ന്യൂഡൽഹി : നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് രാജ്യതലസ്ഥാനം. ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധത്തെ തുടർന്ന് അറസ്റ്റിലായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഡൽഹി പൊലീസ് വിട്ടയച്ചു. ബാരകമ്പ സ്റ്റേഷന് മുന്നിൽ വലിയ സംഘർഷം ഉണ്ടായിരുന്നു.
കേരള മുഖ്യമന്ത്രി വിഡി സതീശൻ, രേവന്ത് റെഡ്ഡി, കെ സി വേണുഗോപാൽ, ഇടത് എംപിമാർ തുടങ്ങിയവരെ സ്റ്റേഷന് മുന്നിൽ പൊലീസ് തടഞ്ഞുവെച്ചിരുന്നു. പിന്നീടാണ് സ്റ്റേഷന് അകത്തേക്ക് കയറ്റിവിട്ടത്. സ്റ്റേഷന് മുന്നിൽ ഉണ്ടായിരുന്ന പ്രവർത്തകരെ ബലം പ്രയോഗിച്ചാണ് പൊലീസ് നീക്കിയത്.
അതേസമയം, നാളെയും പ്രതിഷേധം ആലോചിക്കുമെന്ന് കെസി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതിപക്ഷ സമരത്തിന് കേരളത്തിൻ്റെ പിന്തുണ ഉണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. സമരത്തിൽ പങ്കെടുക്കുന്നതിൽ അഭിമാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ദില്ലിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ബലംപ്രയോഗിച്ചു കൊണ്ടാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്. പ്രവർത്തകർ തടഞ്ഞെങ്കിലും പൊലീസ് ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു. റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയേയും പൊലീസ് നീക്കുകയായിരുന്നു. തന്നെ ക്രൂരമായി മർദിച്ചെന്നും എന്തുവന്നാലും പിന്നോട്ടില്ലെന്നുമായിരുന്നു പ്രിയങ്കയുടെ പ്രതികരണം.



