🔹കാലവര്‍ഷം കനത്തു പെയ്യുമ്പോള്‍ ജില്ലയിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര അപാകതയെന്ന് ആരോപണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും ഏകോപനമില്ലായ്മയാണ് പ്രശ്നമെന്നാണ് ആക്ഷേപം. ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങള്‍ എന്നിവ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യം കാര്യങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുകയാണ്.
🔹കുതിരാൻ തുരങ്ക പാതയിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് മന്ത്രിതല സംഘത്തിന്റെ അടിയന്തരമായി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മന്ത്രി ഒ.ജെ. ജനീഷ്, കെ. രാജൻ എംഎൽഎ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്. തുരങ്കപാതയുടെ തൃശൂർ – പാലക്കാട് കവാടത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്.
🔹വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച കേസിൽ നെടുമ്പാശേരിയിൽ പിടിയിലായ യുവാവിന്റെ പരാക്രമം കോടതിയിലും. ക്വാലാലംപുരിൽനിന്ന് നെടുമ്പാശേരിയിലേക്കു വന്ന ബാറ്റിക് എയർലൈൻസിൽ അതിക്രമം കാണിച്ച പാലക്കാട് സ്വദേശി ജംഷീറിനെ (34) അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കോടതി കേസ് പരിഗണിച്ചുകൊണ്ടിരിക്കെ മജിസ്ട്രേറ്റിനു മുന്നിൽ വച്ച് ജംഷീർ ജാമ്യ പേപ്പറുകൾ വലിച്ചുകീറിയെറിയുകയായിരുന്നു. തുടർന്നും പരിഭ്രാന്ത്രി സൃഷ്ടിച്ച ഇയാളെ പോലീസ് സമയോചിതമായി ഇടപെട്ട് പിടിച്ചുമാറ്റി. അതേസമയം യുവാവിന് ഗുരുതര മാനസിക പ്രശ്നങ്ങൾ ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണു പോലീസ് കോടതിയിൽ വ്യക്തമാക്കിയത്.
🔹 ശബരിമല സന്നിധാനത്തെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചു വിശദ അന്വേഷണം നടത്താൻ നിർദേശം. നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് കൂടുതൽ അന്വേഷണം നടത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു. വിഷയം ബോർഡ് യോഗം പരിശോധിച്ചു. പുറത്തു നിന്ന് നെയ്യ് വാങ്ങേണ്ടതില്ലെന്നു തീരുമാനിച്ചു.
🔹മൊത്തവ്യാപാര സ്ഥാപനത്തിലേക്ക് പഞ്ചസാര ഇറക്കി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് ഏഴുപേർ ചേർന്ന് ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. മഹാരാഷ്ട്ര സാംഗ്ളി സ്വദേശി രാജിവ് നേതാജി മോറ (35) യെയാണ് കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ എസ്.ബി. കൈലാസ്നാഥിന്റെ നേതൃത്വത്തിൽ ഹരിയാനയിൽനിന്ന് കസ്റ്റഡിയിലെടുത്തത്.കണ്ണൂർ കൊറ്റാളി സ്വദേശി സുനീഷ്, മേലെ ചൊവ്വ സ്വദേശി പ്രസൂൺ എന്നിവർ ചേർന്ന് കണ്ണൂർ കണ്ണോത്തുംചാലിൽ നടത്തുന്ന സുപ്രീം ട്രേഡേഴ്സിലേക്ക് പഞ്ചസാര ഇറക്കി കൊടുക്കുമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. കേസിലെ ഏഴാം പ്രതിയാണ് പിടിയിലായ രാജീവ്.
