Tuesday, June 17, 2025
Homeസ്പെഷ്യൽപള്ളിക്കൂടം കഥകൾ (ഭാഗം 45) 'താഴ്‌വാരം' ✍ സജി ടി പാലക്കാട്

പള്ളിക്കൂടം കഥകൾ (ഭാഗം 45) ‘താഴ്‌വാരം’ ✍ സജി ടി പാലക്കാട്

സജി ടി പാലക്കാട്

ഈ ഭൂമിയിൽ മനോഹരമായ ഒരുപാട് വസ്തുക്കൾ ഉണ്ട്.
മണ്ണിലെ ചെറു ജീവികൾ, പൂക്കൾ , പുഴുക്കൾ, ചെറുപ്രാണികൾ മുതൽ പൂമ്പാറ്റകൾ വരെ….!

മനോഹരമായത് എന്തും നമ്മൾ നോക്കി നിന്നുപോകും ..!കണ്ണെടുക്കാൻ തോന്നില്ല, മലമടക്കുകൾക്കിടയിലൂടെ ഞെങ്ങിയും ഞെരുങ്ങിയും ഒഴുകുന്ന പുഴയെ പോലെ…

“മാഷേ കുളിക്കുന്നില്ലേ..?
കുറെ നേരമായല്ലോ പാറപ്പുറത്ത് ഇരിപ്പുറപ്പിച്ചിട്ട്..?”

“വെള്ളത്തിന് നല്ല തണുപ്പല്ലേ കൊച്ചു മാഷേ..?”

“ഏയ് ..
ഒറ്റമുങ്ങൽ..!
തണുപ്പ് പമ്പ കടക്കും…!”

“ഞാൻ ആലോചിക്കുകയായിരുന്നു. നിങ്ങളെ കിട്ടിയില്ലായിരുന്നെങ്കിൽ ഒരു കട്ടൻ കാപ്പി പോലും ഉണ്ടാക്കാൻ അറിയാത്ത ഞാൻ എങ്ങനെ ഇവിടെ കഴിഞ്ഞു കൂടുമായിരുന്നു…?”

“ഞങ്ങൾ അല്ലെങ്കിൽ മറ്റൊരാൾ ഉണ്ടാകും മാഷേ ..,
അധ്വാനശീലരായ കുടിയേറ്റ കർഷകരും ,നിഷ്കളങ്കരായ ഗോത്ര ജന വിഭാഗങ്ങളും ഒത്തൊരുമയോടെ കഴിയുന്ന പരുത്തിമല പോലെ ഒരു സ്ഥലത്ത് മാഷിന് സങ്കടപ്പെടേണ്ടി വരികയേയില്ല..”

സോപ്പ് തേച്ച് വെള്ളത്തിലേക്ക് ചാടിക്കൊണ്ട് സദാനന്ദൻ മാഷ് പറഞ്ഞു.

ഏയ്, എന്നാലും നിങ്ങളെപ്പോലെ ആവില്ല ആരും ….!
എനിക്ക് ഉറപ്പാ..”

“ശരി ,അങ്ങനെയെങ്കിൽ അങ്ങനെ…..
ങാ… പിന്നെ, നമ്മുടെ
വിപിൻ നാട്ടിൽ പോയിട്ട് രണ്ടു ദിവസമായല്ലോ ..?
ഇന്ന് വരുമോ ..?”

“ഇന്നു വരും എന്നാണ് പറഞ്ഞത്. മലപ്പുറം നിന്നും വരണ്ടെ ?
ഉച്ചയാകുമ്പോഴേക്കും എത്തും.”

” മാഷേ,സമയം കുറെ ആയി.
സ്കൂളിൽ പോകണ്ടേ..?”

‘ഉം… എൻ്റെ കയ്യിൽ ഒന്നു പിടിക്കൂ. എനിക്ക് നീന്താൻ നല്ല വശമില്ലാ ട്ടോ..”

വെള്ളത്തിൽ ഇറങ്ങിക്കൊണ്ട് ഹെഡ്മാസ്റ്റർ പറഞ്ഞു.

