ഇന്നത്തെ ലോകം ഡിജിറ്റൽ സാങ്കേതികവിദ്യകളാൽ നിയന്ത്രിക്കപ്പെടുന്ന കാലഘട്ടമാണ്. മൊബൈൽ ഫോണുകൾ, ഇന്റർനെറ്റ്, സോഷ്യൽ മീഡിയ, ഓൺലൈൻ ബാങ്കിംഗ്, ഡിജിറ്റൽ സേവനങ്ങൾ എന്നിവ മനുഷ്യജീവിതത്തിന്റെ അനിവാര്യഘടകങ്ങളായി മാറിയിരിക്കുന്നു. ഈ സൗകര്യങ്ങളോടൊപ്പം തന്നെ വലിയൊരു വെല്ലുവിളിയും ഉയർന്നു വരുന്നു — വ്യക്തി സ്വകാര്യതയുടെ സംരക്ഷണം.ഓരോ മനുഷ്യനും അവനവന്റെ സ്വകാര്യതയാണ് അവന്റെ ജീവിതത്തിൽ പ്രധാനപ്പെട്ടത്. സാമൂഹിക ജീവിയായി സമൂഹത്തിൽ ഒന്നിച്ച് ജീവിക്കുമ്പോഴും, ഇടപഴകുമ്പോഴും ഓരോ വ്യക്തിയും അവനവന്റെ കുടുംബം എന്ന ചുറ്റുപാടിൽ തങ്ങളുടെ സ്വകാര്യതയിൽ ജീവിക്കുന്നവരാണ്. ഓരോ വ്യക്തിയും അവന്റെ ഇഷ്ടങ്ങൾക്കുള്ള ആരാധനയുണ്ട്, മതമുണ്ട്,രാഷ്ട്രീയമുണ്ട്, താല്പര്യങ്ങൾ ഉണ്ട്,കലയുണ്ട്. പക്ഷേ ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിൽ അതിനൊക്കെ മങ്ങലേറ്റിയിരിക്കുന്നു. പണ്ടൊക്കെ സെലിബ്രിറ്റികൾക്കായിരുന്നു പൊതു ഇടങ്ങളിൽ വരുമ്പോൾ ആൾക്കൂട്ടവും ക്യാമറ കണ്ണുകളും കൂടെയുണ്ടായിരുന്നത്. പക്ഷേ ഇന്ന് ഒരു സാധാരണക്കാരൻ പുറത്തിറങ്ങിയത് മുതൽ എവിടെയൊക്കെ പോകുന്നു അവിടെയൊക്കെ അയാൾ ക്യാമറ കണ്ണുകളുടെ ഉള്ളിലാണ്. ഒന്നോർത്തു നോക്കൂ ഒരു വ്യക്തിയുടെ സ്വകാര്യതയുടെ ലംഘനം അല്ലേ ഇത്?
വ്യക്തികളുടെ സ്വകാര്യതയിലേക്ക് നീട്ടിവെച്ച ഓരോ ക്യാമറ കണ്ണുകളുണ്ട് വീടുകളിൽ, വഴികളിൽ,പൊതു സ്ഥാപനങ്ങളിൽ, സ്വകാര്യസ്ഥാപനങ്ങളിൽ, റോഡുകളിൽ, ഹോട്ടലുകളിൽ, ഹോസ്പിറ്റലിൽ എല്ലാം തന്നെ നമ്മുടെ ഓരോ പ്രവർത്തിയും സ്‌ക്രീനിൽ പതിയുന്നുണ്ട്.സ്വകാര്യതയുടെ പരിധികൾ ലംഘിച്ചുകൊണ്ട് സോഷ്യൽ മീഡിയയുടെ കടന്നു കയറ്റം നമ്മൾ ദിനംപ്രതി കാണുന്നതാണ്. പല സെലിബ്രിറ്റികളും മരിക്കുമ്പോൾ അവരുടെ കുടുംബാംഗങ്ങളുടെ ദുഃഖവും,കരച്ചിലും അവിടെ വന്നു പോകുന്നവരെയും എല്ലാം ക്യാമറ കണ്ണുകളിൽ ഒപ്പിയെടുത്ത് മീഡിയകൾ നമ്മളിലേക്ക് എത്തിച്ചു തന്നത് നമ്മൾ എല്ലാവരും കണ്ടതാണ്. അവിടെയൊക്കെ നഷ്ടപ്പെടുന്ന ഒന്നുണ്ട് നമ്മുടെ സ്വകാര്യത. സെലിബ്രിറ്റി എന്ന ഒറ്റ കാരണം കൊണ്ട് പൊട്ടി കരയാൻ കഴിയാതെ ചിരിച്ചുകൊണ്ട് നിൽക്കേണ്ട അവസ്ഥ! ആ അവസ്ഥയെ പോലും ഇഴകീറി പരിശോധിക്കാനും,ജഡ്ജ് ചെയ്യാനും മത്സരിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ മനുഷ്യർ!
