Thursday, May 21, 2026
Homeഅമേരിക്കവെണ്ണക്കല്ലിലെ വിസ്മയം തേടി.... (യാത്രാവിവരണം - ഭാഗം. 1 ✍ മായാദേവി കൊല്ലങ്കോട്.

വെണ്ണക്കല്ലിലെ വിസ്മയം തേടി…. (യാത്രാവിവരണം – ഭാഗം. 1 ✍ മായാദേവി കൊല്ലങ്കോട്.

“ചില യാത്രകൾ വെറും കാഴ്ചകളല്ല, അവ ഒരു അനുഭൂതിയാണ്. ചരിത്രം മയങ്ങുന്ന ഡൽഹിയും, വെണ്ണക്കല്ലിൽ തീർത്ത പ്രണയകാവ്യമായ ആഗ്രയും മനസ്സിൽ എന്നും ഒരു സ്വപ്നമായിരുന്നു. തിരക്കേറിയ ഡൽഹിയിലെ തെരുവുകളിൽ നിന്നും ആഗ്രയിലെ ശാന്തമായ യമുനാതീരത്തേക്ക് ചെന്നെത്തിയപ്പോൾ, കാലം പിന്നോട്ട് സഞ്ചരിക്കുന്നത് പോലെ തോന്നി. ആ യാത്രയുടെ ഓരോ നിമിഷവും പകർന്നുനൽകിയ വിസ്മയങ്ങളെ വാക്കുകളിലേക്ക് പകർത്തുമ്പോൾ…”

മട്ടാഞ്ചേരി എസ്. വി ട്രാവൽസിന്റെ കൂടെയുള്ള എന്റെ രണ്ടാമത്തെ യാത്രയായിരുന്നു ഇത്. തികച്ചും അപരിചിതരാണ് എല്ലാവരും എന്ന് കരുതിയ യാത്ര. രണ്ടുദിവസം മുമ്പാണ് എന്റെ ബന്ധുക്കളായ രമേശ് ചേട്ടനും ഗീതയും കൂടെയുണ്ടെന്ന് അറിഞ്ഞത്. വളരെ സന്തോഷം തോന്നി. പരിചയപ്പെട്ടു വന്നപ്പോൾ ഏതാണ്ട് 40 വർഷത്തിനു മുമ്പ് വളരെ പരിചിതയാ യിരുന്ന വിജയയെ കണ്ടതാണ് ഈ യാത്രയിൽ എനിക്ക് കിട്ടിയ സർപ്രൈസ്.

ഈ യാത്രയിൽ ഞങ്ങളുടെ കോഡിനേറ്റർ ആയ മാധവിന്റെ കുടുംബം ഞങ്ങളുടെ ഒപ്പമുണ്ടായിരുന്നു എന്നതാണ് ഏറ്റവും സന്തോഷം നൽകിയ മറ്റൊരു കാര്യം. ധ്യാനും ധ്രുവും എല്ലാവരുടെയും ഓമന മക്കളായി. ഇവിടെ എടുത്തു പറയേണ്ട ഒരു വ്യക്തിത്വം മാധവിന്റെ അമ്മയാണ്. സ്വന്തം മകനും മരുമകളും കുട്ടികളും കൂടെയുള്ളപ്പോഴും അവരോടുള്ള വാത്സല്യവും ശ്രദ്ധയും ഒട്ടും തന്നെ കൈവിടാതെ ഗ്രൂപ്പിലുള്ള എല്ലാ അംഗങ്ങളെയും അവരുടെ ക്ഷേമം വളരെ ശ്രദ്ധിച്ചുകൊണ്ട് അവർ അവരുടെ കർത്തവ്യം നിറവേറ്റി എന്നത് വളരെ അത്ഭുതമാണ്.

ഒന്നാം ദിനം…

​ഏറെ നാളത്തെ കാത്തിരിപ്പിനും തയ്യാറെടുപ്പുകൾക്കും ശേഷം ആ ദിവസം വന്നെത്തി. ഒരു നീണ്ട യാത്രയുടെ തുടക്കം. പുലർച്ചെ ആറുമണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ടെർമിനലിൽ വെച്ചാണ് ഞങ്ങളുടെ സംഘം ഒത്തുചേരുന്നത്. പലയിടങ്ങളിൽ നിന്നായി എത്തിയ 15 പേർ. പലരും പരസ്പരം പരിചയമില്ലാത്തവരായിരുന്നെങ്കിലും, വരാനിരിക്കുന്ന യാത്രയെക്കുറിച്ചുള്ള ആകാംക്ഷയും സന്തോഷവും ഞങ്ങളെ നിമിഷങ്ങൾക്കുള്ളിൽ ഒരു കുടുംബമാക്കി മാറ്റി. ആ സൗഹൃദക്കൂട്ടായ്മ തന്നെയായിരുന്നു ഈ യാത്രയുടെ വിജയത്തിന്റെ ആണിക്കല്ലും. ​കൊച്ചിയിൽ നിന്നും വിമാനം ഉയരുമ്പോൾ മനസ്സിൽ ഡൽഹിയും ആഗ്രയും ഹരിദ്വാറും ഋഷികേഷും തീർത്ത സ്വപ്നചിത്രങ്ങളായിരുന്നു. ഉച്ചയോടെ ഞങ്ങൾ ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ വിമാനമിറങ്ങി.