🔹പത്താം ക്ലാസ് വിദ്യാർഥി വീടിനുള്ളിൽ ജീവനൊടുക്കിയ സംഭവത്തിൽ സ്കൂളിലെ മുഖ്യാധ്യാപികയെ പോലീസ് സംഘം ചോദ്യം ചെയ്തു. തലശ്ശേരി ചിറക്കര മാഹിനലി സാഹിബ് റോഡിലെ ശബാന മൻസിലിൽ റൈഹാൻ ബിൻ അമീർ (15) മരിച്ച സംഭവത്തിലാണ് എഎസ്പി ഓഫീസിലെ എസ്ഐ അനിതയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കണ്ണൂർ ജെം ഇന്റർനാഷണൽ സ്കൂളിലെ മുഖ്യാധ്യാപികയെ ചോദ്യം ചെയ്തു മൊഴി രേഖപ്പെടുത്തിയത്.
🔹സംസ്ഥാനത്തെ സ്കൂളുകളിലെ ഓണപ്പരീക്ഷയ്ക്ക് മാറ്റമില്ല. ഈ മാസം 13ന് പരീക്ഷകൾ ആരംഭിച്ച് 20 ന് പരീക്ഷകൾ പൂർത്തിയാക്കാൻ ഇന്നലെ ചേർന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുഐപി) യോഗം അംഗീകാരം നൽകി.21 ന് ഓണാഘോഷ പരിപാടികൾ നടത്തി സ്കൂളുകൾ അടയ്ക്കും. ഹൈസ്കൂൾ വിഭാഗത്തിലെ പരീക്ഷകൾ ഒരേ ദിവസം വരുന്നതിനാൽ നിലവിലെ ടൈംടേബിൾ പുനഃക്രമീകരിക്കാനും ധാരണയായി.
ഹയർ സെക്കൻഡറി പരീക്ഷകളിലും കെ ടെറ്റ് പരീക്ഷാ തീയതിയിലും മാറ്റമില്ല.
🔹കണ്ണൂര്‍ ചെറുപുഴയിലെ വെള്ളപ്പൊക്കത്തില്പ്പെട്ടയാളെ സ്വന്തം ജീവന് നഷ്ടപ്പെടുത്തി രക്ഷപ്പെടുത്തിയ തിരുവനന്തപുരം നേമം സ്വദേശി ആര്. രാജേഷിന് ഹൈക്കോടതിയുടെ സല്യൂട്ട്.ധീരനായ രാജേഷിനെ സല്യൂട്ട് ചെയ്യുന്നതോടൊപ്പം കുടുംബത്തിന്റെ പ്രാര്‍ഥനയില്‍ പങ്കുചേരുന്നതായി ജസ്റ്റീസ് ദേവന് രാമചന്ദ്രന് പറഞ്ഞു.
വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട മനുഷ്യനെ രക്ഷിക്കാന്‍ സ്വന്തം രക്ഷാജാക്കറ്റ് അഴിച്ചുകൊടുത്ത് സ്വയം മരണം പുല്കിയ രാജേഷിന്റെ ത്യാഗം അത്യുന്നതവും അതുല്യവുമാണെന്ന് കോടതി പറഞ്ഞു.
🔹മദ്യപിച്ച് ദേശീയപാതയിലൂടെ അപകടകരമായ രീതിയിൽ വാഹനമോടിച്ച യൂട്യൂബർ എസ്.ആർ. ധന്യയുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തതെന്ന് മോട്ടോർവാഹന വകുപ്പ് വ്യക്തമാക്കി.
🔹പോലീസ് ഊർജിതമായ തെരച്ചിൽ നടത്തുന്നതിനിടെ പുതിയ പോസ്റ്റുമായി അർജുൻ ആയങ്കി. മുട്ടിന് താഴെ വെടിവെച്ചാലും മുട്ടുകുത്തില്ലെന്നും തന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണെന്നും പുതിയ പോസ്റ്റിൽ പറയുന്നു. വെറും നാല് കേസ് മാത്രം അവശേഷിക്കുന്ന തന്നെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ തീവ്രവാദിയാക്കി മാറ്റി.കള്ളക്കേസിൽ ജയിലിലാക്കിയപ്പോൾ ജീവിതം താറുമാറായ ആളാണ് താൻ. മാനസിക രോഗത്തിലോ മദ്യലഹരിയിലോ അല്ല, പൂർണബോധത്തോടെ തന്നെയാണ് പ്രതികരിച്ചത്. തന്നെ കള്ളക്കേസിൽ ജയിലിലടച്ച കേസ് പുനരന്വേഷണം നടത്തണം. ചത്താലും ഭയപ്പാടില്ലെന്നും മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ലെന്നും അർജുൻ ആയങ്കി പുതിയ പോസ്റ്റിൽ പറയുന്നു.
