Saturday, June 20, 2026
Homeഅമേരിക്കതിളക്കം കുറയാത്ത താരങ്ങൾ (38) "കെ. പി. എ. സി. സണ്ണി"✍തയ്യാറാക്കിയത്: സുരേഷ് തെക്കീട്ടിൽ

തിളക്കം കുറയാത്ത താരങ്ങൾ (38) “കെ. പി. എ. സി. സണ്ണി”✍തയ്യാറാക്കിയത്: സുരേഷ് തെക്കീട്ടിൽ

പരിചയസമ്പന്നതയുടെ അഭിനയത്തികവ്

നാടകരംഗത്ത് വർഷങ്ങളോളം സജീവമായി നിന്ന് കെ.പി.എ.സി, കലാനിലയം, കോട്ടയം നാഷണൽ തിയേറ്റേഴ്സ്, നളന്ദ, വയലാർ നാടകവേദി, ദേശാഭിമാനി തിയേറ്റേഴ്സ് തുടങ്ങി കേരളത്തിലെ ഏതാണ്ട് എല്ലാ അറിയപ്പെടുന്ന ട്രൂപ്പുകളിലും സഹകരിച്ച് പ്രധാന വേഷങ്ങൾ ചെയ്ത് ആ അഭിനയക്കരുത്തിൻ്റെ പിൻബലവും ശക്തിയുമായാണ് “സണ്ണി ഡിക്രൂസ് “എന്ന സണ്ണി സിനിമയിൽ ഭാഗ്യം പരീക്ഷിക്കാനത്തുന്നത്. കെ.പി.എ.സി എന്ന ഏറെ പെരുമയുള്ള നാലക്ഷരങ്ങൾ (കേരളത്തിൻ്റെ സാംസ്കാരിക ചരിത്രം നാടകത്തിലൂടെ തിരുത്തിക്കുറിച്ച അതി പ്രസിദ്ധമായ ട്രൂപ്പ് കേരളാ പീപ്പിൾസ് ആർട്സ് ക്ലബ്ബിൻ്റെ ചുരുക്കരൂപം) ആ കഴിവുകളുടെ സാക്ഷ്യപത്രമായി പരിചയ സമ്പന്നതയുടെ അടയാളമായി സണ്ണി എന്ന പേരിനു മുന്നിൽ എക്കാലത്തും തിളങ്ങി നിന്നു . 1970 ൽ ആയിരുന്നു സിനിമയിലേക്കുള്ള ആ വരവ്. തുടർന്ന് മൂന്ന് വ്യാഴവട്ടക്കാലം മലയാള സിനിമയിൽ വലുതും ചെറുതുമായ ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി സണ്ണി സജീവമായി നിന്നു .2005 ൽ വന്ന ഫൈവ് ഫിംഗേഴ്സ് ആയിരുന്നു അവസാന സിനിമ.

സണ്ണി എന്ന നടൻ സിനിമാരംഗത്ത് ഏറ്റവും മുൻനിരയിൽ സ്ഥാനം നേടിയില്ല എന്ന് ഒരു വാദത്തിനു വേണ്ടി സമ്മതിക്കാം. എന്നാൽ അദ്ദേഹം ഒരിക്കലും പിന്നോട്ട് പോയതുമില്ല . അന്നത്തെ ഒരു രീതി വെച്ച് നായകവേഷത്തിന് ചേർന്ന രൂപഭാവങ്ങളായിരുന്നില്ല ഈ നടന്.എന്നാൽ അതിഭാവുകത്വം നിറഞ്ഞു നിന്ന അതാവശ്യപ്പെട്ടിരുന്ന ആ കാലത്തും ഒരിക്കലും അമിതാഭിനയത്തിലേക്ക് വഴുതി വീഴാതെ നിന്നു ഈ നടൻ . അഭിനയത്തിൻ്റെ അളവും, താളവും നന്നായറിയുന്ന സണ്ണി ഈ രംഗത്ത് തൻ്റെ വ്യക്തിത്വം നിലനിർത്തി .അതുകൊണ്ടുതന്നെ ഈ നടനെ പിന്തള്ളാൻ ഒരു സമയത്തും മലയാള സിനിമക്കായില്ല.

