Wednesday, May 20, 2026
Homeഅമേരിക്കശുഭചിന്ത - (133) പ്രകാശഗോപുരങ്ങൾ - (109) 'അച്ചടക്കം നഷ്ടപ്പെടുമ്പോൾ' ✍ പി. എം.എൻ.നമ്പൂതിരി

ശുഭചിന്ത – (133) പ്രകാശഗോപുരങ്ങൾ – (109) ‘അച്ചടക്കം നഷ്ടപ്പെടുമ്പോൾ’ ✍ പി. എം.എൻ.നമ്പൂതിരി

ഒരു കാലത്ത് ഏറ്റവും നന്നായി അഭിനയിക്കുന്ന നടിയായിരുന്നു സുചിത്ര.ഒരുവട്ടം ഒരു കാര്യം പറയുമ്പോഴേ അവർക്ക് പെട്ടെന്നു കാര്യം ഗ്രഹിക്കുവാനുള്ള കഴിവുണ്ടായിരുന്നു. അതിസൂക്ഷ്മമായ വികാരങ്ങൾപോലും വേണ്ടവിധത്തിൽ മുഖത്ത് പ്രതിഫലിപ്പിക്കുവാനുള്ള അവരുടെ കഴിവ് എല്ലാ സിനിമാ സംവിധായകരെയും അതിശയിപ്പിച്ചു. ഇങ്ങനെയൊക്കെയാണെങ്കിലും ” എൻ്റെ ഒറ്റ സിനിമയിലും ഞാൻ സുചിത്രയെ അഭിനയിപ്പിക്കില്ല” എന്ന് ഒരു പ്രമുഖ സംവിധായകൻ പറയുമായിരുന്നു. എന്താണ് അതിനു കാരണം? അവരുടെ ജീവിതത്തിന് അച്ചടക്കമുണ്ടായിരുന്നില്ല. തോന്നിയ സമയത്ത് സെറ്റിൽ വരും, പോകും. പല സമയത്ത് അവർ പല മൂഡിലായിരിക്കും. ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ അവർ തയ്യാറായിരുന്നില്ല.

അതുപോലെ ഒട്ടേറെ കഴിവുകളും അഭിരുചിയുമുള്ള, തങ്ങളുടെ രംഗങ്ങളിൽ വിജയിക്കാതെപോയ അനവധി കലാകാരന്മാരെ നമുക്ക് ചുറ്റും കാണാൻ കഴിയും. പ്രശസ്തിയുടെ പെരുങ്കടലിൽ നിന്ന് മറവിയുടെ ആഴങ്ങളിലേക്ക് കൂപ്പുകുത്തിയ ഒട്ടേറെ ടൈറ്റാനിക് പ്രതിഭകളുടെ മുഖങ്ങൾ മനസ്സിൽ തെളിഞ്ഞു വരുന്നുണ്ട്. ഒരു നർത്തകനെപ്പോലെ കളിക്കളത്തെയും കാണികളെയും തൻ്റെ ചുവടുകൾക്കൊപ്പം നിർത്തിയ ഫുട്ബോൾ മാന്ത്രികൻ മറഡോണയ്ക്ക് ചുവടുപിഴച്ചത് എവിടെയാണ്? കുത്തഴിഞ്ഞ ജീവിതവും, മയക്കുമരുന്നിന് അടിമപ്പെട്ടതും തൻ്റെ കളിമികവുകൾ അയാൾക്ക് നഷ്ടമായി. ഇതുപോലെ സ്വന്തം കർമ്മരംഗങ്ങളിൽ അടിതെറ്റി വീണ് പരാജയത്തിൻ്റെ വെള്ളച്ചാട്ടങ്ങളിലേയ്ക്ക് ഒഴുകിപ്പോയ നിരവധി ജീവിതങ്ങളുണ്ട്.

ചെറുപ്പത്തിൽ നന്നായി പഠിക്കുകയും സകല മേഖലകളിലും കഴിവ് തെളിയിക്കുകയും ചെയ്തവർ പിൻക്കാലത്ത് ജീവിതവിജയം നേടാതെപോയ സംഭവങ്ങൾ അനവധിയാണ്. കൗമാരകാലത്ത് തെറ്റായ കൂട്ടുകെട്ടുകളും ദുശ്ശീലങ്ങളും മൂലം വഴിതെറ്റിപ്പോയവരും ഇക്കൂട്ടത്തിലുണ്ടാകാം. അതുകൊണ്ട് സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് അച്ചടക്കത്തോടെ അതിനെ പരിപോഷിപ്പിക്കുക എന്നത് വളരെ പ്രധാനമാണ്.