🔹നീറ്റ് ചോദ്യപേപ്പർ ചോർച്ച സംസ്ഥാനാന്തര സംഘടിത ക്രിമിനൽ ഗൂഢാലോചനയെന്ന് സിബിഐ. പരീക്ഷ നടത്തുന്ന ദേശീയ പരീക്ഷാ ഏജൻസിയുടെ (എൻടിഎ) മൂന്ന് വിഷയ വിദഗ്ധർ തന്നെയാണ് ആദ്യം ചോദ്യപേപ്പർ ചോർത്തിയതെന്നാണ് ഡൽഹി റൗസ് അവന്യു കോടതിയിലെ പ്രത്യേക സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നത്.കുറ്റപത്രമനുസരിച്ച് 13 പ്രതികളാണുള്ളത്. ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്തു പരീക്ഷാ പേപ്പറുകൾ ലഭ്യമാക്കിയതു മുതൽ കോച്ചിംഗ് ഓപ്പറേറ്റർമാരും ബ്രോക്കർമാരുമടങ്ങുന്ന ഇടനിലക്കാരിലേക്ക് ഇത് കൈമാറി വിദ്യാർഥികൾക്ക് വൻ തുകയ്ക്ക് വിറ്റതു വരെ നീളുന്നതാണ് റാക്കറ്റ്.
🔹തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ ജോസഫ് വിജയ്യിൽ നിന്ന് വിവാഹമോചനം വേണ്ടെന്ന നിലപാടുമായി ഭാര്യ സംഗീത. വിജയ്യിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിക്കാനുള്ള തീരുമാനം സംഗീത ചെങ്കൽപ്പെട്ട് കുടുംബകോടതിയെ അറിയിച്ചു. ഇതോടെ കോടതി ഹർജി തീർപ്പാക്കി.
🔹 കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊറാട്ടി രാജിവച്ചു. കോൺഗ്രസ് സർക്കാരിന്റെ നിർദേശപ്രകാരമായിരുന്നു രാജി.രാജിവയ്ക്കുന്നതിനു മുന്‍പ് പിസിസി അധ്യക്ഷൻ ബി.കെ. ഹരിപ്രസാദുമായി ഹൊറാട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. താൻ സ്വമേധയാ ആണു രാജിവച്ചതെന്ന് ബിജെപി നേതാവായ ഹൊറാട്ടി പറഞ്ഞു.എന്നാൽ രാജിവയ്ക്കാൻ തനിക്കുമേൽ സമ്മർദമുണ്ടായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. രാജിവച്ചില്ലെങ്കിൽ ഹൊറാട്ടിക്കെതിരേ അവിശ്വാസ പ്രമേയത്തിനു കോൺഗ്രസ് നീക്കമാരംഭിച്ചിരുന്നു.ലെജിസ്ലേറ്റീവ് കൗൺസിലിൽ കോൺഗ്രസിനാണു ഭൂരിപക്ഷം. കോൺഗ്രസിലെ സലിം അഹമ്മദിനെ പുതിയ ചെയർമാനായി തെരഞ്ഞെടുക്കും.
🔹മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷ പരിശോധന വിദഗ്ധ സമിതിയിൽ കേരളത്തിന്റെ പ്രതിനിധിയായിരുന്ന ടി.കെ. ശിവരാജൻ തമിഴ്നാട് സർക്കാരിൽ ഉന്നത പദവി സ്വീകരിച്ചു. തമിഴ്നാട് സമഗ്ര ഡാം സുരക്ഷാ നിർണയസമിതി (സിഡിഎസ്ഇ) വിദഗ്ധ അംഗമായാണ് ശിവരാജന് നിയമനം.