ഒട്ടേറെ പോലീസ് വേഷങ്ങൾ, രാഷ്ടീയക്കാരുടെ വേഷങ്ങൾ, തൊഴിലാളി വേഷങ്ങൾ എല്ലാം സണ്ണിയിലൂടെ മലയാളി കണ്ടു. വ്യത്യസ്ത പദവികളിലുള്ള ഉദ്യോഗസ്ഥരായി സണ്ണി കാക്കിയണിഞ്ഞെത്തിയപ്പോൾ അതെല്ലാം ജനം നന്നായി സ്വീകരിച്ചു. അതിലേറെ കഥാപാത്രങ്ങളും ദുർഗുണമുള്ളവരുമായിരുന്നു. സ്വഭാവനടനായും വില്ലനായും സഹനടനായും ഉപ നായകനായും മലയാള സിനിമയിൽ പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന സണ്ണി അഭിനയത്തിൽ ആരുടെയും പിന്നിലല്ല എന്ന് വ്യത്യസ്തമായ വേഷങ്ങൾ കിട്ടിയപ്പോഴെല്ലാം തെളിയിച്ചു .പല സിനിമകളിലും സണ്ണിയിലെ മികച്ച അഭിനേതാവിനെ മലയാളം അത്ഭുതത്തോടെ കണ്ടിട്ടുണ്ട്. സണ്ണി സണ്ണി മുഴുനീള വില്ലൻ വേഷം ചെയ്ത സിനിമകൾ ധാരാളം ഉണ്ടായിട്ടുണ്ട് എന്നാൽ ഒന്നു വന്നു പോകുന്ന രംഗമാണെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിയുന്ന വിധം അനശ്വരമാക്കുവാൻ പ്രത്യേക പ്രാപ്തിയുണ്ടായിരുന്നു ഇദ്ദേഹത്തിന്. അത്തരത്തിൽ വന്ന കഥാപാത്രങ്ങളിലൂടെയാണ് സണ്ണി ഏറെയും ഓർമിക്കപ്പെടുന്നതും. മലയാള സിനിമയിൽ നടൻമാർ അവരുടെ ഉജ്ജ്വലമായ ഭാവാഭിനയം കൊണ്ട് തിയേറ്ററുകളെ ത്രസിപ്പിച്ച രംഗങ്ങൾ ഓർത്തു പറയാനോ എടുത്തു പറയാനോ പറഞ്ഞാൽ എൻ്റെ മനസ്സിൽ ഏറ്റവുമാദ്യം തെളിയുന്നത് സണ്ണി അഭിനയിച്ച് കാണികളെ വിസ്മയിപ്പിച്ച ഒരു കഥാപാത്രത്തെ കുറിച്ചാണ്. ആ രംഗം എല്ലാ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിലും ഇന്നും തിളങ്ങി നിൽക്കുന്നുമുണ്ടാകും. തീർച്ച. ഈ കുറിപ്പ് എഴുതുവാൻ കാരണവും ആ ഒരു രംഗവും കൂടിയാണ് എന്ന് പറഞ്ഞാലും തെറ്റാവില്ല.