നമ്മുടെയൊക്കെ സ്വകാര്യമായ പല കാര്യങ്ങളും മറ്റാരുടെയോ ക്യാമറ കണ്ണുകളിലൂടെ നമ്മൾ കാണുന്ന അവസ്ഥയാണ്.
ഇനി ഈ സ്വകാര്യത നമ്മൾ തന്നെ നഷ്ടപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്. സോഷ്യൽ മീഡിയയിൽ റീച്ചനുവേണ്ടി സ്വന്തം സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിക്കുന്ന ഒരുപാട് പേരുണ്ട്. അതുപോലെ ഓൺലൈൻ ബിസിനസുകൾ ഇത്തരത്തിൽ ശരീരപ്രദർശനം കൊണ്ട് നടത്തിവരുന്നവരുണ്ട്. പല ആളുകളും സ്വന്തം കുടുംബത്തെയും മക്കളെയും എല്ലാം ഉൾപ്പെടുത്തിക്കൊണ്ട് കണ്ടന്റുകൾ ചെയ്യുന്നു ക്രമേണ അവരുടെ കുടുംബവും പൊതു പ്ലാറ്റ്ഫോമുകളിൽ മറയില്ലാതെ പ്രത്യക്ഷപ്പെടുന്ന കാഴ്ചയും ഇന്ന് സർവ്വസാധാരണമാണ്. അതുപോലെതന്നെ അവരുടെ സ്വകാര്യ ജീവിതവും, സ്വകാര്യതയും എല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിൽ എക്സ്പോസ് ചെയ്യുന്ന കാഴ്ചയും നമ്മൾ തന്നെ കാണുന്നു.
ഡിജിറ്റൽ ലോകത്തെ വ്യക്തി സ്വകാര്യത എന്നത് ഒരു വ്യക്തിയുടെ വ്യക്തിഗത വിവരങ്ങൾ അനധികൃതമായി ശേഖരിക്കപ്പെടാതെയും ദുരുപയോഗം ചെയ്യപ്പെടാതെയും സംരക്ഷിക്കപ്പെടേണ്ട അവകാശമാണ്. പേര്, വിലാസം, ഫോൺ നമ്പർ, ബാങ്ക് വിവരങ്ങൾ, പാസ്‌വേഡുകൾ, ഫോട്ടോകൾ, വീഡിയോകൾ, ലൊക്കേഷൻ ഡാറ്റ, ഓൺലൈൻ തിരച്ചിൽ ചരിത്രം എന്നിവ എല്ലാം വ്യക്തി സ്വകാര്യതയുടെ ഭാഗമാണ്. ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ വ്യാപകമായ ഉപയോഗം സ്വകാര്യതയ്ക്ക് നിരവധി ഭീഷണികൾ സൃഷ്ടിക്കുന്നു. ഫിഷിംഗ് ആക്രമണങ്ങൾ, ഡാറ്റ ചോർച്ചകൾ, വ്യാജ ലിങ്കുകൾ, അനാവശ്യ ആപ്പ് അനുമതികൾ, സോഷ്യൽ മീഡിയയിലെ അതിരുകടന്ന വിവര പങ്കിടൽ തുടങ്ങിയവ വ്യക്തികളുടെ സ്വകാര്യതയെ ഗുരുതരമായി ബാധിക്കുന്നു. ഇതിന്റെ ഫലമായി സാമ്പത്തിക നഷ്ടം, തിരിച്ചറിയൽ മോഷണം, മാനസിക സമ്മർദ്ദം, സാമൂഹിക അപകീര്‍ത്തി എന്നിവ സംഭവിക്കാം. അതുകൊണ്ട് തന്നെ ഡിജിറ്റൽ ലോകത്ത് ഓരോ വ്യക്തിയും ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക, രണ്ട് ഘട്ട സുരക്ഷ (Two-Factor Authentication) പ്രാപ്തമാക്കുക, സംശയാസ്പദമായ ലിങ്കുകളും സന്ദേശങ്ങളും ഒഴിവാക്കുക, ആപ്പുകൾക്ക് ആവശ്യമായത്ര മാത്രം അനുമതി നൽകുക, സോഷ്യൽ മീഡിയയിലെ സ്വകാര്യതാ ക്രമീകരണങ്ങൾ നിരന്തരം പരിശോധിക്കുക എന്നിവ വ്യക്തി സ്വകാര്യത