Sunday, July 26, 2026
Homeഅമേരിക്കഅധ്യാപന അനുഭവക്കുറിപ്പ് (ഭാഗം - 12) 'പൊന്നീർക്കിൽ കമ്മൽ' ✍ റോമി ബെന്നി.

അധ്യാപന അനുഭവക്കുറിപ്പ് (ഭാഗം – 12) ‘പൊന്നീർക്കിൽ കമ്മൽ’ ✍ റോമി ബെന്നി.

വർഷാന്ത്യത്തിലെ പത്താംതരക്കാരുടെ വിനോദയാത്ര ഈ വർഷം ആദ്യ ടേമിൽത്തന്നെ നടത്തണമെന്നു പി.ടി.എ മീറ്റിംഗിൽ അന്നു തീരുമാനമായി.

രണ്ടാം ടേമിലെ കലാകായികപരിപാടികളും പരീക്ഷയും മറ്റവധികളുമൊക്കെയായി ദിവസങ്ങൾ കിട്ടുന്നില്ല.

ഊട്ടി, മൈസൂർ ട്രിപ്പാണ് തീരുമാനിച്ചത്. കുട്ടികൾക്കു വലിയ ഉത്സാഹമായി.

പത്താം ക്ലാസ് പരീക്ഷയുടെപഠനത്തിന്റെ ചൂടേറിയതും അതിതീവ്രമായ ആകുലതകളൊന്നു എത്തിയിട്ടില്ലാത്ത അധ്യയന വർഷാരംഭ ദിനങ്ങളായതിനാൽ
ആസ്വദിച്ചു പോയി വരാം.

ഒരു പാടു പഠിക്കാനുള്ളതല്ലേ പോകണോ എന്ന വീട്ടുകാരുടെ ഉപദേശവുമൊഴിവാക്കാം.

എല്ലാം പത്താം ക്ലാസ് ഡിവിഷനികളിലും കൂടി മൂന്നു ബസിനുള്ള വിദ്യാർത്ഥിനികൾ വിനോദ യാത്രയ്ക്ക് സന്നദ്ധരായി പേരു നൽകി.

ഒരുമിച്ചു പണം തരാൻ കഴിയാത്തവർ ആദ്യഗഡു അഡ്വാൻസായി തന്നു.

ജില്ല വിട്ടു പോലും പുറത്തു പോകാത്ത പെൺകുട്ടികളാണ് ക്ലാസിൽ പലരും. എല്ലാവർക്കും വരണമെന്നാണാഗ്രഹം.

ചില അമ്മമാർ വിളിച്ചു ചോദിച്ചു.

“ഇത്ര ദൂരെയായതു കൊണ്ടു പേടിയാണ്. ടീച്ചറും കൂടെ പോകില്ലേ”

തീർച്ചയായും. എന്റെ മക്കളെ പോലെ തന്നെയാണ്. ഒട്ടും പേടിക്കേണ്ട എന്നു ധൈര്യം കൊടുത്തുവെങ്കിലും ഉള്ളിന്റെയുള്ളിൽ ഒരു ചെറുഭീതി വരാതിരുന്നില്ല.

യാത്രയിൽ കുട്ടികൾക്കുണ്ടാകുന്ന അസുഖങ്ങൾ എന്നെ അന്നൊക്കെ വല്ലാതെ അസ്വസ്ഥപ്പെടുത്തുമായിരുന്നു.
ഒരു കുഴപ്പവും കൂടാതെ തിരിച്ചെത്തും വരെ എനിക്കും മനസമാധാനമുണ്ടായിരുന്നില്ല. അതുകൊണ്ട് കുട്ടികൾ ട്രിപ്പ് ആസ്വദിക്കുമ്പോഴും എന്നെപ്പോലുള്ള അധ്യാപകർക്ക് ഇതൊന്നു കഴിഞ്ഞ് വീട്ടിലെത്തിയാൽ മതിയെന്ന ചിന്തയാണ്. എന്നാലും പുറമേ അഹ്ലാദഭാവം കാണിക്കുകയും ചെയ്യും.