ചിലർ തൻ്റെ കഴിവുകളിൽ അഹങ്കരിക്കുകയും മറ്റുള്ളവരെ പുച്ഛത്തോടെ വീക്ഷിക്കുകയു ചെയ്യുന്നു. ഇത്തരക്കാരുടെ മികവിന് അല്പായുസ്സേ ഉണ്ടാകുകയുള്ളൂ. നിരന്തരമായ അധ്വാനത്തിലൂടെ, അച്ചടക്കത്തോണ്ട സ്വന്തം മികവുകളെ തിളക്കമുള്ളതാക്കി മാറ്റുകയാണ് നാം ചെയ്യേണ്ടത്. “സംഗീതലോകത്ത് ഞാനിന്നും ഒരു വിദ്യാർത്ഥിയാണെന്ന് എളിമയോടെ പറയുന്ന പ്രസിദ്ധ ഗായകരേയും അതേ സമയം റിയാലിറ്റി ഷോകളിൽ സമ്മാനം കിട്ടുമ്പോഴേ വിശ്വ ജേതാവെന്ന മട്ടിൽ തലക്കനം കാട്ടുന്ന പുതുതലമുറക്കാരേയും നമുക്ക് സമൂഹത്തിൽ കാണാൻ കഴിയും. മറ്റുള്ളവരും മാധ്യമങ്ങളും ചാർത്തിത്തരുന്ന വിശേഷണങ്ങളിൽ മതിമയങ്ങുന്നവർ അവസാന റൗണ്ടിൽ മുയലിനെപ്പോലെ പിന്നിലാകുമെന്ന സത്യം മറക്കരുത്.ഞാൻ ആരാണ്? ഞാൻ എന്താകണം? ഈ രണ്ടു ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം മനസ്സിലുണ്ടെങ്കിൽ താൽക്കാലിക നേട്ടങ്ങളിലും ക്ഷണികപ്രശസ്തിയിലും ആരും മയങ്ങി പോകുകയില്ല.

സ്വന്തം കഴിവുകൾക്കൊപ്പം കുറവുകളെക്കുറിച്ചും നമുക്ക് ബോധ്യമുണ്ടായിരിക്കണം. കഠിനാദ്ധ്വാനം വിജയത്തിന് അനിവാര്യമാണ്. ചിട്ടയോടെയുള്ള പരിശ്രമം പ്രധാനമാണ്. കഴിവ് അല്പം കുറവുണ്ടെങ്കിലും പരിശ്രമംകൊണ്ട് അതിനെ മറികടക്കാൻ സാധിക്കും.

മദ്യവും മയക്കുമരുന്നും അനേകം പ്രതിഭകൾക്ക് ശവമഞ്ചമൊരുക്കിയിട്ടുണ്ട്. മറ്റൊന്ന് പ്രത്യേകം പറയാനുള്ളത് അനുകരണഭ്രമമാണ്. നമ്മുടെ കഴിവും വ്യക്തിത്വവും മറന്ന് മറ്റു ചിലരായി മാറാൻ നാം ശ്രമിക്കുകയാണ്. താടിയും മുടിയും വളർത്തി ജുബ്ബ ധരിച്ച് മദ്യപിച്ച് നടക്കുന്ന ഒട്ടേറെപ്പേർ വലിയ പ്രതിഭകളായി സ്വയം അഭിനയിച്ചു ജീവിക്കുന്നു. ഇത്തരം പ്രച്ഛന്നവേഷങ്ങൾക്ക് അല്പായുസ്സേ ഉണ്ടാവുകയുള്ളൂ. അച്ചടക്കമില്ലായ്മ പ്രതിഭയുടെ ലക്ഷണമായി തെറ്റിദ്ധരിക്കുന്നവരും സമൂഹത്തിൽ ധാരാളമാണ്. ഗതികെട്ട് ഇത്തരക്കാരെ അല്പകാലം സഹിച്ചെന്നുവരും.പക്ഷെ അത്യന്തികമായി സമൂഹം ഇവരെ പുറന്തള്ളും. കുത്തഴിഞ്ഞ ജീവിതം നയിക്കുകയും അതിനെ പ്രതിഭയുടെ പ്രകാശനമായി വ്യാഖ്യാനിച്ച് സ്വയം ന്യായീകരിക്കുകയും ചെയ്യുന്ന കള്ളനാണയങ്ങളും നമുക്കിടയിൽ ധാരാളമാണ്.

മറ്റുള്ളവരുമായി യോജിച്ചു പോകാനുള്ള മനോഭാവവും അച്ചടക്കത്തിൻ്റെ ഭാഗം തന്നെയാണ്. നിസ്സാര കാര്യങ്ങളിൽ കലഹിക്കുകയും സ്വന്തം ഈഗോയ്ക്ക് ചെറിയ ക്ഷതമേല്ക്കുമ്പോൾ സംഹാരാത്മകമായി പ്രതികരിക്കുകയും ചെയ്യുന്നവർക്ക് ജീവിതവിജയം എളുപ്പമാവുകയില്ല. അസൂയ, വിദ്വേഷം, പക തുടങ്ങിയവയും അച്ചടക്കമില്ലാത്ത മനസ്സിൻ്റെ ലക്ഷണങ്ങൾ തന്നെയാണ്. നമ്മളിലെ നന്മകളെയും കഴിവുകളെയും ഇത്തരം വികാരങ്ങൾ ഞെരുക്കിക്കളയും.

പി. എം.എൻ.നമ്പൂതിരി

RELATED ARTICLES

1 COMMENT

  1. അതെ ഗുരുജി. ലക്ഷ്യബോധവും അച്ചടക്കവും ജീവിത വിജയത്തിന് അനിവാര്യം തന്നെ. വിധിയെന്ന് കരുതി തോൽവികളെ സ്വീകരിച്ച് സമാധാനിക്കുന്നു എന്നു മാത്രം. നന്ദി ഗുരുജി. നമസ്ക്കാരം.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com