“എനിക്കും നീന്തൽ അറിയില്ല. പക്ഷേ, സദാനന്ദൻ മാഷ് അങ്ങനെയല്ല…..
ചെറുപ്പം മുതൽ പുഴയിൽ കളിച്ചു വളർന്നതാണ്. മഴക്കാലത്ത് കരകവിഞ്ഞൊഴുകുന്ന പുഴ അക്കരെ നീന്തിക്കടന്ന് അക്കരെ പറമ്പിലെ ബംബ്ലൂസ് നാരങ്ങയും പറിച്ചു കൊണ്ട് നീന്തിവരുന്ന വീരശൂര പരാക്രമി….”

“കളിയാക്കണ്ട കൊച്ചു മാഷേ..”

“കളിയാക്കിയതൊന്നുമല്ലല്ലോ ..?
സംഭവം സത്യമല്ലേ …?”
അതൊക്കെ ചെറുപ്പത്തിന്റെ ഒരു തിളപ്പ്….!
ശരി, ശരി …
ഇന്നത്തെ നീരാട്ട് മതിയാക്കി രണ്ടാളും കരയ്ക്കു കയറൂ…”

കുത്തിയൊഴുകുന്ന പുഴയുടെ ഓരത്ത് നിശ്ചലമായ കൊച്ചു കൊച്ചു വെള്ളക്കെട്ടുകൾ ….
ആ വെള്ളക്കെട്ടിൽ ഉണങ്ങിയ ഇലകളും ചുള്ളിക്കമ്പുകളും ഒഴുക്കിന്റെ ശല്യം ഇല്ലാതെ പൊങ്ങി കിടക്കുന്നുണ്ടായിരുന്നു.

ഹെഡ്മാസ്റ്ററിന്റെ തല ദൂരെ കണ്ടതും ഗ്രൗണ്ടിൽ ഓടിക്കളിച്ചിരുന്നു കുട്ടികൾ വേഗം ക്ലാസ്സിൽ കയറി .

കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പി കൊടുക്കുമ്പോഴാണ് വിപിൻ മാഷ് എത്തിയത് .

“എന്തൊക്കെയാണ് നാട്ടിൽ വിശേഷങ്ങൾ..?”

ഭക്ഷണം കഴിക്കുന്നതിനിടെ കുട്ടികൃഷ്ണൻ മാഷ് ചോദിച്ചു.

“ജൂണിൽ ഇവിടെ വന്നതിൽപ്പിന്നെ വീട്ടിൽ പോയിട്ടില്ലല്ലോ..?
അമ്മ കാണണമെന്ന് പറഞ്ഞപ്പോൾ പോയതാണ്.”

“ഉം…”

“സദാനന്ദൻ മാഷിന് സന്തോഷം തരുന്ന ഒരു വാർത്തയുണ്ട്……”

“എനിക്കോ?
എന്താണത് വിപിൻ മാഷേ?”

“അതൊക്കെ സസ്പെൻസ്…! നാലുമണിക്ക് സ്കൂൾ വിട്ടു റൂമിൽ ചെല്ലട്ടെ…
അപ്പോൾ പറയാം..”

“അതെന്താണ് സദാനന്ദൻ മാഷിന് മാത്രമായി ഒരു സന്തോഷവാർത്ത..?”

“നാല് മണിക്ക് പറയാം കൊച്ചു മാഷേ. ”

എന്തായിരിക്കും വിപിൻ മാഷിന്റെ വക സസ്പെൻസ് ?
അതും തനിക്ക് മാത്രം…!
ചിലപ്പോൾ വെറുതെ പറഞ്ഞതാവും…….
താൻ ചോദിക്കാതെ തന്നെ ഇങ്ങോട്ട് പറഞ്ഞതാണല്ലോ..?
അപ്പോൾ നുണ പറഞ്ഞതാവില്ല.
എന്നാലും എന്തായിരിക്കാം ?

ക്ലാസ് എടുക്കുമ്പോഴും സദാനന്ദൻ മാഷിന്റെ ചിന്തകളിൽ ചോദ്യങ്ങൾ ഉയർന്നു.

വിപിൻ മാഷേ സമയം നാലായി. ഇനി പറയൂ ,എന്താ സസ്പെൻസ്?

