മഞ്ഞുമൂടിയ ഒരു പകൽ. തണുത്ത കാറ്റ് വീശിയടിച്ചു. വിളവെടുപ്പിന് പാകമായിക്കഴിഞ്ഞ ചോളച്ചെടികൾ കാറ്റിൽ നൃത്തമാടി. ചോളത്തോട്ടത്തിലൂടെ സദാനന്ദൻ മാഷ് നടന്നു.
സ്കൂൾ അവധിയായിരുന്നിട്ടും കുട്ടികൾ കയ്യിൽ തൂങ്ങി ഒപ്പമുണ്ട്. കഴിഞ്ഞ നാലുമാസം കൊണ്ട് അവരിൽ ഒരാളായി സദാനന്ദൻ മാഷ് മാറിക്കഴിഞ്ഞിരുന്നു.
എല്ലാ ജീവജാലങ്ങളും സ്വപ്നം കാണാറുണ്ട് ഉറക്കത്തിൽ എല്ലാം യാഥാർത്ഥ്യമാണെന്ന് തോന്നും. ഉണരുമ്പോൾ ചിലത് സത്യമാണെന്നും. ചിലത് നടക്കാൻ സാധ്യതയുള്ളതാണെന്നും തോന്നും. ഇവിടുത്തെ കുട്ടികൾക്ക് നിറമുള്ള സ്വപ്നങ്ങൾ പകർന്നു നൽകാൻ കഴിഞ്ഞതോർത്ത് സദാനന്ദൻ മാഷ് സ്വയം കൃതാർഥനായി..
അവർ അവരുടെ ഭാഷയിൽ നിന്നും മാറി നല്ല മലയാളം സംസാരിക്കുവാൻ പ്രാപ്തരായിത്തുടങ്ങി. പാഠപുസ്തകങ്ങളിലെ കഥയും കവിതയും വായിച്ചു മനസ്സിലാക്കാൻ തുടങ്ങി. കഥകൾ കേൾക്കുവാനും, കേട്ട കഥകൾ മറ്റുള്ളവരോട് പറയുവാനും അവർ തൽപ്പരരായി. ജീവിതം കഷ്ടപ്പാട് നിറഞ്ഞതാണെന്ന് തോന്നുന്ന ചില സമയങ്ങൾ ഉണ്ട്. പക്ഷേ,ലക്ഷ്യം നല്ലതാണെങ്കിൽ എല്ലാ കഷ്ടപ്പാടുകളും വളരെ ലളിതമായി അനുഭവപ്പെടും.
“എവിടേക്കാണ് മാഷും കുട്ടികളും.?”
“ഇവന്റെ വീട്ടിലൊന്നു ചെല്ലാൻ നിർബന്ധിക്കുന്നു,അമ്മാവാ..”
“ഡേയ്,ഞാനും കൂടി വരട്ടെ…”
കുട്ടികൾ ചിരിച്ചുകൊണ്ട് തലയാട്ടി..
“വരു, അമ്മാവാ. ഇവിടെ അമ്മാവൻ അറിയാത്ത ഏത് വീടാണുള്ളത്..?”
” ഞാൻ വെറുതെ പറഞ്ഞതാണ്, നിങ്ങൾ പോയിട്ട് വരൂ…
സൂര്യൻ അസ്തമിച്ചിട്ട് കുറേ നേരമായി.
മേഘങ്ങൾ മലയുടെ ഉച്ഛിയിൽ ചുവന്ന ചായം തേച്ചു.
“മാരന്റെ വീട്ടിൽ നിന്നും എന്ത് തന്നു…?”
ക്വാർട്ടേഴ്സിൽ എത്തിയപ്പോൾ അമ്മാവൻ ചോദിച്ചു.
“നിലക്കടല പുഴുങ്ങിയത്..
ഞാൻ വേണ്ട എന്ന് കുറെ പ്രാവശ്യം പറഞ്ഞതാണ്. പക്ഷേ, അവർ സമ്മതിച്ചില്ല…”
“അവര് പാവങ്ങളാണ് മാഷേ.
സ്നേഹിക്കാൻ മാത്രമേ അറിയൂ.
നിഷ്കളങ്കരായ മനുഷ്യർ”
“അതെ, ഇത്രനാൾ കൊണ്ട് മനസ്സിലായി ”
“മാഷിനെ ഊരിലുള്ള എല്ലാവർക്കും വലിയ കാര്യമാണ്. നാലു മാസങ്ങൾ കൊണ്ട് മാഷ് കുട്ടികളെ എഴുതാനും വായിക്കാനും പഠിപ്പിച്ചല്ലോ!