ചിലർ രക്ഷകർത്താക്കൾ നേരിട്ടു വന്നു പറഞ്ഞു

“ടീച്ചറെങ്ങനെയെങ്കിലും പറഞ്ഞു ഒഴിവാക്കണം ഞങ്ങൾക്കു പേടിയാണ് ടൂറിനൊക്കെ വിടാൻ . പക്ഷേ മോളു വലിയ ബഹളം ”

കേട്ടു വന്ന കുട്ടി പൊട്ടിത്തെറിച്ചു പറഞ്ഞു.

” ഒരിടത്തു കൊണ്ടുപോകുകയുമില്ല വിടുകയുമില്ല.”

അമ്മമാരങ്ങിനെയാണ്.നിങ്ങൾതിരിച്ചെത്തുന്നതുവരെ വ്യാകുലത
യായിരിക്കും. ഞാൻ സമാശ്വസിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവളുടെ അമ്മ പറഞ്ഞു

” ഇവളൊക്കെ അമ്മമാരായാലെ നമ്മുടെ ആകുലത മനസിലാകുകയുള്ളു”

അതിനുള്ള കുട്ടിയുടെ മറുപടി കേട്ട് ഞാൻ ചിരിയൊതുക്കിനിന്നു.

“എന്നാൽപ്പിന്നെ അമ്മ കൊണ്ടുപോ ഞങ്ങളെ. ഒരു കടപ്പുറത്തു പോലും കൊണ്ടു പോകാതെ പൂട്ടിയിട്ടിരിക്കുകയാണ്. ഞാനമ്മയാകുമ്പോഴല്ലേ അന്നേരം നോക്കാം”

ഇങ്ങനെയാണോ അമ്മയോടു പെരുമാറുന്നത് എന്നു കുട്ടിയെ ശാസിക്കുമ്പോഴും

മാതാപിതാക്കളുടെ ആകുലതയും ശിഷ്യരുടെ ആഗ്രഹത്തിനുമിടയിൽ എന്തുചെയ്യുമെന്നറിയാതെകുഴങ്ങിപ്പോയിട്ടുണ്ട്

പകുതിയിലധികം കുട്ടികളും പണമടച്ചു.

സ്വന്തമായിത്തന്നെ തീരുമാനമെടുത്ത് വരാതിരുന്നവരും യാത്രയിഷ്ടമില്ലാത്ത
ചിലരും കാശിന്റെ ബുദ്ധിമുട്ടുള്ള കുട്ടികളും അമ്മയെപ്പിരിഞ്ഞ് ഉറങ്ങിയിട്ടില്ലാത്തവരുമൊക്കെ ടൂറ് വേണ്ടെന്നു വെച്ചു.

വീട്ടിൽ നിന്നു കൊണ്ടുപോകാമെന്ന മാതാപിതാക്കളുടെ നടക്കാത്ത വാഗ്ദാനത്തെ പ്രതി മുഖം വീർപ്പിച്ച് ക്ലാസിൽ വന്നവരുമുണ്ട്.

എന്നാൽ ജാനകി ഏറ്റവും ആദ്യം നൂറു രൂപതന്ന് സീറ്റുറപ്പിച്ചയാളാണ്.

പക്ഷേ പണം തരേണ്ട അവസാന ദിവസമായിട്ടും ബാക്കി തുക അവൾ കൊണ്ടു വന്നില്ല.

ബസുകാർക്ക് പണം കൊടുക്കേണം.
പോകുന്നവർക്ക് കാഷുതരാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ വരാൻ താൽപ്പര്യമുള്ള
വർക്കായിസീറ്റൊഴിഞ്ഞുകൊടുക്കണമെന്നുള്ളരീതിയിൽ ക്ലാസുകളിൽ പറയാൻഅധ്യാപകർ തീരുമാനിച്ചെങ്കിലും അന്നു ഞാനതു പറഞ്ഞില്ല.

നാലഞ്ചു കുട്ടികൾ പണം തന്നിട്ടില്ല. പോകുന്നതിനു മുൻപു വാങ്ങിയില്ലെയെങ്കിൽ പണം കിട്ടാതായിപ്പോയ വർഷങ്ങളുമുണ്ട്.

