Friday, July 3, 2026
Homeഅമേരിക്കവൃന്ദ പാലാട്ടിന്‍റെ കഥാസമാഹാരം: "ചക്രവർത്തിനിമാർ യാചിക്കാറില്ല" (പുസ്തക പരിചയം) ✍ കെ.ആര്‍ മോഹന്‍ദാസ്

വൃന്ദ പാലാട്ടിന്‍റെ കഥാസമാഹാരം: “ചക്രവർത്തിനിമാർ യാചിക്കാറില്ല” (പുസ്തക പരിചയം) ✍ കെ.ആര്‍ മോഹന്‍ദാസ്

‘മുറിച്ചെടുക്കുന്ന പെരുവിരലുകള്‍ എഴുതുന്നത്’

“എന്താണ് കവർച്ച ചെയ്യപ്പെട്ടത് എന്നതല്ല, എന്താണ് അവശേഷിക്കുന്നത് എന്ന് അന്വേഷിക്കുക.” — ബോബിയച്ചന്‍റെ (ഫാദര്‍ ബോബി ജോസ് കട്ടിക്കാട്) പുലർവെർവെട്ടം എന്ന കൃതിയിലെ ഈ വാക്യം ഒരു അതിജീവനമന്ത്രമാണ്. ആത്മാവിനെ നിശ്ശബ്ദമായി തലോടി സുഖപ്പെടുത്തുന്ന ഒരു മൊഴി.

ഒരു തീവണ്ടിയാത്രയ്ക്കിടെ ക്യാമറ നഷ്ടപ്പെട്ട ഒരാളുടെ അനുഭവം. പൊലീസിൽ പരാതി നല്‍കി മടങ്ങിയെത്തുമ്പോൾ അയാൾക്ക് നഷ്ടത്തിന്‍റെ ഭാരം താങ്ങാനാവുന്നില്ല. എന്നാൽ, ആ വിഷാദ മരുഭൂമിയിലും മനസ്സ് പതിയെ മറ്റൊരു ചോദ്യം ഉയർത്തുന്നു—നഷ്ടമായത് എന്താണ് എന്നല്ല, ശേഷിച്ചത് എന്താണ്? ആ തിരിച്ചറിവ്.

എല്ലാം അവസാനിച്ചുവെന്ന് തോന്നുന്ന നിമിഷങ്ങളിലും എന്തോ ചിലത് അവശേഷിക്കുന്നു—

ഒരു വെളിച്ചം, ഒരു ഓർമ്മ, ഒരു പ്രതീക്ഷ, അതുകൊണ്ടുതന്നെ എം. എൻ. വിജയൻ മാഷിന്‍റെ ചിതയിലെ വെളിച്ചം എന്ന ശീർഷകം മനസ്സിൽ തെളിയുന്നു.

ഈ ആമുഖം പറയാൻ കാരണം വൃന്ദ പാലാട്ടിന്‍റെ “ചക്രവർത്തിനിമാർ യാചിക്കാറില്ല” എന്ന കഥാസമാഹാരമാണ്.

വൃന്ദ പാലാട്ടിന്‍റെ ഇരുപത്തഞ്ചു കഥകളുടെ സമാഹാരമായ ചക്രവർത്തിനിമാർ യാചിക്കാറില്ല ചരിത്രത്തിന്‍റെയും ഇതിഹാസങ്ങളുടെയും വിശാലഭൂമികയില്‍ നിന്ന് കഥകളെയും കഥാപാത്രങ്ങളെയും പുതുവായനയ്ക്ക് വിധേയമാക്കി സവിശേഷമായ കഥാനുഭവം സൃഷ്ടിക്കുന്നു. ഈ കഥകൾ ജീവിതസത്യങ്ങളുടെ ആഴങ്ങളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്ന ആത്മരേഖകളാണ്.

