ഹരിത കർമ്മ സേനാംഗങ്ങൾക്ക് പുതിയ യൂണിഫോം നൽകി തിരുവനന്തപുരം കോർപ്പറേഷൻ. കാവി കളർ ഓവർ കോട്ട് അടക്കമാണ് പുതിയ യൂണിഫോം. ഹെൽമറ്റും ഷൂവും യൂണിഫോമിൽ ഉൾപ്പെട്ടിട്ടുണ്ട്. കേന്ദ്രസർക്കാറിന്റെ നമസ്തേ പദ്ധതിയുടെ ഭാഗമാണ് പുതിയ യൂണിഫോമെന്ന് കോർപ്പറേഷൻ വ്യക്തമാക്കി.
ഇതോടെ പരമ്പരാഗത പച്ച കോട്ട് മാറ്റി കാവിക്ക് സമാനമായ കോട്ട് കോർപ്പറേഷൻ തൊഴിലാളികൾക്ക് നൽകി.2017-ൽ സംസ്ഥാന സർക്കാരിന്‍റെ ഹരിതകേരളം മിഷന്‍റെ കീഴില്‍ ഹരിതകര്‍മസേന രൂപീകൃതമായതുമുതൽ പച്ച നിറത്തിലുള്ള പ്രത്യേക കോട്ടുകളായിരുന്നു ഇവരുടെ ഔദ്യോഗിക വേഷം. രാത്രികാലങ്ങളിലടക്കം കാഴ്ച കൂടുതൽ വ്യക്തമാക്കുന്നതിനും പ്രതിഫലനം കൂട്ടുന്നതിനാലാണ് ഈ നിറം തെരഞ്ഞെടുത്തതെന്നാണ് മേയർ വി.വി. രാജേഷിന്‍റെ വിശദീകരണം.
ബിജെപി ഭരണസമിതിയുടെ ഈ അപ്രതീക്ഷിത തീരുമാനത്തോട് ചില ഹരിതകർമസേനാംഗങ്ങൾ പ്രതിഷേധം അറിയിച്ചു. പുത്തൻ യൂണിഫോണിന്‍റെ നിറത്തിൽ അതൃപ്തിയുള്ള ചില ജീവനക്കാർ കോട്ട് വാങ്ങാൻ വിസമ്മതിച്ചെങ്കിലും കോർപ്പറേഷൻ അധികൃതരുടെ കർശന നിർദേശത്തെ തുടർന്ന് സ്വീകരിക്കുകയായിരുന്നു.