എങ്ങനെ സാധിച്ചു..?”
“നമ്മൾ അവരെ സ്നേഹിച്ചാൽ മാത്രം മതി അമ്മാവാ.
അതുകൊണ്ടുതന്നെ കുട്ടികൾ ദിവസവും സ്കൂളിൽ വരാൻ തുടങ്ങി.
ക്ലാസ് നഷ്ടപ്പെടാത്തത് കൊണ്ട് അവരെല്ലാം പെട്ടെന്ന് പഠിച്ചെടുത്തു.
നല്ല ബുദ്ധിയുള്ളവരാണ് ഇവിടുത്തെ കുട്ടികൾ…. ”
നല്ല ഇരുട്ടുള്ള ഭാഗങ്ങളിൽ നിന്നും മിന്നാമിനുങ്ങുകൾ വെട്ടി തിളങ്ങുന്നുണ്ടായിരുന്നു.
“നമുക്ക് കിടന്നാലോ…?
അടുക്കളയിലേക്കുള്ള സാധനങ്ങൾ തീർന്നില്ലേ നാളെ രാവിലേ നമുക്ക് കടയിൽ പോകണം.”
“ഉം, ശരി…”
പ്രഭാതത്തിൽ പെയ്ത മഴയ്ക്ക് ശേഷം സൂര്യൻ കാർമേഘങ്ങൾക്ക് പിന്നിൽ നിന്നും ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
സദാനന്ദൻ മാഷ് എഴുന്നേറ്റ് വന്നപ്പോൾ അമ്മാവൻ അടുക്കളയിൽ ആയിരുന്നു.
“ഇന്നും ബ്രേക്ക് ഫാസ്റ്റിന് ഉപ്പുമാവ് ആണോ…?”
“അതെ നല്ല സൂപ്പർ ഉപ്പുമാവ്…..
റവ വറുത്തതാണ് മാഷേ…”
അമ്മാവൻ എന്നും പറയും
“റവ വറുത്തതാണ് മാഷേ”.
പല്ലില്ലാത്ത മോണ കാട്ടിയുള്ള ചിരി എന്ത് രസമാണ്…
നിഷ്കളങ്കമായ ചിരി…
“ശരി ശരി 365 ദിവസവും ഉപ്പുമാവ് തിന്നാനാണ് എന്റെ യോഗം…!”
” ഇന്ന് നവംബർ നാല് അല്ലേ..?
ഞാൻ അടുത്ത മാസം ക്രിസ്തുമസ് അവധിക്ക് നാട്ടിൽ പോയ് വരുമ്പോൾ പുട്ടുപൊടി കൊണ്ടുവരാം. മാഷിന് ഉപ്പുമാവിൽ നിന്നും ഒരു മോചനം ആവട്ടെ.. ”
“ഓ….ആയിക്കോട്ടെ…സന്തോഷം..”
ഉപ്പുമാവ് കഴിച്ചതിനു ശേഷം ഒരു സഞ്ചിയും എടുത്ത് രണ്ടാളും കടയിൽ പോകാൻ ഇറങ്ങി. കോർട്ടേഴ്സിൽ നിന്നും കുറച്ചു ദൂരം ചെറിയ ഇറക്കമാണ്.
കാട്ടുവള്ളികളിൽ ചവിട്ടി സദാനന്ദൻ മാഷ് പല പ്രാവശ്യം തെന്നി വീഴാൻ പോയി.
“ഈ വഴിയൊക്കെ എന്നാണ് നേരെ ആവുക?”
“ഈ വഴി നേരെ ആയില്ലെങ്കിലും ഫോറസ്റ്റ് ഓഫീസ് വരെ ഉള്ള വഴി , ഒന്നു ശരിയാക്കിയാൽ മതിയായിരുന്നു.
എത്ര വർഷമായി ഞാൻ ഇവിടെ താമസിക്കുന്നു!
തമിഴ്നാട്ടിലൂടെ അല്ലാതെ കേരളത്തിലൂടെ ഇവിടേക്ക് വരാൻ ഒരു വഴിയുണ്ടോ..?