രേഖീയമായ കഥാഖ്യാനമാണ് വൃന്ദയുടേത്. ഊർജ്ജസ്വലമാണ് ഭാഷ. അതിന് നർമ്മത്തിൻ്റെ സുഗന്ധമുണ്ട്. പരന്ന വായനയുടെ പശ്ചാത്തലമുണ്ട്.

അഡോൾഫ് ഹിറ്റ്ലറും ഈവാ ബ്രൗണും തമ്മിലുള്ള പ്രണയം ആവിഷ്ക്കരിക്കുന്ന (ചക്രവർത്തിനിമാർ യാചിക്കാറില്ല എന്ന കഥ. റഷ്യൻ പട്ടാളത്തിന് കീഴടങ്ങാതിരിക്കാൻ ഇരുവരും ഒന്നിച്ച് ആത്മഹത്യ ചെയ്തുവെന്ന നിലവിലുള്ള നിഗമനത്തെയാണ് ഇവിടെ സംശയമുനയില്‍ നിർത്തി ചോദ്യം ചെയ്യുന്നത്.

കവിയുടെ കാമുകി എന്ന കഥ ഉയർത്തുന്നത് ഞെട്ടിക്കുന്ന ഒരു ചോദ്യമാണ്.

ആംഗലകവി വേർഡ്‌സ്‌വർത്തിന്‍റെയും സഹോദരി ദൊറോത്തിയുടെയും ബന്ധം അഗമ്യഗമനം ആയിരുന്നോ? കാവ്യാത്മകമായ പദാവലികൾ കൊണ്ട് സമൃദ്ധമായ കവിയുടെ കാമുകിയിലെ ദൊറോത്തി കവി വേർഡ്‌സ്‌വർത്തിനോടു പറയുന്ന ഉന്മാദാര്‍ദ്രമായ വാക്കുകള്‍ –

‘’ഈ മാറിന്‍റെ ചൂടിൽ ചേർന്ന് നിൽക്കുമ്പോൾ ഇംഗ്ലണ്ടിലെ ആയിരം മഞ്ഞുകാലങ്ങൾ എന്നെ തഴുകാതെ പോകും, കാതരയായ ഒരു പക്ഷിയെപ്പോലെ സൗഗന്ധികവതിയായി നിന്നോടൊപ്പമല്ലാതെ മറ്റൊരാളുടെയൊപ്പം ലോകത്തെ ഇത്ര പ്രണയത്തോടെ ഞാൻ നോക്കിയിട്ടില്ല. ഈ നിമിഷം ഞാൻ ഈ പള്ളിമേടയിൽ മരിച്ചു വീണെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു. കാരണം നീയില്ലാതെ ഭൂമിയിലൊരു നിമിഷാർദ്ധം പോലും എനിക്കു ജീവി ക്കാനാവില്ല.’

എൺപതു വയസ്സ് വരെ അവിവാഹിതയായിക്കഴിഞ്ഞ ദൊറോത്തിയുടെ ഡയറിക്കുറിപ്പുകൾ അതാണ് പറയുന്നതെന്നും കഥാകാരി പറയുന്നു.

യൂദാസിന്‍റെ കാമുകി എന്ന കഥ ഈയടുത്തകാലത്ത് ഈജിപ്തിൽനിന്ന് കണ്ടെടുത്ത യൂദാസിൻ്റെ സുവിശേഷത്തെ ആസ്പദമാക്കി രചിച്ചതാണ്. ക്രിസ്‌തുശിഷ്യന്മാരിൽ മഹാവഞ്ചകനായി ചിത്രീകരിക്കപ്പെട്ട യൂദാസിനെ പുതിയ ഒരു കാഴ്ച പ്പാടിലാണ് കഥാകാരി ആവിഷ്ക്കരിക്കുന്നത്. യേശു ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു യൂദാസ് ഒറ്റിക്കൊടുത്തതെന്ന് ഈ സുവിശേഷം പറയുന്നു.