ജാനകി എഴുന്നേറ്റു വന്നു പറഞ്ഞു “അമ്മ ഉച്ചയ്ക്ക് കൊണ്ടുവന്നു തരും.”

തമിഴ് നാട്ടിൽ നിന്ന് കേരളത്തിൽ രണ്ടു തലമുറ മുമ്പേ വന്നു താമസിച്ചവരാണ് ജാനകിയുടെ വീട്ടുകാർ.

ഒരനുജത്തിയും അനുജനുമുണ്ട്. അച്ഛൻ കൂലിപ്പണിക്കും അമ്മ വീട്ടുപണിക്കും പോകും.

അവർ ജോലിക്കായി വെളുപ്പിനേ പോകുന്നതു കൊണ്ട് വീട്ടിൽ ഭക്ഷണം ഉണ്ടാക്കാറില്ല.

ഇളയ കുട്ടികൾക്കു മാത്രം ലഭിക്കുന്ന ഉച്ചഭക്ഷണം തന്റെ മകൾക്കും കൊടുക്കണമെന്ന് അവളുടെ അമ്മ വന്നു പറഞ്ഞിരുന്നു.

സാധാരണ പത്താം ക്ലാസിലെ കുട്ടികൾ വീട്ടിൽ നിന്നാണ് ഉച്ച ഭക്ഷണം കൊണ്ടു വന്നിരുന്നത്.അതുകൊണ്ട് വളരെ വൈമനസ്യത്തോടെയാണ് ജാനകി സ്കൂളിലെ ഉച്ചഭക്ഷണംവാങ്ങാനായി പോയിരുന്നത്.

ചിലപ്പോൾ വിശപ്പില്ലയെന്നു പറഞ്ഞിരിക്കുമ്പോൾ കുട്ടികൾ വന്ന് എന്നോടു പറയും ജാനകി ഫുഡ് വാങ്ങാൻപോയില്ലെന്ന് .

ഉച്ചഭക്ഷണം കൊടുക്കുന്ന സ്ഥലത്തേയ്ക്ക് ഞാനവളെ പറഞ്ഞു വിടും.എന്തോ ഒരു നാണക്കേടിന്റെ വിസമ്മതഭാവത്തോടെയെങ്കിലും പറഞ്ഞതനുസരിച്ചവൾ ഉച്ചയൂണു കഴിച്ചു വരും.

പഠനത്തിനും സ്പോർട്ട്സിനുമൊക്കെ മുൻപന്തിയിൽ നിൽക്കുന്ന ജാനകി ആരോടും അധികം സംസാരിക്കാറില്ല.

വീട്ടിൽ തമിഴ് മാത്രം പറയുന്നതുകൊണ്ട് എന്നോടു മലയാളത്തിൽ സംസാരിക്കുമ്പോഴും തമിഴ് പദങ്ങൾ കയറിവരും.

മറ്റു കുട്ടികൾ ചിരിക്കുമെന്നു ഭയന്നാണോ അവളധികം വർത്തമാനം പറയുന്നതു കേട്ടിട്ടില്ല.

അന്ന് ഉച്ച ഭക്ഷണ സമയത്ത് പെരുമഴയായിരുന്നു.

കുട കൈയിലുണ്ടെങ്കിലും പുറത്തിറങ്ങി നനയാൻ ശ്രമിക്കുന്ന കൊച്ചുകുട്ടികളെ സ്കൂൾ മുറ്റത്തു നിന്ന് അധ്യാപകർ ഓടിച്ചു അകത്തേയ്ക്ക് വിടുന്നുണ്ട്.

നനഞ്ഞൊട്ടി മെലിഞ്ഞ ശരീരവും ആധിപിടിച്ച മുഖവുമായി ഒരു സ്ത്രീ ഓടിവരുന്നതു കണ്ടു.

വിഷാദഭാവമുള്ള മുഖത്ത്, മഴ വെള്ളം വീണതിനാൽ കരഞ്ഞു കൊണ്ടു വരുന്നപോലെ കാണുന്നവർക്കു തോന്നും.