“കൊടും വനം അല്ലേ? അതുകൊണ്ടാവും റോഡു വെട്ടാൻ അനുമതി ഇല്ലാത്തത്. ”
” അപ്പോൾ അറുപതോളം കുടുംബങ്ങൾ ഇവിടെ കിടന്നു നരകിക്കട്ടെ എന്നാണോ?”
“ഞാൻ ആരെയും ന്യായീകരിക്കുകയല്ല, അമ്മാവാ. സാങ്കേതികമായ എന്തെങ്കിലും തടസ്സം ഉണ്ടാകും..”
” അഞ്ചുവർഷം കൂടുമ്പോൾ ഇലക്ഷൻ വരും.അപ്പോൾ മാത്രമേ രാഷ്ട്രീയ പാർട്ടിക്കാർ ഇവിടേക്ക് കടക്കു… ഇവിടുത്തെകാരുടെ വോട്ട് വേണം പക്ഷേ, അവർക്ക് വേണ്ടത് ഒന്നും ചെയ്യുകയില്ല.. ”
” എല്ലാം ശരിയാകും.അമ്മാവാ., ”
“ഉവ്വ്..നമുക്ക് സ്വപ്നം കാണാം..
ശ്.. ശ്… അവിടെനിൽക്ക്..”
“എന്താ അമ്മാവാ..?”
“ആനപ്പിണ്ടത്തിന്റെ മണം..!”
“അയ്യോ…!”
“പേടിക്കണ്ട, പതുക്കെ നടക്കാം..”
മൂന്നു മിനിറ്റ് നടന്നതും വഴിയിൽ ഫ്രഷ് ആനപ്പിണ്ടം..!
“നമ്മൾ സൂക്ഷിക്കണം ഇവിടെ അടുത്ത് എവിടെയോ ആനയുണ്ട്. ”
“അയ്യോ നമ്മളെ ഉപദ്രവിക്കുമോ..?”
ഏയ്.. പക്ഷേ, അതിന്റെ മുൻപിൽ ചെന്ന് പെടാതിരിക്കണം. ”
അമ്മാവന്റെ സംശയം ശരിയായിരുന്നു.
കുറച്ചു മാറിയതും മുളക്കൂട്ടത്തിന് അടുത്ത് ആനകൾ..
മുള ഒടിച്ചു തിന്നുകൊണ്ടിരിക്കുന്നു.
“നമ്മൾ എങ്ങനെയാ പോവുക..?”
“പേടിക്കേണ്ട നമുക്ക് പതുക്കെ നടക്കാം അവറ്റ ഇങ്ങോട്ട് വരില്ല. ”
രണ്ടുപേരും ശബ്ദമുണ്ടാക്കാതെ നടന്നു. പൗലോസ് ചേട്ടന്റെ കടയിൽ എത്തിയപ്പോഴാണ് ശ്വാസം നേരേ വീണത്.
“എന്താണ് സദാനന്ദൻ മാഷ് വിയർത്തു കുളിച്ചിരിക്കുന്നത്..?”
പൗലോസ് ചേട്ടൻ ചോദിച്ചു.
“അത് ആനയെ കണ്ടു പേടിച്ചിട്ടാണ്..
“ആണോ…..?”
” തൽക്കാലം ഒരു ചായ കുടിക്ക്..
അപ്പോൾ ടെൻഷൻ പോവും.”
“വിയർക്കുമ്പോൾ ചായയോ..?”
“എങ്കിൽ സോഡ നാരങ്ങ വെള്ളം എടുക്കാം..”
“എനിക്ക് നാരങ്ങാവെള്ളം മതി.
“ഇന്ന് എന്തൊക്കെയാണ് വേണ്ടത്..?”
അമ്മാവൻ സാധനങ്ങളുടെ ലിസ്റ്റ് പൗലോസ് ചേട്ടന് കൊടുത്തു..
“ഏതോ വണ്ടിയുടെ ശബ്ദം കേൾക്കുന്നുണ്ടല്ലോ..?”
, “വേറെ ഏതു വണ്ടി…?
ഫോറസ്റ്റുകാരുടെ ആവും..”
പൗലോസ് ചേട്ടൻ പറഞ്ഞു.
ഒരു ജീപ്പ് ഫോറസ്റ്റ് ഓഫീസിന്റെ മുൻപിൽ വന്നുനിന്നു.
‘ഫോറസ്റ്റുകാരുടെ വണ്ടിയിൽ വേറെ ആരൊക്കെയോ ഉണ്ടല്ലോ…?”
