Tuesday, June 17, 2025
Homeസ്പെഷ്യൽസ്വപ്നശലഭങ്ങൾ (ഓർമ്മക്കുറിപ്പ് ഭാഗം - 22) ഓർമ്മച്ചില്ലയിലെ പൂക്കൾ ✍ അവതരണം: ഗിരിജാവാര്യർ

സ്വപ്നശലഭങ്ങൾ (ഓർമ്മക്കുറിപ്പ് ഭാഗം – 22) ഓർമ്മച്ചില്ലയിലെ പൂക്കൾ ✍ അവതരണം: ഗിരിജാവാര്യർ

ഗിരിജാവാര്യർ

ഓർമ്മച്ചില്ലയിലെ പൂക്കൾ

വായിക്കുമ്പോൾ തോന്നും ഇതൊരു കൊന്നയുടെ കഥയാണെന്ന്! വിഷുഘോഷം ഇനിയും കഴിഞ്ഞില്ലേ എന്നും.ഈ കൊന്ന നട്ടിട്ട് ആറേഴു വർഷമെങ്കിലും ആയിക്കാണണം. കൊന്നയോടൊപ്പം ഉള്ളിൽ പൂത്തു നിൽക്കുന്ന ഒരു മുഖമുണ്ട്, രമയുടെ. ചിരിച്ചിട്ടല്ലാതെ ആ മുഖം ഞാൻ കണ്ടിട്ടില്ല. ഒപ്പം ആ കുഞ്ഞുമുഖത്തെ കണ്ണുകളും മുഖത്തേക്കാൾ വലിയ, കുങ്കുമത്തിന്റെ വട്ടപ്പൊട്ടും ചിരിക്കും. ചുട്ടുപൊള്ളുന്ന പനിയുമായി മേശയിൽ തലചായ്ച്ച് കിടക്കുമ്പോൾപ്പോലും “ എന്തേ രമേ “ എന്നു ചോദിച്ചാൽ ആ ചിരി മായാതെ അവര് പറയും, “ തീരേ വയ്യാ ടീച്ചറേ “ എന്ന്.

പ്യൂണോ ക്ലാർക്കോ ഇല്ലാത്ത ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രിൻസിപ്പലിന്റെ സഹായിയായി PTA നിയമിച്ചതാണ് രമയെ. ഒരു പ്രാരബ്ധക്കാരി. മക്കളൊക്കെ അതേ സ്കൂളിൽ പഠിക്കുന്നു. വൃദ്ധയായ അമ്മയുണ്ട് വീട്ടിൽ. ഭർത്താവ് തയ്യൽജോലിക്കാരൻ.
എങ്കിലും ആൾക്കൊരു weakness ഉണ്ട്, ഭക്തി. എല്ലാ ദേവാലയങ്ങളിലും കയറിയിറങ്ങും . “ഈശ്വരൻ എന്നെങ്കിലും പ്രാർത്ഥന കേൾക്കാതിരിക്കില്ല” എന്നു തന്നെയാണ് രമയുടെ വിശ്വാസം. ക്ഷേത്രത്തിന്നടുത്ത് താമസിക്കുന്ന രമ, ക്ഷേത്രത്തിലെ ഭജനസംഘത്തോടൊപ്പമാണ് ഈ അമ്പലക്കറക്കങ്ങൾ! കേരളത്തിലെ ഒരുവിധം ഒട്ടുമിക്ക ക്ഷേത്രങ്ങളിലെ ദേവീദേവന്മാരും രമയുടെ പരാതി കേട്ടുകാണും.. എന്നിട്ടും..

ലാബ് അസിസ്റ്റൻഡ്സിനു പ്രാക്ടിക്കൽസിനു പോകേണ്ട സമയങ്ങളിലെല്ലാം അഡ്മിഷൻ രജിസ്റ്റർ, ഫീ റെസിപ്റ്റ്സ്, OBC/SC സ്കോളർഷിപ്പ് രജിസ്റ്റർസ് എല്ലാം മടികൂടാതെ എഴുതാൻ സർവ്വസന്നദ്ധയാണ് ആള്. ഒന്ന് പറഞ്ഞു കൊടുത്താൽ മതി, ആഹാരം പോലും ഉപേക്ഷിച്ചിരുന്നു ജോലിചെയ്യും. രണ്ടു ദിവസം ലീവ് എടുത്താൽ നാലുനാള് ചെയ്യേണ്ട ജോലി തീർക്കും.