കെ.പി.എ.സി സണ്ണി എന്ന നടനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ എല്ലാവരുടെ മനസ്സിലും ആ രംഗം മുന്നിൽ വന്നു നിൽക്കുന്നുണ്ടാകും. വേണുനാഗപ്പള്ളി സംവിധാനം ചെയ്ത ”സുഖമോദേവി ” എന്ന സിനിമയിൽ സണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാലിൻ്റെ ജേഷ്ഠ കഥാപാത്രമായാണ് കെ.പി.എ.സി സണ്ണി എത്തിയത് .തീർത്തുംഅപ്രതീക്ഷിതമായി നടന്ന ഒരു ബൈക്ക് അപകടത്തിൽ മോഹൻലാലിൻ്റെ കഥാപാത്രത്തിൻ്റെ മരണമറിഞ്ഞ് അവിടെ വന്നിറങ്ങുന്ന സണ്ണിയുടെ കഥാപാത്രം. തനിക്കൊരു പ്രശ്നവുമില്ല എന്നും താൻ എത് വേദനയും താങ്ങും ഏത് സാഹചര്യത്തേയും പക്വതയോടെ അതിജീവിക്കും എന്നും കാണിക്കുവാൻ വേണ്ടി ആ കഥാപാത്രം നടത്തുന്ന ചില പ്രകടനങ്ങൾ . വന്നിറങ്ങിയ ഉടൻ മോഹൻലാലിൻ്റെ സുഹൃത്തുക്കളോട് വിവരങ്ങൾ സംസാരിക്കുന്നു. താൻ നോർമൽ ആണ് എന്ന് അവരെ ബോധ്യപ്പെടുത്താൻ വേണ്ടിയുള്ള ശ്രമം.ശങ്കറിൻ്റെ നന്ദുവിനോട് നിൻ്റെ പാട്ടൊക്കെ എങ്ങനെയുണ്ട് ?എന്ന അന്വേഷണം. ഗണേഷിനോട് ചന്ദ്രു സുവോളജിയല്ലേ? എന്ന ചോദ്യം .പിന്നെ ജനാർദ്ദനൻ അവതരിപ്പിക്കുന്ന
ഔസേപ്പച്ചനോട് ഒരു സിഗരറ്റ് ആവശ്യപ്പെടുന്നു. ആ സിഗരറ്റ് ചുണ്ടിൽ വെക്കുന്നു. എന്നാൽ അയാൾക്ക് അത് കത്തിക്കാനാവുന്നില്ല. കൈകൾ വിറയ്ക്കുന്നു. ചുണ്ട് വിറയ്ക്കുന്നു. പെട്ടന്ന് എല്ലാ നിയന്ത്രണങ്ങളും കൈ വിട്ട് അയാളുടെ ഒരു വിങ്ങൽ തേങ്ങൽ.

.”എനിക്ക് കാണാൻ പറ്റില്ല… അവുസേപ്പച്ചാ … എൻ്റെ സണ്ണിക്കുട്ടിയെ എനിക്ക് കാണാൻ പറ്റില്ല.”

ആ രംഗത്ത് സണ്ണി കാഴ്ചവെക്കുന്ന സമാനതകളില്ലാത്ത ഭാവാഭിനയം. ആ സിനിമ ,ആ രംഗം കണ്ടവർ ഒരാളും ഒരിക്കലും മറക്കില്ല. സണ്ണിയിലെ അഭിനേതാവിനെ അത്ഭുതത്തോടെ ഞാൻ കണ്ടത് ആ രംഗത്തിലൂടെയാണ്. അതെ സണ്ണി എന്ന നടനു വേണ്ടി കാലം കരുതി വെച്ച നിമിഷം .വേഷം.

1934 ഏപ്രിൽ 18ന് കൊല്ലം ജില്ലയിലെ ചവറയിലാണ് സണ്ണിയുടെ ജനനം. ചവറ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്നാണ് ബിരുദമെടുത്തത് . അവിടെ ആർട് സ് ക്ലബ്ബ് സെക്രട്ടറിയായിരുന്നു സണ്ണി. “സ്നേഹം അനശ്വരമാണ് ” എന്ന നാടകം എഴുതിയാണ് കലാരംഗത്തേക്ക് കടന്നുവന്നത്. ഭാര്യ മേഴ്സി സണ്ണി .മക്കൾ ദീപാ സണ്ണി ,രൂപ സണ്ണി .
2006ൽ തന്റെ എഴുപത്തിരണ്ടാമത്തെ വയസ്സിൽ ജന്മദിനമായിരുന്ന ഏപ്രിൽ 18 ന് തന്നെ സണ്ണി വിടവാങ്ങി.

