Friday, July 24, 2026
Homeഅമേരിക്കഅപ്പുവിന്റെ സാഹസിക കഥകൾ (ബാല നോവൽ - അദ്ധ്യായം 23) 'കണ്ണുനീർച്ചാലുകൾ ' ✍ സോഫിയാമ്മ...

അപ്പുവിന്റെ സാഹസിക കഥകൾ (ബാല നോവൽ – അദ്ധ്യായം 23) ‘കണ്ണുനീർച്ചാലുകൾ ‘ ✍ സോഫിയാമ്മ ജോസ്, വാഴക്കുളം, മുവാറ്റുപുഴ

ഉണ്ണിയുടെ വീട്ടിൽ നിന്നും ആളുകൾ സംസാരിക്കുന്ന ഒച്ച കേൾക്കാം.
മുറ്റത്ത് അയൽക്കാർ കൂടിയിട്ടുണ്ട്

എന്താണാവോ കാര്യം?

ആളുകൾ കൂടി നിൽക്കുന്നതിനിടയിലേക്ക് അവൻ നൂണ്ട് കടന്നു.

അവിടെ കണ്ട ഹൃദയഭേദകമായ കാഴ്ച അപ്പുവിനെ തളർത്തിക്ക ളഞ്ഞു.

ആളുകളുടെ നടുക്ക് കണ്ണൻ നിൽക്കുന്നുണ്ട്.

അവന്റെ കയർ ആരോ മുറിച്ചു മാറ്റിയതു പോലെ നീളം കുറഞ്ഞിരിക്കുന്നു.

ദേഹമാസകലം ബ്ലേഡ് കൊണ്ടുവരഞ്ഞതുപോലെയുള്ള മുറിപ്പാടുകൾ.

അതിലൂടെ ചോരച്ചാലുകൾ ഒഴുകി വരവര പോലെ കാണപ്പെട്ടു.

കണ്ണന്റെ മിനുത്ത ഉടലാകെ വരഞ്ഞ പാടുകൾ.

അപ്പുവിന് ചങ്ക് പൊട്ടുന്നതുപോലെ തോന്നി.

അവന്റെ കഴുത്തിലെ മണിയോടൊപ്പം ഒരു കാർഡ്ബോർഡ് കഷണം തൂങ്ങിക്കിടന്നിരുന്നു.

അതിൽ എന്തോ എഴുതിയിട്ടുണ്ട്. വികലമായ കൈപ്പടയിൽ.

കൂടുതലും അക്ഷരത്തെറ്റാണ്.

എങ്കിലും അപ്പു അത് ആവുന്നത്ര ശരിയാംവണ്ണം വായിച്ചു.

” യജമാനനേ….
എന്നെ ഇങ്ങനെ അഴിച്ചു വിടരുത്..
ഞാൻ വല്ലയിടത്തും പോയി ആരുടെയെങ്കിലും കൃഷികൾ തിന്നു നശിപ്പിക്കും.

ഇത് കണ്ടില്ലേ?
അങ്ങ് എന്നെ ശരിക്ക് കെട്ടാതെ വിട്ടതുകൊണ്ട് വന്ന ദുരിതമാണ് ഞാനിപ്പോൾ അനുഭവിക്കുന്നത്..

ഇനിയും ഇങ്ങനെ സംഭവിച്ചാൽ എന്നെ കൊന്നു കളഞ്ഞേക്കും.

സൂക്ഷിക്കണേ….

എന്ന് കണ്ണൻ.”

ഏതു ദ്രോഹിയാണ് ഈ പാതകം ചെയ്തത് എന്ന് എല്ലാവരും ഓർത്തു. ഉണ്ണി ഒരിടത്ത് തളർന്നു കുത്തിയിരിക്കുന്നുണ്ടായിരുന്നു.

കണ്ണന്റെ കൺതടങ്ങളിൽ കണ്ണീരിന്റെ ചാലുകൾ ഉണങ്ങി പിടിച്ചിരുന്നു.

അവന് നന്നായി വേദനിക്കുന്നുണ്ടെന്ന് ആമുഖം കണ്ടാലറിയാം.

ദൈന്യത നിറഞ്ഞ ആ നോട്ടം കണ്ടപ്പോൾ അപ്പു വിതുമ്പിപ്പോയി.

” ഈ മിണ്ടാപ്രാണിയോട് ഇത് ചെയ്തവൻ നശിച്ചു നാറാണക്കല്ല് പിടിക്കത്തേയുള്ളൂ ”

ഇണ്ണായിപ്പണിക്കത്തി മനമറിഞ്ഞു പ്രാകി.

‘സുജാതയുടെ അമ്മാവന്മാർ ആയിരിക്കുമോ?

‘അവരുടെ കൃഷി കണ്ണൻ നശിപ്പിച്ചിരിക്കുമോ?’