🔹ജാർഖണ്ഡിൽ വിവിധ സർക്കാർ റിക്രൂട്ട്മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരേ നടന്ന പ്രതിഷേധമാർച്ചിനിടെ ഓൾ ഇന്ത്യ സ്റ്റുഡന്റ് അസോസിയേഷൻ (ഐസ) ദേശീയ പ്രസിഡന്റ് നേഹ ബോറയ്ക്കു നേരേ മഷിയേറ്.ഇടതുവിദ്യാർഥി സംഘടനകളായ ഐസ, എഐഎസ്എഫ് എന്നിവരുടെ നേതൃത്വത്തിൽ ജാർഖണ്ഡ് നിയമസഭയിലേക്കു നടത്തിയ മാർച്ച് ബിർസ ചൗക്കിന് സമീപമെത്തിയപ്പോഴാണ് ആക്രമണം. സംഭവത്തിൽ ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
🔹പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ മൂന്ന് യുവാക്കളെ ആസാം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മൂന്നിന് നടന്ന സംഭവത്തിൽ ആസാമിലെ കച്ചാർ ജില്ലയിൽ നിന്നുള്ള അമ്ജദ് ഹുസൈൻ ലസ്കർ (20), സദ്ദാം ഹുസൈൻ ലസ്കർ (23), റിങ്കു ദാസ് (25) എന്നിവരാണ് അറസ്റ്റിലായത്.
🔹 ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിൽ കുടുംബവഴക്ക് തടയാൻ ശ്രമിച്ച പതിനേഴുകാരിയെ പിതാവ് അടിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ പ്രതിയായ രാജേഷ് യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു.ചാണക വറട്ടികൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട് രാജേഷ് യാദവും സഹോദരന്റെ ഭാര്യയും തമ്മിൽ വാക്കുതർക്കമുണ്ടായി. വാക്കുതർക്കം പിന്നീട് പരസ്യമായ കൈയാങ്കളിയിലേക്ക് വഴിമാറുകയായിരുന്നു.
സ്ഥിതിഗതികൾ വഷളായപ്പോൾ വഴക്ക് അവസാനിപ്പിക്കാനായി രാജേഷിന്റെ മകൾ ഇടപെട്ടു. പ്രകോപിതനായ പ്രതി മകളെ തള്ളിയിടുകയും, തുടർന്ന് കന്നുകാലികളെ കെട്ടാൻ ഉപയോഗിക്കുന്ന തടിക്കഷ്ണം കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു.
🔹സ്വത്ത് തർക്കത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ സോഫ്റ്റ്വെയർ എൻജിനീയർ അറസ്റ്റിൽ. കമൽ സിംഗ് (62) ആണ് ഭാര്യ കോമളി (50)നെ കൊലപ്പെടുത്തിയത്. ഡൽഹി ഷാധരയിലെ ഗഗൻ വിഹാറിലാണ് സംഭവം.ബാൽക്കണിയിൽ തുണി ഉണക്കിക്കൊണ്ടിരിക്കുകയായിരുന്ന കോമളിന്റെ തലയ്ക്ക് പിന്നിൽ കമൽ വാളുകൊണ്ട് വെട്ടുകയായിരുന്നു. കോമള്‍ നിലവിളിച്ചുകൊണ്ട് അടുക്കളയിലേക്ക് ഓടി. തുടർന്ന് മുടിയിൽ പിടിച്ച് സ്വീകരണമുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുവന്ന കമൽ കത്രിക ഉപയോഗിച്ച് നിരവധി തവണ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
🔹21.06 കോടി രൂപയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ ബിജെപി നേതാവും മധ്യപ്രദേശിലെ ശാജാപൂർ ജില്ലാ പഞ്ചായത്ത് അംഗവുമായ ജഗദീഷ് കുമാർ മാൽവിയയെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്വാളിയോർ സ്വദേശിയായ അശോക് വിജയവർഗിയയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.അശോകിൽ നിന്ന് തട്ടിയെടുത്ത 50 ലക്ഷം രൂപ മാൽവിയയുടെ ബാങ്ക് അക്കൗണ്ടിലെത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് അറസ്റ്റ്.
