ജല മുറിവുകൾ മായുമ്പോൾ…
പുഴയിലെ ഓളങ്ങളെ കീറിമുറിച്ച് മച്ചുവ എന്നു വിളിക്കുന്ന ജലയാനം മുന്നോട്ടു കുതിക്കുകയാണ് .
ജലരേഖകളായാദ്യം പ്രത്യക്ഷപ്പെടുന്നതും അത് ജലപാതകളാകുന്നതും നോക്കിയിരുന്നു.
ഒരുമിച്ചായിരുന്ന ഓളങ്ങൾ മുറിവേറ്റു രണ്ടായിപ്പിളർന്ന് വീണ്ടും കൂടിച്ചേരാൻ വെമ്പി നിൽക്കുന്ന കാഴ്ചയും കാണാം.
പാലം വന്നിടാത്ത അക്കാലത്ത് ജോലിസ്ഥലത്തേയ്ക്ക് പോകണമെങ്കിൽ പുഴ കടക്കണം.
യാത്രാവഞ്ചികൾ മെല്ലെ കാറ്റിലുലഞ്ഞു തുഴഞ്ഞു പോകുന്ന കാലം കഴിഞ്ഞു.
യമഹ യന്ത്രം പിടിപ്പിച്ച പരിഷ്കൃത മച്ചുവ യാത്ര.
പുഴഹൃദയത്തെ നിർദ്ദാക്ഷിണ്യം കീറി മുറിച്ച് പുകശ്വാസം പുറത്തേയ്ക്കെറിഞ്ഞ് അമറിക്കൊണ്ട് ജലയാനം നീങ്ങുന്നു.
പിന്നിട്ട നീർ പ്രതലത്തിലേയ്ക്കു പിന്തിരിഞ്ഞു നോക്കിയാൽ ഓളങ്ങൾ ഞൊടിയിടെ സ്തംഭിച്ചു നിൽക്കുന്നതു കാണാം.
പ്രശ്നയാനം ആഴമേറിയെ മുറിവിനെ സമ്മാനിച്ചത് പഴയപടി ആക്കുന്നതിനായി ഓളങ്ങൾ സർവ്വ ശക്തിയോടെ ഓടിയടുക്കുന്നു. അവർ ഒന്നാകുന്നു.
സ്കൂളിലല്പം നേരത്തേയെത്തിയ ദിനം. ക്ലാസ് റൂമിന്റെ മുമ്പിലെ വരാന്തയിൽ കൊള്ളാവുന്ന വേഷമണിഞ്ഞ് ഉയരമുള്ള ഒരു മനുഷ്യൻ നിൽക്കുന്നു.
” മകളെ കാണാൻ വന്നതാണ്. ക്ലാസ്ടീച്ചർ വന്നിട്ട് ക്ലാസിൽ നിന്നു വിടാമെന്ന് മോർണിംഗ് ക്ലാസെടുക്കുന്ന ടീച്ചർ പറഞ്ഞു.അതുകൊണ്ട് ടീച്ചറെ കാത്തു നിന്നതാണ് .”
അയാൾ പുഞ്ചിരിച്ചു. പക്ഷേ ആ ചിരിയിലും ഒരു വ്യാകുലത തെളിഞ്ഞു കാണാമായിരുന്നു.
ആരുടെ ഫാദറാണ് എനിക്കു മനസിലായില്ല ? ഞാൻ ചോദിച്ചു.
“നാദിറയുടെതാണ്.
ഞാൻ ഒരു ഗവൺമെന്റ് സ്ഥാപനത്തിൽ ഡ്രൈവറാണ്. ”
കൃത്യം സ്ഥലമേതെന്ന് പറഞ്ഞു കൊണ്ടയാൾ നിറുത്തി.
“എപ്പോഴും യാത്രയാണ് മോളെ കാണാൻ പറ്റുന്നില്ല. ഇന്ന് അൽപ്പം സമയം കിട്ടി അതാണു ഓടി വന്നത്.”
നാദിറയുടെ അമ്മയാണ് എപ്പോഴും ഇവിടെ വരുന്നത് നിങ്ങളെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല. എങ്കിലും ഞാൻ കുട്ടിയെ വിളിക്കാം.
പത്താം ക്ലാസല്ലേ അഞ്ചു മിനിറ്റ് സംസാരിച്ച് വേഗം ക്ലാസിലേയ്ക്കു വിടണം. എന്നു പറഞ്ഞിട്ട് ഞാൻ ക്ലാസിൽ കയറി നാദിറയെ പുറത്തേയ്ക്കു വിടാൻ അപ്പോൾ പഠിപ്പിച്ചു കൊണ്ടിരുന്ന ടീച്ചറോട് ആവശ്യപ്പെട്ടു.
