പതിനൊന്ന് ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് കേരളത്തിൻ്റെ മുഖ്യമന്ത്രിയെ കണ്ടെത്തുന്നത്. ഇലക്ഷൻ ഡിക്ലയർ ചെയ്തപ്പോൾ, സ്ഥാനാർഥി നിർണ്ണയം നടന്നപ്പോൾ, പൊരിവെയിലിൽ വോട്ട് പിടുത്തത്തിന് നടു റോഡിലിറങ്ങിയപ്പോൾ, തിരഞ്ഞെടുപ്പ് ദിനത്തെ മറികടന്നപ്പോൾ, എന്തിന് വോട്ടെണ്ണുന്ന ദിവസമെത്തിയപ്പോൾപോലും ഇല്ലാത്ത ചങ്കിടിപ്പോടെ ജനത്തെ മുൾമുനയിൽ നിർത്തിയത് ഈ പതിനൊന്ന് ദിവസങ്ങളായിരുന്നു. ഇലക്ഷന് വേണ്ടി പണിയെടുത്ത ജനത ആഹ്ളാദത്തിൻ്റെ കൊടുമുടിയിലെത്തി നിൽക്കുമ്പോളാണ് ഇങ്ങനെയൊരു പുതിയ കടമ്പ കൂടി നേരിടേണ്ടിവന്നത്. ഇവിടെ മുസ്‌ലിംലീഗിൻ്റെ നിലപാട് സ്തുത്യര്ഹമാണ്. വെള്ളാപ്പള്ളിയും സുകുമാരൻനായരും ആവുന്നത്ര വെള്ളം കലക്കുന്നുണ്ട്.
പുതിയ മുഖ്യമന്ത്രിയുടെ പാത അത്ര സുഖകരമല്ല. തകർന്നുകിടക്കുന്ന മേഖലകൾ പണിയെടുത്ത് പടുത്തുയർത്തേണ്ടതുണ്ട്. ഓഖിയും വെള്ളപ്പൊക്കവും കോവിഡിയും ചൂരൽമലയും കേരളത്തിൻ്റെ മുഖച്ഛായ മാറ്റിയതിനപ്പുറം മറ്റുഭരണവൈകല്യങ്ങളും ജനങ്ങളെ ദുരിതക്കയങ്ങളിൽ നിന്നും കരകയറ്റിയിട്ടില്ല. മദ്യത്തിലും ലഹരിയിലും മുങ്ങിനീരാടുന്ന കേരളമാണ്.
ആഭ്യന്തരം ആരോഗ്യം വിദ്യാഭ്യാസം വനംവകുപ്പ് പൊതുമരാമത്ത് തുടങ്ങിയ ഒട്ടേറെ മേഖലകൾ തകർന്നുകിടക്കുന്നു. ഖജനാവ് ഊതിയാൽ പറക്കുന്ന രൂപത്തിലായി. ഇതിനെയൊക്കെ പുതിയ മന്ത്രിസഭ മറികടന്ന് ജനഹിതമറിഞ്ഞ് പ്രവർത്തിക്കണം. ഇന്നലെവരെ നമ്മൾകണ്ടറിഞ്ഞ സർക്കാരിൻ്റെ ധൂർത്തുകൾ മാത്രം ഒഴിവാക്കിയാൽ തന്നെ സാമ്പത്തികം കുറെയൊക്കെ പരിഹരിക്കാനാവും. ക്ഷേമപെൻഷൻ വർദ്ധിപ്പിക്കണം. സാമ്പത്തികമായി ദുരിതമനുഭവിക്കുന്നവർക്കാണല്ലോ ക്ഷേമപെൻഷൻ. ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിച്ചുകൊടുക്കണം. സമരം ചെയ്ത തോറ്റ മറ്റു വിഭാഗങ്ങളുടെ ആവശ്യങ്ങൾക്ക് നേരെ കണ്ണടക്കരുത്.
വിദ്യാഭ്യാസ രംഗത്തെ കുട്ടികളിൽ പെരുകിവരുന്ന ആത്മഹത്യകളുടെ ദുരൂഹതകൾ വെളിച്ചത്ത് കൊണ്ടുവരണം. ജാതിമത ചിന്തകൾക്കെതിരെ ശക്തമായ നിലപാടെടുക്കണം’. ശിക്ഷിക്കപ്പെട്ട ട്രാൻസ്പോർട്ട് ഡ്രൈവർ യദു തൊട്ട് അനവധി കാര്യങ്ങൾ സർക്കാറിന് പരിഹാരം കണ്ടെത്താനായിട്ടുണ്ട്. ജനങ്ങൾ തന്നേല്പിച്ച 102 സീറ്റുകളിൽ അവരുടെ ആവശ്യങ്ങളും പ്രതീക്ഷകളുമാണ്. ഈ ത്രാസിന് തൂക്കമേറെയാണ്. എല്ലാം നേരിടാനുള്ള കരുത്ത് പുതിയ മന്ത്രിസഭക്കുണ്ടാവട്ടെ.
കണ്ണേ പൊന്നേ വിഎസ്സേ എന്ന് കേരളജനത ഒരു മുഖ്യമന്ത്രിയെയേ വിളിച്ചിട്ടുള്ളു. അത് വി എസ് അച്യുതാനന്ദനെയാണ് . കേരളം ഇന്ന് ആവിളി വീണ്ടും കേട്ടു . അത് വി. ഡി. സതീശനെയായാണ്. ഈ വിളി തുടർന്നും ഉണ്ടാവണം . അത് ജനങ്ങളുടെ വിശ്വാസമാണ്., സർക്കാരിൻ്റെ നന്മയാണ്. കോൺഗ്രസ്സ് ഭരിച്ചാലും സി പി എം ഭരിച്ചാലൂം ഈ വിളി തുടരട്ടെ.




👍👍