കാര്യങ്ങൾ ശരിയായി മനസ്സിലാക്കാതെ പ്രതികരിക്കേണ്ടതില്ലെന്ന് അവൻ കരുതി.

അപ്പോഴും എങ്ങലടിച്ചു കൊണ്ടിരുന്ന ഉണ്ണിയെ അപ്പു തോളിൽ കൈയിട്ട് ആശ്വസിപ്പിച്ചു.

ഉണ്ണിയുടെ അമ്മ ഒരു തുണിക്കഷണം കൊണ്ടുവന്ന് കണ്ണന്റെ മുറിവുകൾ തുടച്ചു വൃത്തിയാക്കി.

അവരുടെ കണ്ണുകളും നിറഞ്ഞിരുന്നു.

അപ്പോഴേക്കും ഉണ്ണിയുടെ അമ്മ പച്ചമഞ്ഞൾ അരച്ചത് കൊണ്ടുവന്നു.

അത് മുറിവിൽ പുരട്ടിയപ്പോൾ

ചോരയും മഞ്ഞളും ചേർന്നവെള്ളം ആ മിനിമിനുത്ത ഉടലിലൂടെ ചാലുകളായി ഒഴുകി

കണ്ണന്റെ ദേഹം നനഞ്ഞ വെൽവെറ്റുപോലെ കാണപ്പെട്ടു.

കണ്ണനോടുള്ള എല്ലാവരുടെയും സ്നേഹം കണ്ണീരായും വാക്കുകളായും അവിടെ ചൊരിയപ്പെട്ടു.

അപ്പുവും അമ്പാടിയും പറിച്ചു കൊടുത്ത ഇളം പുല്ലുകൾ അവൻ തിന്നില്ല.

പിണ്ണാക്ക് കലക്കിയ വെള്ളവും കുടിച്ചില്ല.

ദയനീയമായി എല്ലാവരെയും നോക്കിക്കൊണ്ട് കണ്ണൻ തൊഴുത്തിൽ നിന്നു.

അപ്പോഴും അവന്റെ അമ്മപ്പശു കൂടെക്കൂടെയുള്ള കരച്ചിൽ നിർത്തിയിരുന്നില്ല.

** ****

കണ്ണന്റെ കാര്യത്തെപ്പറ്റി സുജാതയോട് ഒന്ന് ചോദിക്കണമെന്ന് കരുതി അപ്പു രണ്ടുമൂന്നു ദിവസം സ്കൂളിൽ അവളെ അന്വേഷിച്ചു.

എന്നാൽ അവളെ കണ്ടില്ല.

ലീലയാണ് സുജാതയുടെ പഠിത്തം നിർത്തിയ കാര്യം പറഞ്ഞത്.

അപ്പുവിന് അല്ലെങ്കിലും അവളെ കുറിച്ച് ഒരു മതിപ്പുമില്ല.

ഒരു പൗരബോധവും ഇല്ലാത്ത കൂട്ടരാണ്.

നന്മ,സത്യം,അഹിംസ, ഒന്നിനെക്കുറിച്ചും ഒരു ബോധ്യവും ഇല്ല..

‘ഇന്ത്യ എന്ത് ‘? ‘ഗാന്ധിജി ആര്’? ഇതൊന്നും അറിയില്ല.

അവർക്ക് അത്രയൊക്കെയേ പഠിപ്പിന് വിലയുള്ളൂ..

പഠിക്കുന്നതിന്റെ മഹത്വത്തെപ്പറ്റി അച്ഛൻ തനിക്ക് ധാരാളം പറഞ്ഞു തന്നിട്ടുണ്ട്..

പ്രതികൂല സാഹചര്യങ്ങളിൽ പഠിച്ചു വലുതായവർ- എബ്രഹാം ലിങ്കൺ, തോമസ് ആൽവ എഡിസൻ, ഹെലൻ കെല്ലർ, ഇങ്ങനെ എത്രയെത്ര മഹത് വ്യക്തികളുടെ കഥകളാണ് അച്ഛൻ പറഞ്ഞു വന്നിട്ടുള്ളത്!!

കൂടാതെ സമയം കിട്ടുമ്പോഴെല്ലാം ധാരാളം പുസ്തകങ്ങൾ അവന്റെ കൂട്ടുകാരായി.

അനിത ടീച്ചറാണ് അതെല്ലാം അപ്പുവിനു കൊടുക്കുന്നത്.

താനും വലുതാവുമ്പോൾ ഒരു നല്ല വ്യക്തിയായിത്തീരും.
ഒരു പക്ഷേ, അനിതടീച്ചറിനെപ്പോലെ അറിവും സ്നേഹവുമുള്ള ഒരു നല്ല അദ്ധ്യാപകൻ.
ആ ചിന്തയിൽ അവൻ സന്തുഷ്ടനായി.

( തുടരും..)

സോഫിയാമ്മ ജോസ്, വാഴക്കുളം, മുവാറ്റുപുഴ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com