നിങ്ങൾ മാത്രമുള്ള ഒരു ലോകം സങ്കൽപം ചെയ്യുക..
അവിടെ നിങ്ങൾക്ക് വിജയിക്കുവാൻ കഴിയുമോ..?
ലോകം മുഴുവൻ നിങ്ങളുടെയാണ്..അവിടത്തെ സകല വിഭവങ്ങളും നിങ്ങളുടേതാണ്..
അവിടെ എന്തും ചെയ്യാനുള്ള അധികാരവും നിങ്ങളുടേതാണ്
എങ്കിലും അവിടെ നിങ്ങൾക്ക് വിജയിക്കാൻ കഴിയുമോ..?
ഇല്ല എന്നാണ് എന്റെ ഉത്തരം.
അവിടെ തോൽക്കുവാനായി മറ്റൊരുവൻ ഇല്ല എന്നതിനാൽ ആണത്..
ചുരുക്കത്തിൽ പറഞ്ഞാൽ തോൽക്കുന്ന ഒരുവൻ ഉള്ളതു കൊണ്ട് മാത്രമാണ് വിജയി എന്ന ഒരുവനുണ്ടാകുന്നത്..
പിന്നിൽ ഓടാൻ ഒരാൾ ഉണ്ട് എന്നത് കൊണ്ട് മാത്രമാണ് ആ ഓട്ടമത്സരത്തിൽ നിങ്ങൾ ഒന്നാമനായത്
അവനു പുറകിൽ ഒരുവനുള്ളതുകൊണ്ട് മാത്രമാണ് അവൻ രണ്ടാമനാകുന്നതും..
ആ ചങ്ങലയാണ് അങ്ങനെ താഴോട്ട് നീളുന്നത്.
അതേ
പരാജിതനായ ഒരുവൻ ദാനം ചെയ്യുന്ന ഒന്നാണ് സത്യത്തിൽ നിങ്ങളുടെ വിജയം..
നിങ്ങളേക്കാൾ പണമില്ലാത്ത ഒരുവൻ ഉള്ളതുകൊണ്ട് മാത്രമാണ് നിങ്ങൾ പണക്കാരനാകുന്നത്..
ദുഷ്ടത ചെയ്യുന്ന ഒരുവനെങ്കിലും ഉള്ളതുകൊണ്ട് മാത്രമാണ് നിങ്ങൾ നല്ലവനാകുന്നതും..
മടിയനായ ഒരാൾ ഉള്ളത് കൊണ്ട് മാത്രം മിടുക്കനാവുന്നതാണ് നിങ്ങൾ..
മുഴുവൻ എ പ്ലസ് വാങ്ങാൻ കഴിയാത്ത മറ്റ് കുട്ടികൾ ഉള്ളത് കൊണ്ട് മാത്രമാണ് നിങ്ങൾക്ക് നിങ്ങളുടെ കുട്ടികളുടെ ഫ്ലക്സ് വെക്കാൻ സാധിക്കുന്നത്..
തകരുന്ന കുടുംബങ്ങൾ ഉള്ളതുകൊണ്ട് മാത്രമാണ് നിങ്ങളുടേത് ഒരു മാതൃകാ കുടുംബമാകുന്നതും..
അതേ, വിജയം എന്നത് സത്യത്തിൽ നിങ്ങൾ നേടുന്ന ഒന്നല്ല അപരർ നിങ്ങൾക്ക് സമ്മാനിക്കുന്നതാണ്..
ഇനി സന്തോഷത്തിന്റെ കാര്യമെടുക്കൂ..
ആരെങ്കിലും ഒരാൾ കാണാനില്ലെങ്കിൽ, ആരാലെങ്കിലും അനുമോദിക്കപ്പെടുകയോ ആരോടെങ്കിലും പങ്കു വെക്കുവാനോ ഇല്ലെങ്കിൽ നിങ്ങളുടെ സന്തോഷം എന്നത് എത്ര അർത്ഥശൂന്യമാണ്..?
ചുരുങ്ങിയ പക്ഷം അതിൽ അസൂയപ്പെടാനെങ്കിലും ഒരാളില്ലാതെ നിങ്ങളുടെ സന്തോഷം സാധ്യമാകുന്നത് എങനെയാണ്..?
