Monday, August 24, 2026
Homeഅമേരിക്കപൂക്കളത്തിലെ കസവു ഭംഗി (കഥ) ✍ റോമി ബെന്നി

പൂക്കളത്തിലെ കസവു ഭംഗി (കഥ) ✍ റോമി ബെന്നി

പൂക്കളത്തിലെ കസവു ഭംഗി (കഥ) ✍ റോമി ബെന്നി

നല്ല മഴ പെയ്യുന്നുണ്ട്. ഈണമൊഴിഞ്ഞകാറ്റിന്റെ ശബ്ദം രാത്രിയെ കൂടുതൽ പേടിപ്പെടുത്തുന്നതാക്കി മാറ്റുന്നു. മുത്തശ്ശി ഉണ്ടായിരുന്നപ്പോൾ കള്ളക്കർക്കടകത്തെ എന്നുംഭീതിയോടെയാണ് കണ്ടിരുന്നത്.
ചിങ്ങം പിറക്കാൻ താനും അന്നു മുതലേ കാത്തിരുന്നു.

ദുരിതപർവമൊഴുകിത്തീരുന്നപോലെ ആകാശത്തിന്റെ കണ്ണീർ പെയ്തൊഴുകി കടലിൽ ചെന്നുചേരുന്നു.
കഷ്ടതകളുടെ തീച്ചൂടിൽ വീണ്ടും വേദനകളുരുണ്ടു കൂടി മഴ നീരായി ഇനിയും പൊഴിയാനാണോ?

മഴ ചിണുങ്ങി പെയ്യുന്ന ഈചിങ്ങമാസത്തി
ലെത്രദിനങ്ങൾ കൊഴിഞ്ഞു വീണു. അത്തംപത്തോണ
മെന്നു പറഞ്ഞു തീരുന്നതിനു മുൻപേ ഓണമടുത്തു.

അച്ഛന് ലീവു കിട്ടിയില്ലയെന്നാണു പറഞ്ഞത് . സങ്കടം വന്നിട്ട് ചുമരോടു ചേർന്നു കിടന്നു.

അമ്മയെങ്ങാനും വന്നു ലൈറ്റിട്ടാൽ തന്റെ കണ്ണുനീർ കാണും.

ഓർത്തിട്ടു സങ്കടം കൂടിക്കൂടി വരുന്നു.
അവധിയുടെ പത്തു ദിവസവും ജയിലിൽക്കിടക്കുന്ന തുപോലെ വീട്ടിലിരിക്കണം. അച്ഛൻ വരാതെ പുറത്തിറക്കില്ല അമ്മ.

പിന്നെ ഉപദേശം തുടങ്ങും. “നോക്കു അനിത നീ വലിയ കുട്ടിയായി നിന്റെ അനുജന് പ്രയാസം കൂടും നീയിങ്ങനെ വിഷമിക്കുന്നതു കണ്ടാൽ .പിന്നെ ആവനു പനിയും ഫിക്സുമൊക്കെ വരും. ഓണത്തിന് ആശുപത്രിയിൽ പോയിനിൽക്കേണ്ടി
വരും നമുക്കു രണ്ടാൾക്കും”

സങ്കടവും ഭീഷണിയും കലർന്ന നിരാശയൊളിപ്പിച്ച സ്വരത്തിലാണ് അമ്മ ഇതെന്നും പറയുന്നത്.

അനുജൻ വളരാൻ തുടങ്ങിയ കാലം മുതലേ ഇതു പറഞ്ഞ് അമ്മ തന്റെ വേദന മാറ്റാൻ നോക്കും.

“എന്തിനാണിത്ര വിഷമിക്കാൻ! എത്ര കുട്ടികൾ മാതാപിതാക്കളില്ലാത്തവർ ഈ ലോകത്തുണ്ട്. അവരൊന്നും ഓണമാഘോഷിക്കുന്നില്ലേ? അച്ഛൻ വിദേശത്തു പോയവരുണ്ട്. നിങ്ങൾക്കുവേണ്ടിയല്ലേ
അവർ ജോലിക്കായി നാടു വിട്ടത്?
ഓണത്തിനു സദ്യയുണ്ടാക്കാൻ കാശില്ലാത്തവർ. പുര ചോരുന്നവർ വീടില്ലാത്തവർ അങ്ങനെ ബുദ്ധിമുട്ടുള്ളവരെ നോക്കണം”

ടീച്ചർ തന്നെ മാത്രം ഉദ്ദേശിച്ചല്ല പറയുന്നതെന്ന് കേൾക്കുന്ന മറ്റു കുട്ടികൾക്കു തോന്നാം. ഓണത്തിന് അച്ഛൻ വരാത്ത വിഷമം ടീച്ചറോടു പങ്കിട്ടതിന്റെ ഫലമായുണ്ടായ പ്രസംഗമാണിതെന്നു തനിക്കു മാത്രം നല്ല ബോധ്യമുണ്ട്.