🔹ഹരിയാനയിലെ കുരുക്ഷേത്രയിൽ വീട്ടുകാരെ തോക്കിൻമുനയിൽ നിർത്തി മോഷണം. സീനിയർ അഭിഭാഷകൻ ബൽവന്ത് സിംഗ് വാലിയയുടെ വീട്ടിൽ വ്യാഴാഴ്ച രാത്രിയെത്തിയ നാലംഗ മുഖംമൂടി സംഘം പണവും സ്വർണവും വെള്ളിയാഭരണങ്ങളും ലൈസൻസുള്ള റിവോൾവറും ഉൾപ്പെടെ 3.15 കോടി രൂപയുടെ വസ്തുക്കൾ കവർന്നു.
🔹പൊതുവഴിയിൽ കാർ നിർത്തിയിട്ട് ജന്മദിനം ആഘോഷിക്കുകയും എയർഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയും ചെയ്ത സംഭവത്തിൽ പത്തു പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മുംബൈയിലെ ബോറിവലിയിലെ ഗൊരായ് 2 മേഖലയിൽ റോഡിനു നടുവിലാണ് യുവാക്കളുടെ സംഘം ജന്മദിനാഘോഷം സംഘടിപ്പിച്ചത്.
🔹തുടർച്ചയായ പരിക്കുകളെ തുടർന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോൺ ടേണർ വിരമിച്ചു. തന്റെ 25-ാം വയസിലാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. 2024-ൽ വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ രണ്ട് ടി20, ഏകദിന മത്സരങ്ങൾ കളിച്ചതിനു പിന്നാലെ താരത്തിന് ടീമിൽനിന്നു പുറത്തുപോകേണ്ടി വന്നിരുന്നു.അതിനുശേഷവും പരിക്കുകൾ വേട്ടയാടിയതോടെ ക്രിക്കറ്റ് തുടർന്നുപോകാൻ സാധിക്കാത്ത സാഹചര്യമുണ്ടാവുകയായിരുന്നു. ദക്ഷിണാഫ്രിക്കയിൽ ജനിച്ച ടേണർ ആഭ്യന്തര ക്രിക്കറ്റിൽ നടത്തിയ മികച്ച പ്രകടനങ്ങളിലൂടെയാണ് ഇംഗ്ലണ്ട് ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്. 2025 ജൂണിനു ശേഷം താരം ഒരു ഫോർമാറ്റിലും കളിച്ചിട്ടില്ല.
🔹ശ്രീലങ്കന്‍ പര്യടനത്തിലെ ഏക വാം അപ്പ് മത്സരത്തിന്റെ ആദ്യദിനം ടീം ഇന്ത്യ നിറംമങ്ങിയ പ്രകടനവുമായി കളംവിട്ടു. ത്രിദിന സന്നാഹ മത്സരത്തില്‍ ശ്രീലങ്ക ഇലവന് ഭേദപ്പെട്ട സ്കോര്‍.ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക ഇലവന് ആദ്യദിനം മത്സരം അവസാനിപ്പിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സ് നേടി. കൈവിരലിനു പരിക്കേറ്റ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ കരയ്ക്കിരുന്നപ്പോള്‍, കെ.എല്‍. രാഹുലാണ് ഇന്ത്യയെ നയിച്ചത്.