യേശുവിനോടൊപ്പം കുരിശിൽത്തറച്ച രണ്ടു പേർ കള്ളന്മാരാണെന്ന സഭാഭാഷ്യത്തെ ചോദ്യം ചെയ്യുകയാണ് കള്ളന്‍റെ പിറന്നാൾ എന്ന കഥയിൽ. അവർ കള്ളന്മാരായിരുന്നുവെങ്കിൽ അവരിലൊരാളായ ഡിസ്‌മാസിനെ കത്തോലിക്കാസഭ പിന്നീട് എന്തിനാണ് പുണ്യാളനായി അംഗീകരിച്ചത് എന്ന ചോദ്യം പ്രസക്ത മാണ്.

മഗ്ദ‌ലന മറിയം എന്ന ബൈബിൾ കഥാപാത്രത്തെ പുതിയ പരിപ്രേക്ഷ്യത്തില്‍ അവതരിപ്പിക്കുന്നു രക്ഷകൻ എന്ന കഥയിൽ.

വിശുദ്ധിയുടെ കാത്തിരിപ്പ് എന്ന കഥയിൽ സീത ശ്രീരാമനോട് ചോദിക്കുന്നു: “സാകേതപുത്രാ, ഒരു സംവത്സരം ഭാര്യയില്ലാതെ കഴിഞ്ഞ അങ്ങയ്ക്കും വിശുദ്ധിയുടെ അഗ്നിസാക്ഷ്യം വേണ്ടതല്ലേ?”

മാനസഗുരുവായ ദ്രോണാചാര്യർക്ക് വിരൽ മുറിച്ചു നൽകിയ ഏകലവ്യൻ അർജ്ജുനനോട് ഉന്നയിക്കുന്ന ചോദ്യമാണ് പന്ത്രണ്ടാം ദിവസം എന്ന കഥ.

‘’അസ്ത്രവിദ്യയിൽ നിനക്ക് ഒന്നാമനാകാൻ ഗുരു എൻ്റെ വിരൽ മുറിച്ചു. ആ ഗുരുവിൻ്റെ നെഞ്ചത്തല്ലേ നീ അമ്പെയ്യുന്നത്?’’ ഏകലവ്യന്‍റെ ചോദ്യം ഇതിഹാസത്തിന്‍റെ ഇടനാഴികളില്‍ ഇന്നും മുഴങ്ങുന്നുണ്ട്.

അമേരിക്കൻ സാഹിത്യചരിത്രത്തിലെ ഏറ്റവും വേദനാജനകമായ ദാമ്പത്യ ദുരന്തങ്ങളിലൊന്നാണ് സിൽവിയാപ്ലാത്തും ടെഡ്ഹ്യൂസും പങ്കിട്ട ജീവിതം. കവിതയുടെ ഉയരങ്ങൾ കീഴടക്കിയ ഇരുവരുടെയും സ്വകാര്യജീവിതം, അസഹ്യമായ മാനസിക സംഘർഷങ്ങളുടെയും നഷ്ടങ്ങളുടെയും ഇരുണ്ട കഥയായിരുന്നു.

രണ്ട് കുഞ്ഞുങ്ങളെ ഉറക്കിക്കിടത്തിയ ശേഷം, വെറും മുപ്പതാം വയസ്സിൽ സിൽവിയ ജീവിതത്തോട് വിടപറഞ്ഞു. പിന്നീട് ഹ്യൂസിന്‍റെ ജീവിതപങ്കാളിയായ ആസിയയും ആത്മബലിയില്‍ അഭയം തേടി. കാലം പിന്നിട്ടിട്ടും ആ വേദനയുടെ ചക്രം അവസാനിച്ചില്ല; ഇരുവരുടെയും മകനായ നിക്കോളാസ് ട്യൂഡും ആത്മഹത്യയിലൂടെ ജീവിതം അവസാനിപ്പിച്ചു.
തലമുറകളെ പിന്തുടർന്ന ഈ തീരാദുഃഖത്തിന്‍റെ കഥയാണ് ചിത്രശലഭത്തിന്‍റെ മരണം.