നാദിറയുടെ മുഖത്ത് അവിശ്വസനീയ ഭാവം. അവൾ ഉപ്പ എന്നുചുണ്ടു കൊണ്ട് മെല്ലെ പറഞ്ഞ് അയാളുടെ അരികിലേയ്ക്കു ചെന്നു.
നീർ നിറഞ്ഞതിനാൽ ചുവന്ന കണ്ണുമായി അയാൾ കൈ നീട്ടി അവളെ ചേർത്തുപിടിച്ചു.
എനിക്ക് അപരിചിതനായ മനുഷ്യനൊപ്പം കുട്ടിയെ വിട്ടിട്ട് പോകാനും കഴിയുന്നില്ല , നിൽക്കാനും പറ്റാത്ത അവസ്ഥയിൽ ഞാൻ ഒന്നുമറിയാത്തപോൽ തൂണിനു വട്ടം ചുറ്റി ഒന്നു നടന്നു.
മറ്റൊരു കുട്ടിയെ കൈ കാട്ടി വിളിച്ച് വിശേഷം ചോദിക്കുന്ന മട്ടിൽ നിൽക്കുമ്പോൾ അവരറിയാതെ സൂക്ഷിച്ചു നോക്കി.
രണ്ടാളും സംസാരിക്കുന്നില്ല. പോക്കറ്റിൽ നിന്നു പണമെടുത്ത് അവളുടെ കൈയ്യിൽ കൊടുത്ത് അയാൾ കണ്ണുതിരുമ്മിത്തുടച്ച് മുന്നോട്ടു നടന്നു പോയി.
ഞാൻ നിൽക്കുന്ന ഭാഗത്തേയ്ക്ക് നോക്കിയതേയില്ല.
നിശ്ചലയായി ഉപ്പയുടെ പോക്കു മാത്രം നോക്കി നിൽക്കുന്ന നാദിറയുടെ അടുത്തേയ്ക്കു ഞാൻചെന്നു.
എന്താണു മോളെ പ്രശ്നം?
അവൾ പെട്ടെന്നു പരിസരം മറന്നു കരഞ്ഞു. ഏങ്ങിക്കരയുന്നതിനിടയിൽ അവൾ പറഞ്ഞൊപ്പിച്ചു.
“ഇന്നു ടീച്ചറെ ഉമ്മ വിളിച്ചു ചീത്ത പറയും. എന്നെ ഉപ്പയെ കാണിച്ചതിന്. കഴിഞ്ഞ കൊല്ലത്തെ ക്ലാസു ടീച്ചറിന് കുറേ വഴക്കു കിട്ടിയിട്ടുണ്ട്.”
ഉള്ളിൽ അൽപ്പം ഞെട്ടിയെങ്കിലും പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു എന്നെ ഉമ്മ വഴക്കുപറയുന്നതോർത്താണോ നാദിറ കരയുന്നത്. അതു സാരമില്ല. എന്താണു പ്രശ്നമെന്നു പറയു .
“അത് ഉമ്മയും ഉപ്പയും വേർപിരിഞ്ഞാണു താമസിക്കുന്നത്. ഞങ്ങൾ ഉമ്മയുടെ വീട്ടിലാണ്. ”
എന്താ കാരണമെന്നു ചോദിക്കാൻ വന്നത് വിഴുങ്ങി ഞാൻ മിണ്ടാതെ നിന്നു.
ഉമ്മയ്ക്ക് ഭയങ്കര സംശയമാണ്. പക്ഷേ ഉപ്പ പാവമാണ്. എപ്പോഴും ദൂരെയാത്രയാണ്.
ഉമ്മയ്ക്ക് എന്നോടു നല്ല സ്നേഹമാണ്. പക്ഷേ ഞാൻ ഉപ്പയെ കാണുന്നതോ മിണ്ടുന്നതോ ഇഷ്ടമല്ല.
എന്നെ കാണാൻ വീട്ടിലേയ്ക്ക് വരാനും സമ്മതിക്കില്ല.
എനിക്കു രണ്ടാളുടേയും ഒപ്പം താമസിക്കണം. പക്ഷേ അത് ഇനി ഈ ജന്മത്തിൽ നടക്കുമെന്നു തോന്നുന്നില്ല. മുഖത്ത് ഒരു വിരക്ത ഭാവത്തോടെ നാദിറ പറഞ്ഞു.
