയിൽ പോകാൻ തുടങ്ങി. ഒരു ചരുവം നിറയെ ചെമ്മീൻ കൊടുക്കും. തോടു കളഞ്ഞ് വൃത്തിയാക്കി കൊടുത്താൻ അൻപതു മുതൽ എൺപതു പൈസ വരെ കിട്ടും.

സ്കൂൾ ജീവിതം കഴിഞ്ഞ് പഠനം നിറുത്തിയ ചേച്ചിമാരെല്ലാം ഈ ജോലി ഏറ്റെടുത്തു. പഠിക്കാൻ, പോകുന്നവർ അവധി ദിനവും വൈകുന്നേരങ്ങളിലും പൊയ്ത്തുടങ്ങി. എത്ര പാത്രം, കിള്ളിക്കൊടുക്കുന്നുവോ അത്രയും പൈസ സമ്പാദിക്കാം.

ഐസിട്ടു വെച്ച ചെമ്മീൻ വൃത്തിയാക്കി കൈമരവിച്ചു.വിരലു
കൾ ചുളുങ്ങിയവരും, നഖത്തിനിടയിൽ ചെമ്മീൻ മുള്ളുകൊണ്ട് പൊട്ടി പഴുത്തവരും, അസ്വസ്ഥതത പുറത്തു കാണിക്കാതെ നടക്കുമായിരുന്നു.

ചെമ്മീൻ തൂക്കി ഐസിട്ട്,പാക്ക്ചെയ്തത് കയറ്റുമതിക്കായി കമ്പനിക്കാർ വന്നു വാങ്ങിപ്പോകും. നാട്ടുകാർക്ക് ചെമ്മീനും വലിയ കൊഞ്ചും, ഞണ്ടുമൊക്കെ കിട്ടാതായി. പീലിംഗ് കമ്പിനി നടത്തിയവർ കുറേ ലാഭവുമുണ്ടാക്കി.

വീടുകളിൽ കയറുപിരിച്ച് ഒരു മുടിക്ക് ഇത്ര എന്ന കണക്കിൽ കാശു വാങ്ങി നാട്ടിലെ അമ്മമാരും വീടിനായി പണിയെടുത്തു. നെൽകൃഷി കഴിഞ്ഞ്, ചെമ്മിക്കെട്ടും, മത്സ്യ കൃഷിയുമൊക്കെ കഴിയുന്ന നാളുകളിൽ പാടത്ത് കുടവുമായി പോയി മുങ്ങിക്കിടന്ന് ജലവിഭവങ്ങളെ തപ്പിയെടുത്ത് കുടത്തിൽ ശേഖരിച്ച് വിൽക്കുന്ന എത്രയോ സ്ത്രീകൾ അന്നുണ്ടായിരുന്നു.

കൊക്കുകൾ പാറിപ്പറക്കുന്ന വയലേലകൾക്കരികിൽ ചെമ്പോത്ത് കരയിൽ കുണുങ്ങി നടന്നുകൊണ്ടു പറയുന്നുണ്ടായിരുന്നു ഞങ്ങളും അധ്വാനിച്ചാണ് ജീവിക്കുന്നത്.

സ്കൂൾ വിട്ടു വന്നു കഴിഞ്ഞ് തോട്ടു വക്കിലിരുന്ന് മീൻ ചൂണ്ടയിട്ട് പിടിച്ചു വിൽക്കുന്ന,ആൺകുട്ടികളും, അവധി ദിനങ്ങളിൽ മുറ്റത്തെ ചെറുപുല്ലുകൾ പറിച്ചു വൃത്തിയാക്കട്ടെ എന്നു ഇങ്ങോട് ചോദിച്ച് വരുന്ന സ്കൂൾ കുട്ടികളുമൊക്കെ അന്നുണ്ടായിരുന്നു. ഒരു പക്ഷേ, അങ്ങനെയൊക്കെ സമ്പാദിച്ച പണം വീട്ടിൽ കൊടുത്ത് ഒരു കുടുംബത്തിന്റെ അന്നദാതാക്കളായിരുന്നു അവരെന്നു മനസിലാക്കാനുള്ള അറിവുണ്ടായിരുന്നുമില്ലെനിക്ക് .