സംരക്ഷിക്കാൻ സഹായകരമാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ യുഗത്തിൽ, സോഷ്യൽ മീഡിയയിലെ സ്വകാര്യത ഉയർന്ന അപകടത്തിലാണ്, കാരണം സോഷ്യൽ മീഡിയയിലെ ആളുകളുടെ ഫോട്ടോകൾ ദുരുപയോഗം ചെയ്ത് ഡീപ്പ്ഫേക്ക് ഇമേജുകൾ സൃഷ്ടിക്കാൻ ആർക്കും കഴിയും, ഇത് സ്വകാര്യതയുടെ ലംഘനത്തിലേക്ക് നയിക്കുന്നു. ചിലപ്പോൾ, ആളുകൾ തന്നെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ അവരുടെ സ്വകാര്യത ലംഘിക്കുന്നു. ഉദാഹരണത്തിന്, അവർ അവരുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാം സോഷ്യൽ മീഡിയയിൽ ഇടുന്നു, ഇതിനായി, ആളുകൾ അവരുടെ മുഴുവൻ ദിവസത്തെയും നിമിഷങ്ങൾ പരസ്പരം അയയ്ക്കുന്ന പ്ലാറ്റ്‌ഫോമാണ് സ്‌നാപ്ചാറ്റ്, ഇത് ആത്യന്തികമായി അവരുടെ സമ്മതത്തോടെ പോലും അവരുടെ സ്വകാര്യതയെ ലംഘിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി അവരുടെ ഫോട്ടോകൾ എഡിറ്റ് ചെയ്യുന്നത് പോലുള്ള ഇൻസ്റ്റാഗ്രാം ട്രെൻഡുകൾ ആളുകൾ പിന്തുടരുന്നു. AI-യിലേക്ക് ഫോട്ടോകൾ അയയ്ക്കുന്നതും സ്വകാര്യതയെ ലംഘിക്കുന്നുണ്ടെന്ന് ഓർമ്മിക്കേണ്ടതാണ്, കാരണം ഇന്റർനെറ്റിൽ ഇതിനകം ലഭ്യമായ ഡാറ്റയിൽ നിന്നുള്ള ചോദ്യങ്ങൾക്ക് AI മറുപടി നൽകുന്നു, കൂടാതെ ഒരാൾ അവരുടെ ഫോട്ടോ AI-യിലേക്ക് അയച്ചാൽ, ആ ഫോട്ടോ ഉപയോഗിച്ച് ഒരു ഡീപ്പ്ഫേക്ക് സൃഷ്ടിക്കാൻ അല്ലെങ്കിൽ വാണിജ്യ ആവശ്യങ്ങൾക്കായി പോലും അത് ഉപയോഗിക്കാം.
വ്യക്തി ഡാറ്റ സംരക്ഷിക്കുന്നതിനായി പല രാജ്യങ്ങളും നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇന്ത്യയിൽ Digital Personal Data Protection Act, 2023 എന്ന നിയമം വ്യക്തികളുടെ ഡിജിറ്റൽ ഡാറ്റ സംരക്ഷിക്കാൻ ലക്ഷ്യമിടുന്നു. എന്നിരുന്നാലും, നിയമങ്ങൾ മാത്രം മതിയാകില്ല; വ്യക്തികളുടെ ബോധവത്കരണവും ഉത്തരവാദിത്തപരമായ ഡിജിറ്റൽ പെരുമാറ്റവും അത്യാവശ്യമാണ്.
ഡിജിറ്റൽ ലോകം അനവധി സൗകര്യങ്ങൾ നൽകുന്നുണ്ടെങ്കിലും, വ്യക്തി സ്വകാര്യതയെ സംരക്ഷിക്കാത്തപക്ഷം അതിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കും. അതിനാൽ ഓരോ പൗരനും തന്റെ ഡിജിറ്റൽ അവകാശങ്ങളെക്കുറിച്ച് ബോധവാനായിരിക്കണം. സുരക്ഷിതവും ഉത്തരവാദിത്വപരവുമായ ഡിജിറ്റൽ ജീവിതം നയിക്കുന്നതിലൂടെ മാത്രമേ വ്യക്തി സ്വകാര്യത ഉറപ്പാക്കാൻ കഴിയൂ.