ശരി , ക്ലാസിലേയ്ക്ക് പൊയ്ക്കോ, ഉപ്പയിൽ നിന്നുകാശുവാങ്ങിയതിന് വഴക്കു കേൾക്കില്ലേ!
ഞാൻ ചോദിച്ചു.
“അതൊന്നും ഉമ്മയ്ക്ക് പ്രശ്നമില്ല. ഇതു തട്ടിപ്പറിച്ച് കൊണ്ടു പോകും” .
അവൾ ലേശം പരിഹാസഭാവത്തോടെ മൊഴിഞ്ഞു കൊണ്ട് ക്ലാസിലേയ്ക്കു പോയി.
തലേവർഷം ക്ലാസ്ടീച്ചർ ആയിരുന്ന ടീച്ചറോട് വിവരം തിരക്കിയപ്പോഴാണ് അവർ പറഞ്ഞത്.
” ഇന്നു സന്ധ്യയ്ക്ക് ടീച്ചറിനു ഫോൺകോൾ വരും. എടുത്തേക്കണം അല്ലെങ്കിൽ സ്കൂൾ വാതിൽക്കൽ അവർ നാളെ കാത്തുനിൽപ്പുണ്ടാകും. കേൾക്കാനുള്ളത് ഫോണിൽ കൂടി കേട്ടോളു.”
അൽപ്പം പരിഭ്രമം തോന്നിയെങ്കിലും തിരക്കിൽ ഞാനക്കാര്യം മറന്നു. വൈകുന്നേരം പറഞ്ഞതു പോലെ തന്നെ ഫോൺ ബെല്ലടിച്ചു.
“ടീച്ചറെ കണ്ടവന്മാരൊക്കെ വരുമ്പോയെന്തിനാ എന്റെ പുള്ളയെ നിങ്ങൾ അവരെ കാണിക്കാൻ അനുവദിക്കുന്നത് ”
യാതൊരു മുഖവുരയുമില്ലാതെ അവർ തുടർന്നു.
“ഞാൻ സ്കൂളിൽ
നേരത്തേ അറിയിച്ച കാര്യമാണ് ആരു വന്നാലുംഎന്റെ മോളെ കാണിക്കരുതെന്ന്.
സ്കൂൾ തുറന്നിട്ടു പിന്നെ പി.ടി.എ. മീറ്റിംഗിനു സമയമാകാത്തതു കൊണ്ടാണ് ഞാൻ വരാതിരുന്നത്. ടീച്ചറോട് ഇക്കാര്യംപറയാൻ പറ്റിയുമില്ല. ”
ഇങ്ങേത്തലയ്ക്കൽ
എന്റെ മൗനം മനസിലാക്കിയ അവർ കുറച്ചു ശാന്തമായി.
ടീച്ചറിനറിയാമോ അയാൾക്ക് പലബന്ധങ്ങളുണ്ട്. എന്റെ വീട്ടിൽ ഞാൻ കയറ്റില്ല. മോളു വളർന്നു വരുന്ന പ്രായമാണ്. എനിക്കവളെസൂക്ഷിക്കേണ്ട ?”
സഹികെട്ടു ഞാൻ പറഞ്ഞു നാദിറ അയാളുടെ മോളല്ലേ! കുട്ടിയെന്തു കുറ്റം ചെയ്തു. അവൾക്കു രണ്ടാളുമൊപ്പം താമസിക്കാൻ അവകാശമുണ്ട്.
നിങ്ങളുടെ സ്വരച്ചേർച്ചയില്ലായ്മ ആ കുട്ടിയുടെ പഠനത്തെയും ഭാവിയെയും ബാധിക്കരുത്.
ഞാൻ മുഴുവനാക്കുന്നതിനു മുമ്പവർ ചാടിക്കയറി പറഞ്ഞു.
“എന്തിനു പഠിച്ചിട്ട് ?കണ്ടവന്റെ വീട്ടിലെ ചട്ടിയും കലവും കഴുകാനാ? എത്ര പഠിപ്പിച്ചാലും കെട്ടിയോന്റെ വീട്ടിലെ പാത്രം കഴുകാനല്ലേ?
ഭർത്താവിനെക്കുറിച്ചുള്ള
സംശയത്താൽ ദേഷ്യം മൂത്ത് അവർ തുടർന്നു
” ടീച്ചറിന് എന്റെ പ്രയാസം മനസിലാകണമെങ്കിൽ ഇതുപോലെ നിങ്ങൾക്കും വന്നാലേ അറിയു”
എന്നു വരെ പറഞ്ഞെത്തിച്ചു.
