Thursday, May 21, 2026
Homeഅമേരിക്കവീണ്ടും - ചില ജന്മദിന ചിന്തകൾ ✍ (രാജൂ മൈലപ്രാ)

വീണ്ടും – ചില ജന്മദിന ചിന്തകൾ ✍ (രാജൂ മൈലപ്രാ)

അങ്ങിനെ എൻ്റെ ആയുസ്സിൻറെ കലണ്ടറിൽ – ഏപ്രിൽ പത്തിന്- ഒരു താളുകൂടി മറിയുന്നു. ആത്മകഥയുടെ അവസാന അദ്ധ്യായം എഴുതേണ്ട സമയം സമാഗതമായിരിക്കുന്നു.

വാർദ്ധക്യത്തിലേക്കടുക്കുമ്പോൾ, കഴുകന്റെ വേഗത്തിലാണ് സമയം പറക്കുന്നത്.

എഴുത്തോലയിൽ ആരംഭിച്ച അറിവിൻ്റെ ആദ്യ പാഠങ്ങൾ, ഇന്നത്തെ ‘Artificial intelligence’ -യുമായി കൂട്ടിമുട്ടിക്കുവാൻ ഞാൻ പെടാപാടുപെടുന്നു. സത്യമേത്, മിഥ്യയേത് എന്ന് തിരിച്ചറിയാനാവാത്ത ഒരു കാലം.

ബാല്യം, കൗമാരം, യൗവനം ഈ ഘട്ടങ്ങളൊക്കെ പിന്നിട്ട്, ജീവിത സായാഹ്നത്തിലെത്തി നിൽക്കുമ്പോഴും, പതിനേഴിൻ്റെ മോഹങ്ങളിൽ നിന്നും മനസ് ഇന്നും മോചനം നേടിയിട്ടില്ല.

എന്തു ചെയ്യാം? മനസ്സും ശരീരവും രണ്ട് സമാന്തര രേഖകളിൽ കൂടിയാണ് സഞ്ചരിക്കുന്നത്.

‘Age is just a number’ എന്നു പറയുന്നത് വയോധികരെ സന്തോഷിപ്പിക്കുവാനുള്ള ഒരു ഭംഗിവാക്കു മാത്രമാണ്. എത്ര ചിട്ടയോടുകൂടി ജീവിച്ചാലും, അറുപത് കഴിയുമ്പോൾ ശരീരം അതിന്റെ അവശലക്ഷണങ്ങൾ പ്രകടിപ്പിച്ചുതുടങ്ങും. ലാലേട്ടനെപ്പോലെ ഒരു വശത്തേക്ക് ചരിഞ്ഞാവും നടത്തം.

ക്ഷണിക്കപ്പെടാത്ത അതിഥിയെപ്പോലെ, രോഗങ്ങൾ ഒന്നിനു പിറകെ ഒന്നായി നമ്മേ തേടിവരും. കണ്ണും, കാതും, കരളും- എന്തിനേറെ ? തലച്ചോറു വരെ ഓരോ വൈദ്യന്മാർക്കായി വീതിച്ചു നൽകേണ്ടിവരും.

അവശേഷിക്കുന്ന മുടിയും, മീശയും കരിഓയിൽ തേച്ചുപിടിപ്പിച്ച്, വാർദ്ധക്യ ലക്ഷണങ്ങളെ മറയ്ക്കുവാൻ എത്ര ശ്രമിച്ചാലും, കവിളിലേയും, കഴുത്തിലേയും ചുളിവുകൾ നമ്മുടെ കള്ളി വെളിച്ചത്തു കൊണ്ടുവരും.

ജീവിതയാത്രയിൽ വാർദ്ധക്യം ഒരു സത്യമാണെന്ന് അംഗീകരിച്ച്, നമ്മുടെ ജീവിതത്തെ ക്രമപ്പെടുത്തുവാൻ മടി കാണിക്കരുത്.

‘താനൊരു സംഭവമാണെന്നും, താനില്ലെങ്കിൽ പരിപാടികളൊന്നും ശരിയായി നടക്കില്ല’ എന്നുള്ള മിഥ്യാ ധാരണ മാറ്റണം.