അവർ കുട പുറത്തു വെച്ച് ക്ലാസു മുറിയിലേയ്ക്ക് കയറി വന്നു.

“ജോലിസ്ഥലത്തു നിന്നു ചോദിച്ചിട്ട് ഓടിവന്നതാ, ജാനകിയുടെ അച്ഛനു മഴ തുടങ്ങിയിട്ട് പണിയൊന്നുമില്ല. കുട്ടിക്കൊരേയൊരു വാശി. ടൂറു പോകണമെന്ന്.

പലരോടും കടം ചോദിച്ചു കിട്ടിയില്ലാ.
മൂന്നുപേരുടെ പഠിത്തത്തിനു വേണ്ടി തന്നെ സ്കൂൾ തുറന്നപ്പോൾ കുറേ വാങ്ങി. ടൂറിനു പോകാനൊക്കെ കാശു ചോദിച്ചാൽ ആരു തരാനാണ് ”

അവർ സാരിത്തലപ്പുകൊണ്ടു കൺപീലിയിലെ നനവു തുടച്ചു.

ജാനകി നല്ല പക്വതയുള്ളകുട്ടിയാണ്. അവളോടു നിങ്ങളുടെ അവസ്ഥ പറഞ്ഞാൽ മനസിലാകുമല്ലോ .
ഞാൻ സമാധാനിപ്പിച്ചു.

“അല്ല ടീച്ചറെ ഇവിടെ മിണ്ടാതിരിക്കുമ്പോലല്ല, വീട്ടിൽ വന്നാൽ എന്നും പരാതിയും സങ്കടവുമാണ്. നൂറു രൂപ എടുത്തു കൊണ്ടു പോന്നപ്പഴേ ഞാൻ പറഞ്ഞു. ഇതിന്റെ മുഴുവൻ കാശു തരാനുണ്ടാകില്ലെന്ന്.”

പണം കൊടുക്കാനില്ലാത്ത പല കുട്ടികളും വിനോദയാത്രയിൽ നിന്നു മാറിനിൽപ്പുണ്ട്.

വീട്ടിലെ അവസ്ഥയറിഞ്ഞവർ സ്വയം എടുത്ത തീരുമാനം. ഞാൻ പറഞ്ഞു.

“രണ്ടു ദിവസമായവൾ വീട്ടിൽനിന്നു ഭക്ഷണം കഴിച്ചിട്ട്. രാവിലെ
തലേ ദിവസത്തെ ചോറു വെള്ളത്തിലിട്ട് എതെങ്കിലും കറിയുണ്ടാക്കി കൊടുക്കും. പിന്നെ രാത്രി വന്നിട്ടു വേണം ഭക്ഷണം ശരിയാക്കി കൊടുക്കാൻ. പക്ഷേ രാവിലെയും രാത്രിയുമവൾ ഒന്നും കഴിക്കാതെ രണ്ടു ദിവസമായി പിണങ്ങിയിരിക്കുന്നു.
ഇവിടെ ടീച്ചറെ പേടിച്ചെങ്കിലും ഉച്ച ഭക്ഷണം കഴിക്കുന്നുണ്ടെന്ന സമാധാനമുണ്ട് ”

കുട്ടികളുടെ കലപിലയ്ക്കിടെ നേർത്ത ശബ്ദത്തിൽ അവർ പറയുന്നത് ചെവികൂർപ്പിച്ച് വ്യസനത്തോടെ ഞാൻ കേട്ടിരുന്നു.

സ്വർണ്ണത്തിന് ഇത്രയൊന്നും വിലയില്ലാത്ത കാലത്ത് അവർ തന്റെ കാതിലെ വളരെ ലോലമായ കമ്മൽ എന്റെ മുൻപിൽ വെച്ച് വലിച്ചൂരി. പേഴ്സ് തുറന്ന് ചെറിയ ഈർക്കിലെടുത്ത് രണ്ടുകാതിലുമണിഞ്ഞ് എന്നെനോക്കിപ്പറഞ്ഞു.