“യുദ്ധത്തിന്റെ സമയത്ത് ഓണമാഘോഷിക്കാൻ നാട്ടിൽ പോന്നാൽ പിന്നെതിരിച്ചുവരു
മ്പോൾ ജോലി ഉണ്ടാകില്ല”

അച്ഛന്റെ വാക്കുകളിൽ അമ്മയ്ക്കും അമർഷമുണ്ടെന്നു മുഖംകണ്ടാലറിയാം .
പക്ഷേ ഒന്നും പറയില്ല.

അച്ഛൻ നാട്ടിൽ നിന്നു പോയന്നു മുതൽ തന്നെക്കാളേറെ വേദനിക്കുന്ന അഖിലു കുട്ടന്റെ വിഷമം തനിക്കു നന്നായറിയാം.

അച്ഛന്റെ നെഞ്ചത്തു കിടന്നുറങ്ങി വളർന്നവനാണ്. സ്വന്തമായൊരു വീടെന്ന സ്വപ്നം, മക്കളെ പഠിപ്പിച്ചുയർത്തണമെന്ന ആശ ഇതെല്ലാമാണ് അച്ഛനുമമ്മയും കൂടി വേദനയോടെതീരുമാനിച്ച് വേർപിരിഞ്ഞു നിൽക്കുന്നത്.

അനുഭവിക്കാത്തവർക്കു മനസിലാകാത്ത വേദന.കാശുണ്ടാക്കാനല്ലേയെന്ന പുച്ഛം . ഇതെല്ലാം സഹിച്ച് പാവം അമ്മ. മിഴിനീർ തുടച്ച് കിടന്നു.

നാളെ ഉത്രാടമാണ്. അമ്മ പൂവൊന്നും കാശു കൊടുത്ത് വാങ്ങിത്തരില്ല. പറമ്പിലെ പൂക്കളും ഇലകളും തന്നെ ശരണം.
കൂട്ടുകാരി രജനി പറഞ്ഞത് ഓർമയിൽ വന്നു. പായസത്തിനു വേണ്ടിപാൽപിഴിഞ്ഞെടുത്തു കളയാൻമാറ്റി വെച്ച തേങ്ങാപ്പീരയിൽ കുങ്കുമ നിറം ചേർത്ത് അവൾ കഴിഞ്ഞ വർഷം പൂക്കളം തീർത്തതു പോലെ തനിക്കും ചെയ്യേണ്ടി വരുമോ ആവോ!. അമ്മ അതും സമ്മതിക്കില്ല.
” പിഴി പീര കളയണം വിഷമാണ് ”
എന്നു പറയും.

നേരംപുലർന്നതറിഞ്ഞില്ല. പൂക്കളമിടണ്ടേ? ചാടി എഴുന്നേറ്റു.അമ്മ പുറത്തെങ്ങും പൂ പറിക്കാൻ വിടില്ല.

“എന്നും ഗേയ്റ്റ് അടഞ്ഞു കിടക്കുന്ന വീട്.”
കൂട്ടുകാരി തന്റെ വീടിനെ കളിയാക്കി പറഞ്ഞതോർത്തു.

കനത്ത മഴയിൽ വീട്ടിലെ ചെടിച്ചട്ടികളിലെ പൂക്കൾ മുഴുവൻ ചതഞ്ഞു ചീഞ്ഞു. എത്ര മഴ കൊണ്ടാലും മുക്കുറ്റിപ്പൂവുംതുമ്പപ്പൂവും തളർന്നിട്ടില്ല. കാട്ടുപൂക്കളും പലതരം ഇലകളും മുല്ലപ്പൂവും ഗേറ്റിനരികിൽനിൽക്കുന്ന ചെണ്ടുമല്ലിയും, ഉണ്ടമുല്ലയും കൃഷ്ണകിരീടപ്പൂക്കളും പറിച്ചു നടന്നു.

അനുജൻ അഖിൽ വരാന്തയിൽ താടിക്കും കൈ കൊടുത്ത് ഇതിലൊന്നും താൽപര്യമില്ലാത്ത പോലെയിരിപ്പുണ്ട്.

അമ്മ പുറത്തേക്കിറങ്ങി പറഞ്ഞു.