സംഘടനകളുടെ തലപ്പത്ത് സ്ഥിരമായി കടിച്ചുതുങ്ങി കിടക്കാതെ, അവർ തള്ളി മാറ്റുന്നതിനു മുമ്പായി, യുവജനങ്ങൾക്കായി അവസരമൊരുക്കുവാനുള്ള വിവേകം കാണിക്കണം.

എപ്പോഴും സ്റ്റേജിലും, മുൻനിരയിലും ഒരു ഇരിപ്പിടം വേണമെന്നുള്ള വാശി ഉപേക്ഷിക്കണം. താൻകൂടി നിലവിളക്കിൻ്റെ ഒരു തിരി കൊളുത്തിയാലേ, കാര്യങ്ങൾ മംഗളമായി പര്യവസാനിക്കൂ എന്ന മട്ടിൽ തള്ളിക്കയറരുത്.

‘ഇയാളൊരു ശല്യമായല്ലോ’ എന്നു മറ്റുള്ളവരെക്കൊണ്ട് പറയിക്കുവാൻ ഇടവരുത്തരുത്’ ‘തന്റെ പ്രതാപകാലം കഴിഞ്ഞിരിക്കുന്നു’ എന്നു വലിയ അക്ഷരത്തിൽ ഭിത്തിയിൽ എഴുതി വെച്ചിരിക്കുന്നത് താങ്കളെപ്പറ്റിയാണെന്നു മനസ്സിലാക്കണം’.

‘ഒരുത്തൻ നിന്നെ വിളിച്ചാൽ മുഖ്യാസനത്തിൽ ഇരിക്കരുത്. ഒരു പക്ഷെ നിന്നിലും മാനമേറിയവനെ അവൻ വിളിച്ചിരിക്കാം. പിന്നെ നിന്നെയും അവനെയും ക്ഷണിച്ചവൻ വന്ന്, അവന് ഇടംകൊടുക്ക’ എന്നു നിന്നോട് പറയുമ്പോൾ, നീ ലജ്ജയോടെ പിൻ നിരയിൽ പോയി ഇരിക്കേണ്ടിവരും’.

നിന്നെ ക്ഷണിച്ചാൽ, പിൻ നിരയിൽ ഇരിക്ക. നിന്നെ ക്ഷണിച്ചവൻ വന്ന് നിന്നോട് ‘സ്നേഹിതാ, മുന്നോട്ട് വന്ന് ഇരിക്ക’ എന്നു പറയുവാൻ ഇടവരട്ടെ! അപ്പോൾ സദസ്സിന് മുന്നിൽ നിനക്കു മാനമുണ്ടാകും.

തന്നത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും തന്നത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും’ (St. Mathew)

അതി സമ്പന്നൻ അല്ലെങ്കിൽ സമൂഹത്തിൽ നിന്നും, സുഹൃത്തുക്കളിൽ നിന്നും, സ്വന്തക്കാരിൽ നിന്നുപോലും അർഹിക്കുന്ന അംഗീകാരം നമ്മൾക്ക് ലഭിക്കില്ല എന്ന സത്യം നമ്മൾ മനസ്സിലാക്കണം.

നമ്മുടെ സാന്നിധ്യം അവർക്ക് ആവശ്യമില്ല എന്നൊരു തോന്നലുണ്ടായാൽ, മാന്യമായ അകലം പാലിക്കണം.

എന്റെ മരണം ആർക്കും വലിയൊരു നഷ്ടമാവില്ല എന്നെനിക്കുറപ്പുണ്ട്. ‘നമ്മുടെ രാജു ഉണ്ടായിരുന്നെങ്കിൽ….’ എന്ന് എന്നെയോർത്ത് ആരും നെടുവീർപ്പെടില്ല. കാരണം എന്നോട് കടപ്പാട് അർഹിക്കത്തക്ക സഹായമോ, ഉപകാരമോ ഒന്നും ഞാനാർക്കും ചെയ്തിട്ടില്ല.