” കമ്മലിടുന്ന ദ്വാരം അടഞ്ഞുപോകും അതാണ് ഈർക്കിൽക്കമ്പ് ഇട്ടത്.”

എന്തിനാണ് കമ്മൽ ഊരുന്നത്. ഞാൻ ചോദിച്ചു.

“ടീച്ചറെ ഇതു മാത്രമെ എന്റെ കൈയ്യിൽ സ്വർണ്ണമായിട്ടുള്ളു. ഇതൊന്നുപണയം വെക്കാനോ വിൽക്കാനോ പോകാൻ എനിക്കു നേരം കിട്ടിയില്ല.ഇന്നു കാശു കൊടുത്തില്ലെങ്കിൽ ടൂറിനു പോകാനാകില്ലയെന്നു പറഞ്ഞവൾ കരച്ചിലായിരുന്നു. എങ്ങനെ കണ്ടു നിൽക്കും. അവരുടെ കണ്ണിലും നീർ പൊടിഞ്ഞു.

ഞാൻ ഇന്നു വൈകുന്നേരത്തിനു മുമ്പോ നാളെയോ കാശെത്തിക്കാം കുട്ടിയുടെ പേര് ലിസ്റ്റീന്ന് വെട്ടരുത് ”

അവർ കൈകൂപ്പിയപ്പോൾ എന്റെ കണ്ണു നിറഞ്ഞു.

ഒന്നും വേണ്ട നിങ്ങൾ പൊയ്ക്കോളു, ഞാൻ കൊടുക്കാം.
ജാനകിയെ വിനോദയാത്രയ്ക്കു കൊണ്ടു പോയ്ക്കൊള്ളാം.

“അയ്യോ വേണ്ട ടീച്ചറെ ഇത്ര ദൂരം പോകുന്നതിന് എത്രയധികം രൂപയാകുന്നത്. ടീച്ചറു കഷ്ടപ്പെട്ടു ഇതുങ്ങളുടെ കൂടെ പോകുന്നതു പോരേ പിന്നെ കാശും കളയേണ്ട”.

ഒരാളുടെ കാശു പോകുന്നതിലല്ല ഇതുപോലെ പോകാനാഗ്രഹിക്കുന്ന എന്നാൽ പണമില്ലാത്ത ഒത്തിരി പേരിവിടെയിരിപ്പുണ്ട്.

അവരൊക്കെ വിഷമം ഉള്ളിലൊതുക്കിയിരിപ്പാണ്. എല്ലാവരെയും സഹായിക്കാനും പറ്റില്ല. അതുകൊണ്ട് ഇതാരോടും പറയേണ്ട.

എന്നു പറഞ്ഞിട്ട് ഞാൻ മൗനമായിരുന്നു

“വേണ്ട ടീച്ചറെ”.
ഒന്നു നിർത്തിയിട്ടവർ പറഞ്ഞു ” അല്ലെങ്കിൽ ഇപ്പോൾ ടീച്ചറു കൊടുക്ക് ഞാൻ വേലയെടുത്തു വീട്ടിക്കൊള്ളാം.”

അവർ ദീർഘനിശ്വാസമുതിർത്തി.

മഴയൽപ്പം കുറഞ്ഞിട്ടുണ്ട്. നിങ്ങൾ ജോലിസ്ഥലത്തു പോയ്ക്കൊ . അതൊക്കെ പിന്നീടു സംസാരിക്കാം.

പിറകുവശത്തെ വരാന്തയിൽ ഉച്ചഭക്ഷണത്തിനു ശേഷമുള്ള ഇടവേളയിൽ കൂട്ടുകാരൊപ്പം മഴയാസ്വദിച്ചു നിന്ന ജാനകിയും കൂട്ടുകാരും ബെല്ലടി ശബ്ദം കേട്ട് ക്ലാസുമുറിയിലേയ്ക്കു വന്നു.

പോകാനിറങ്ങുന്ന അമ്മയെ കണ്ടവളുടെ മുഖം തിളങ്ങി.

ഞാൻ പറഞ്ഞു അമ്മ ടൂറിനു പോകാനുള്ള പണം തന്നു. സമാധാനമായോ ?

