ഹംസ അലുങ്ങലിന്റെ ഉമ്മ പറഞ്ഞ നുണകൾ കയ്യിലെടുത്തപ്പോൾ അതിൽ ഉമ്മയുടെ സഹനങ്ങളുടെ കരളലിയിക്കുന്ന പൊള്ളൽപ്പാടുകളേക്കാൾ മകൻ്റെ ആഹാരത്തിന്നു വേണ്ടിയുള്ള അലച്ചിലുകളുടെ കനലെഴുത്തുകൾ ആയിരിക്കുമെന്ന് കരുതിയില്ല. തുടക്കം മുതൽ അവസാനംവരെ ദാരിദ്ര്യത്തിന്റെ ഇരുണ്ട ഇടവഴികളിലൂടെയുള്ള മകൻ്റെ ഓട്ടപ്പാച്ചിൽ. വീട്ടിൽ കടുത്തപട്ടിണി. മദ്രസയിലെത്തിയാൽ ഉസ്താദിൻ്റെ ചൂരൽവടിയുടെ ചീറ്റൽ . അവിടെനിന്ന് സ്കൂളിലെത്തിയാൻ ആശ്വാസത്തിൻ്റെ ഉപ്പുമാവ്. മദ്രസയിലെയും സ്കൂളിലെയും അധ്യാപകരുടെ ചീത്തപറച്ചിലും ശിക്ഷാനടപടികളും വേറെ.
അതിനിടയിൽ വിവരിക്കുന്ന ക്ലാസുമുറിക്കഥകളിൽ നെഞ്ചുകലക്കുന്ന കരിക്കട്ട തൂറിയ അപമാനം. അടുത്ത ക്ലാസിലെ മൂന്നുവയസ്സു മൂത്ത പെങ്ങളെക്കൊണ്ട് സ്ഥലം വൃത്തിയാക്കിയ രാഗം . ഒന്നും മറച്ചുവെക്കാനില്ലാത്ത ബാല്യത്തിൻ്റെ ഭാരിദ്ര്യരേഖകൾ . ഇതുവരെ ബഷീർക്കഥകളിൽപ്പോലും കാണാത്ത ദാരുണ സംഭവങ്ങൾ…
ഏഴാം ക്ലാസ് കഴിഞ്ഞതോടെ പഠിപ്പ് നിർത്തേണ്ടിവന്ന സാഹചര്യങ്ങൾ. അമ്മയോടൊപ്പം പാടത്തിറങ്ങുന്ന പെങ്ങന്മാരുടെ ദയനീയമായ കഥകൾ. നാട്ടിൽ കിട്ടാവുന്ന എല്ലാ ചെറിയ പണികൾക്കും വേണ്ടിയുള്ള നെട്ടോട്ടങ്ങൾ. ഒരണയ്ക്കും രണ്ടണയ്ക്കും വേണ്ടിയുള്ള മറ്റു പണികൾ. പണികൾ പട്ടിണിയെ മറയ്ക്കുന്ന നുണകളാവുമ്പോൾ സമുദ്ധിയുടെ നക്ഷത്രങ്ങൾ സത്യമാവുമെന്ന വിശ്വാസം.
പെരുന്നാളിന്നുപോലും മീനും ഇറച്ചിയും കിട്ടാതെ കപ്പയും പുളിങ്കറിയും കഴിക്കേണ്ടി വന്ന ഹംസയുടെ കുട്ടിക്കാലം. അതിനിടയിൽ മരിച്ചു പോയ സഹോദരങ്ങൾ. കുടുംബം നിലനിർത്താൻ വേണ്ടി ഏറ്റെടുത്ത പലതരത്തിലുള്ള പണികൾ. അമ്മയുടെ നുണകളേക്കാൾ ഹംസയുടെ പണികളാണ് ഇതിലെ ഉള്ളടക്കത്തിലധികം. കുട്ടികളുടെ വിശപ്പടക്കാൻ വേണ്ടി അമ്മ പണിയെടുക്കുന്നു. കാത്തിരിപ്പിന് വേണ്ടിയുള്ള കഥകൾ നുണകൾ മെനയുന്നു . നുണകൾക്കപ്പുറത്ത് സത്യത്തിന്റെ പ്രകാശം പ്രതീക്ഷയായി ഉയരുമെന്ന കാത്തിരിപ്പ് ഏതായാലും വെറുതെയാവുന്നില്ല .