🔹മാസങ്ങളായി ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചലച്ചിത്രമാണ് “തുടക്കം”. മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ മകൾ വിസ്മയയുടെ ആദ്യ ചലച്ചിത്രം, 2018 എന്ന മെഗാഹിറ്റിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ എന്നിങ്ങനെയുള്ള കാരണങ്ങളാൽ വാനോളം പ്രതീക്ഷകളുമായാണ് ആദ്യദിവസം പ്രേക്ഷകർ തിയേറ്ററിലേയ്ക്കെത്തിയത്. ഒറ്റ വാക്യത്തിൽ പറഞ്ഞാൽ സിനിമ ഒരു ഘട്ടത്തിലും കാഴ്ചക്കാരെ ബോറടിപ്പിക്കുന്നില്ല എന്നു മാത്രമല്ല, വ്യത്യസ്തമായൊരു ദൃശ്യാനുഭവമായി ചലച്ചിത്രം മാറുകയും ചെയ്യുന്നു.കേരളത്തിലുൾപ്പെടെ ദക്ഷിണേന്ത്യയിൽ കഴിഞ്ഞ മൂന്നു മാസങ്ങൾക്കിടയിൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ നായികാ പ്രാധാന്യമുള്ള രണ്ടു ചലച്ചിത്രങ്ങളാണ് പ്രീതി മുകുന്ദൻ നായിയായ “ബ്ലാസ്റ്റ്” എന്ന തമിഴ് സിനിമയും സാമന്ത നായികയായ “മാ ഇണ്ടി ബങ്കാരം” എന്ന തെലുങ്ക് സിനിമയും. ഈ നിരയിലേയ്ക്ക് ചേർത്തു വയ്ക്കാവുന്ന ഒരു മലയാളം സിനിമയാണ് “തുടക്കം”.ദുർബ്ബലരെന്ന് പൊതുവെ ചുറ്റുവട്ടത്തുള്ളവരോ വില്ലൻ കഥാപാത്രങ്ങളോ കരുതുന്ന സ്ത്രീ കഥാപാത്രത്തിന്റെ അപ്രതീക്ഷിതമായ പരിവർത്തനമാണ് ഈ മൂന്ന് ചലച്ചിത്രങ്ങളിലും കഥയുടെ ഗതിമാറ്റുന്നത്. സ്ത്രീകളെ ഇരകളും അബലകളുമായി അവതരിപ്പിക്കുന്ന ഭൂരിപക്ഷം ചലച്ചിത്രങ്ങൾക്കിടയിൽ തികച്ചും വിപരീതമായ പ്രതിച്ഛായയിൽ എത്തുന്ന ഇത്തരം നായികാ വേഷങ്ങൾ എക്കാലവും സവിശേഷമായ ശ്രദ്ധ നേടാറുണ്ട്. കഥയുടെ പുതുമയും സംവിധാന മികവും അവിടെ പ്രാധാന്യമർഹിക്കുന്നു.തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളിലെ അമാനുഷിക ഛായയുള്ള നായികാ കഥാപാത്രങ്ങളിൽനിന്ന് വ്യത്യസ്തമായി ഒരു സാധാരണക്കാരിയായ പെൺകുട്ടിയായി തുടക്കത്തിലെ നായികയായ മീനു അവതരിപ്പിക്കപ്പെടുന്നു. അതിനാൽ തന്നെ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കുത്തനെ ഉയരുന്ന ഇന്നത്തെ പശ്ചാത്തലത്തിൽ “തുടക്കം” ഒരു മോട്ടിവേഷണൽ മൂവി കൂടിയാവുകയാണ്.വെറുമൊരു ത്രില്ലർ എന്നതിനപ്പുറം, സമൂഹത്തിന്, പ്രത്യേകിച്ച് പെൺകുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും മികച്ചൊരു സന്ദേശംകൂടി നൽകാൻ കഴിഞ്ഞിരിക്കുന്നത് സംവിധായകന്റെയും രചയിതാക്കളുടെയും വിജയമാണ്. തന്റെ ആദ്യത്തെ ചലച്ചിത്രം തന്നെ ഇത്തരത്തിൽ മൂല്യമുള്ള ഒരു സൃഷ്ടിയായി പരിഗണിക്കപ്പെടുന്നതിൽ വിസ്മയയ്ക്കും അഭിമാനിക്കാം. അതിനുമപ്പുറം, തനിക്ക് ലഭിച്ച ആദ്യ നായികാ വേഷത്തെ തൻമയത്വത്തോടെ ഗംഭീരമാക്കാൻ വിസ്മയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകനിൽ നോവും, അഭിമാനവും, ആവേശവും നിറയ്ക്കുന്ന അഭിനയ – പ്രകടന മുഹൂർത്തങ്ങൾ പലതുണ്ട്.