നിങ്ങളുടെ എത്രയോ ബന്ധുക്കളും, സ്നേഹിതരും ഇതിനോടകം എന്നെന്നേക്കുമായി വിട്ടുപോയി. ഈ ഘട്ടത്തിൽ ദു:ഖിക്കുകയോ, സങ്കടപ്പെടുകയോ ചെയ്യരുത്. ഇതാണ് ജീവിതം. ഒടുവിൽ അവരുടെ പിന്നാലെ നമ്മളും പോകും. അതിനാൽ നമ്മുടെ ശരീരത്തിൽ ജീവൻ നിലനിൽക്കുന്നിടത്തോളം കാലം, ചലന ശക്തി നഷ്ടപ്പെടാത്തോളം കാലം. ജീവിതം പൂർണ്ണമായി ആസ്വദിച്ചു ജീവിക്കുക- ആരോഗ്യത്തിന് ആവശ്യമുള്ളത് കഴിക്കുക, കുടിക്കുക, കളിക്കുക, ചിരിക്കുക, നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യുക. എപ്പോഴും സന്തോഷവാനായിരിക്കുക. ‘മറ്റുള്ളവർ എന്ത് വിചാരിക്കും’ എന്ന പേടി പാടെ ഉപേക്ഷിക്കുക.

നിവൃത്തിയുണ്ടെങ്കിൽ ‘സീനിയർ സിറ്റിസൺസ് ക്ലബിൽ’ പങ്കെടുക്കരുത്. അവിടെ ‘ബാക്ക് യാർഡി’ലെ പയറിന്റേയും പടവലങ്ങയുടേയും, കൈകാൽ കഴപ്പിന്റേയും കാര്യമാണ് മിക്കവാറും ചർച്ച ചെയ്യുന്നത്.

‘ചീരയും, മുരിങ്ങയിലയും വയറിനു നല്ലതാണ്. മലശോധനയ്ക്ക് ഇതു വളരെ നല്ലതാണെന്ന്’ -ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഇക്കൂട്ടർ പറയും. എല്ലാം നെഗറ്റീവ്. കേൾക്കുമ്പോൾ ഓക്കാനം വരും.

കഴിയുന്നിടത്തോളം കുട്ടികളുമായും, യുവജനങ്ങളുമായി സമയം പങ്കിടുക. അവരിൽ നിന്നും പല പുതിയ അറിവുകളും നമ്മൾക്ക് ലഭിക്കും- നമ്മളറിയാതെ ഒരു Positive Energy നമ്മളിലേക്ക് radiate ചെയ്യും.

എന്റെ ജന്മദിനത്തെപ്പറ്റി ആരോ ചർച്ച ചെയ്യുന്നുത് ഞങ്ങളുടെ കൊച്ചുമകൾ, വിക്കി കേട്ടു.

അവൾ ഞാൻ കിടക്കുന്ന മുറിയിലേക്കു വന്നു. എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. ‘Appa, how old are you?”

ഞാൻ എന്റെ പ്രായം പറഞ്ഞു. പെട്ടെന്ന് വിക്കിയുടെ മുഖത്തൊരു മ്ലാനത പടർന്നു. ‘I am sorry Appa. If you are that old, you are going to die soon’ സത്യത്തിൽ ഞാനൊന്നു ഞെട്ടി. ഈ കാലത്തെ ആറു വയസ്സുകാരിക്കുപോലും മരണത്തെപ്പറ്റി വ്യക്തമായ ധാരണയുണ്ട്.

സമനില വീണ്ടെടുത്ത ഞാൻ വിക്കിയുടെ കവിളിലൊരുമ്മ കൊടുത്തിട്ടു പറഞ്ഞു: ‘No baby; I am not going to die soon. I will be still around for your wedding’ I said. ‘Don’t worry Appa. You don’t need to be there. Anyway it’s not going to be an Indian wedding’

ഞാൻ അന്തംവിട്ടുപോയി. ആറു വയസ്സുകാരിക്ക്, അവളുടെ വിവാഹത്തെപ്പറ്റി ഇപ്പോഴെ വ്യക്തമായ ധാരണയുണ്ട്’.

വിക്കി എന്റെ നെറ്റിയിലൊരു ഉമ്മ തന്നിട്ട് എന്നെ ആശ്വസിപ്പിച്ചു.

