വലംകൈ ഉയർത്തി ടോർച്ച് പിടിച്ചു നിൽക്കുന്ന പ്രതിമ, ‘ സ്റ്റാച്യു ഓഫ് ലിബർട്ടി ‘. അമേരിക്കയുടെ മാത്രമല്ല ലോകത്തിൻ്റെ തന്നെ ഏറ്റവും പ്രശസ്തമായ പ്രതിമ ! ‘ ഇന്ന് ക്രൂസ്സിൽ യാത്ര ചെയ്തു വരുന്ന സന്ദർശകരെ സ്വാഗതം ചെയ്തു കൊണ്ടാണ് നിൽപ്.
ഇവിടേക്ക് ന്യൂ യോർക്കിൽ നിന്നും ന്യൂജഴ്സിയിൽ നിന്നും ഫെറികളിൽ വരാവുന്നതാണ്. ന്യൂ യോർക്കിൽ നിന്നാണ് ഞങ്ങളുടെ യാത്ര, 2-3 നിലയിലുള്ള ക്രൂസിൽ കൂടെ സഞ്ചരിക്കുന്നവരുടെ തലയിലെല്ലാം പച്ച നിറത്തിലുള്ള കിരീടം വെച്ചിട്ടുണ്ട്. ആദ്യം എന്താണെന്ന് മനസ്സിലായില്ലെങ്കിലും ലിബർട്ടിയുടെ തലയിലെ കിരീടം പോലെ വെച്ചിരിക്കുന്നതാണത്രേ!. ടിക്കറ്റ് കൗണ്ടറിൻ്റെ അവിടെയുള്ള പല കച്ചവടക്കാരിലും കണ്ടെങ്കിലും അപ്പോൾ എന്തിനാണെന്ന് ‘ ക്ലിക്ക് ‘ ആയില്ല എന്നു മാത്രം. കിരീടത്തിൽ 7 സ്പൈക്കുകൾ ഉണ്ട്. അതിൽ ഓരോന്നും സമുദ്രങ്ങളെയും ഭൂഖണ്ഡങ്ങളെയും പ്രതിനിധീകരിക്കുന്നത്രേ!
യാത്രയിൽ എംപയർ സ്റ്റേറ്റ് ബിൽഡിംഗ്, ഫ്രീഡം ടവർ, മാൻഹട്ടൻ ബ്രിഡ്ജ്, സൗത്ത് സ്ട്രീറ്റ് സീപോർട്ട് …….. സ്കൈലൈൻ കാണാം. ദൂരെ നിന്ന് ഭീമാകാരമായ ആ പ്രതിമ കാണുമ്പോൾ മനസ്സിൽ എവിടെയോ കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥ. സിനിമകളിലും പടങ്ങളിലും ചരിത്രവും പഠിച്ചിട്ടുണ്ടെങ്കിലും ഇതൊക്കെ നേരിൽ കാണുമെന്ന് സ്വപ്നേവി വിചാരിച്ചിട്ടില്ല.
തറനിരപ്പിൽ നിന്ന് ടോർച്ച് വരെ ഏകദേശം 93 മീറ്റർ ആണ് ഉയരം. വിഗ്രഹം ചെമ്പ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
സ്മാരകത്തിൻ്റെ അടിഭാഗത്തുള്ള മ്യൂസിയത്തിൽ പ്രതിമയുടെ ചരിത്രത്തെക്കുറിച്ചും നിർമ്മാണത്തെക്കുറിച്ചുമുള്ള വിവരങ്ങൾ അടങ്ങിയിരിക്കുന്നു.