💦 ഗുരുജിയുടെ വാക്കുകൾ
*****************************
തളരുമ്പോൾ താങ്ങായും, കരയുമ്പോൾ സാന്ത്വനമായും, വേദനയിൽ കൂടെപ്പിറപ്പായും, വിജയങ്ങളിൽ പ്രചോദനമായും, തോൽവികളിൽ ആശ്വാസമായും മാറുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ.
ചരിത്രത്തിൽ ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യങ്ങൾ
********************************************************************
ഓഗസ്റ്റ് 8
•ക്വിറ്റ് ഇന്ത്യ സമര ദിനം (August Kranti Din)ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം ആരംഭിച്ചത് 1942 ഓഗസ്റ്റ് 8-നാണ്. മുംബൈയിലെ ഗോവാലിയ ടാങ്ക് മൈതാനത്ത് (ഇപ്പോൾ ഓഗസ്റ്റ് ക്രാന്തി മൈതാനം) നടന്ന ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി സമ്മേളനത്തിൽ മഹാത്മാഗാന്ധിയാണ് ഈ സമരത്തിന് ആഹ്വാനം ചെയ്തത്. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോവുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സമരത്തിലാണ് ഗാന്ധിജി തന്റെ വിഖ്യാതമായ “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” (Do or Die) എന്ന മുദ്രാവാക്യം രാജ്യത്തിന് നൽകിയത്.
•അന്താരാഷ്ട്ര പൂച്ച ദിനം (International Cat Day)മൃഗക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഫണ്ട് ഫോർ അനിമൽ വെൽഫെയർ (IFAW) 2002 മുതൽ എല്ലാ വർഷവും ഓഗസ്റ്റ് 8 അന്താരാഷ്ട്ര പൂച്ച ദിനമായി ആചരിക്കുന്നു. പൂച്ചകളുടെ സംരക്ഷണം, അവയുടെ അവകാശങ്ങൾ എന്നിവയെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്താനാണ് ഈ ദിവസം വിഭാവനം ചെയ്തിരിക്കുന്നത്.
•ആസിയാൻ ദിനം (ASEAN Day)തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാൻ (ASEAN – Association of Southeast Asian Nations) രൂപീകൃതമായത് 1967 ഓഗസ്റ്റ് 8-നാണ്. ബാങ്കോക്ക് പ്രഖ്യാപനത്തിലൂടെ ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്ലൻഡ് എന്നീ രാജ്യങ്ങൾ ചേർന്നാണ് ഈ സംഘടനയ്ക്ക് രൂപം നൽകിയത്.
•ലോക വയോജന ദിനംകേരളത്തിലെ ചില പൊതുവിജ്ഞാന രേഖകൾ പ്രകാരം ഓഗസ്റ്റ് 8 ലോക വയോജന ദിനമായി അടയാളപ്പെടുത്തിയിട്ടുണ്ട്. (എന്നാൽ ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക അന്താരാഷ്ട്ര വയോജന ദിനം ഒക്ടോബർ 1 ആണ്).
•ലോക രതിമൂർച്ഛ ദിനം (World Orgasm Day)സ്ത്രീ ലൈംഗികതയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും ലൈംഗികാരോഗ്യത്തിലെ ലിംഗ അസമത്വങ്ങൾ പരിഹരിക്കുന്നതിനുമായി ഓഗസ്റ്റ് 8 അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനമായി ആചരിച്ചുവരുന്നു. ബ്രസീലിലാണ് ഈ ദിനാചരണം ആദ്യമായി ആരംഭിച്ചത്.




🙏