“ആരാ ”
”ഞാൻ തോട്ടക്കാട്ടെ അച്ചുതനാണ്”
“ജാനൂൻ്റെ മകൻ അച്ചു ല്ലേ? ഈ കൂടിലേക്കുള്ള വഴി ആരാ നെണക്ക് പറഞ്ഞു തന്ന് ?”
“സെക്യൂരിറ്റിയും ലിഫ്റ്റും. വാതിൽ തുറന്നു തന്നത് സർവൻ്റാണ് ”
” ഈ മിണ്ടാപ്രാണികളല്ലാതെ വിടെ മനുഷ്യരെ കാണാൻ പ്രയാസാ അച്ചൂ. മനുഷ്യര് രാവിലെ പറന്നു പോയാൽ വൈകുന്നേരേ കൂടണയൂ. ആ കൂട്ടത്തിൽ ൻ്റെ മകനും മരുമകളും കുട്ട്യോളും ണ്ട്. അച്ചു ആ കസേല ങ്ങ്ട് നീക്കിയിട്ട് ഇരിക്ക്. നെൻ്റെ മൊകോന്ന് നല്ലോണം കാണട്ടെ ”
“എത്രാമത്തെ നെലയിലാ ൻ്റെ ഈ കൂട് ന്ന് നീ എണ്ണി നോക്യോ ?”
”മുപ്പത്തി ആറാമത്തെ നിലയിൽ ”
” ങാ..വിടെ എല്ലാം കൊണ്ടും വല്യ നെലയിലാ ൻ്റെ കെടപ്പ്. തറവാട്ടിൽ എനിക്ക് ഒരു നെലയും ണ്ടായിരുന്നില്ല. ഒരേ നെല. തറവാട് പൊളിച്ചൂന്ന് കേട്ടു. അച്ചൂ ,നീ ആ വഴി പോകാറുണ്ടോ? ”
“ണ്ട് , മീനാക്ഷ്യേമ്മേ, പൊഴക്കടവിലേക്ക് ആ വഴ്യാണല്ലോ പോണ്ടത് ”
” അവടെ പുതുമഴ വീണാൽ മണ്ണിൻ്റെ മണം ഈ മുറിയിലെത്തും അച്ചൂ. അതുപോലെ മകരത്തിലെ മാമ്പൂ മണവും. ഇന്ന് രാവിലെ ആ മാമ്പൂ മണത്താണ് ഞാൻ എഴുന്നേറ്റത്. വടക്കെ തൊടിയിലെ ആ പുളിമൂച്ചി ഇപ്പൊ പൂത്തു നിൽക്ക്ൺടാവും. ”
“അത്… വെട്ടീ , മീനാക്ഷ്യേമ്മേ.
” അതും പോയ്യോ? വല്യ മൂച്യായിരുന്നു. അതിൽ നിന്ന് വീണ് കിട്ടണ മാമ്പഴം കൊണ്ട് എത്ര വീടുകളിലാ മാമ്പഴ പുളിശ്ശേരി ണ്ടാക്കീര്ന്നതെന്ന് നെണക്കറിയ്യോ? ”
” ഞങ്ങടെ കുട്ടിക്കാലത്തെ ഫ്രൂട്ടിയായിരുന്നു , ആ മൂച്ചിയിൽ നിന്ന് വീഴ്ണ മാമ്പഴം. ”
” ആ മാമ്പൂമണത്തിൻ്റെ വരവും നിന്നു ല്ലേ? സങ്കടം വരുണൂ അച്ചൂ.. അല്ലാ, നീ എന്തിനാ പ്പൊ ഇത്രയും ദൂരത്തുനിന്ന് വന്നത്?”
“വെറുതെ. മീനാക്ഷ്യമ്മയെ ഒന്നു കാണാൻ. കഴിഞ്ഞ രേവതി നാളിൽ ൻ്റെ അമ്മയ്ക്ക് എൺപത്തി നാലു കഴിഞ്ഞു. ആയിരം പൂർണ ചന്ദ്രന്മാർ രണ്ട് അമ്മമാരേയും വലം വെച്ചൂത്രെ. പഴയ കഥകൾ നിരത്തിക്കൊണ്ട് അമ്മ പറഞ്ഞു, ഒന്നു പോയി കണ്ടിട്ടു വരാൻ.
ആ കൈ കൊണ്ട് വിളിമ്പിത്തന്ന ചോറും മാമ്പഴപ്പുളിശ്ശേരിയുടെ രുചിയും അങ്ങനെ മറക്കാൻ പറ്റ്വോ? ”
“ഞാനും നിൻ്റെ അമ്മയും തമ്മിൽ ഒരു ദിവസത്തെ വ്യത്യാസേ ഉള്ളു. …..
കഴിഞ്ഞതൊക്ക ഓർമ്മപ്പെടുത്തി ൻ്റെ കണ്ണു നിറയ്ക്കാൻ നീ വരണ്ടായിരുന്നു….. പൊയ്ക്കോളൂ… ആകാശത്തിൻ്റേം ഭൂമിടേം ഇടയിലെ ഈ കൂടാണ് ൻ്റെ ലോകം. പകൽ സമയത്ത് ഈ കിളിവാതിലിലൂടെ കാണുന്ന ആകാശവും അസ്തമിക്കുന്ന സൂര്യനുമാണ് ൻ്റെ പുറം കാഴ്ചകൾ. മണ്ണും പച്ചപ്പുമില്ലാ ത്ത കാഴ്ചകൾ… ഉറക്കം വരാത്ത രാത്രികളിൽ ഞാൻ ജനൽ തുറന്ന് ആകാശത്തേക്ക് നോക്കി ഇരിക്കും. അപ്പോൾ സ്വർഗത്തിൽ നിന്ന് ഇറങ്ങി ചന്ദ്രനും നക്ഷത്രങ്ങളും ചിരിച്ചു കൊണ്ട് ൻ്റെ അടുത്തേക്ക് വരും. ഒരു ദിവസം അവരെന്നെ സ്വർഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോക്വായിരിക്കും. ഇവിടെ നിന്ന് അധിക ദൂരല്യാത്രെ സ്വർഗത്തിലേക്ക് ”
” മീനാക്ഷ്യമ്മ പ്പൊ എവടയ്ക്കും പോണ്ട ”
” അച്ചൂ, ഇതിൻ്റെ മുകളിൽ പത്തു നിലകൾ കൂടിയുണ്ടത്രെ. നിയ്ക്ക് അതിൻ്റേം മുകളിലെത്തണം. അവിടെ നിന്ന് എല്ലാ ബന്ധങ്ങളും മുറിച്ച് പക്ഷി മരക്കൊമ്പിൽ നിന്നെന്നപോലെ നിയ്ക്ക് സ്വാതന്ത്രമായി പറക്കണം. നീ പറ. അച്ചൂ , വേഗം എത്ത്വാ സ്വർഗത്തിലോ ഭൂമിയിലോ”.
മികച്ച വായനാനുഭവം. 🙏👍
അയ്യോ ……..
നല്ലെഴുത്ത്❤️
ഗ്രാമത്തിൽ നിന്നും പട്ടണത്തിലേക്ക് പറിച്ച് നടപ്പെട്ട അമ്മയുടെ വിലാപം, വേദന….
മനോഹരമായ രചന
👏👏👍
നല്ല കഥ 🙏