നാദിറ കരഞ്ഞു കൊണ്ട്
“ഉമ്മച്ചീ എന്റെ ടീച്ചറോടിങ്ങനെയൊന്നും പറയല്ലേ” യെന്നു പറഞ്ഞു ഫോൺ വലിച്ചു മേടിച്ചു വെയ്ക്കുന്ന സ്വരം കേട്ടു.
പിറ്റേന്ന് പേടിച്ച മുഖഭാവവുമായിരുന്ന നാദിറയെ നോക്കി ഞാൻ പുഞ്ചിരിച്ചു. അവൾ സമാധാനത്തോടെ എന്നെ നോക്കി തിരിച്ചും മന്ദഹസിച്ചു.
ഒഴിവു സമയങ്ങളിൽ അവളോടു സംസാരിക്കുമ്പോഴൊക്കെ രണ്ടാളെയും വേണമെന്ന അടിസ്ഥാനപരമായ ആവശ്യത്തിലവൾ ഉറച്ചു നിന്നു .
ഉപ്പ തെറ്റു ചെയ്യുന്നതായി അവൾ വിശ്വസിക്കുന്നില്ല.
എന്നാൽ അമ്മയ്ക്ക് ഒരു കൗൺസിലിംഗ് കൊടുത്തു കൂടെ എന്നെന്റെ ചോദ്യത്തിന് നടക്കാത്ത കാര്യമെന്ന മട്ടിൽ അവളെന്നെ നോക്കി.
കുട്ടികളോട് പഠനത്തിൽ പിറകിലായി, അതിലല്ല ശ്രദ്ധയെന്നൊക്കെ അധ്യാപകരും മാതാപിതാക്കളും പരാതി പറയുമ്പോൾ അവർ വീടുകളിലനുഭവിക്കുന്ന അസ്വസ്ഥതകൾ ആരും മനസിലാക്കുന്നതേയില്ലയെന്നത് അന്നും ഇന്നുമുള്ള അപരിഹാര്യമായ പ്രശ്നമാണ്.
കുറച്ചു നാളുകൾക്കു ശേഷം നാദിറയുടെ ഉപ്പയുടെയും ഉമ്മയുടെയും വീട്ടുകാർ തമ്മിൽ നടത്തിയ ഒത്തുതീർപ്പു ചർച്ചകൾക്കൊടുവിൽ മകളെ ഇടയ്ക്കു കാണാനനുമതി അവളുടെ ഉപ്പയ്ക്കു കിട്ടി.
അയാൾ വരുമ്പോൾ മകളെ കൊണ്ട് കൈയ്യും കാലും തടവിക്കുന്നു. മകളെ കെട്ടിപ്പിടിക്കുന്നു. എന്നിങ്ങനെ പരാതിയുമായി നാദിറയുടെ ഉമ്മ സ്കൂളിൽ വന്നു.
അതായത് മകളെയും ചേർത്തു ഭർത്താവിനെസംശയം.
സഹികെട്ടു ഞാൻ പറഞ്ഞു അവളുടെ ഉപ്പ സ്കൂളിൽ വന്നല്ലല്ലോ നിങ്ങളുടെ വീട്ടിൽ വന്നല്ലേ കുട്ടിയെ കാണുന്നത്. നിങ്ങൾ അവിടെ ഉള്ളപ്പോഴാണു വരുന്നത്. പിന്നെയെന്തിനാ സംശയം പറഞ്ഞ് ഇങ്ങോടു വരുന്നത്.
അതോടെ അവർ അൽപ്പസമയം നിശബ്ദമായ ശേഷം പറഞ്ഞു.
“അയാൾ വേറെ വിവാഹം കഴിക്കാൻ പോകുന്നു ടീച്ചർ.
അതിൽ നാദിറ മോൾക്കും വിഷമമില്ല”
അവരുടെ മുഖത്ത് അവർണ്യനീയമായ വേദന ഞാൻ വായിച്ചറിഞ്ഞു. കലങ്ങിയ കണ്ണുകളിൽ നിസ്സഹായാവസ്ഥ തളം കെട്ടി നിന്നു.
ഭർത്താവിനോടുള്ള അമിത സ്നേഹമാണ് സംശയമായി മാറിയതെന്നെനിക്ക് അപ്പോൾ തോന്നി.
