ആരാ…. ദാ വരുന്നു ട്ടോ….
ങ്ഹാ … ദേവനോ ? വാ..വാ… ദേവാ കയറിവാ.
എവിടായിരുന്നെടോ നീ. എത്ര മാസമായി കണ്ടിട്ട്.
ഞാൻ ചെറിയൊരു യാത്രയിലായിരുന്നെടോ. നമുക്കു ചുറ്റുമുള്ള ചാപല്യങ്ങളും ചാഞ്ചാട്ടങ്ങളും, ചൂതാട്ടങ്ങളും, കുതികാൽ വെട്ടും, കഴുത്തു വെട്ടും, അങ്ങിനെ അങ്ങിനെ നിരവധി സംഭവങ്ങൾ കണ്ട് മനസ്സ് മടുത്തപ്പോൾ, ഈ രാജ്യത്ത് നമുക്ക് വേണ്ടി തുറന്നിട്ട വാതായനങ്ങളിലൂടെ ഒരു സഞ്ചാരം .
ഓഹോ… എന്നിട്ട് നീ ശുദ്ധവായു നുണഞ്ഞോ ?
അത് പിന്നേ…..
ആ…. അത് പറയാം. നീ ഇരിക്ക്. എന്താ കുടിക്കാൻ വേണ്ടത് ?
നല്ല ചൂടുള്ള ഒരു ഗ്ലാസ് ചായ വേണം . നീ ചായ കുടിച്ചു കാണില്ല എന്ന് മനസ്സിലായി .
ആ… അതെങ്ങിനെ മനസ്സിലായി .
അത് കയറി വരുമ്പോൾ തന്നെ പത്രം പുറത്ത് കിടക്കുന്നതു കണ്ടു. പിന്നെ ദാ … നിൻ്റെ ഈ കോലവും.
അത് കലക്കി. നിൻ്റെ നിരീക്ഷണം കൊള്ളാം.
അല്ല രഘൂ ഇന്ന് തിരുവോണമല്ലേ. എന്നിട്ടെന്താ ഇങ്ങിനെ?
എങ്ങിനെ ?
അല്ല നീ ഇത്ര സമയമായിട്ടും ഉറക്കമെഴുന്നേറ്റില്ല, കൂടാതെ വീട്ടുകാരിയേയും മക്കളേയും കാണുന്നില്ല. എന്തു പറ്റിയെടോ ?
ഓ… അതോ. കെട്ട്യോളും കുട്ട്യോളും അവളുടെ വീട്ടിൽ പോയി. പിന്നെ ഞാൻ രണ്ടു ദിവസം മുൻപ് ഓഫീസിൽ നിന്ന് ഒരു മീറ്റിംഗിന് മദ്രാസിൽ പോയതായിരുന്നു. ഓണവും കഴിഞ്ഞേ വരത്തുള്ളു എന്നാണ് ആദ്യം പറഞ്ഞത്. അതുകൊണ്ട് ഓണമല്ലേ എന്ന് കരുതി അവരോടൊക്കെ വീട്ടിൽ പോയിക്കോളാൻ പറഞ്ഞു. മീറ്റിംഗുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിചാരിച്ചതിലും നേരത്തേ കഴിഞ്ഞു. അതിനാൽ അവര് പ്ലാൻ മാറ്റി. ഇന്നലെ രാത്രി ഒത്തിരി വൈകിയാണ് ഇവിടെ എത്തിയത്. ഉറക്കമൊക്കെ കഴിഞ്ഞ് അങ്ങോട്ട് പോകാം എന്ന് കരുതിയിരിക്കുവാണ്.
അതേതായാലും നന്നായി. ഓണം എല്ലാവരോടും കൂടെ ആഘോഷിക്കാമല്ലോ.
എട ദേവാ… പറഞ്ഞ് പറഞ്ഞ് ചായയിടാൻ മറക്കും. നീ വാ. ഒന്ന് അടുപ്പ് നോക്കിയേ. ഞാനുടനെ ഒന്ന് പല്ലുതേച്ച് വരാം.
ഓ… അതിനെന്താ. നീ വെള്ളം വെക്കെടാ രഘു.
ദേവാ… നിനക്ക് ദോശയും ചമ്മന്തിയും ആയാലോ. ദോശമാവ് റഡിയാണ്. ചമ്മന്തിയും ഫ്രിഡ്ജിൽ ഉണ്ട്. എന്താ?
എയ് അതൊന്നും വേണ്ട. ദാ.. ഇവിടെ നല്ല മുറുക്കും കാജയും ഇരിക്കുന്നു. ഇതുമതി.