അമേരിക്കയുടെ സ്വാതന്ത്ര്യത്തിൻ്റെ സ്മരണയ്ക്കായി ഫ്രഞ്ചുകാർ നൽകിയ സമ്മാനമാണ് സ്റ്റാച്യു ഓഫ് ലിബർട്ടി. 1875 നും 1884 നും ഇടയിൽ ഫ്രഞ്ച് ശില്പിയായ ഫ്രെഡറിക് അഗസ്റ്റെ ബാർത്തോൾഡിയുടെ നേതൃത്വത്തിൽ ഫ്രാൻസും അമേരിക്കയും സംയുക്തമായി നിർമ്മിച്ചതാണ് ലിബർട്ടി പ്രതിമ. പിന്നീട് ന്യൂയോർക്ക് തുറമുഖത്തേക്ക് നിരവധി കഷണങ്ങളായി കൊണ്ടുവന്നു.
ഇത് അനാച്ഛാദനം ചെയ്യുന്ന സമയത്ത്, തിളങ്ങുന്ന തവിട്ട് നിറമായിരുന്നു. പിന്നീട് അത് നിറം പച്ചയായി മാറി. ലോഹവും വെള്ളവും തമ്മിലുള്ള രാസപ്രവർത്തനങ്ങൾ മൂലം നീല-പച്ചയായി മാറുന്ന ചെമ്പിൻ്റെ നേർത്ത പാളിയാണ് ലിബർട്ടി പ്രതിമയിൽ പൊതിഞ്ഞിരിക്കുന്നത്. ഈ പ്രക്രിയയെ പാറ്റിനേഷൻ എന്നറിയപ്പെടുന്നു,
ഒന്നാം ലോകമഹായുദ്ധസമയത്ത് യുദ്ധച്ചെലവ് നികത്തുന്നതിനായി യുദ്ധ ബോണ്ടുകൾ (ലിബർട്ടി ബോണ്ടുകൾ എന്നും അറിയപ്പെടുന്നു) വിൽക്കാനുള്ള യുഎസ് ഗവൺമെൻ്റിൻ്റെ ശ്രമത്തിൻ്റെ ഭാഗമായിരുന്നു ലിബർട്ടി ലോണുകൾ. യുഎസ് ട്രഷറിയാണ് ഈ ബോണ്ടുകൾ നൽകിയത്. ‘ലിബർട്ടി ലോൺ ഓഫ് 1917’ എന്നാണ് ഇത് അറിയപ്പെടുന്നത്……. കേരളത്തിലെ സ്കൂളിലെ പരീക്ഷകൾക്ക് വേണ്ടി സ്വായത്തമാക്കിയ അറിവുകൾ നേരിട്ട് കാണുമ്പോഴുള്ള സന്തോഷം പതിന്മടങ്ങ്.
സ്റ്റാവ്യൂവിൻ്റെ ടോർച്ചിലേക്കും കിരീടത്തിലേക്കും നമുക്ക് സന്ദർശിക്കാൻ കഴിയും. അതിനായി പ്രത്യേക ടിക്കറ്റ് എടുക്കണം. ടോർച്ചിലേക്ക് ഏകദേശം 192 പടികൾ കയറിയോ അല്ലെങ്കിൽ ലിഫ്റ്റിലൂടെയോ പോകാം. പക്ഷെ തിരിച്ചു പടികൾ ഇറങ്ങി വരണം. രണ്ടാമത്തെ നിലയിൽ എത്തുമ്പോൾ പ്രതിമയുടെ കാൽകീഴിലാണ് എത്തുന്നത്. അവിടെ നിന്ന് നമുക്ക് ധാരാളം ഫോട്ടോ എടുക്കാം. അതിനായി ഉന്തോ തള്ളോ അല്ലെങ്കിൽ ഇത്ര നമ്പർ ഫോട്ടോകളെ എടുക്കാവൂ എന്ന നിബന്ധനകളൊന്നുമില്ല. അതെല്ലാമാണ് അവിടുത്തെ ടൂറിസ്സത്തിൻ്റെ പ്രത്യേകതയായി തോന്നിയത്.