ഏഴാം ക്ലാസുകാരൻ ഏറനാടു മുഴുവൻ അറിയുന്ന എഴുത്തുകാരനായി. ഹംസയുടെ എഴുത്ത് ഇരുപതോളം പുസ്തകങ്ങളായി ചിറകടിച്ച് മലബാറിന്നപ്പുറമെത്തി. സംസ്ഥാനം ആദരവോടെ പലതും നെഞ്ചിലേറ്റി. ഹംസ ഇന്ത്യമുഴുവൻ അറിയുന്ന അംഗീകാരങ്ങൾ നേടി. ഒപ്പം പഠിച്ചവർ കാറും ബംഗ്ലാവും റബ്ബർത്തോട്ടങ്ങളും വാങ്ങിയപ്പോൾ ഹംസ അക്ഷരങ്ങളെ നക്ഷത്രങ്ങളാക്കി . അതിൻ്റെ ധന്യത മറ്റു പലതിനേക്കാളും ശോഭയുള്ളതാണ്.
ഉമ്മ പറഞ്ഞ കഥകൾ വായിച്ചപ്പോൾ ആദ്യം ഓർത്തുപോയത് കമ്പിളിക്കണ്ടത്തിലെ കൽഭരണികളാണ്. ബാബു ഏബ്രഹാമിന്റെ ഈയടെ പ്രശസ്തമായ ധാരാളം പതിപ്പുകളിറങ്ങിയതും ആയിരക്കണക്കിന് കോപ്പികൾ വിഴിഞ്ഞതും ആയ കൃതി .
കമ്പിളിക്കണ്ടത്തെ കൽഭരണികൾ എന്ന കൃതി ബാബു എബ്രഹാമിന്റെ ആത്മകഥാ പുസ്തകമാണ്. ഇടുക്കിയിലെ കമ്പിളിക്കണ്ടത്ത് ദാരിദ്ര്യത്തിനും അവഗണനയ്ക്കും ഇടയിൽ വളർന്ന അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥയാണ് അതിൽ പറയുന്നത്.
രണ്ടും ആത്മകഥാംശം ധാരാളമുള്ള കൃതികളാണ്. ബാബുവിൻ്റെ കുട്ടിക്കാലവും ഹംസയുടെ കുട്ടിക്കാലവും ഏകദേശം ഒരു പോലെയായിരുന്നു. പക്ഷേ ബാബുവിന്റെ കഥകളിൽ കൂടുതൽ ആത്മവിശ്വാസവും ജീവിതം നന്നാക്കി എടുക്കാനുള്ള തന്ത്രങ്ങളും സാഹസങ്ങളും ഉണ്ട്. ഏകദേശം വിജയിച്ചപ്പോൾ അത് വിളിച്ചു പറയുന്നതിൽ പൊങ്ങച്ചത്തിൻ്റെ സൂചനകളും നിഴലിക്കുന്നുണ്ട്.
എന്നാൽ ഹംസയുടെ കുറിപ്പുകളിൽ ദാരിദ്ര്യത്തിന്റെ വിവരണങ്ങൾ കൂടുതൽ സത്യസന്ധതയോടെ കണ്ണീർച്ചാലുകൾ ഉപ്പുകടലാക്കാതെ ഒതുക്കിപ്പിടിച്ച വിവരങ്ങളാണ്. രണ്ടു കൃതികളും വായനക്കാർക്ക് യാതനകളുടെയും സഹനത്തിൻ്റെയും പാഠങ്ങൾ പങ്കിട്ടുകൊണ്ട്, അവരെ ജീവിത വിജയത്തിൻ്റെ കരയ്ക്ക് എത്തിക്കുന്നു.
കൽഭരണികളിലെ നിധിയുടെ സ്വപനങ്ങൾ തേടി ബാബു ഫ്രാൻസിൽ എത്തുമ്പോൾ ഹംസ ഗൾഫിലാണ് അലയുന്നത്. വിജയിച്ച ബാബു തിരിച്ചുവന്ന് സമ്പന്നതയുടെ ഊഷ്‌മളതയിൽ പുസ്തകം എഴുതുന്നു. പുസ്തകത്തിന് മാർക്കറ്റിംഗ് സാധ്യതകൾ ആരായിരുന്നു. ധാരാളം വിറ്റഴിഞ്ഞ പുസ്തകങ്ങളിലൂടെ മലയാളത്തിലെ അറിയപ്പെട്ട എഴുത്തുകാരൻ ആകുന്നു. എന്നാൽ നിരാശയോടെ തിരിച്ചെത്തിയ ഹംസ പരാജയം സമ്മതിച്ച് അടങ്ങിയിരുന്നില്ല. ഹംസയുടെ നിരന്തരമായ എഴുത്തും പത്രപ്രവർത്തനങ്ങളും സ്വയം പര്യാപ്തതിയിൽ അഭിരമിക്കാൻ ഉള്ളതായിരുന്നില്ല.