അവളുടൻ അമ്മയുടെ കാതിലണിഞ്ഞ ഈർക്കിൽ കമ്മൽ നോക്കി ആശ്വാസഭാവത്തിൽ പുഞ്ചിരിച്ചു.

ഉച്ചയ്ക്കുള്ള ആദ്യ പീരിയഡ് എനിക്ക് ആ ക്ലാസിൽത്തന്നെയായിരുന്നു.
പാഠം തുടങ്ങുന്നതിനു മുമ്പ് ഞാൻ പറഞ്ഞു.

ഞാനൊരു വീഡിയോ ഈയിടെ കണ്ടു .

ചൈനയിലാണെന്നു തോന്നുന്നു. ക്ലാസ് റൂമിലെ സ്ക്രീനിൽ കുട്ടികളെ അവരുടെ മാതാപിതാക്കൾ കഷ്ടപ്പെട്ടു ജോലി ചെയ്യുന്നതു ഷൂട്ട് ചെയ്തെടുത്തത് ഒരധ്യാപകൻ സിനിമയെന്നപോലെ കാണിക്കുന്നു.

ആദ്യം സ്തബ്ധരായിരുന്നെങ്കിലും കുട്ടികൾ കൂട്ടക്കരച്ചിലാകുന്നുണ്ട്

അവർ കണ്ടിട്ടില്ല തങ്ങളെ വളർത്താൻ മാതാപിതാക്കളെടുക്കുന്ന കഷ്ടപ്പാടുകൾ.

ഗൾഫിലെ പൊരിവെയിലിൽ പണിയുന്നവരെ ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്.

അവർ കിട്ടുന്ന സമയത്ത് നാട്ടിലേയ്ക്കു വിളിച്ച് മക്കളുടെ മാർക്കു ചോദിച്ച് അതിൽ സന്തോഷിക്കുന്നതും എല്ലാവരോടും അഭിമാനത്തോടെ പറയുന്നതും കേൾക്കുമ്പോൾ കണ്ണു നിറയാറുണ്ട്.

ഞാൻ കുട്ടികളെ നോക്കി. എല്ലാവരും നിശബ്ദരാണ്.

ക്ലാസു തുടങ്ങുന്നതിനു മുമ്പ് ഫാത്തിമ എഴുന്നേറ്റു നിന്നു.

“എനിക്കൊരു കാര്യം ഷെയർ ചെയ്യാനുണ്ട്. പറയട്ടെ”

ഞാൻ തലയാട്ടി, കുട്ടികൾ എല്ലാവരും അത്ഭുതത്തോടെ അവളെ നോക്കിയിരുന്നു

” ടീച്ചർ പറഞ്ഞതു ശരിയാണ്. ഗൾഫുകാണാൻ അവധിക്കാലത്ത് ഞങ്ങൾ വാശിപിടിച്ചിട്ട് ഉപ്പ വിസിറ്റു വിസയിൽ എന്നെയും ഉമ്മയെയും അനുജനെയും കൊണ്ടു പോയി.

നല്ല രസമായിരുന്നു മാളുകളിലും പാർക്കിലുമൊക്കെ കറങ്ങി നടക്കാൻ . പക്ഷേ ഒരു ദിനം അനുജന്റെ നിർബന്ധം കാരണം ഉപ്പയുടെ വർക്കു സൈറ്റിൽ ഞങ്ങൾ കാണാൻ പോയി.

ഉമ്മയും ഞാനും വീട്ടിൽ വന്നു കരഞ്ഞു കരഞ്ഞു ഒരു പാകമായി. ഞങ്ങൾ രണ്ടാളും പിന്നെ ഒരാവശ്യത്തിനും ഉപ്പയെ ബുദ്ധിമുട്ടിക്കാറില്ല.

ഞങ്ങളെ അങ്ങോട്ടു കൊണ്ടു പോകാൻ ഉപ്പ എത്ര കടം വാങ്ങിച്ചിട്ടായിരുന്നു
വെന്നറിഞ്ഞത് ഉപ്പ താമസിക്കുന്ന സ്ഥലത്തു ചെന്നപ്പോഴാണ് ഞങ്ങൾക്കു മനസിലായത്.