ഒരു ജൂൺ അഞ്ച്. പരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് കൊടുക്കാൻ പലജാതി വൃക്ഷത്തൈകൾ ഗ്രൗണ്ടിൽ നിരന്ന സമയം. NSS ന്റെയും GREEN CLUB ന്റെയും നേതൃത്വത്തിൽചെടികൾ നട്ടുനട്ട് സ്കൂൾ പരിസരം മുഴുവൻ മരങ്ങൾ നിറഞ്ഞു കഴിഞ്ഞു. പലപ്പോഴും കാറ്റിൽ കൊമ്പൊടിഞ്ഞുവീണ് വെട്ടലാണ് പതിവ് . എന്റെ ഓഫീസിനു മുന്നിലായി നിറയെ കായ്ചു നിൽക്കുന്ന ഞാവൽമരവും ഒരു പരിസ്ഥിതിദിനത്തിന്റെ ദാനമാണ്.കുട്ടികൾ കൊണ്ടുപോയിട്ടും ബാക്കിയായി തൈകൾ!
“ടീച്ചർക്ക്‌ ഒരു കൊന്നത്തൈ വേണോ? “
എനിക്കു ചിരിവന്നു. ഇനി അതിന്റെ ഒരു കുറവേ ഉള്ളൂ. വർഷത്തിലൊരിക്കൽ കണികാണാൻ കൊന്നമരം നട്ടു പിടിപ്പിക്കുന്നതിന്റെ ആവശ്യകത എന്ത്? സ്ഥലപരിമിതിയും.ഒരു ചായ കുടിക്കാനാരും തേയിത്തോട്ടം വിലയ്ക്കെടുക്കാറില്ലല്ലോ!
എന്നാലും ആ മുഖത്തെ ചിരി കണ്ടപ്പോൾ No പറയാനൊരു വിഷമം.
അന്നാണെങ്കിൽ,എന്റെ കൈയിൽ ബാഗിനും ലഞ്ച് ബോക്സിനും പുറമേ രണ്ടുമൂന്നു ബുക്കും ഉണ്ട്.
സ്കൂളിൽനിന്നു നടന്നെത്താനുള്ള ദൂരമേയുള്ളൂ വീട്ടിലേക്ക്.എന്നാലും ഇതെല്ലാം താങ്ങി..

എന്റെ ബുദ്ധിമുട്ട് പറയുന്നതിനുമുമ്പേ വന്നു സഹായം. “ഞാൻ കൊണ്ടുവന്നുതരാം. നമുക്കു തന്നെ നടാം ന്നേ, ആ തെങ്ങിനടുത്ത്! “
എന്തിനു പറയുന്നു ഗേറ്റിനടുത്ത് തെങ്ങിനരികിൽ ആ കൊന്നത്തൈ രമയുടെ കൈകൊണ്ടുതന്നെ സ്ഥാപിക്കപ്പെട്ടു.

വർഷങ്ങൾ കഴിഞ്ഞു.എത്ര വിഷുക്കൾ വന്നുപോയി, ഈ കൊന്ന മാത്രം പൂത്തില്ല! എന്റെ മോളുടെ വിവാഹം കഴിഞ്ഞ് അവൾക്കൊരു കുഞ്ഞുണ്ടായി കാണാൻ എന്നേക്കാൾ ധൃതി രമയ്ക്കായിരുന്നു. പുതുശ്ശേരിക്കാവിൽ രമ “തൊട്ടിലും കുഞ്ഞും” വഴിപാട് നടത്തിയിട്ടാണ് അഞ്ജുവിന് കുഞ്ഞുണ്ടായത് എന്ന വിശ്വാസം ഇടയ്ക്കിടക്ക് അവരെന്നെ ഓർമ്മിപ്പിക്കും.ഒരിക്കൽ അഞ്ജു വിന്റെ maid വീണു പരിക്കുപറ്റിയപ്പോൾ “ഞാൻ പോയി അഞ്ജുക്കുട്ടിക്ക് കൂട്ടിരിക്കാമായിരുന്നു. മോനെ എന്നും കാണാമായിരുന്നു, എന്തു ചെയ്യാം, വയസ്സായ അമ്മയെ ആരെ എല്പിച്ചു പോകും!”എന്ന സങ്കടവും പങ്കുവച്ചു.

റിട്ടയർമെന്റിന് ശേഷവും എന്റെ വീട്ടിലേക്കുള്ള രമയുടെ സന്ദർശനത്തിന് ഒരു കുറവും വന്നില്ല. കുറച്ചുനേരം സ്കൂൾ വിശേഷങ്ങളുമായിരുന്ന് “ടീച്ചർ ഇല്ലാഞ്ഞിട്ട് ഒരു സുഖവുമില്ല” എന്ന കൂട്ടിച്ചേർക്കലുമായി പതിവു ചിരിപ്പൂവുമായി രമ പടിയിറങ്ങും.