അവരോടൊപ്പം പോയിരുന്നു മുറ്റത്തെ നടവഴിയിലെ പഞ്ചാരമണലിൽ മുളച്ചുപൊന്തിയ ഇളംപുല്ലു പറിക്കാൻ ഇഷ്ടമായിരുന്നു. അപ്പച്ചൻ ഈർക്കിലു കൊണ്ട് ഒരു വൃത്തം വരച്ചു തരും. ഭംഗിയായി ചെയ്യുന്നവർക്ക് സമ്മാനം, എന്നുംപറയുംവലിച്ചിട്ട് വേരു പോന്നില്ലയെങ്കിലും ഞങ്ങളും ശ്രമിക്കും.

വരച്ചിട്ട കളങ്ങൾ വൃത്തിയാക്കി കഴിഞ്ഞാൽ മറ്റു കുട്ടികൾക്ക് കാശു കൊടുക്കും. ഞങ്ങൾക്കുള്ളത് വാഗ്ദാനം മാത്രമായി.

പുഴയെ മുറിച്ച് യാത്രാസൗകര്യമാക്കിയ നാളുകളിൽ നഷ്ടമായിപ്പോയ സൗഭാഗ്യങ്ങളെ ഓർത്ത് നേർത്ത തേങ്ങലായി വീശിയാടാൻ മരത്തലപ്പു പരതിയലയുന്ന കാറ്റുപോൽ ഓർമകളിപ്പോഴും ബാല്യത്തിൻ തൈമാവു വിട്ടിറങ്ങാതെ,രസമാർന്നു ചുറ്റിയിളകുന്നു.

നിർമലമായ വായുവും, ശുദ്ധജലവും, മരുന്നടിക്കാത്ത പച്ചക്കറികളും, പാടത്തെ നെല്ലും, പറമ്പിലെ തേങ്ങയും ഫലവൃക്ഷങ്ങളിലെ മധുരക്കനികളും ലോകത്തെവിടെ പോയാലും കറികൾക്ക് രുചി പോരാ എന്നു തോന്നിക്കുന്ന വിധം മത്സ്യവിഭവങ്ങളുമേകിയൂട്ടിയ നാട്ടിൽ നിഷ്കളങ്കരായ മനുഷ്യരുടെ ഇടയിൽ സ്നേഹം മാത്രമനുഭവിച്ച് രണ്ടു പതിറ്റാണ്ടുകളിൽ കിട്ടിയ നന്മകൾ മാത്രം മതി ഓർമകളെ സ്വർഗ തുല്യമാക്കാൻ.

റോമി ബെന്നി✍

RELATED ARTICLES

12 COMMENTS

  1. റോമി ടീച്ചർ അഭിനന്ദനങ്ങൾ എന്ന് മാത്രം പറയുന്നു

  2. ഇലപൊതിചോറുണ്ട ഇളമക്കാലം എന്ന ഓർമ്മകുറിപ്പിലൂടെ കുമ്പളങ്ങി എന്ന ഗ്രാമത്തിലെ നിഷ്കളങ്കരായ മനുഷ്യരുടെ നന്മകളും, അവരുടെ അന്നത്തിനു വേണ്ടിയുള്ള അധ്വാനങ്ങളും, ജീവിതാവസ്ഥയും നന്നായി എഴുതി അവതരിപ്പിച്ചു…..അഭിനന്ദനങ്ങൾ റോമി ബെന്നിക്ക്…. ഇനിയും എഴുതുക വായനക്കായി കാത്തിരിക്കുന്നു.. ❤️❤️❤️

  3. പണ്ടത്തെ എറണാകുളം പരിസരപ്രദേശങ്ങളും എങ്ങനെയായിരുന്നു എന്ന് പുതിയ തലമുറയ്ക്ക് അറിയുവാനുള്ള ഒരു അവസരമാണ് ഈ അനുഭവ വിവരണം.
    ശരിക്കും പൊതിച്ചോറ് കെട്ട് അഴിച്ച അനുഭവം

  4. കുമ്പളങ്ങി എന്ന കൊച്ചു ഗ്രാമത്തിൻ്റെ അരനൂറ്റാണ്ടു മുമ്പുള്ള കണ്ടു മറന്ന ചിത്രങ്ങൾ ഇന്നലെയെന്നപോലെ വീണ്ടും ഓർമിക്കാൻ ഒരവസരം തന്നതിന് നന്ദി.അതോടൊപ്പം പലരുടേയും മുഖങ്ങളും മനസ്സിലൂടെ കടന്നുപോയി. എല്ലാ ഓർമ്മപ്പെടുത്തലുകൾക്കും ഒരിക്കൽ കൂടി നന്ദി.