എങ്കിൽ നീ അതെടുത്ത് മേശപ്പുറത്ത് വയ്ക്കു. ഞാനിതാ ചായയുമായി വരുന്നു.
ആ …. നീ ശുദ്ധവായു തേടിപ്പോയിട്ട് എന്തായി ?
രഘൂ… ബന്ധങ്ങൾ ബന്ധനങ്ങളായി നമ്മുടെ കൈകാലുകളെ ബന്ധിക്കുമ്പോൾ നമ്മൾ അറിയുന്നില്ല ലോകം വിശാലമാണെന്ന് . എന്നാൽ ആ ബന്ധനങ്ങളിൽ നിന്ന് പുറത്തുകടന്ന് വിശാലതയിലലയുമ്പോൾ നമ്മൾ അറിയുന്നു ബന്ധനങ്ങളിൽ നിന്ന് നമുക്കൊരിക്കലും മോചനമില്ലാ എന്ന്.
അതെന്താ ദേവാ അങ്ങിനെ ?
എടാ… ഞാൻ ചുറ്റിയ നാടുകൾ, നഗരങ്ങൾ എല്ലാം വളരെ വളരെ വിശാലമാണ്. എന്നാൽ എവിടെയും സ്നേഹമില്ല. സഹകരണമില്ല. പരസ്പരം മനസ്സിലാക്കൽ ഇല്ല. എല്ലാം മുതലെടുപ്പ് രാഷ്ട്രീയം മാത്രം.
വികസനത്തിൻ്റെ കാര്യത്തിൽ വിദേശങ്ങളേപ്പോലും വെല്ലുന്നു എന്ന് പറയുമ്പോഴും വിഭാഗീയതയുടെ കാര്യത്തിൽ വിചിത്രമാകുന്ന കാഴ്ച്ചകൾ . വിരൽത്തുമ്പിൽ കറങ്ങുന്ന ലോകം എന്നവകാശപ്പെടുമ്പോൾ വിവരമില്ലായ്മയുടെ കൂത്തരങ്ങാകുന്ന പശ്ചാത്തലം.
പിന്നെ നീ എന്ത് കരുതിയെടാ ദേവാ. കാണുന്ന കുന്നും മലയും മുഴുവൻ ചോറാണെന്ന് കരുതിയോ ?
അനുഭവങ്ങളല്ലേ രഘൂ നമ്മുടെ പാഠം.
ദേവാ… നീ ഏതായാലും ഇന്ന് ഓണമായിട്ട് ഒറ്റയ്ക്കല്ലേ. നമുക്ക് ഒരു കാര്യം ചെയ്യാം. നല്ല രണ്ട് ഓണസദ്യ ഓർഡർ ചെയ്താലോ. ഞാൻ ഭാര്യ വീട്ടിൽ പോകുന്നില്ല. എന്താ.
ഏയ് അതു വേണ്ട. നീ പോയ്ക്കോ. ഞാൻ എവിടുന്നേലും കഴിച്ചോളാം.
അതു വേണ്ട ഞാൻ ഓർഡർ ചെയ്യാം ഇവിടെ നല്ല അടിപാളി സദ്യകിട്ടുന്ന ഒരു സ്ഥലം ഉണ്ട്. നീ ഇരി. എന്നിട്ട് ദാ… ആ മേശയ്ക്കകത്ത് ഞാൻ ഇന്നലെ കൊണ്ടുവന്ന ഒരു ഫുൾ ഇരിപ്പുണ്ട്. ഫ്രിഡ്ജിൽ ഐസും . നീ അതെടുത്ത് വയ്ക്ക്.
എന്നാ ഓകെ. ഇപ്പം ശരിയാക്കിത്തരാം.
ദേവാ എന്താ നിൻ്റെ മക്കളുടെ കാര്യം. നീ അവരെയൊന്നും കാണാൻ പോകുന്നില്ലേ.
മകൻ അങ്ങ് ഹൈദ്രബാദിൽ പഠിക്കുവല്ലേ. മകള് തിരുവനന്തപുരത്തും. അവർക്ക് ഞാൻ ചെല്ലണമെന്നൊന്നും ഇല്ലടോ. മാസാമാസം മുടങ്ങാതെ കാശ് കിട്ടിയാൽ മതി. അതിന് ഭംഗം വരുകയാണെങ്കിൽ മാത്രം അവർക്ക് എൻ്റെ നമ്പർ ഓർമ്മവരും. ഇല്ലേൽ നമ്മൾ ഒരു അധികപ്പറ്റാണെടോ അവരുടെ ജീവിതത്തിൽ.