“സാധനങ്ങളൊക്കെ വാങ്ങി വരട്ടെ. കൊച്ചിനെ മഴയത്തു വിടാതെ നോക്കണേ. കടയിലൊക്കെ നല്ല തിരക്കാകും. ഉത്രാടപ്പാച്ചിലല്ലേയിന്ന്” .

ഇളം വെയിലുദിച്ച ശോഭ മുഴുവൻ അമ്മയെ പൊതിഞ്ഞെങ്കിലും മുഖത്തെ ശോക
ഭാവത്തിന്റെ ഇരുളിമ
അമ്മയുടെസൗന്ദര്യം
വല്ലാതെകുറയ്ക്കുന്നുണ്ട്. ഗേയ്റ്റടച്ച് അമ്മ വേഗം നടന്നു പോയി.

പാവം എല്ലാം വാങ്ങി വന്നിട്ടു വേണം വെച്ചുണ്ടാക്കാൻ. അച്ഛൻ നാട്ടിലുള്ളപ്പോൾ രണ്ടാളും കൂടി ചിരിച്ചു കളിച്ചാണ്‌ സദ്യ വെയ്ക്കുന്നത്.പിന്നെ വൈകുന്നേരം പുറത്തു കൊണ്ടുപോകും.

അച്ഛന്റെയും അമ്മ യുടെയും ബന്ധുക്കൾ താമസിക്കുന്നത് ദൂരെയായതിനാൽ അങ്ങോടൊന്നും പോകാറില്ല.

അവധി വരുമ്പോഴാണ് കൊണ്ടു പോയിരുന്നത്. ഇപ്പോഴതുമില്ല.

ചാറ്റൽ മഴകൊണ്ടിരുന്ന് പൂക്കളം തീർത്തു. നടുവിലായ് വെയ്ക്കാൻ കുറച്ചു പൂക്കൾ കൂടി വേണം.

താൻ പിറകുവശത്തെ
ചെമ്പരത്തിപ്പൂവെടുക്കാൻ പോയതാണ് തിരിച്ചു വന്നപ്പോൾ കണ്ട കാഴ്ച ഞെട്ടിച്ചു.

നാലുവയസുകാരൻ അഖിൽക്കുട്ടൻ പൂക്കളമധ്യത്തിൽ അച്ഛൻ കഴിഞ്ഞ ഓണത്തിനുടുത്ത കസവു മുണ്ടു ചുരുട്ടി വെച്ചിരിക്കുന്നു.

അമ്മ ഇടയ്ക്കിടെ അച്ഛന്റെ ഷർട്ടും പാന്റും മുണ്ടുമൊക്കെ കഴുകി മുൻവശത്തെ അഴയിലിടുന്നതു കാണാം.
അഴുക്കാകാത്ത വസ്ത്രം വെറുതെ വിരിച്ചിടുന്നതിന്റെ രഹസ്യം അമ്മ അച്ഛനോടു ഫോണിലൂടെ പറഞ്ഞപ്പോഴാണ് താൻ മനസിലാക്കിയത്.
ഇവിടെ ആണുങ്ങളുണ്ടെന്ന് അറിയാനാ . കള്ളന്മാരോ തെമ്മാടികളോ പകൽ നിരീക്ഷണത്തിനു വന്നാൽ അവരെ പറ്റിക്കാനാണത്രെ..

കഴിഞ്ഞ ദിനം അമ്മ കഴുകിപ്പിഴിഞ്ഞ് കഞ്ഞി മുക്കി വിരിച്ചുണക്കിയ കസവു മുണ്ടാണ്
അഖിൽക്കൊച്ചു കൊണ്ടുവന്ന് മണ്ണിൽ പൂക്കള നടുവിൽ വെച്ചിരിക്കുന്നത്.

ഉച്ചത്തിൽ അവനെ വഴക്കുപറഞ്ഞതെടുത്തുമാറ്റിയപ്പോൾ തുടങ്ങിയവൻ കരച്ചിലായി.

“അച്ഛനല്ലേ ഓണത്തപ്പൻ , അച്ഛൻ വരട്ടെ” എന്തൊക്കെയോ പിറുപിറുത്ത് ഉള്ളിലൊതുക്കിയ സങ്കടം നിർത്താത്ത കരച്ചിലായൊഴുകുന്നു.

ഒരു അടിവെച്ചു കൊടുക്കാനാണു തോന്നിയത്. പൂക്കളം അലങ്കോലമാക്കിയിട്ട് അവന്റെ ഒരു കരച്ചിൽ.

താൻ വലിച്ചെടുത്ത് അഴയിലേയ്ക്കിട്ട മുണ്ടു പോയെടുത്തു നെഞ്ചോടു ചേർത്തു പിടിച്ചായി അവന്റെ അടുത്ത വിലാപം.

