മരണാനന്തര ചടങ്ങുകൾ വീക്ഷിച്ചിട്ടുണ്ടോ? മരണ ദിവസത്തിനപ്പുറം, ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ സംഗമിക്കുന്ന വേള.
ദുഃഖം തളംകെട്ടിനിൽക്കുമെങ്കിലും, ഒരു കുടുംബ സംഗമ വേളകൾ നൽകുന്ന അന്തരീക്ഷം കൂടി അവിടെ സൃഷ്ടിക്കപ്പെടുന്നുണ്ട്. നാലുവർഷങ്ങൾക്ക് മുൻപ്, ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുന്നതുവരെ എനിക്കും പ്രത്യേകിച്ചൊരു തോന്നലും ഇല്ലാതെ പങ്കെടുക്കുക എന്ന, പേരിനായി മാത്രം പങ്കെടുത്ത ചടങ്ങുകൾ മാത്രമായിരുന്നു അവ. സ്നേഹത്തിൻ്റെ,നഷ്ടത്തിൻ്റെ, ആത്മാർത്ഥതയുടെ ഒക്കെ തീവ്രതയും ആഴവും ചില മുഖങ്ങളിൽ മാത്രം പ്രതിഫലിക്കുന്നത് ഞാൻ കണ്ടു..
കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ ഒട്ടേറെ ബന്ധുക്കളെയും സുഹൃത്തുക്കളെയും എനിക്ക് നഷ്ടമായിട്ടുണ്ട്.
കോവിഡ് ഒന്ന് ഒതുങ്ങിയ സമയത്തായിരുന്നു അച്ഛൻ്റെ വിയോഗം . മരണത്തിനും മരണാനന്തര ചടങ്ങുകൾക്കും ഒട്ടു മിക്ക ബന്ധുക്കൾക്കും പങ്കെടുക്കാനായില്ല. നാട്ടുകാരുടെ നല്ല സഹകരണം എപ്പോഴുമുള്ളതുപോലെ അന്നും ഉണ്ടായിരുന്നു. ജനിച്ചു വളർന്ന നാട്ടിൽ പരിചയക്കാരും കൂട്ടുകാരും ഒക്കെ അച്ഛനെ യാത്രയയക്കാൻ വന്നിരുന്നു. വിദേശത്തായിരുന്ന സഹോദരന് എത്തിപ്പെടാൻ പറ്റിയില്ല. നാട്ടുകാരും സമുദായക്കാരും രാഷ്ട്രീയക്കാരും സുഹൃത്തുക്കളും ഒക്കെ കോവിഡ് കാലമായിട്ടും എത്തി.
മരണാനന്തരം, സഞ്ചയനം, അടിയന്തിരം തുടങ്ങിയ ചടങ്ങുകൾ ഒക്കെ യഥാവിധി ഞങ്ങൾ നടത്തി, കോവിഡ് നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ. അടിയന്തിരദിനം അടുത്ത ബന്ധുക്കളും അയൽക്കാരും മാത്രമാണ് എത്തിയത്. പലരും യാത്രകൾ ഒഴിവാക്കിയിരുന്ന സമയം കൂടിയായിരുന്നല്ലോ അത്. ചടങ്ങിനോടനുബന്ധിച്ച് ഉച്ച ഭക്ഷണം ആയിരുന്നു ഏർപ്പാടാക്കിയിരുന്നത്.