ദേവാ… നീ ഈ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ല. എടാ അവര് നിൻ്റെ സ്വന്തം മക്കളല്ലേ. പിന്നെന്താ ?
സ്വന്തം മക്കളാണെന്നതൊക്കെ ശരിതന്നെയാ. എന്ന് അവരെ ഉന്നത വിദ്യാഭ്യാസത്തിന് അയച്ചോ അന്നുമുതൽ നമ്മൾ അവർക്ക് എന്തോ ഒരു അധികപ്പറ്റാണ്. കാശിനുവേണ്ടി പൂക്കുന്ന ഒരു പൂമരം മാത്രം. അത് പൂക്കുന്നില്ല എന്നറിഞ്ഞാൽ അവരത് മുറിച്ചു മാറ്റാനും മടിക്കില്ല. അതാണ് അവസ്ഥ.
അവിശ്വസനീയമാണ് ദേവാ നീ ഈ പറയുന്നത്. നമ്മുടെ മക്കൾ, നമ്മുടെ പ്രതീക്ഷകൾ ….?
ങ്ഹാ… ആരോ ബെല്ലടിക്കുന്നുണ്ടല്ലോ. ഓണസദ്യ എത്തിയെന്ന് തോന്നുന്നു.
ഞാൻ നോക്കാം.
ദേവാ… എടാ…. ദാ … ഇതാരാ വന്നതെന്ന് നോക്കിയെ ?
ആഹാ… മാവേലിയോ . ഇത് കൊള്ളാലോ. ഓണസദ്യയുമായി മാവേലി തന്നെയാണല്ലോ വന്നിരിക്കുന്നത്. ഇത് കലക്കി.
ഇതെന്താ സുഹൃത്തേ ഈ വേഷത്തിൽ ഒരു ഡലിവറി. എന്തായാലും കൊള്ളാം. വാ അകത്തോട്ട് വാ. ഓണമായിട്ട് മാവേലി വീട്ടിൽ വന്നതല്ലേ അകത്ത് കയറാതെ പോയാലെങ്ങിനെയാ.
അതു ശരിയാ. വാടോ. കേറിവാ .
വേണ്ട സാർ. എനിക്ക് ഇനിയും ഒത്തിരി വീടുകളിൽ സദ്യ എത്തിക്കാനുണ്ട്. ഞാൻ നിൽക്കുന്നില്ല. പോകണം.
ഏയ് അതൊന്നും സാരമില്ല. ഇന്ന് തിരുവോണമായിട്ട് ഒരു മാവേലി വീട്ടിൽ വന്നിട്ട് കയറാതെ പോയാലെങ്ങിനെയാ. വാ കേറിവാ .
ഉം… ഇരിക്ക്. എന്താ കുടിക്കാൻ വേണ്ടത്. പെട്ടന്ന് കിട്ടുന്നതാണെങ്കിൽ ദാ… നല്ല ഫോറിനുണ്ട്. രണ്ടെണ്ണം അടിച്ചിട്ടു പോകാം. അതല്ലങ്കിൽ ജ്യൂസ് അടിച്ചു തരാം.
വേണ്ട സാർ. ഒന്നും വേണ്ട.
അത് പറ്റില്ലന്ന് പറഞ്ഞില്ലേ. എടോ മാവേലീ. താൻ ഈ വേഷം കെട്ടി ഇവിടെ ഈ ഭക്ഷണം കൊണ്ടുവന്നത് ജീവിക്കാൻ വേണ്ടിയല്ലേ. അതായത് കാശിനു വേണ്ടി. നിനക്കറിയോ മഹാബലിത്തമ്പുരാൻ നാടുവാണ കാലത്ത് എന്താ ചെയ്തതെന്ന്.
തൻ്റെ നാട്ടിലെ പ്രജകൾ എല്ലാവരും ഒരുപോലെ ഉണ്ണുകയും ഉടുക്കുകയും ചെയ്യുക. കള്ളവും ചതിയുമില്ലാത്ത സാഹോദര്യ സമൂഹം നിലനിർത്തുക. രാജ്യത്ത് സമ്പത്തും സമൃദ്ധിയും നിലനിർത്തുക. ആഘോഷങ്ങൾ എല്ലാവരുടേതുമാക്കുക. ദുരിതമനുഭവിക്കുന്നവരെക്കണ്ട് ദുരിതനിവാരണം ചെയ്യുക, അങ്ങിനെ അങ്ങിനെ എന്തൊക്കെയായിരുന്നു മൂപ്പരുടെ ഭരണപരിഷ്ക്കാരങ്ങൾ.