ഞാൻ വിരമിച്ചതിനു രണ്ടു വർഷത്തിന്ശേഷം ഒരു ഒക്ടോബർ സന്ധ്യയിൽ,പിറ്റേന്ന് ഗുരുവായൂർ കണ്ണനെ കാണാനുള്ള മോഹവുമായി സ്കൂളിൽ നിന്നിറങ്ങിയ രമയെ കണ്ണൻ സ്വയം തന്റെ സന്നിധിയിലെത്തിച്ചു, അത്രയും തിടുക്കത്തിൽ!ഗുരുവായൂർ യാത്രയ്ക്കായി കടം വാങ്ങിയ പണം ഓഫീസിലെ മേശവലിപ്പിൽ വച്ചുമറന്നെന്ന് പറഞ്ഞ് സ്കൂളിലേക്ക് തിരിച്ചുവന്നതായിരുന്നു ആ പാവം! ആറേമുക്കാൽ ആയതുകൊണ്ടു നേരിയ ഇരുട്ട് വീണുതുടങ്ങിയിരുന്നു. റോഡ് cross ചെയ്യുമ്പോൾ എതിരെ വന്ന കാറ് കണ്ണിൽപ്പെട്ടില്ല!
“എന്നെങ്കിലും എന്റെ പ്രാർത്ഥന ഈശ്വരന്മാര് കേൾക്കാതിരിക്കില്ല”
എന്ന രമയുടെ മന്ത്രണം സ്കൂളിന് മുന്നിലെ നാലുവരിപ്പാതയിൽ ഉടഞ്ഞുചിതറി.

രമ പോയിട്ട് രണ്ടു വർഷം കഴിഞ്ഞിട്ടും,എന്റെ കണിക്കൊന്ന പൂത്തില്ല. ഒരുവേള, തെങ്ങിന് ശല്യം ആകും എന്ന്പറഞ്ഞു അതിനെ വെട്ടിക്കളയാൻ പോലും പ്ലാനിട്ടതാണ്. പക്ഷേ മനസ്സ് സമ്മതിച്ചില്ല.അതെന്റെ രമയുടെ ഓർമ്മമരമായി അവിടെ നിൽക്കട്ടെ!

ഇക്കൊല്ലത്തെ വിഷു കഴിഞ്ഞ് മൂന്നാം നാൾ ചെടികൾക്ക് നനയ്ക്കുന്നതിനിടയിൽ യാദൃച്ഛികമായാണ് ഈ കൊന്നപ്പൂങ്കുല ഞാൻ കാണുന്നത്.എന്റെ കൊന്നയിൽ ഒരു മഞ്ഞവെട്ടം. വെള്ളം ഓഫാക്കി ക്യാമറ മാക്സിമം zoom ചെയ്തു ബുദ്ധിമുട്ടി ഒരു പടമെടുത്തു. അത്രയും ഉയരത്തിലാണത്. ഒരേ ഒരു പൂങ്കുല!
“എന്നെ കണിക്കു വച്ചില്ലല്ലോ” എന്ന് പരിഭവിക്കുന്ന പൂവ് എന്റെ രമ തന്നെയാവണം! ആകാശപ്പടിയിലിരുന്ന് “സുഖാണോ ടീച്ചറേ “ എന്നു രമ ചോദിക്കുന്ന പോലെ തോന്നി. ഒരുനിമിഷം കണ്ണു നിറഞ്ഞു. വാത്സല്യത്തോടെ “സുഖം” എന്നു മുകളിലേക്ക് നോക്കിപ്പറഞ്ഞു ഗേറ്റ് അടയ്ക്കുമ്പോൾ “ആരോടാണീ പിറുപിറുക്കുന്നത് “ എന്ന് കാണുന്നവർ കരുതിയേക്കാം.
കാണാത്ത തീരങ്ങളിൽ എത്തിയെങ്കിലും ചിലർ അവരുടെ സാന്നിദ്ധ്യം നമ്മെ അറിയിക്കുന്നത് ഇങ്ങനെയൊക്കയായിരിക്കാം!

“ഇവിടെയുണ്ടു ഞാന്‍
എന്നറിയിക്കുവാന്‍
മധുരമാമൊരു
കൂവല്‍ മാത്രം മതി

ഇവിടെയുണ്ടായി-
രുന്നു ഞാനെന്നതി-
ന്നൊരു വെറും തൂവല്‍
താഴെയെട്ടാല്‍ മതി

ഇനിയുമുണ്ടാകു-
മെന്നതിന്‍ സാക്ഷ്യമായ്‌
അടയിരുന്നതിന്‍
ചൂടുമാത്രം മതി”

“ഞാനിവിടെയുണ്ട്..ഈ കൊന്നയുടെ ചിരിയിൽ, ടീച്ചർക്കെന്നെ കാണാനില്ലേ? അല്ലാതെ ഞാനെങ്ങു പോവാൻ..“ എന്നു വീണ്ടും വീണ്ടും പറയുകയാണോ എന്റെ പൂക്കൾ??

അവതരണം: ഗിരിജാവാര്യർ✍

RELATED ARTICLES

4 COMMENTS

  1. കൊന്നയുടെ ചിരിയിൽ ടീച്ചർ മാത്രമല്ല വായനക്കാരും കണ്ടു രമയുടെ മുഖം
    നല്ല എഴുത്ത്

  2. പി.പി. രാമചന്ദ്രൻ്റെ വരികളിലൂടെ അവസാന പ്പിച്ച ഓർമ്മക്കുറിപ്പ് ഹൃദയ സ്പർശിയായി. രമ വായനക്കാരുടെ മനസിലും കൊന്നപ്പൂവായി ചിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