മുറ്റത്തേക്കിറങ്ങി നോക്കിക്കൊണ്ട് അമ്മാവൻ പറഞ്ഞു.
മൂന്ന് പേർ അതിൽ നിന്നും ഇറങ്ങി.
കടയുടെ അടുത്തേക്ക് വന്നു..
“ചേട്ടാ സീതത്തോട് സ്കൂളിലേക്ക് എതിലെയാ പോകുക…?”
“ആരാ..?
മനസ്സിലായില്ല..”
പൗലോസ് ചേട്ടൻ ചോദിച്ചു.
“ഞങ്ങള് സ്കൂളിലേക്ക് വന്ന പുതിയ മാഷന്മാരാണ്..”
കൂട്ടത്തിൽ അല്പം വണ്ണം ഉള്ള ആള് പറഞ്ഞു.
“മാഷേ സ്കൂളിലേക്കാണ്,”
സദാനന്ദൻ മാഷ് മുറ്റത്തേക്ക് ഇറങ്ങി..
“ആരാ.. ”
, “ഞങ്ങൾ പുതിയ മാഷന്മാരാണ്.”
“പി.എസ്.സി വഴിയുള്ള നിയമനം
ആണോ…?”
“അതെ…. ”
പെട്ടെന്ന് സദാനന്ദൻ മാഷിന്റെ മുഖം മങ്ങി.
“എന്താ മാഷേ..?”
അമ്മാവൻ ചോദിച്ചു.
“ഏയ് ഒന്നുമില്ല…”
“അതല്ലല്ലോ..?
പെട്ടെന്ന് ചിരി മാഞ്ഞുപോയ പോലെ..?”
“അത് അമ്മാവാ സ്കൂളിൽ നാലു പോസ്റ്റാണ് മൂന്ന് അധ്യാപകരും ഒരു പ്രധാന അധ്യാപകനും.
പി എസ് സി വരുമ്പോൾ ഞാൻ പുറത്തു പോകണം..”
പെട്ടെന്ന് അമ്മാവന്റെ മുഖത്തെ ചിരി മാഞ്ഞു.
“അതിനു മാഷ് എന്തിനാണെന്ന് പോകു ന്നുന്നത്?”
“അതങ്ങനെയാണ് അമ്മവാ”
“അവിടുത്തെ മാഷ് ആണോ..?”
കൂട്ടത്തിലുള്ള ഒരാൾ ചോദിച്ചു.
“അതെ..”
” വരു, നമുക്ക് പോകാം.. ”
കടയിൽ നിന്നും സാധനവും വാങ്ങി അവർ സ്കൂളിലേക്ക് തിരിച്ചു.
നടക്കുന്നതിനിടയിൽ എല്ലാവരും പരസ്പരം പരിചയപ്പെട്ടു. മൂന്നുപേരും പാലക്കാട് ജില്ലക്കാരാണ്. തന്നെയുമല്ല മൂന്നാളും ചെറുപ്പക്കാരും ആണ്.
“എവിടെയാണ് ഓഫീസ് മുറി?”
സ്കൂൾ എത്തിയതും ഉയരമുള്ള അധ്യാപകൻ ചോദിച്ചു.
“ഹെഡ്മാസ്റ്റർ ലീവിലാണ്.. ”
ഓഫീസ് മുറി കാണിച്ചു കൊടുത്തുകൊണ്ട് സദാനന്ദൻ മാഷ് പറഞ്ഞു.
“അപ്പോൾ ഞങ്ങൾക്ക് ഒപ്പിടാമല്ലോ അല്ലേ..?”
“ഒപ്പിടാൻ ഇന്ന് ശനിയാഴ്ചയല്ലേ? തിങ്കളാഴ്ചയല്ലേ ഒപ്പിടാൻ പറ്റു..?”
“അയ്യോ അത് പറ്റില്ല ഞങ്ങൾക്ക് ഒന്നാം തീയതി ബുധനാഴ്ച തന്നെ ഒപ്പടണം.. ”
“അതെങ്ങനെ സാധിക്കുക ഞാൻ ഒന്ന് രണ്ട് മൂന്ന് തീയതികളിൽ ഞാൻ ഒപ്പിട്ടല്ലോ?”
“സദാനന്ദൻ മാഷ് പറഞ്ഞു.
ഞങ്ങൾ റിലീവ് ചെയ്ത് വന്നവരാണ് അപ്പോൾ ഒന്നാം തീയതി ജോയിൻ ചെയ്യണം. മാഷ് മൂന്നു ദിവസത്തെ ഒപ്പ് മായ്ക്കണം..”