‘അതോ..?
ഇപ്പോൾ പറയില്ല. റൂമിൽ ചെല്ലട്ടെ..
മാഷിന് കാണിച്ചു തരാം. അത് മാത്രമല്ല , നേരിട്ട് തരാം.”

“ദേ, പിന്നെയും സസ്പെൻസ്…!”

നാലര കഴിഞ്ഞപ്പോൾ എല്ലാവരും റൂമിൽ എത്തി. വിപിൻ മാഷ് ഉള്ളിലേക്ക് പോയി ബാഗ് തുറന്നു ഒരു മാസിക എടുത്ത് സദാനന്ദൻ മാഷിന്റെ നേരെ നീട്ടി.

” ഇതാ…. ഇതാണ് സസ്പെൻസ്.”

“ഇതോ ഇത് ‘നാനാ ‘സിനിമ മാസിക അല്ലേ..?”

പെട്ടെന്ന് സദാനന്ദൻ മാഷിന്റെ മുഖം വെട്ടി തിളങ്ങി…!

മോഹൻലാലിന്റെ കവർ ചിത്രമുള്ള നാന. ‘ഭരതൻ ചിത്രം ഷൂട്ടിംഗ് അട്ടപ്പാടിയിൽ ‘അടിക്കുറിപ്പ് കണ്ടതും വേഗം മാസിക തുറന്നു.

“ഹായ്.. ”

സദാനന്ദൻ മാഷ് സന്തോഷം കൊണ്ട് തുള്ളിച്ചാടി..

“മാഷിന്റെ ഇഷ്ട നായകൻ അട്ടപ്പാടിയിൽ ഉണ്ട്.
അതും നമ്മുടെ നാട്ടിൽ…!”

വിപിൻ മാഷ് പറഞ്ഞു.

” മാഷേ, ഉറക്കെ വായിക്കൂ ..
ഞങ്ങൾക്കും കേൾക്കാമല്ലോ..?”

കൊച്ചു മാഷ് പറഞ്ഞു.

“ഭരതൻ ചിത്രം താഴ്‌വാരം ഷൂട്ടിംഗ് അട്ടപ്പാടിയിലെ അഗളിയിലും പരിസര പ്രദേശങ്ങളിലും പുരോഗമിക്കുന്നു . അനുഗ്രഹ സിനി ആർട്സിന്റെ ബാനറിൽ
ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ, സുമലത, ശങ്കരാടി , പുതുമുഖം സലിം ഘൗസ്, അഞ്ജു, ബാലൻ കെ നായർ തുടങ്ങിയവർ അഭിനയിക്കുന്നു. നിർമ്മാണം വി ബി. കെ മേനോൻ. ഛായാഗ്രഹണം വേണു. രചന എം. ടി വാസുദേവൻ നായർ.”

സദാനന്ദൻ മാഷ് വീണ്ടും വീണ്ടും വായിച്ചു.

“മാഷേ ,നമുക്ക് ഇന്ന് തന്നെ ഷൂട്ടിംഗ് കാണാൻ പോയാലോ? ”

“ഇപ്പോഴോ…?
സമയം അഞ്ച് മണി…!
ഇനി ജീപ്പ് കിട്ടി അവിടെ എത്തുമ്പോഴേക്കും ഇന്നത്തെ ഷൂട്ടിംഗ് കഴിഞ്ഞിട്ടുണ്ടാവും. തന്നെയുമല്ല , നമ്മൾ എങ്ങനെ ഇങ്ങോട്ട് മടങ്ങി വരും..?
നമുക്ക് ശനിയാഴ്ച പോകാം എന്താ…?”

“അയ്യോ ! ശനിയാഴ്ചയോ അത് പറ്റില്ല ..
നാളെ തന്നെ പോകണം.”

സദാനന്ദൻ മാഷിന്റെ ക്ഷമ നശിച്ചു.

“നാളെയോ…?
സദാനന്ദൻ മാഷേ അപ്പോൾ നാളെ സ്കൂളിൽ പോകണ്ടേ..?”

“അയ്യോ..!
ഞാനത് മറന്നു..!”

“ഒരുമാസത്തോളം ഷൂട്ടിംഗ് ഉണ്ട് എന്നാണല്ലോ എഴുതിയിരിക്കുന്നത്.?