നാടകത്തിലൂടെ കേരള മികച്ച നാടകനടനുള്ള പുരസ്കാരവും സിനിമയിലൂടെ1999. 2000, 2002 വർഷങ്ങളിൽ മികച്ച സ്വഭാവ നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡുകളും ഇദ്ദേഹത്തെ തേടിയെത്തി.സംസ്ഥാന ചെറുകിട വ്യവസായ വകുപ്പിനു കീഴിൽ ഉദ്യോഗസ്ഥനായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് . എന്നാൽ കലയോടും അഭിനയത്തോടുമുള്ള താല്പര്യം കൊണ്ട് ആ ജോലിയിൽ തുടരുവാനായില്ല .തൻ്റെ സ്വപ്നസാക്ഷാത്ക്കാരത്തിനായി അദ്ദേഹം നാടകരംഗത്തേക്ക് പ്രവേശിക്കുകയാണ് ഉണ്ടായത്.

” കാര്യമെന്തൊക്കെ എവിഡൻസ് ഉണ്ടായാലും എസ്.പി .ക്ക് ഈ ആത്മഹത്യാപരിപാടി അത്രയ്ക്കങ്ങോട്ട് രുചിച്ചിട്ടില്ല”

“തൂങ്ങുമെന്നുറപ്പാ എഴുതി വെച്ചോ. പിന്നെ പൂജപ്പുര ജയിലിലെ കൊതുകുകടി കൊള്ളാൻ ജാതകത്തില് യോഗമുണ്ടെങ്കില് അനുഭവിച്ചല്ലേ പറ്റൂ ”

“വലിയവരെ കാണുന്ന കൂട്ടത്തിൽ നമ്മുടെ അലക്സല്ലേ എന്ന് കരുതി എന്നെയങ്ങ് തഴഞ്ഞേക്കരുത് കോൺവെൻ്റിലും കോളേജിലുമൊക്കെ പഠിക്കുന്ന രണ്ട് മൂന്ന് പിള്ളാരുടെ തന്തയാ ഞാൻ .”

ഒരു സി.ബി.ഐ ഡുറിക്കുറിപ്പിലെ സണ്ണിയുടെ സി .ഐ.അലക്സ് പ്രതാപചന്ദ്രൻ അവതരിപ്പിക്കുന്ന നാരായണനോട് പറയുന്ന ഈ ഡയലോഗുകളൊക്കെ എങ്ങനെ മറക്കാൻ .തികഞ്ഞ സ്വാഭാവികതയോടെ എത്ര ശാന്തമായാണയാൾ നാരായണനെ ഭീഷണിപ്പെടുത്തുന്നത്. സണ്ണിയുടെ മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു സി.ഐ അലക്സ്. സി.ബി.ഐ ഡയറിക്കുറിപ്പിൻ്റെ രണ്ടാം ഭാഗമായ ജാഗ്രത എത്തിയപ്പോഴേക്കും സി.ഐ അലക്സിൻ്റെ സ്വഭാവത്തിൽ വലിയ മാറ്റം വന്നിരുന്നു. ജീവിതത്തിൽ നേരിട്ട ദുരന്തങ്ങൾ തൻ്റെ വഴി പിഴച്ച ജീവിതം കൊണ്ടാണ് എന്ന് വിശ്വസിക്കുന്ന അലക്സിനെ ആ ചിത്രത്തിൽ ഭംഗിയായി അവതരിപ്പിച്ചു സണ്ണി.സുകുമാരൻ അവതരിപ്പിച്ച അഴിമതിക്കാരനായ എസ്.പി ദേവദാസിനോടു കേസ് സംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യുന്ന അലക്സിനെ എത്രമേൽ ഒതുക്കത്തോടേയും മിഴിവോടെയുമാണ് സണ്ണി അഭിനയിച്ചു ഫലിപ്പിച്ചതെന്നോ. ഈ സിനിമയിൽ തന്നെ സി.ഐ അലക്സ് മുകേഷ് അഭിനയിക്കുന്ന പോലീസുകാരനായ ചാക്കോയോട് പറയുന്നുണ്ട്.
“കുറേ പണവും പ്രമോഷനുമുണ്ടായാൽ ജീവിതമാകില്ലല്ലോ ചാക്കോ .ഞാനിപ്പോൾ പഴയ അലക്സല്ല .പക്ഷേ ആ മാറ്റത്തിന് ഞാൻ വലിയ വില നൽകേണ്ടി വന്നു. എൻ്റെ മകൻ്റെ ജീവൻ” ഒട്ടും ഏറാതെയും എന്നാൽ അല്പം പോലും കുറയാതെയും കൃത്യമായ ഭാവവും സംഭാഷണവുമാണ് വികാരഭരിതമായ ആ രംഗത്ത് സണ്ണി അലക്സിലൂടെ പ്രകടമാക്കിയത്. –