‘Appa, I promice, after my wedding me and my husband will come to your graveyard with lot of flowers. And maybe, I will cry a little bit. Are you happy Now?’

സന്തോഷമായി മകളെ, സന്തോഷമായി!

‘ചുറ്റും ആയിരം പ്രശ്ന‌ങ്ങൾ കഴുകനെ പോലെ വട്ടമിട്ട് പറക്കുമ്പോഴും, അതെല്ലാം ചെറു പുഞ്ചിരിയിൽ ഒതുക്കാൻ പറ്റുന്നതും, ഒരു തരത്തിൽ ഒരു അനുഗ്രഹം തന്നെയാണ്’

‘ മരിച്ചു കിടക്കണം- കിടന്നു മരിക്കരുത്.- എന്റെ ഒരു സുഹൃത്ത് പൊന്നച്ചൻ ഇടയ്ക്കിടെ പറയാറുണ്ട്.

‘ഒരു ജീവി ജനിക്കലന്ന്, ദൈവം കരുതിയിട്ടവനുള്ള മൃത്യുകാലം ഒരു ലേശമതൊന്നു മാറ്റി വെക്കാൻ അരുതാർക്കും, വിഫലം മനുഷ്യയജ്ഞം’

അതുകൊണ്ട്, ഒന്നിനെക്കുറിച്ചും അധികമൊന്നും ആലോചിക്കാതെ, വിക്കിയുടെ വിവാഹതതിൽ സംബന്ധിക്കമെന്നുള്ള ശുഭാപ്തി വിശ്വാസത്തോടെ യാത്ര തുടരുകയാണ്!

രാജൂ മൈലപ്രാ✍

RELATED ARTICLES

4 COMMENTS

  1. കഴുകന്റെ വേഗത്തിൽ സമയം പറക്കുക
    നല്ല ചിന്തകൾ♥👍

  2. An eye opener to all. കണ്ണു നനയിക്കുന്ന എഴുത്ത്.ഒപ്പം മനസ്സ് നോവിക്കുന്നതും. GOD bless and stay happy.

  3. വളരെ നന്നായിരിക്കുന്നു.

    അറുപതിൽ ആറിന്റെ പകിട്ടോടെ ജീവിക്കുക.
    ശാസ്ത്രം വളർന്നപ്പോൾ ആയുർദൈർഘ്യവും വർദ്ധിച്ചു.

    എത്രയോ നല്ല ഭക്ഷണം കഴിച്ച , മെച്ചപ്പെട്ട വൈദ്യസേവനം ലഭിച്ച മഹാരാജക്കന്മാർ പോലും അൻപതുകളിൽ വിട പറഞ്ഞ കാലത്തു നിന്ന് എൺപതു വയസുള്ളവർ സംസ്ഥാനങ്ങളും രാജ്യങ്ങളും ലോകം തന്നെയും ഭരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നറിയണം.

    ബൈബിൾ വചനത്തിലൂടെ സൂചിപ്പിച്ചതു പോലെ തന്നത്താൻ താഴ്ത്തി ജീവിക്കുക. ദൈവം ഉയർത്തിക്കൊള്ളും. നമ്മൾ നമ്മെ ഉയർത്തിപ്പിടിക്കാൻ പോകുമ്പോഴാണ് നൈരാശ്യം കടന്നു വരുന്നത്.

    സരസമായ എഴുത്ത്. ഇന്നത്തെ കുട്ടികളുടെ തുറന്നു പറച്ചിൽ സത്യസന്ധമായി എഴുതിയിരിക്കുന്നു. അവർക്ക് മുതിർന്നവരെ രസിപ്പിക്കാൻ നുണപറയാൻ അറിയില്ല.

    വായനയിൽ പലയിടങ്ങളിൽ ചിരിച്ചു പോയി.
    നല്ലെഴുത്ത്. കുട്ടിയുമായുള്ള സംഭാഷണത്തിലെ ഇംഗ്ലീഷ് ശകലങ്ങൾ മലയാള ത്തിലാക്കാമായിരുന്നു എന്നു മാത്രം.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com