സാർ ഇതൊക്കെ കേട്ടിരുന്നാൽ എൻ്റെ ജോലി പോകും സാർ . ഞാൻ പട്ടിണിയാകും.
ജീവിക്കാൻ വേണ്ടിയാണെങ്കിലും നീ ധരിച്ച ഈ വേഷം, നീ ചെയ്യുന്ന ഈ പ്രവൃത്തി അത് നിന്നെ ഇന്ന് ശരിക്കും മഹാബലിയാക്കുന്നെടോ സുഹൃത്തേ. ഇന്ന് ഈ വേഷത്തിൽ ആഹാരവുമായി നീ ഞങ്ങളുടെ മുന്നിൽ പ്രത്യക്ഷപെട്ടപ്പോൾ ശരിക്കും ഈ ദിവസത്തിൻ്റെ സ്വാദ് നുണഞ്ഞ ഒരവസ്ഥ.
രഘു…. മാവേലിയോട് ഊണ് കഴിച്ചോന്ന് ചോദിക്കടോ. ഇല്ലങ്കിൽ നമുക്ക് ഒന്നിച്ച് ഊണ് കഴിക്കാമെന്ന് പറ.
അയ്യോ വേണ്ട സർ – ഞാൻ പോകട്ടെ.
വാമനൻ മഹാബലിയെ ചവിട്ടിത്താഴ്ത്തി രാജ്യം നഷ്ടപ്പെടുത്തിയത് പോലെ ഞങ്ങൾ നിന്നെ പിടിച്ചു വച്ച് ജോലി നഷ്ടപ്പെടുത്തുന്നില്ല. എന്തായാലും ഇന്നീ ന്യൂജൻ യുഗത്തിലും മഹാബലി തമ്പുരാൻ്റെ ചിന്തയും കാഴ്ച്ചപ്പാടും മാത്രമല്ല അദ്ദേഹത്തിൻ്റെ രൂപവും ജനങ്ങൾ കൂടുതൽ കൂടുതൽ അറിയുന്നു, അംഗീകരിക്കുന്നു, അനുകരിക്കുന്നു എന്നതിൽ അതിയായ സന്തോഷം തോന്നുന്നു.
സാർ , സമത്വസുന്ദര ലോകം പിറക്കാൻ സ്നേഹ സൗഹൃദ സഹോദര്യത്തിൽ പുത്തൻ സമൂഹത്തിൻ്റെ പിറവി ആവശ്യമാണ്. സമഭാവനകൾ ചിറകുവിടർത്തുന്ന പുത്തൻ കാഴ്ച്ചപ്പാടുകൾ ആവശ്യമാണ്. ഞാനെന്ന അഹംഭാവം വെടിഞ്ഞ്, നമ്മൾ എന്ന സൗഹൃദ ഭാവം കെട്ടിപ്പടുത്ത് നന്മയുടെ പുത്തൻ വെളിച്ചം വിതറണം. നാട് ഭരിക്കുന്നവർ നാടിനെ ഭരിക്കണം. നാട്ടിലിറങ്ങി നടക്കണം. നമ്മളെ അറിയണം. ജനം എന്നത് ഒരു വാക്കല്ല, ഞാൻ ഭരിക്കുന്ന നാട്തന്നെയാണ് എന്ന് തിരിച്ചറിയണം.
പൂക്കാലം വിടരുന്നത് പൂക്കൾക്ക് വേണ്ടിയല്ല. പുഞ്ചിരിക്കുന്ന നാടിനുവേണ്ടിയാണ്.
വരട്ടെ സാർ. സമൃദ്ധിയായി ഓണം ഉണ്ണുക.
ആഹാ… അപ്പോൾ നിങ്ങൾ അറിയാതെ വന്നതല്ല അറിഞ്ഞു കൊണ്ട് വന്നതാണ്. മാവേലിയായിത്തന്നെ. അല്ലേ….?
ഇന്നത്തെ ഓണം. ഈ തിരുവോണം മാവേലിയുടെ സാമീപ്യത്തിൽ, സന്തോഷമായി. ഒത്തിരി സന്തോഷമായി. പോയി കൊള്ളു. ഇതുപോലെ നിറയെപേർ ഇന്നു നിങ്ങളുടെ സാമീപ്യം കൊതിക്കുന്നുണ്ടാകും.