വിപിൻ മാഷ് പറഞ്ഞു.

“ഉം…മോഹൻലാൽ ഉള്ളതുകൊണ്ട് മാത്രമല്ല ഷൂട്ടിംഗ് കാണണമെന്ന് പറഞ്ഞത് ജീവിതത്തിൽ ഇതുവരെ സിനിമ ഷൂട്ടിംഗ് കണ്ടിട്ടില്ല.”

” സദാനന്ദൻ മാഷേ, ഞങ്ങളും ഷൂട്ടിംഗ് കണ്ടിട്ടില്ല….!
ഭരതൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട്, കാതോട് കാതോരം ,ചിലമ്പ് എന്നിവ സൂപ്പർ ഹിറ്റ് പടങ്ങൾ ആയിരുന്നല്ലോ…?
ഇത് എം.ടി യുടേത് ആണല്ലോ രചന. അപ്പോൾ ഒട്ടും മോശമാവില്ല.
നല്ല പടം ആയിരിക്കും.”

കൊച്ചു മാഷ് പറഞ്ഞു.

“കാതോട് കാതോരം ഞാൻ കണ്ടു. എൻ്റെ ഇഷ്ട നായകൻ മമ്മൂട്ടിയുടെ പടം. നല്ല സൂപ്പർ പാട്ടുകൾ ഭരതൻ ചിത്രത്തിൻറെ പ്രത്യേകതയാണ്.”
മമ്മൂട്ടിയെ കുറിച്ച് പറയുമ്പോൾ വിപിൻ മാഷിന്റെ മുഖം തുടുത്തു വികസിച്ചല്ലോ…?”

ഇത്ര നേരം മിണ്ടാതിരുന്ന ഹെഡ്മാസ്റ്ററും ഒപ്പം കൂടി…

“ദേവദൂതർ പാടി സ്നേഹദൂതർ പാടി ഈ ഒലിവിൻ പൂക്കൾ ചൂടിയാടും നിലാവിൽ…..
ഇന്നു നിന്റെ പാട്ടു തേടി കൂട്ടുതേടിയാരോ…
വന്ന് നിന്റെ വീണ യിലെ പാണികളെ തൊട്ടു….”

സദാനന്ദൻ മാഷ് അറിയാതെ പാടിപ്പോയി.

“കേട്ടോ മാഷേ, സദാനന്ദൻ മാഷ് നന്നായിട്ട് പാടും…”

“ഏയ് അങ്ങനൊന്നുമില്ല..
ഈ പാട്ട് എനിക്ക് വലിയ ഇഷ്ടമാണ്.
അതുപോലെ കാറ്റത്തെ കിളിക്കൂടിൽ നല്ല പാട്ടുകൾ ഉണ്ട്.

“കൂവരം കിളിക്കൂട് കഥ കഥ കഥ കിളിക്കൂട് .…..
തല മൂത്തൊരു കാർന്നോര്
ഗമ കാട്ടണ കാർന്നോര്…”

“സദാനന്ദൻ മാഷേ , നന്നായിട്ടുണ്ട് മുഴുവൻ പാടൂ…”

കുട്ടികൃഷ്ണൻ മാഷ് പറഞ്ഞു.

“കൂവരം കിളിക്കൂട്…..
……………………………”

സദാനന്ദൻ മാഷിന്റെ പാട്ടിനൊപ്പം വിപിനും, കൊച്ചു മാഷും താളം പിടിച്ചു.

(തുടരും….)

സജി ടി പാലക്കാട്✍

RELATED ARTICLES

6 COMMENTS

  1. പണ്ടുള്ള ജീവിതത്തിന്റെ ഒരു നേർക്കാഴ്ച . കഥ മനോഹരം👍👍

  2. അധ്യാപകരുടെ മനസ്സിലും സിനിമയും , ഗാനവും , പ്രകൃതി സ്നേഹവും ഒക്കെ നിറച്ചു വെച്ചാണ് കുട്ടികളോട് ഇടപഴകുന്നത്. അവരും സാധാരണ മനുഷ്യർ തന്നെ. ഇതു വ്യക്തമാക്കുന്ന എഴുത്ത്. ലളിത ഭാഷ, ഒഴുക്കുള്ള ശൈലി.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