മൂന്നു ദിവസത്തെ ശമ്പളം പോയതിൽ അല്ല, അവരുടെ ധിക്കാരപരമായ പെരുമാറ്റത്തിലാണ് സദാനന്ദൻ മാഷിന് സങ്കടം വന്നത്. ഓർത്തപ്പോൾ ഉറക്കം വന്നില്ല.
ആളുകളുടെ ബഹളം കേട്ടാണ് രാവിലേ സദാനന്ദൻ മാഷ് കണ്ണുതുറന്നത്.
“എന്താണ് അമ്മാവാ ഒരു ബഹളം..?”
“രക്ഷിതാക്കളാണ്.മാഷ് പോകുന്ന കാര്യം അറിഞ്ഞു വന്നതായിരിക്കും”
വരാന്തയിലേക്ക് ഇറങ്ങിയപ്പോൾ സദാനന്ദൻ മാഷ് ഞെട്ടിപ്പോയി. നൽപ്പതോളം കുട്ടികളും അവരുടെ എല്ലാ രക്ഷിതാക്കളും മുറ്റത്ത്…
“എന്താ എല്ലാവരും കൂടി രാവിലേ?”
“ങ്ങള് പോവണ്ട….”
എല്ലാവരും ഒരുമിച്ച് പറഞ്ഞു..
“പുതിയ മൂന്ന് വാധ്യാർ വന്നിട്ടുണ്ട്..
എനിക്ക് പകരം..”
“അതൊന്നും എങ്കളക്ക് കേൾക്കാവേണ്ട,
നങ്കൾക്ക് ഇങ്ങള് മതി…”
. “അമ്മാവാ അവർക്കൊന്നു പറഞ്ഞു മനസ്സിലാക്കി കൊടുക്കൂ…”
ഒരു കുട്ടി ഒരു കടലാസ് പൊതി സദാനന്ദൻ മാഷിന്റെ നേർക്ക് നീട്ടി.
“എന്താ ത്…?”
അപ്പോഴേക്കും കുറെ കുട്ടികൾ കടലാസുപൊതി തിയുമായി മുൻപോട്ടു വന്നു. സദാനന്ദൻ മാഷ് പൊതികൾ തുറന്നുനോക്കി നിലക്കടല, മഞ്ഞൾ, ചോളം, കുന്തിരിക്കം….
സദാനന്ദൻ മാഷിന്റെ കണ്ണു നിറഞ്ഞു.പെട്ടെന്ന് അകത്ത് കയറി ബാഗുമായി തിരിച്ചുവന്നു.
“മാഷേ ഉപ്പുമാവ് കഴിച്ചിട്ടു പോകാം..
റവ വറുത്തതാണ് മാഷേ…”
“വേണ്ട അമ്മാവാ… നല്ല വിശപ്പില്ല”
എല്ലാവരും നോക്കിനിക്ക് സദാനന്ദൻ മാഷ് നടന്നകന്നു..
(സദാനന്ദൻ മാഷ്…
തുടരും…)




ഇത്രയും പരിശ്രമിച്ച് കുട്ടികളെ അക്ഷരജ്ഞാനികളാക്കി , കഥകൾ പറഞ്ഞ് അമ്മയെ പോലെ സ്നേഹിച്ച് കൂട്ടത്തിലൊരാളായ മാഷിൻ്റെ അവിടം വിട്ട് പോകൽ വായനക്കാർക്കു പോലും സഹിക്കാൻ ബുദ്ധിമുട്ടു തോന്നുന്നു.
പി.എസി കിട്ടി വന്നവർ കാണിച്ച അഹങ്കാര പെരുമാറ്റത്തിൽ വേദനയോടെ പടിയിറങ്ങേണ്ടി വരുന്ന സദാനന്ദൻമാഷ് അവിടത്തെ കുട്ടികളുടെ ഹൃദയത്തിൽ എന്നും ഉണ്ടാകും. വായനക്കാരുടെയും ‘
നേർക്കാഴ്ചയുള്ള എഴുത്ത്.
ആശംസകൾ സർ 🙏
പാവം മാഷ് പോവേണ്ടായിരുന്നു….നല്ലെഴുത്ത്…👍❤️
ജീവിതഗന്ധിയായ എഴുത്ത് 👍