ഗൾഫ് സ്വപ്നങ്ങളുടെ മാറാപ്പുമായി മുംബൈയിലെ തെരുവുകളിൽ ഞാൻ അലഞ്ഞുനടന്നിരുന്ന ഒരു കാലം . ആദ്യത്തെ മൂന്നു മാസം ധാരാവിയിലുള്ള ഒരു കൂട്ടുകാരന്റെ തകരക്കൂടാരത്തിന്റെ രണ്ടാമത്തെ നിലയിലായിരുന്നു താമസം .താഴെക്കൂടി ഒഴുകിയിരുന്ന കറുത്തുകൊഴുത്ത മലിനജലത്തിലൂടെ താറാവുകൾ നീന്തിനടക്കുന്നത് ഇന്നും ഓർമ്മയുണ്ട് .സുഹൃത്ത് വിവാഹത്തിനായി നാട്ടിലേക്ക് തിരിച്ചപ്പോൾ ആ മുറിയും ഒഴിയേണ്ടി വന്നു . വീണ്ടും തല ചായ്ക്കാൻ ഒരിടം തേടിയുള്ള അലച്ചിൽ … അതൊടുവിൽ മാഹിം പള്ളിയുടെ പടിഞ്ഞാറേ മൂലയിലുള്ള ഒരു കുടുസുമുറിയിൽ ചെന്നവസാനിച്ചു . അടുത്ത ക്രിസ്മസിന് മുമ്പ് അതൊഴിഞ്ഞുകൊടുക്കണമെന്ന അച്ചന്റെ ഉപദേശത്തോടെ …
പ്ലാസ്റ്റിക് നാരുകൾ കൊണ്ടുള്ള പൊടിപിടിച്ച ഒരു ക്രിസ്മസ് മരമായിരുന്നു ആ മുറിയുടെ മുക്കാൽ ഭാഗവും നിറഞ്ഞു നിന്നിരുന്നത് . മുറിയുടെ തൊട്ടപ്പുറം കോൺക്രീറ്റിൽ തീർത്ത ഗാഗുൽത്താമല . അതിന്റെ മറവിൽ രാത്രികാലങ്ങളിൽ ഞാനൊരു സ്ത്രീയെ കണ്ടു .കൂടെ രണ്ടു വയസെങ്കിലും തോന്നിക്കുന്ന അവരുടെ മകളും … പകലൊക്കെ ആ സ്ത്രീ റോഡുപണി ചെയ്യുന്നത് ഞാൻ കണ്ടിരുന്നു അഞ്ചാറു വർഷം മുമ്പ് ” അക്കരെ ” പോകാനായി ആരോ കൂട്ടിക്കൊണ്ടുവന്നതായിരുന്നുവത്രെ ..! നിശയുടെ നീലിമയിൽ ഞാനവിടെU പുരുഷന്മാരുടെ നിഴലുകൾ കണ്ടു അപ്പോഴൊക്കെ എന്നെ വല്ലാതെ വിറച്ചിരുന്നു .ഒരിക്കൽ ഒരു കൊതുകുതിരി ജനാലയിലൂടെ ഞാനവർക്ക് നീട്ടി . അവരതു വാങ്ങിയില്ല മലയാളിയാണോ എന്ന് ചോദിക്കാനുള്ള ശക്തി അന്ന് മനസ്സിനില്ലായിരുന്നു . ഒരു രാത്രി ആ കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത് ഒരാൾ ആ സ്ത്രീയെ അസഭ്യം പറയുകയും പൊതിരെ തല്ലുകയും ചെയ്യുന്നത് ഞാൻ കണ്ടു . അടി കൊള്ളുന്ന അമ്മയുടെ കാലിൽ കെട്ടിപ്പിടിച്ചു അലറിക്കരയുന്ന ആ പിഞ്ചുകുഞ്ഞിന്റെ മുഖം ഇന്നും മനസ്സിന്റെ തിരശീലയിൽ മായാതെ കിടപ്പുണ്ട് ,ഒടുവിൽ ആ കുഞ്ഞിനെ എന്റെ ജനാലയ്ക്കരികിലിരുത്തി കണ്ണുനീർ തുടച്ചുകൊണ്ട് അവർ അയാൾക്കൊപ്പം ഇരുളിലേക്ക് നടന്നു
ചിനുചിനെ പെയ്യുന്ന മഴയും കലിതുള്ളിയ കോടക്കാറ്റുമായിരുന്നു ആ രാത്രിക്ക്. മുറി തുറന്ന് ആകെയുണ്ടായിരുന്ന ഒരു പുതപ്പെടുത്തു ഞാനാ കുഞ്ഞിനെ പുതപ്പിച്ചു ഞാൻ കിടന്നുറങ്ങിയിരുന്ന വിരിപ്പ് രണ്ടായി മടക്കി ഞാൻ അതിലാ കുഞ്ഞിനെ കിടത്തി അപ്പോഴും അടങ്ങാത്ത തേങ്ങലുമായി അവൾ അമ്പരന്ന മിഴികളോടെ എന്നെ തുറിച്ചു നോക്കികിടന്നു … തിരികെ മുറിയിലെത്തി ജനാലയിലൂടെ പുറത്തേക്കു നോക്കി ഞാനിരുന്നു എപ്പോഴോ ഞനും മയങ്ങിപ്പോയി ഉണർന്നപ്പോൾ ഞാനിരുന്ന ജനാലയ്ക്കു അരികിലായി ആ പുതപ്പും വിരിപ്പും തിരുകി വച്ചിരുന്നു പിന്നീടൊരിക്കൽ പോലും ഞാനവരെ കണ്ടിട്ടില്ല … പക്ഷേ എന്തുകൊണ്ടോ ജീവിതത്തിൽ ഞാൻ ഈ ഗാനം എപ്പോൾ കേട്ടാലും ആ സ്ത്രീയെ ഓർക്കും .. ഒരിക്കലും അവർ അത് പാടിക്കേട്ടിട്ടല്ല . പക്ഷേ അവരാണത് പാടുന്നതെന്ന മിഥ്യാബോധത്തോടെ …
ഏതാണാ പാട്ടെന്നല്ലേ ..
“…. പൊട്ടിത്തകർന്ന കിനാക്കൾ കൊണ്ടൊരു
പട്ടുനൂലാഞ്ഞാല് കെട്ടീ…”
😪😪
നന്ദി .. സ്നേഹം
മാഹിം ചർച്ചിലെ ഓർമ്മകൾ നന്നായിട്ടുണ്ട് 😍🙏
നന്ദി .. സ്നേഹം .. നല്ല വാക്കുകൾക്ക്