ഉണ്ണിയുണർന്നു
കണ്ണുതുറന്നു നല്ലുദയകിരണ
മുണ്‌മയായി യമ്മയായ്
യനുഭൂതിയൂർജമായ്
നിറഞ്ഞ
കമേയെന്നാകിലുമമ്മയെയോർത്ത
ഞൊടിയിലാ
സങ്കടസാഗരമാർത്തു വന്നു
അമ്മമ്മ തന്നുടെ വാത്സല്യ നോട്ടത്തെ
കണ്ടിട്ടുംകണ്ടില്ലായെന്ന മട്ടിൽ തൻ
വേപഥു മാറ്റാനായ്
മുറ്റത്തിറങ്ങിയൊരൊറ്റമൈനയെ
പാർത്തവൻ മൗനമായി
“അമ്മ മറുനാട്ടിലുണ്ണി
ക്കായ് സമ്മാനം
വാങ്ങുവാൻ
പോയതല്ലേ”
എന്നമ്മമ്മ ചൊല്ലിയ
വാക്കുകളുണ്ണിക്കുൾ
ത്താപമൊട്ടുമേകുറച്ചതില്ല
വജ്രത്തിളക്കകിരണ
നാവിനാൽവാചാലനാർന്നബാലസൂര്യ
നുണ്ണിക്കുക്രീഡയ്ക്കായ്കൂട്ടുവന്നു.
ഒളിച്ചുകളിക്കാനെ
ത്തിയകുഞ്ഞനിലൻ
മെല്ലെതഴുകിതലോടി നിന്നു
ഈറനാ മിഴിയിലെ നിർത്തുള്ളികൾ
കൺപീലിത്തുണ്ടാലടക്കിവെച്ചൊ
രുണ്ണിയാരുടെയോഭാഷണശകല
ങ്ങളാശങ്കയോടെയോർത്തു
പോയി.
“കാശു വേണ്ടയോ ജീവിക്കുവാൻ
നമ്മുടെ നാട്ടിലോ നൽ
ജോലിയില്ലമക്കളെ നോക്കിയിവിടെയി
രുന്നാൽമക്കളൊടുവിൽശത്രുവാകും. ”
അമ്മയെ നിർബന്ധിച്ചതച്ഛനാണോ
തിരിച്ചച്ഛനെ കൂട്ടിയതമ്മയാണോ
കൂട്ടിമുട്ടാജീവിതരേഖകളിലുണ്ണിയിവിടെ
യേകനായി
ഉൾപ്പൂവുവാടിക്കരിഞ്ഞെങ്കിലും
ഉന്മേഷ ഭാവേന ചൊല്ലിയവൻ
കാശുവേണ്ടമ്മൂമ്മേ എനിക്കമ്മയെ
കാണണമെന്നുമെപ്പോഴുമേ
പിന്നെയവൻമാതാ
വിൻ ചേലയെടുത്തിട
നെഞ്ചോടുചേർത്തു മുകർന്നു നിന്നു.
മറ്റുള്ളകുട്ടികൾ
മാതാപിതാക്കൾക്കൊപ്പ
മുറങ്ങുന്നതോർത്ത പാടെ
തന്നമ്മതൻവാസനയൊട്ടിയവസ്ത്ര
ത്താലാനനം
മറച്ചാഗന്ധമേറ്റുനിരാകുലനായ്
ഉണ്ണി പഠിച്ചു വളർന്നു
കഴിഞ്ഞാലമ്മയെ
യെങ്ങും വിടുകയില്ല നിശ്ചയദാർഢ്യ
പ്രവാഹ
മശ്രുവായമ്മ തൻ ചേലയാർദ്രമാക്കി.




ജീവിതം തേടി അലഴാഴിതാണ്ടുന്നവന്റെ വീട്ടകങ്ങളിൽ കുഞ്ഞു മനസിൻ്റെ ഒറ്റപ്പെടലുകൾ . ജീവിതം കെട്ടിപ്പടുക്കുമ്പോൾ അനുവഭവവേദ്യമാകാതെപോകുന്ന ജീവിതത്തിന്റെ നൊമ്പരങ്ങളുമായി പ്രവാസി….
നന്നായിട്ടുണ്ട്
മാതൃവാൽസല്യത്തിന്റെ ഒരു ബാലാമണിയമ്മ കൂടി പുനർജനിക്കുന്നുവോ റോമി .
ഭാവുകങ്ങൾ❤️❤️❤️
. ബാല്യ മനസ്സിന്റെ നൊമ്പരങ്ങൾ ഒപ്പിയെടുത്ത നല്ല കവിത…… അഭിനന്ദനങ്ങൾ റോമി ബെനിക്ക്……. ഇനിയും എഴുതു…..❤️
ബാല്യത്തിൽ അമ്മയ്ക്ക് പകരം അപ്പൻ പോയപ്പോളുള്ള ഓർമ്മകളിൽ കൂടി ഒന്നൂടെ മിന്നിമറഞ്ഞു പോയി..പിന്നെയും പിന്നെയും പിതാവിന്റെ കുപ്പായതിന്റെ ഓരോ ഇഴകളിലെയും മണമാ സ്വദിച്ചു ഉറങ്ങുമ്പോ കുപ്പായം വിടർത്തി യിട്ട് അതിൽ കിടന്നുറങ്ങിയ എന്റെ ബാല്യവും ഇതുപോലെ തന്നെ യുള്ളൊരു ഓർമയാണ് ടീച്ചർ… നന്നായി മനസ്സിൽ തൊടുന്ന എഴുത്തു…