1886-ൽ ഫ്രാൻസ് അമേരിക്കയ്ക്ക് നൽകിയ സമ്മാനമായിരുന്നു ടോർച്ച്. ഇത് സ്വാതന്ത്ര്യത്തെയും പ്രബുദ്ധതയെയും ജനാധിപത്യത്തെയും പ്രതീകപ്പെടുത്തുന്നുവത്രേ!
കിരീടത്തിലേക്ക് പോകാനുള്ള ടിക്കറ്റ് ഞങ്ങൾക്ക് കിട്ടിയില്ലായിരുന്നു. അതൊരു അനുഗ്രഹമായി തോന്നി . 162 പടികൾ കയറിയാൽ മാത്രമേ പ്രതിമയുടെ കിരീടത്തിലേക്ക് പ്രവേശിക്കാൻ കഴിയൂ. കിരീടത്തിലേക്ക് എലിവേറ്റർ സർവീസ് ഇല്ല. കൈയ്യിൽ പിടിച്ചിരിക്കുന്ന പുസ്തകത്തിൽ ജൂലൈ IV MDCCLXXVI (ജൂലൈ 4, 1776)-അമേരിക്കയുടെ സ്വാതന്ത്ര്യത്തിൻ്റെ തീയതി ആലേഖനം ചെയ്തിട്ടുണ്ടത്രേ! അതുപോലെ കാലിലെ പൊട്ടിയ ചങ്ങലകൾ അടിച്ചമർത്തലിനെയും സ്വേച്ഛാധിപത്യത്തെയും പ്രതിനിധീകരിക്കുന്നു.
വിസ്മൃതിയിലാണ്ടു പോയതും അല്ലാത്തതുമായ അറിവുകളും സ്കൈലൈൻ കാഴ്ചകളുമൊക്കെയായി നല്ലൊരു ദിവസം സമ്മാനിച്ച അവിടെ നിന്നും മടങ്ങുമ്പോൾ, ‘ അയ്യോ! ജീവനുള്ള പ്രതിമ’! ദേഹം മുഴുവൻ നീല-പച്ച നിറം പെയിൻ്റ് ചെയ്ത് ആ പ്രതിമയെ പോലെ തന്നെ നിന്ന് ഏതോ ഷൂട്ടിംഗിന് തയ്യാറാവുന്ന ഒരു പെൺകുട്ടിയായിരുന്നു അത്. അപ്പോഴാണു ശ്രദ്ധിച്ചത് ആ പ്രതിമയുടെ താഴെ നിന്ന് ഫോട്ടോ എടുക്കുന്നവരുടെ മിക്കവരും ഒരു കൈ പൊക്കി ടോർച്ച് പിടിക്കുന്നതുപോലെ പോസ്സ് ചെയ്താണ് ഫോട്ടോ എടുക്കുന്നത്.
ശ്ശെടാ ….. ഞാൻ അങ്ങനെയൊന്നും പോസ്സ് ചെയ്ത് ഫോട്ടോ എടുത്തില്ല. വയസ്സാകുന്നതിൻ്റെ കുഴപ്പം ആയിരിക്കാം ഇതൊക്കെ കാണുമ്പോൾ പെട്ടെന്ന് ക്ലിക്ക് ആവുന്നില്ല. ഇനിയൊരു യാത്ര അങ്ങോട്ടേക്ക് ഉണ്ടാവുമോ എന്നറിയില്ല. അതുകൊണ്ട് കണ്ട കാഴ്ചകളിൽ സന്തോഷിക്കാം അല്ലേ!
Thanks




സ്റ്റാച്യു ഓഫ് ലൈബിർട്ടി…
ചിത്രം കണ്ട് മാത്രം പരിചയം..
ഇപ്പോൾ അവിടെ പോയ പോലെ..
ടോർച് വരെ പോകാം എന്നുള്ളത് പുതിയ അറിവ്..
Thanks ❤️
നല്ല അവതരണം 🌹
Thanks ❤️