എഴുത്തുകാരനായും പത്രപ്രവർത്തകനായും പത്രാധിപരായും ഗ്രന്ഥകാരനായും വളർന്ന ഹംസ പ്രസാധകൻ കൂടിയാകുന്നു. സ്വന്തം അനുഭവങ്ങൾക്ക് പുസ്തകരൂപം കൊടുക്കുന്നതോടൊപ്പം തൻ്റെ ചുറ്റുവട്ടത്തെ യുവാക്കളെയും എഴുത്തിൻ്റെ പാതയിലേയ്ക്ക് ആനയിക്കുന്നു. സ്വയം എഴുതുന്നതോടൊപ്പം താൻ കണ്ടെത്തിയവരെ എഴുത്തുകാരാക്കാൻ ശ്രമം തുടരുന്നു. സ്വന്തം പുസ്തകങ്ങളുടെ പട്ടിക വളർത്തുന്നതിനേക്കാൾ തൻ്റെ സുഹൃത്തുക്കളുടെ പുസ്തകങ്ങളെ വെളിച്ചം കാണിക്കുന്നതിനും അവർക്കുവേണ്ടി പ്രകാശനവേദികൾ ഒരുക്കുന്നതിനും വിശ്രമമില്ലാതെ വീണ്ടും അലയുന്നു .
സ്വന്തം പുസ്തകങ്ങൾക്ക് കിട്ടിയ ബഹുമതികൾ ആഘോഷമാക്കുന്നതിലേറെ തന്റെ കൈകളിലൂടെ പുറത്തുവന്ന മറ്റുള്ളവരുടെ കൃതികൾക്ക് അംഗീകാരം നേടാൻ ശ്രമിക്കുന്നു. കാത്തിരിക്കുന്നു. ഹംസ പുറത്തിറക്കിയ ഒരു ബാലസാഹിത്യകൃതി വലിയ അംഗീകാരം നേടുന്നു. ഹംസയുടെ അക്ഷരപ്രേമം മത്സരങ്ങളും അവാർഡ് ദാനങ്ങളും നടത്തുന്നത് മറ്റുള്ളവരുടെ നന്മയ്ക്കും വളർച്ചക്കും വേണ്ടിയാണ്. അത് സേവനത്തിന്റെ വിശാലമായ ഭൂമിയും ആകാശവും അന്വേഷിക്കുകയാണ്. എന്നാൽ ബാബുവിന്റെ അനുഭവങ്ങളും എഴുത്തും പുസ്തകങ്ങളും സ്വന്തം പ്രശസ്തിക്കും നന്മയ്ക്കും വേണ്ടി ചുരുങ്ങുന്നു.
ഹംസ തരുന്ന പാഠം തിക്താനുഭവങ്ങൾ ഉണ്ടായാൽ മാത്രം പോരാ, അവയിൽ നിന്നുള്ള പാഠങ്ങൾ സ്വന്തം വളർച്ചയ്ക്ക് മാത്രം മരുന്നാക്കിയാൽ പോരാ, അതുകൊണ്ട് തനിക്ക് ചുറ്റുമുള്ള നാലുപേരെങ്കിലും നന്നാവണം, അയൽപക്കത്തും നന്മയുടെ പൂക്കൾ വിരിയണം . ഈ സങ്കൽപ്പം സന്ദേശമാവുന്നു. സത്യമാവുന്നു. ഇവിടെയാണ് ഉമ്മയുടെ നുണകൾ തിളങ്ങുന്നത്. ഹംസയുടെ പ്രയത്നങ്ങൾ ത്യാഗമാവുന്നതും സേവനമാവുന്നതും ശ്രേയസ്കരമാവുന്നതും .
ഉമ്മ പറഞ്ഞ നുണകളിൽ നിന്ന് വായനക്കാരന് സത്യത്തിന്റെ സ്ഫുരണങ്ങൾ കിട്ടുന്നു. എന്നാൽ ബാബുവിന്റെ കൽഭരണികളിൽനിന്ന് നന്മയുടെ സങ്കല്പങ്ങൾ വിടരുന്നുണ്ടോ എന്നത് സംശയമാണ്. തന്നെപ്പോലെ തനിക്ക് ചുറ്റും ഉള്ളവരും വെളിച്ചത്തിലേക്ക് വരണം എന്ന ഒരു വിശാലചിന്താഗതി തെളിയുന്നില്ല.
കൽഭരണികൾ സ്വാർത്ഥതയുടെ കുടുംബനിധിയാവുമ്പോൾ ഉമ്മയുടെ നുണകൾ നിസ്വാർത്ഥ സ്നേഹത്തിൻറെ നക്ഷത്രത്തരികൾ ആകുന്നു.






കഥാകൃത്തിനും ആസ്വാദകനും അഭിനന്ദനങ്ങൾ💐💐🙏🙏🥰