വിശപ്പിനു മരുന്നു കണ്ടുപിടിക്കുന്ന ഒരു ഡോക്‌ടറുടെ കഥയാണ് വേഴാമ്പൽ. പേപ്പാറ വനത്തിൽ വിഹരിച്ചി രുന്ന കൊലകൊല്ലി എന്ന കാട്ടാനയുടെ ദാരുണമരണത്തിൽ നിന്ന് പ്രചോദനം കൊണ്ട് എഴുതിയതാണ് കൊമ്പൻ എന്ന കഥ.

കേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിയനെ കുറിച്ചുളള അന്ധവിശ്വാസത്തെ പുതിയ വീക്ഷണത്തിൽ കാണാൻ ശ്രമിച്ചതാണ് ഒടിയൻ എന്ന കഥ.

ഒരു ക്രിസ്ത്യൻ പുരോഹിതനായ അധ്യാപകനും ശിഷ്യയും തമ്മിലുള്ള പ്രണയകഥയാണ് പ്രണയദിനത്തിൽ ഒരു റോസപ്പൂ.

ജീവിതയാഥാർഥ്യങ്ങളിൽ നിന്ന് അടർത്തിയെടുത്ത ചില നിമിഷങ്ങളെ വികസിപ്പിച്ചാണ് ‘നീലിമക്കൊരു കത്ത്’, ‘ടൈറ്റാനിക്’, ‘കള്ളൻദാമുവും രാഘവൻമാസ്റ്ററും’ എന്നീ കഥകൾ.

വിശുദ്ധിയുടെ കാത്തിരിപ്പ്’ ത്രേതായുഗത്തെ പശ്ചാത്തലമാക്കിയും ‘അഞ്ഞൂറിയുടെ നോട്ട്’ ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെയും പശ്ചാത്തലത്തില്‍ രചിച്ചതാണെന്ന് കഥാകാരി രേഖപ്പെടുത്തുന്നു. ഈ കാലസൂചന വെറുമൊരു പശ്ചാത്തലവിശദീകരണമല്ല; മറിച്ച്, യുഗങ്ങൾ മാറിയാലും മനുഷ്യ വികാരങ്ങളും സംഘർഷങ്ങളും ധാർമിക പ്രതിസന്ധികളും ഒരേപോലെ നിലനിൽക്കുന്നുവെന്ന സത്യത്തിലേക്കുള്ള സൂക്ഷ്മമായ വിരൽചൂണ്ടലാണ്.

ചരിത്രം, ഇതിഹാസം തുടങ്ങിയ വിശാലമായ വിഹായസ്സുകളില്‍ നിന്നെല്ലാം എഴുത്തുകാരി ഊര്‍ജ്ജം സ്വീകരിച്ചുവെന്ന് അവതാരിക എഴുതിയ ജമാല്‍ കൊച്ചങ്ങാടി നിരീക്ഷിക്കുന്നുണ്ട്.

വായിക്കുന്ന ഒരാളെപോലും ഈ കഥകള്‍ വെറുതെവിടുന്നില്ല. ഭാഷയുടെ ധ്യാനവും പ്രമേയത്തിലെ നൈതികതയും ആവിഷ്‌കാരത്തിലെ കൈയടക്കവും വൃന്ദ പാലാട്ടിന്‍റെ കഥകളെ മികച്ച വായനാനുഭവമാക്കി മാറ്റുന്നുണ്ട്.

കെ.ആര്‍ മോഹന്‍ദാസ്✍

RELATED ARTICLES

1 COMMENT

  1. പുസ്തകം വായിക്കാൻ തോന്നുന്ന തരത്തിലുള്ള ആസ്വാദനക്കുറിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com