സിനിമ നടൻ ടിനി ടോമുമായി ബന്ധപ്പെട്ട വിവാദത്തിൽ നടി അൻസിബ ഹസൻ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ എത്തി വിശദമായ മൊഴി നൽകി. കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് നടി വ്യക്തമാക്കി.
ടിനി ടോം തനിക്ക് അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സന്ദേശം അയച്ചുവെന്ന് അൻസിബ ഹസൻ ആരോപിച്ചു. ഈ സന്ദേശങ്ങൾ അയച്ചത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ വാട്സാപ്പ്ഗ്രൂപ്പിൽ ആണെന്നും അതിനുള്ള തെളിവുകൾ തൻ്റെ പക്കൽ ഉണ്ട് എന്നും നടി പറഞ്ഞു.
പരാതി അപകീർത്തിപ്പെടുത്തലിന്റെ പരിധിയിൽ വരുന്നതാണെന്ന് പൊലീസ് പറഞ്ഞതായാണ് വിവരം.അതേസമയം , ടിനി ടോം രാഷ്ട്രീയമായി സ്വാധീനമുള്ള വ്യക്തിയാണെന്നും എന്നാൽ സർക്കാർ സംവിധാനത്തിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും അൻസിബ ഹസൻ പ്രതികരിച്ചു.
താരസംഘടനയായ എഎംഎംഎയില്‍ താന്‍ ഉന്നയിച്ച ചില അഭിപ്രായ പ്രകടനങ്ങളുമായി ബന്ധപ്പെട്ടുണ്ടായ ഭിന്നതയെത്തുടര്‍ന്നാണ് ടിനി ടോം വ്യക്തിയധിക്ഷേപം നടത്തിയതെന്ന് അന്‍സിബ നേരത്തെ വ്യക്തമാക്കിയിരുന്നു. എഎംഎംഎ ജോയിന്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവെച്ചതിനു ശേഷമായിരുന്നു അന്‍സിബ ടിനിക്കെതിരെ പരസ്യ പ്രതികരണം നടത്തിയത്.