Nice story
ഒത്തിരി സ്നേഹം സലാം ഭായ്💖🥰🤝
വളരെ വളരെ ഇഷ്ടപെട്ടു മാവേലി നമ്മുടെ വീട്ടിൽ വന്നാൽ ഇങ്ങനെ തന്നെ സ്വീകരിക്കണം
മറ്റൊന്നു എല്ലാം പണം നടത്തുന്ന ഇത്രജാല പ്രകടനങ്ങൾ മക്കൾക്കും നമ്മളെആവശ്യമില്ലാ പണം മതി രാഷ്ട്രീയ കോമരങ്ങൾ നാടുമുടിച്ചു വീടു സംരക്ഷിച്ചു എല്ലാം വ്യക്തമായി രേഖപ്പെടുത്തിയതിന് രവി ഭായിക്ക് അഭിനന്ദനങ്ങൾ
ആശംസകൾ
സന്തോഷം, സ്നേഹം🌹🤝💖
ഒരുപാട് ഒരുപാട് സന്തോഷം അനന്ദു ഭായ് . ഒത്തിരി സ്നേഹം🌹🤝💖
സൂപ്പർ ,കാലഘട്ടം ആഗ്രഹിക്കുന്ന എഴുത്ത്… keep it up
ഒത്തിരി സന്തോഷം🤝💖🌹
വളരെ നന്നായി. രണ്ട് പേർ തമ്മിലുള്ള സംഭാഷണവും ഒപ്പം മാവേലിയുടെ വരവും ‘ഹൃദ്യമായ രചന ഒപ്പം ചിന്താപരവും’ പിടിച്ചിരുത്തി വായിപ്പിച്ചു ഒരു പാടി നന്ദി ആശംസകൾ
വായനയ്ക്കും, അഭിപ്രായത്തിനും, ആശംസകൾക്കും ഒരായിരം നന്ദി💖🌹🤝
നന്നായിട്ടുണ്ട് 😍
സന്തോഷം സ്നേഹം💖🌹🤝
സൂപ്പര് അടിപൊളി
Thank you Muhammed Bhai🥰💖🤝
നന്നായിട്ടുണ്ട്.✍️ പുതുമയുള്ള രചന🤝 കുറച്ചു കുറക്കാമായിരുന്നു ആദ്യഭാഗത്ത്.. വിജയാശംസകൾ മാഷേ🌹🌹
വായനയ്ക്കും അഭിപ്രായത്തിനും ആശംസകൾക്കും ഒരായിരം നന്ദി ഡിയർ പ്രഭ ദിനേഷ് . താങ്കളുടെ വിലയേറിയ അഭിപ്രായം നെഞ്ചേറ്റുന്നു.💖💖🤝🤝
തികച്ചും യുക്തിപരമായ മറുപടി ‘ ഓണത്തേയും ഓണാഘോഷത്തേയും പല തലമുറകളുടെ വീക്ഷണകോണിലൂടെ നോക്കിക്കണ്ട പ്രതികരണം. കുടുംബ ബന്ധങ്ങളിലെ ആത്മാർത്ഥത, സ്നേഹ ബന്ധങ്ങളുടെ ബലക്ഷയം, പാർസൽ സംസ്കാരത്തിൻ്റെ അതിപ്രസരം, മാവേലി നാടിൻ്റെ മഹത്വം ഇവയെല്ലാം ഒരു രസച്ചരടിൽ കോർത്ത് മലയാളി മനസ്സുകളുടെ മാറിൽ ചാർത്തി.
എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ.
സ്നേഹപൂർവ്വം,
രഞ്ജിത്ത് ഹരിപ്പാട്.
ഇത് ഒരു വായനക്കാരൻ്റെ വാക്കുകളാണ്. Fb യിൽ കുറിച്ചത്. നിങ്ങൾക്കായ് ഞാനത് പങ്കുവച്ചു എന്ന് മാത്രം.
നല്ല രചന, പ്രവാസിയെ വരച്ചു ചെയ്തിട്ടുണ്ട് 😁
Thanks a lot🥰🥰
വളരെ നല്ല രചന, വായനയ്ക്ക് നല്ല ആകാംക്ഷ നൽകുന്നു. കൂടാതെ വ്യത്യസ്ഥമായ ഭാവന യിലൂടെ മാവേലിലെ സ്വീകരിച്ചത് പ്രത്യേകം ആശംസ അർഹിക്കുന്നു.
കമൻ്റ് നേരിട്ട് ഇവിടെ പോസ്റ്റ് ചെയ്യാൻ കഴിയാത്ത ഒരു സുഹൃത്തിൻ്റെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുന്നു.
പേര് : അമ്പിളി
🌹🌹💖💖💖🥰🥰🤝
ആശംസകൾ