ഉച്ചഭക്ഷണത്തിന് ശേഷം നേരെ തിരിച്ചത് വിസ്മയങ്ങളുടെ കലവറയായ അക്ഷർധാം ക്ഷേത്രത്തിലേക്കാണ്…..
അക്ഷർധാം ധാരാളം കേട്ടിട്ടുണ്ടെങ്കിലും ഒരു സാധാരണ ക്ഷേത്രം ആണെന്ന് കരുതിയ എനിക്ക് തെറ്റ് പറ്റി. കേരളത്തിലെ ശങ്കരാചാര്യരെ അനുസ്മരിപ്പിക്കും വിധം ശ്രീ ആദി നാരായണന്റെ കഥയാണ് ക്ഷേത്രത്തിൽ ഉടനീളം നമുക്ക് അനുഭവിക്കാൻ കഴിയുന്നത്.

ഭാരതത്തിന്റെ സാംസ്കാരിക പൈതൃകവും,ചരിത്രവും, ആത്മീയ സ്രോതസ്സും എല്ലാം ഒളിപ്പിച്ചുവെച്ച ഒരു ഖനി തന്നെയാണ് ഈ ക്ഷേത്രം എന്ന് നേരിൽ കണ്ടപ്പോൾ ബോധ്യമായി. ശ്രീ ആദി നാരായണന്റെ ജീവിത കഥ നമ്മുടെ മനസ്സിൽ ഉറപ്പിക്കും വിധമുള്ള കാഴ്ചകളാണ് അവിടെ കാണാൻ കഴിഞ്ഞത്. ഡോക്യൂമെന്ററിലൂടെയും സിനിമയിലൂടെയും ആണ് ജീവിതവും ആത്മീയ യാത്രയും നമുക്ക് നേരിൽ കാണാൻ കഴിയുന്നത്.

മഹാഭാരതവും, രാമായണവും, ചരക സംഹിതയും, പാണിനീയവും സുശ്രുതന്റെ ആരോഗ്യരംഗത്തെ അറിവുകളും എല്ലാം ദൃശ്യവൽക്കരിച്ചിരിക്കുന്നു. തുളസീദാസ് കബീർദാസ് മീര ശങ്കരാചാര്യർ എന്നിങ്ങനെ ഭക്തി പ്രസ്ഥാനത്തെയും പണ്ടത്തെ ബ്രാഹ്മണ ഗൃഹങ്ങൾ, അവരുടെ ജീവിത രീതികൾ, മറ്റു ജനങ്ങളുടെ തൊഴിലും ജീവിത രീതികളും എന്നിങ്ങനെയെല്ലാം ഒരു ജല യാത്രയിൽ ഒളിപ്പിച്ചിരിക്കുന്നു. ഒരു അവി സ്മരണീയമായ അനുഭവം തന്നെയായിരുന്നു ജല യാത്ര.

അതിലുപരിയായിരുന്നു വാട്ടർ ലൈസർ ഷോ. പഞ്ചഭൂതങ്ങളിൽ അധിഷ്ഠിതമായ പ്രകൃതി എങ്ങനെ സംരക്ഷിക്കപ്പെടുന്നു എന്നുള്ളതും ഓരോന്നിന്റെയും ദേവതമാർ ആരാണ് എന്നുള്ളതും ദേവതമാർ കോപിച്ചാൽ എന്താണ് സംഭവിക്കുക എന്നുള്ളതും ഷോയിലൂടെ നമുക്ക് കാണിച്ചു തരുന്നു.എന്നാൽ ഈ ദേവതമാരുടെയും അഹങ്കാരം തീർക്കുന്നത് യഥാർത്ഥ സൃഷ്ടികർത്താവാണ് എന്നുള്ള നല്ല തത്വത്തിലേക്കാണ് നമ്മൾ എത്തിച്ചേരുന്നത്. വളരെ ലളിതമായി വലിയ ഒരു ആശയം നമ്മുടെ മുന്നിൽ വ്യക്തമാക്കിത്തരുന്നു. വർണ്ണാഭമായ കാഴ്ചകളിലൂടെ ഒരു മണിക്കൂർ കടന്നുപോകുന്നത് അറിഞ്ഞില്ല….

(തുടരും…..)

മായാദേവി കൊല്ലങ്കോട്✍

RELATED ARTICLES

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com