അയൽക്കാരൊക്കെ ഊണുകഴിച്ചു പോയി. ബന്ധുക്കളും ഓരോരുത്തരായി പിരിഞ്ഞു തുടങ്ങി. പിന്നീടാണ് ശിവരാമൻ അപ്പൂപ്പൻ എന്ന് കുട്ടികൾ വിളിക്കുന്ന വീടിനോടും അച്ഛനോടും അടുപ്പമുള്ള നാട്ടുകാരനായ ശിവരാമൻ ചേട്ടൻ വന്നത്. ഞാനും കൂടി ചേർന്നാണ് ഊണ്’ വിളമ്പിക്കൊടുത്തത്. മറ്റുള്ളവരിൽ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുക എന്നതല്ലാതെ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കുകയാണ് എന്ന ഒരു ഭാവഭേദവും ഞാൻ കണ്ടിരുന്നില്ല. പക്ഷേ, അദ്ദേഹത്തിൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ പലവുരു കണ്ടു. പ്രിയ സുഹൃത്തിൻ്റെ ഓർമ്മ വന്നിട്ടുണ്ടാവണം. സൗഹൃദം, സ്നേഹം ഇവയൊന്നും കൂടുതലായി പുറത്ത് കാട്ടാത്ത പ്രകൃതമായിരുന്നു അച്ഛന് . കാർക്കശ്യം ഇത്തിരി കൂടുതലായി ഉണ്ടായിരുന്നു എന്നും കൂടി പറയേണ്ടിവരും. ശിവരാമൻ ചേട്ടൻ ആ മനസിനുള്ളിലെ സ്നേഹം ഒരു പക്ഷേ അറിഞ്ഞിട്ടുണ്ടാവുമായിരിക്കും. ആ ചടങ്ങിൻ്റെ പ്രാധാന്യം ശരിയായി ഉൾക്കൊണ്ട്, സുഹൃത്തിനെ സ്മരിച്ച്, നനഞ്ഞ കണ്ണുകൾ ഇടയ്ക്ക് തുടച്ച്, നമ്രശിരസ്കനായി ഊണ് കഴിഞ്ഞെണീറ്റ് നടന്നുനീങ്ങി.
രാമേശ്വരത്തും തിരുനെല്ലിയിലും ഒക്കെ ഞാൻ പോയി തർപ്പണം ചെയ്തിരുന്നു. 22 തീർത്ഥജലത്തിൽ പുണ്യസ്നാനം ചെയ്തു. തിലഹോമവും നമസ്കാരവും പിതൃപൂജകളും ഒക്കെ ആണ്ടോടാണ്ട് ചെയ്തു വരുന്നു. പക്ഷേ അന്ന് ഞാൻ ഇലയിൽ വിളമ്പി നൽകിയ ചോറിനോളം സംതൃപ്തി വേറൊന്നും തന്നിട്ടില്ല. അന്നു കണ്ട നിറ കണ്ണ് എൻ്റെ മനസിൽ ഇന്നും തുളുമ്പി നിൽക്കുന്നുണ്ട്. നാട്ടിലെത്തുമ്പോൾ ഇടയ്ക്ക് അദ്ദേഹത്തെ കാണാറുണ്ട്. വിഷുവിന് വിഷുക്കൈനീട്ടം കുട്ടികൾക്ക് കൊടുക്കാൻ വരും. ഓരം ചേർന്ന് നിശബ്ദനായി, ചെറു പുഞ്ചിരിയോടെ. എന്നാ വന്നത്? എന്നാ ഒണ്ട്? എന്നീ കോട്ടയംകാരുടെ തനതായ ചോദ്യങ്ങളും.
ചിലരുടെ മുഖങ്ങൾ വല്യ അടുപ്പം ഇല്ലെങ്കിൽ കൂടി മനസിൽ നിറഞ്ഞ് നിൽക്കും. അതൊരു വല്ലാത്ത ഫീലാണ്. ആ രണ്ട് തുള്ളി കണ്ണുനീർ എന്നിലുണ്ടാക്കിയത് ഒരാത്മബന്ധം തന്നെയായിരുന്നു.
ഓർമ്മകുറിപ്പ് കണ്ണ് നനയിച്ചു കളഞ്ഞല്ലോ. 🙏
Reena,😍
നല്ലൊരു ഓർമ്മക്കുറിപ്പ് 🙏
Felt a lump in my throat 🫂
👍🙏
നല്ല എഴുത്തു. വീണ്ടും എഴുതണം.,.. 💚
നല്ല ഓർമ്മക്കുറിപ്പ്