മുംബൈ: ഐഫോണ്‍ വാങ്ങിയതിന്റെ പ്രതിമാസ അടവിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ഛത്രപതി സംഭജിനഗറില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. 19 വയസുകാരനായ മകനും മാതാപിതാക്കളുമാണ് മലയിടുക്കില്‍ വീണ് മരിച്ചത്.
വാളൂജ് എംഐഡിസി പോലിസ് സ്റ്റേഷന്‍ പരിധിയിലെ തീസ്ഗാവ് പ്രദേശത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 19-കാരനായ കുനാല്‍ ഐഫോണിന്റെ തവണകള്‍ അടയ്ക്കാന്‍ മാതാപിതാക്കളോട് പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അച്ഛന്‍ മുരളീധര്‍ ചാന്ദ്ഗുഡെയുമായി രൂക്ഷമായ തര്‍ക്കമുണ്ടായി. ഇതില്‍ പ്രകോപിതനായ കുനാല്‍ വീട്ടില്‍ നിന്നിറങ്ങി അടുത്തുള്ള കുന്നിന്‍ മുകളിലേക്ക് കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.
വിവരമറിഞ്ഞ് മാതാപിതാക്കളും നാട്ടുകാരും സ്ഥലത്തെത്തി. കുനാലിനെ താഴെയിറക്കാന്‍ മൂന്ന് മണിക്കൂറോളം നാട്ടുകാരും ജനപ്രതിനിധികളും പോലിസും ചേര്‍ന്ന് അനുനയ ശ്രമങ്ങള്‍ നടത്തി. എന്നാല്‍ ‘എനിക്ക് മരിക്കണം, അതാണ് ഒരേയൊരു വഴി’ എന്ന് പറഞ്ഞ് കുനാല്‍ വാശിപിടിച്ചു നില്‍ക്കുകയായിരുന്നു.
കുനാലിനെ രക്ഷിക്കാനായി പിതാവ് മുരളീധര്‍ കുന്നിന്‍ മുകളിലേക്ക് കയറി മകനെ ബലമായി പിന്നിലേക്ക് വലിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഈ ശ്രമത്തിനിടെ കാല് വഴുതി രണ്ടുപേരും താഴ്ചയുള്ള മലയിടുക്കിലേക്ക് വീഴുകയായിരുന്നു. മകനും ഭര്‍ത്താവും വീഴുന്നത് കണ്ട് ആഘാതത്തിലായ മാതാവ് സംഗീതയും നിമിഷങ്ങള്‍ക്കകം മലയില്‍ നിന്ന് താഴേക്ക് ചാടി മരിച്ചു.
മൂവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹങ്ങള്‍ പോലിസ് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



