ഈ കവിത ഞാൻ കേൾക്കുന്നത് നാലാം ക്ലാസിലോ അഞ്ചിലോ പഠിക്കുമ്പോഴാണ്. അന്ന് ഞാൻ പഠിച്ച ഉണ്ണാമറ്റം LPB സ്ക്കൂളിലെ സംഗീതാദ്ധ്യാപകനായിരുന്ന മാവേലിക്കര G ചന്ദ്രശേഖരൻ എന്ന KPSE ചന്ദ്രശേഖരൻ സാറിൽ നിന്നാണ്.
ആദ്യമായി യുവജനോത്സവങ്ങളിൽ മത്സരിച്ചതും അക്കാലത്തു തന്നെ ആയിരുന്നു.സമൂഹ ഗാനം, ദേശീയഗാനം ദേശഭക്തിഗാനം എന്നീ ഇനങ്ങളിലും ലളിതഗാനത്തിലും ആയിരുന്നു ഞാൻ മത്സരിച്ചത്.
കൂടെ നല്ല ഗായകരുള്ളതിനാൽ ഗ്രൂപ്പ് മത്സരങ്ങൾ നന്നായി പോയി എന്ന് വേണം കരുതാൻ . ലളിത ഗാനം ഒറ്റയ്ക്ക് പൊരുതി തൊണ്ട വറ്റി വെള്ളിനക്ഷത്രങ്ങൾ (പാടുന്ന തിരക്കിൽ എണ്ണാൻ പറ്റിയില്ല) കണ്ട് ഒരു വിധം അവസാനിപ്പിക്കേണ്ടി വന്നു.
അയൽവാസിയും സഹപാഠിയും പിന്നീട് മിമിക്രി കലാകാരനും പഞ്ചായത്തംഗവും ഒക്കെ ആയി കഴിവുതെളിയിച്ച രമേശ് കുമാർ N എന്ന രമേശ് നടരാജനെ ആയിരുന്നു കവിതാപാരായണത്തിന് തിരഞ്ഞെടുത്തത്.
ചന്ദ്രൻ സാറിൻ്റെ പരിശീലനക്കളരിയിൽ എല്ലാവരെയും വിളിച്ചു ചേർത്ത് പഠിപ്പിക്കുന്ന രംഗങ്ങൾ ഇന്നും നല്ല ഓർമ്മകളാണ്.
മലയാള സാഹിത്യനഭസ്സിലെ അനശ്വര പ്രേമഗായകനായ വയലാർ രാമവർമ്മയുടെ …..എന്നു തുടങ്ങുന്ന അവതാരികയോടെ ആയിരുന്നു തുടക്കം. അച്ഛനുറങ്ങിക്കിടക്കുന്നു…….
നിശ്ചലം…..
രമേശ് ഭാവാത്മകമായി ചൊല്ലി. അന്ന് അതിൻ്റെ പശ്ചാത്തലമോ ഭാവമോ ഒന്നും രമേശിന് അറിയുമോ എന്നറിയില്ല ഞങ്ങൾക്കും മനസിലായില്ല. പക്ഷേ ഞങ്ങൾ കുട്ടികൾ അതേ ഭാവത്തോടെ അത് ഹൃദിസ്ഥമാക്കി. പിന്നെ സ്ക്കൂൾ തലത്തിൽ പല വേദികളിലും രമേശ് അത് പാടിയിട്ടുണ്ട്. ഭാവം ഒട്ടും ചോരാതെ തന്നെ.
കാലങ്ങൾ കഴിഞ്ഞ് വീടിൻ്റെ പിറകിൽ ഒരു ചിതയെരിഞ്ഞു. ഞാൻ കുറേ നേരം അതു നോക്കി നിന്നു. തീനാളങ്ങൾ ഏറ്റുവാങ്ങുന്നത് എൻ്റെ അച്ഛനെ ആണ്. എൻ്റെ ഡാഡു നെ. കവിത ഒന്നും ഓർമ്മ വന്നില്ല. നെഞ്ചിൽ ഒരു കനം നിറഞ്ഞിരുന്നു. അപ്പോൾ കണ്ണുനീരൊന്നും വന്നില്ല വെറുതേ നോക്കി നിന്നു കുറേ നേരം. വീട്ടിൽ കയറി ശൂന്യമായ കട്ടിലും കസേരയും ഒക്കെ നോക്കി. അലമാരി തുറന്നപ്പോൾ അതിൽ ഡാഡൂൻ്റെ വാച്ച് കണ്ടു. നെഞ്ചിൽ ഒരു വിങ്ങൽ. നാല് വർഷങ്ങൾക്കിപ്പുറം വീട്ടിലെത്തുമ്പോഴെല്ലാം ആ ശൂന്യത മനസിലാകുന്നുണ്ട്. ചിതയെരിഞ്ഞ സ്ഥലത്തെ തൈ തെങ്ങ് വലുതായിട്ടുണ്ട്. പക്ഷേ മനസിലിപ്പോഴും ആ ചിത അങ്ങനെ തന്നെ ജ്വലിക്കുന്നുണ്ട്.
“ഇത്തിരി കൂടി വളര്‍ന്നു ഞാന്‍
ആരംഗം ഇപ്പോഴോര്‍ക്കുമ്പോള്‍ നടങ്ങുന്നു മാനസം
എന്നന്തരാത്മാവിനുള്ളിലെ തീയില്‍
വെച്ചിന്നുമെന്നോര്‍മ്മ ദഹിപ്പിയ്ക്കുമച്ചനെ ”
അക്ഷരങ്ങൾ കൊണ്ട് മനസിലെ ചിതാഗ്നിയെ ജ്വലിപ്പിച്ച കവിയെ വീണ്ടും ഓർത്തു.
മനസിലിപ്പോഴും ആ ചിത അങ്ങനെ തന്നെ ജ്വലിക്കുന്നു….നല്ല എഴുത്ത്
🙏