അതിവേഗത്തിൽ ഓടിയാലും, അനായാസേന അലസം നടന്നാലും നിങ്ങൾക്ക് നടക്കാൻ കഴിയുക നിങ്ങളുടെ ആയുസെത്തും വരെയാണ്.
ആ സമയം കൊണ്ട് മറ്റവൻ കുറേ കൂടുതൽ ദൂരം സഞ്ചരിച്ചു എന്ന് വരാം..
പക്ഷേ ദൂരം എന്നത് എത്ര ആപേക്ഷികമാണ്..?
ആകാശങ്ങൾ മുറിച്ച് ഒരുവൻ അമേരിക്കയിൽ നിന്ന് താണിശേരിയിൽ എത്തുന്നു എന്ന് വിചാരിക്കുക..
അയാളെ സംബന്ധിച്ചിടത്തോളം എത്ര വലിയ ദൂരമാണ് അത്..
എന്നാൽ എനിക്കോ?
ഒരു കൈലിയുമുടുത്ത് അലസം അഞ്ച് മിനിറ്റ് നടന്നാൽ സെന്ററിൽ എത്താം..
ഇപ്പോൾ ഞങ്ങൾ രണ്ട് പേരും പക്ഷേ ഒരിടത്താണ്..
അവന്റെ അകലം എന്റെ അടുത്തും എന്റെ അകലം അവന്റെ അടുത്തുമാകുന്നു.
അത്രയേ ഉള്ളൂ അതിന്റെ കാര്യം..
ഇ സന്തോഷ് കുമാറിന്റെ ‘നാരകങ്ങളുടെ ഉപമ’ എന്ന കഥ നോക്കുക.
കുരു മുളച്ച്, പതിയെ മാത്രം വളർന്ന് കാലമെടുത്ത് കായ്ക്കുന്ന ആ നാരകം പഴഞ്ചനാകുന്നത് അതിവേഗം കായ്ക്കുന്ന ബഡ് തൈയ്യുകൾ നിലവിൽ വന്നതു കൊണ്ടാണ്..
ശരിയായും പ്രകൃതിയുടെ സ്വാഭാവിക രീതി ആദ്യത്തേതാണ്..
മാനുഷ്യ ജീവിതത്തിന്റെ കൂടിയ വേഗമാണ് അതിനെ പഴഞ്ചനാക്കുന്നത്..
അവനവൻ വെക്കുന്ന ചെടികളിലെ പഴങ്ങളൊക്കെ അവനവന് തിന്നാനുള്ളതാണ് എന്ന മനുഷ്യന്റെ ആർത്തിയും
ആകയാൽ പ്രിയപ്പെട്ടവരേ
നമ്മുടെ ജീവിതത്തെ നമുക്ക് രണ്ട് രീതിയിൽ നടത്തിയെടുക്കാം
ഒന്ന് എത്ര വേഗതവേണമെന്നത് നമുക്ക് സ്വയം നിർണയിക്കാം
അല്ലെങ്കിൽ നവലോകത്തിന്റെ നടപ്പ് വേഗത്തിനോടൊപ്പം ഓടിക്കിതച്ച് തളരാം..
ഒരു കാര്യം മാത്രം ഓർത്തിരുന്നാൽ നന്ന്
എല്ലാവരും ഒടുവിൽ എത്തിച്ചേരുന്നത് ഒരിടത്താണ്..
ജീവിതം എന്നത് മരണം എന്ന ഫിനിഷിംഗ് പോയന്റിലേക്കുള്ള ഒരു യാത്ര മാത്രമാണ്,
നിങ്ങൾ നേടിയതും നിങ്ങൾക്ക് നഷ്ടപ്പെട്ടതും ഒക്കെ അവിടം കൊണ്ട് അവസാനിക്കുകയാണ്.




ചിന്തനീയം ഈ വാക്കുകൾ
മനസ്സിലാക്കേണ്ടത് 🙏
അർത്ഥവത്തായ ലേഖനം✍️ ഇക്കാലത്ത് മത്സരിച്ച് ഓടുന്ന മനുഷ്യർ തിരിച്ചറിയേണ്ട സത്യങ്ങൾ ആണ് സാർ അക്കമിട്ട് നിരത്തുന്നത്🤝അഭിനന്ദനങ്ങൾ സാർ💐🙏❤️