അമ്മ വരുന്നതിനു മുൻപ് ആശ്വസിപ്പിച്ചു നിർത്തണം.അല്ലെങ്കിൽ പനിവന്നാൽ തനിക്കു പഴി കേൾക്കേണ്ടിവരും.

കഴിഞ്ഞ തവണ അച്ഛൻ പോയ ദിനം മുറ്റത്തു ചവിട്ടിയ ഷൂസിന്റെ പാട് കണ്ട് ആ മണ്ണുവാരിയെടുത്ത് കരഞ്ഞവനാണ്. പിന്നെ പനിയായി.ആശുപത്രിയിൽ കിടത്തി.

ഹോ ഇവനു മാത്രമേ പ്രയാസമുള്ളു. തന്റെ വിഷമം ആരറിയാൻ. താൻവലുതായിപ്പോയതാണു കുറ്റം.
ഉള്ളിലങ്ങിനെ കരുതിയെങ്കിലും അവനെ
ചേർത്തുപിടിച്ചാശ്വസിപ്പി ക്കാൻ ശ്രമിച്ചു.

നല്ലൊരോണം ആശുപത്രിയിൽ ! സങ്കടത്താൽ മിഴി നിറഞ്ഞു.
അമ്മ വേദനയോടെ തന്നെ നോക്കി പുഞ്ചിരിച്ചു.പിന്നെ പറഞ്ഞു

“അനീ എത്ര പേർക്ക് ആശുപത്രിയിൽ പോകാൻ പണമില്ലാത്തവരുണ്ട്. നമുക്ക് അച്ഛൻ കാശയക്കുന്നതു കൊണ്ട്…”

മുഴുവൻ കേൾക്കാൻ ഇഷ്ടമില്ലാത്ത മട്ടിൽ നടന്ന് ആശുപത്രിയുടെ ജനൽ അഴിയിൽ മുഖമമർത്തി നിറകണ്ണുകളോടെ താഴേയ്ക്കു നോക്കി.

റോഡിൽ നിറയെ വാഹനങ്ങൾ. ഫുട്പ്പാത്തിലൂടെ നടക്കുന്ന കുടുംബങ്ങൾ. ഒറ്റയ്ക്കു പോകുന്നവർ . ചിരിച്ചു കളിച്ചു കൂട്ടു കൂടിപ്പോ
കുന്ന വഴിപോക്കർ.

ഒരു വെളുത്ത ഷർട്ടും കറുത്ത പാന്റുമിട്ട ഒരാൾ വേഗത്തിൽ നടന്നു ഗേറ്റു കടക്കുന്നുണ്ട്. ദൂരെ ആയതിനാൽ മുഖം വ്യക്തമല്ല .പക്ഷേ നടപ്പ് നല്ല പരിചയം.

അടുക്കുന്തോറും ചിരപരിചിതനാകുന്നു. തൊണ്ടയിൽ വിങ്ങിയത് പൊട്ടിക്കരച്ചിലായി.

ഞെട്ടിത്തിരിഞ്ഞ് അമ്മ ഓടി വന്നു താൻ താഴേയ്ക്കു ചൂണ്ടി കാണിച്ചു.

അമ്മ മിഴിനീർ തുടച്ച് അഖിലിനെതൊട്ടു നോക്കി. ഗദ്ഗദമോടെ പറഞ്ഞു
“കൊച്ചിന്റെ പനി നിമിഷം കൊണ്ടു താണു. ഒരു വാക്കിന് ഇത്ര ശക്തിയോ .”

റോമി ബെന്നി✍

RELATED ARTICLES

4 COMMENTS

  1. എത്രമഴയിലും തളരാത്ത ചെണ്ടുമല്ലിയേയും മുക്കുറ്റിയേയും പോലെ തളരുന്ന നിമിഷങ്ങളിൽ ഉണർത്തുന്ന ചില വാക്കുകൾ സാമീപ്യങ്ങൾ. വറുതിയിലെ മഴപോലെ….

  2. പൂക്കളത്തിലെ കസവ് ഭംഗി എന്ന ചെറുകഥ മനോഹരമായി എഴുതി….. അതേ ചിലവാക്കുകൾക്കും സാമീപ്യങ്ങൾക്കും വലിയ ശക്തി തന്നെയാണ്…..നല്ല കഥ അഭിനന്ദനങ്ങൾ റോമി ബെനിക്ക്❤️❤️❤️❤️

  3. ഓണക്കാല ഓർമ്മകൾക്ക് നിറം പകർന്ന കഥയിൽ, ഇരുൾ വീണ ജീവിതങ്ങളുടെ തെളിച്ചം കാണാം.❤️❤️

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