ടീച്ചേഴ്സ് ക്ലസ്റ്റർ മീറ്റിംഗിനിടയിൽ ക്ലാസ് റൂം പ്രശ്നങ്ങൾ കുട്ടികളുടെ പേരു പറയാതെ പരസ്പരം പങ്കിടുമ്പോൾ പീറ്റർ സാർ പറഞ്ഞു
“ഇന്നലെ ടീച്ചർ പറഞ്ഞ സംഭവകഥ കേട്ട് എനിക്കെന്റെ മോളെ പുന്നാരിക്കാൻ പോലും പേടിയായി. ഭാര്യയെങ്ങാനും സംശയിക്കുമോ? കാലം പോയ പോക്ക് ”
ആരും ചിരിക്കാതെ നിസംഗരായി ഇരുന്നു.
പത്താംക്ലാസ് പരീക്ഷയുടെ ഫലം വന്ന സമയത്ത് മാർക്കു ലിസ്റ്റ് വാങ്ങാൻ ഉപ്പയ്ക്കും ഉമ്മയ്ക്കുമൊപ്പമാണ് തിളങ്ങുന്ന മുഖത്തോടെ നാദിറ വന്നത്.
ഉമ്മച്ചിയുടെ ചേച്ചിയുടെ മകൾ ഗൾഫിൽ നിന്നു വന്നപ്പോൾ ഉമ്മച്ചിയെ കൗൺസിലിംഗിനു കൊണ്ടു പോയെന്നും, ഇപ്പോൾ ഉപ്പയുടെ വീട്ടിലാണ് ഞങ്ങൾ താമസിക്കുന്നതെന്നും നാദിറ എന്റെ അരികിൽ വന്നു മന്ത്രിച്ചു.
അന്നു വീട്ടിലേയ്ക്ക് മടങ്ങുന്ന ജലസഞ്ചാര വേളയിൽ പുഴയോളങ്ങളെ മുറിക്കുന്ന മച്ചുവയുടെ യന്ത്രയോട്ടത്തിന് ആഴത്തിൽ ജലപരുക്കേൽപ്പിക്കാനായില്ല എന്നു ഞാൻ കണ്ടറിഞ്ഞു.
മുറിഞ്ഞവ സ്വയം ഓടിയടുത്തു വന്ന് ഒന്നാകുന്നതും മറ്റൊന്നും സംഭവിക്കാത്ത പോൽ ഒഴുകുന്നതും വിസ്മയത്തോടെ ഞാൻ നോക്കിയിരുന്നു.




ഒരു കാരണവുമില്ലാതെ വെറുതെ അകന്നു പോകുന്ന ബന്ധങ്ങളുടെ തീവ്രതയും വേദനയും വരച്ചു കാട്ടുന്ന അവതരണ രീതി.
നന്ദി പ്രമോദ്
ക്‌ളാസിലെ കുട്ടിയെ സ്വന്തം കുട്ടിയായി കാണുന്നിടത്താണ് അധ്യാപകരുടെ വിജയം
നല്ല എഴുത്ത്
Thank you Saji mash
കുട്ടികളുടെ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ കഴിയുന്നത് എത്ര വലിയ കാര്യമാണ് Teacher ന് അത് എപ്പോഴും ചെയ്യുവാന്‍ സാധിക്കട്ടെ 😍🙏🏻
Thank you Shilpa
ഹൃദയസ്പർശി യായി എഴുതി….. ഈ അനുഭവകുറിപ്പിൽ ജീവിതത്തിന്റെ മുറിവുകൾ മാറി അവർ ഒന്നാകുന്നത് കണ്ടപ്പോൾ സമാധാനം ആയി….. വായനക്കാരെ, വായിക്കുവാൻ പ്രചോദനം നൽകന്ന രീതിയിലുള്ള അവതരണം…… അഭിനന്ദനങ്ങൾ റോമി ബെന്നിക്ക് .❤️❤️❤️
thank you Reema
Good read 👍
Thank you Rejath
Nice
Thank you
നല്ലെഴുത്ത് അഭിനന്ദനങ്ങൾ 👍🏼👏🏼👏🏼👏🏼
നന്ദി തോമസ് ഹണി
മുറിഞ്ഞു പോയ ഓളങ്ങളെ ഒന്നായിച്ചേർത്ത് ഒഴുകിയ നദി പോലെ, മുറിഞ്ഞ ബന്ധങ്ങളെ കൂട്ടിച്ചേർത്ത് ഒഴുകിയ ജീവിതനദിയുടെ കഥ
നല്ല വായനാനുഭവം❤️❤️❤️
നന്ദി സജീവ്
Huge congratulations, very good story.
Thank you