പുറത്തേയ്ക്കു നോക്കിയാൽ തന്നെ കണ്ണിരുട്ടിപ്പോകുന്ന പൊരിവെയിലിലാണെന്റെ ഉപ്പ”

അവൾ വിതുമ്പി നിറുത്തി.

“നന്നായി പഠിച്ച് ജോലി വാങ്ങി എത്രയും വേഗം തിരികെ ഉപ്പയെ ഇങ്ങോട് കൊണ്ടുവരണമെന്നാണു ഞങ്ങൾ രണ്ടാളുടെയും ലക്ഷ്യം. ഞാൻ ടൂറിനു വരുന്നില്ല ടീച്ചർ. ഇഷ്ടമില്ലാഞ്ഞിട്ടല്ല. ചോദിച്ചാൽ ഉപ്പ പൈസ അയച്ചു തരും. പക്ഷേ വീണ്ടും ഉപ്പ അവിടെ കൂടുതൽ നാൾ നിൽക്കേണ്ടേ!”

അവളുടെ കണ്ണുകൾ സജലങ്ങളായി.

അടുത്ത ദിവസം ഞാൻ ഓഫീസുമുറിയിൽ നിന്നിറങ്ങുമ്പോൾ ജാനകി എന്നെക്കാത്ത് ഒറ്റയ്ക്കു വന്നു നിൽപ്പുണ്ട്.

“ടീച്ചറാണ് കാശു കൊടുത്തതെന്ന് അമ്മ പറഞ്ഞു. കടമായിട്ടാണെങ്കിലും ടീച്ചർ കൊടുത്തു കഴിഞ്ഞപ്പോൾ എനിക്കു വിഷമമായി. ഞാൻ ചെയ്തതു തെറ്റു തന്നെയാ അവരെയൊക്കെ ഒത്തിരി വിഷമിപ്പിച്ചു.

ട്രെയിൻ കയറി എങ്ങോടെങ്കിലും പോകുമെന്നു വരെ പേടിപ്പിച്ചു. ഇന്നലെ രാത്രി ഞാൻ ഒത്തിരി കരഞ്ഞു. അവർ ഉറങ്ങിയപ്പോൾ കാലുതൊട്ട് മാപ്പു ചോദിച്ചു ”

സംസാരിക്കാനാകാതെ ജാനകിയുടെ തൊണ്ടയിടറി .

ഞാൻ പറഞ്ഞു ഈ തിരിച്ചറിവിന്റെ സമ്മാനമായാണ് ഞാൻ മോളെ ടൂറിനു കൊണ്ടു പോകുന്നത്.

കാശെനിക്കു തിരിച്ചു തരേണ്ട. മറ്റു കുട്ടികളോടു പറയുകയും വേണ്ട. വരാൻ കഴിയാത്തവർക്കു വിഷമമാകും.

ടീച്ചർ ഒരാളെ മാത്രം സഹായിച്ചു എന്നു എന്നോടു ദേഷ്യവും വരും.

അതുകൊണ്ട് ഫാത്തിമ പറഞ്ഞതോർമ്മയിൽ വെയ്ക്കുക.
പഠിച്ച് നല്ല നിലയിലായി കഴിയുമ്പോൾ എന്റെ കടം വീട്ടാൻ വരണം.

തലകുലുക്കി പിരിഞ്ഞു പോയ ജാനകിയെ ഞാൻകാത്തിരിക്കുന്നു.അവൾ എവിടെയാണെന്നറിയില്ല. പണം തിരിച്ചു കിട്ടാനല്ല.

പറഞ്ഞതുപോലെ നല്ല നിലയിൽജീവിക്കുന്നുണ്ടെന്നറിയാൻ മാത്രം.

റോമി ബെന്നി✍

RELATED ARTICLES

1 COMMENT

  1. കുട്ടികൾ രക്ഷിതാക്കളെ അറിയണം സമൂഹത്തെ അറിയണം എങ്കിലേ നല്ല പൗരന്മാരായി വളരു

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com