250 ൽ അധികം സിനിമകളിൽ വേഷമിട്ട ഈ നടൻ ലഭിച്ച എല്ലാ കഥാപാത്രങ്ങളോടും
നീതി പുലർത്തി എന്നുറപ്പിച്ചു പറയാം.

“ആഗസ്റ്റ് ഒന്നി “ൽ സിനിമയെ മുന്നോട്ട് നയിക്കുന്ന കഥാപാത്രങ്ങളിലൊന്നായ വിശ്വം, ഇരുപതാം നൂറ്റാണ്ടിലെ കോശി, ബോയിംഗ് ബോയിംഗ് എന്ന സിനിമയിലെ ശ്രീകണ്ഠൻ നായർ ,കോളിളക്കത്തിലെ കഥ തന്നെ വഴി തിരിച്ചുവിട്ട വില്ലൻ സണ്ണിയുടെ എത്രയോ മികച്ച കഥാപാത്രങ്ങൾ നമുക്ക് എടുത്തു പറയാം. കരിമ്പന, അങ്ങാടി, അഹിംസ,യാത്ര, ഈ തണുത്ത വെളുപ്പാൻ കാലത്ത്, രാജാവിൻ്റെ മകൻ, കണ്ടതും കേട്ടതും,ദൂരെ ദൂരെ ഒരു കുടു കൂട്ടാം, ഇന്ദ്രജാലം, ആനവാൽ മോതിരം, കമ്മീഷണർ, നാടുവാഴികൾ, ഭൂമിക,എഴുപുന്ന തരകൻ എത്രയെത്ര സിനിമകളാണ് ഓരോന്നോരോന്നായി മനസ്സിലേക്കെത്തുന്നത്. പൂർണത കൈവരിച്ച എത്രയെത്ര കഥാപാത്രങ്ങളാണ് കൺമുന്നിൽ തെളിയുന്നത്.

സണ്ണിക്ക് സിനിമ കല മാത്രമായിരുന്നില്ല . തൊഴിലും അതുവഴി ജീവിത മാർഗ്ഗവും എല്ലാ മായിരുന്നു. സിനിമയിൽ നാം സ്ഥിരമായി കണ്ട ആ കഥാപാത്രങ്ങൾ പോലെയായിരുന്നില്ല സണ്ണി എന്ന സാധു മനുഷ്യൻ്റെ ജീവിതവും സ്വഭാവരീതികളും എന്ന് അവസാനകാലത്തെ അദ്ദേഹത്തിൻ്റെ ചില അഭിമുഖങ്ങളിൽ നിന്നും സഹപ്രവർത്തകരുടെ വാക്കുകളിൽ നിന്നും മനസ്സിലാക്കാം.

അത്ഭുതങ്ങളുടേയും ആരാധനയുടേയും ലോകമായ സിനിമയിൽ ആപൊലിമകളിലൊന്നും ലയിക്കാതേയും ഭ്രമിക്കാതെയും അതൊരു ജീവിത വഴിയായി കൂടി കണ്ട് സാധാരണക്കാരിൽ സാധാരണക്കാരാലൊരാളായി ജീവിച്ച സണ്ണി ഇന്നും പ്രേക്ഷകമസ്സുകളിൽ സ്ഥാനം നഷ്ടപ്പെടാതെ മികച്ച സ്വഭാവനടനെന്ന പേരോടെ തന്നെ നമുക്കു മുന്നിൽ ശിരസ്സുയർത്തി നിൽക്കുന്നു. ആ ഓർമ്മകൾക്കു മുന്നിൽ പ്രണാമം.

തയ്യാറാക്കിയത്:
സുരേഷ് തെക്കീട്ടിൽ✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com