  5. പൊതിച്ചോറിന്റെ മണമുള്ള റോമിയുടെ ഓർമ്മകൾ മനസ്സിൽ ഗൃഹാതുരത്വമുണർത്തുന്നു.
    ഉച്ചയാകുമ്പോൾ ഉയരുന്ന ഉപ്പുമാവിന്റെ ഗന്ധം മൂക്കിലടിച്ച് കൊതിയടക്കിപ്പിടിച്ച ഒരു കാലമുണ്ടായിരുന്നു എനിക്കും. അത്ര സമ്പന്നനല്ലെങ്കിലും ഇത്തിരി ചോറു കൊണ്ടുപോകുന്നത് കൊണ്ട് ഒരിക്കലും അത് കിട്ടിയിട്ടില്ല. അപ്പച്ചൻ കൊണ്ടുപോകുന്ന കൊഞ്ചും മീൻ കറിയും പൊതിതുറക്കും മുമ്പേ പറന്നു പോകുന്നു എന്നു പറയുമ്പോൾ എനിക്ക് ഓർമ്മയിൽ ഓടി വന്നത് ആലുവയിലെ S.S.L.C valuation കാലത്ത് റോമികൊണ്ടു വന്നു തന്ന കരിമീൻ പൊളിച്ചതിന്റെ സ്വാദാണ്.
    ഒരു നാടിന്റെ പോയ കാലത്തെ ഒട്ടുമേ ചോരാതെ ഇങ്ങനെ പകർത്താൻ കഴിയുന്നത് അത്ര നിസ്സാരമല്ല. വാക്കുകൾ പൂക്കുന്ന പൂമരമായി മാറാൻ കഴിയട്ടെ ചങ്ങാതി
    ഭാവുകങ്ങൾ❤️❤️❤️

  6. ഗ്രാമങ്ങൾ നന്മകളാൽ സമൃദം ആയിരുന്നു ഇന്ന് ആക്കാലങ്ങൾ അയവിറക്കുന്നു. നഗരങ്ങളുടെ നന്മയ്‌ക്കൊപ്പം കപടതയും നമ്മുടെ ഗ്രാമങ്ങളെ കീഴ്പ്പെടുത്തിരിക്കുന്നു എന്ന് വേദനയോടെ തിരിച്ചറിയുന്നു, അന്നത്തെ ആ മനോഹര കാലം നന്നായി വായനക്കാരിലേക്ക് എത്തിക്കുവാനായിട്ടുണ്ട്, അഭിനന്ദനങ്ങൾ.

  7. ഇലപ്പൊതിച്ചോറുണ്ട ഇളമക്കാലം – റോമിബെന്നിയുടെ ഓർമ്മക്കുറിപ്പ് ഒരുപാട് ഓർമ്മകളിലേക്ക് കൊണ്ടുപോയി.
    കഴിഞ്ഞകാലങ്ങളൊക്കെ എന്തുനല്ലതായിരുന്നു. ഏതോപാട്ടിൽ പറയുന്നപോലെ കഴിഞ്ഞു പോയകാലം
    കാറ്റിനക്കരെ….. ഓർമ്മകളിൽ അവ പുനർജനിക്കുന്നു.
    ഉച്ചഭക്ഷണവിശേഷം, സ്കൂളിലെ ഉപ്പുമാവിൻ്റെ മണവും രുചിയും എങ്ങനെ മറക്കാൻ. എല്ലാവരും ഉപ്പുമാവു തിന്നുമ്പോൾ ഏതെങ്കിലും ചോറു പാത്രത്തിൻ്റെ മൂടിയിൽ ഒരല്പം ഉപ്പുമാവ് ടീച്ചർ എനിക്കും തന്നിരുന്നു…
    പീലിങ്ങ് ഷെഡുകളും, കയർപിരിയും ഒക്കെ ഉള്ള ഒരു കാലം.
    മനോഹരമായവർണ്ണനകൾ നിർലോഭം വാരി വിതറിയ ഈ ഓർമ്മക്കുറിപ്പ് ഒരു പാട് ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.
    അടുത്ത എഴുത്തിനായി കാത്തിരിക്കട്ടെ….

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com