Wednesday, May 13, 2026
Homeഅമേരിക്കഅധ്യാപന അനുഭവക്കുറിപ്പുകൾ (ഭാഗം - 3) 'മിഥിലയിലെ കിളിക്കുഞ്ഞ്.' ✍ റോമി...

അധ്യാപന അനുഭവക്കുറിപ്പുകൾ (ഭാഗം – 3) ‘മിഥിലയിലെ കിളിക്കുഞ്ഞ്.’ ✍ റോമി ബെന്നി

കടലാഴങ്ങളിൽ ഒളിഞ്ഞിരിക്കുന്ന മുത്തും പവിഴവും. എല്ലാം ചേർത്തു കടൽജീവികൾ പണിതു കൊടുത്ത മത്സ്യകന്യകയുടെ കൊട്ടാരത്തിലേയ്ക്ക് കൈപിടിച്ചു നടത്തുന്ന അത്ഭുതകഥകൾ. അവ മെനഞ്ഞെടുത്ത് പറഞ്ഞു കേൾക്കുമ്പോഴുണ്ടാകുന്ന വിസ്മയം . അതു നൽകുന്ന ദൃശ്യാനുഭൂതിയേക്കാ
ളേറെ,സമുദ്രാന്തർഭാഗത്തു നടക്കുന്ന ഭീകരജീവിയുടെ യുദ്ധകഥകളും വിഷജീവികളുടെ പരാക്രമങ്ങളും വർണ്ണിക്കുക. ഇവ കേട്ടു ഭീതിയോടെ അക്കഥ ആസ്വദിക്കാൻ കൊതിക്കുന്നവരാണ്കുട്ടികളും മുതിർന്നവരുമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

ഉച്ചഭക്ഷണത്തിനുശേഷമുള്ള ആദ്യ പീരിയഡ്. നിദ്രയുടെ നീരാഴി കടന്നു സ്വപ്ന ലോകത്തു വിഹരിക്കാൻ പറ്റുന്ന രീതിയിൽ ആലസ്യഭാവമാർന്ന ക്ലാസ് മുറിയിലേയ്ക്കു കയറിച്ചെന്നപ്പോൾ സ്വാഭാവികമായി ഉറക്കത്തിന്റെ അലയൊലി എന്നെയും ബാധിക്കാതിരിക്കാൻ ചെറുകഥകൾ പറഞ്ഞാണ് ക്ലാസാരംഭിക്കുന്നത്.

ഇന്ന് ഞാനൊരു മത്സ്യകന്യകയുടെ കഥ പറയാൻ പോകുന്നു.

“ടീച്ചറെ കടൽപ്രേതത്തിന്റെ കഥ പറയുമോ ”
എന്നാൽ ഉറക്കം പോകും നഗീനയുടെ നിർദ്ദേശം.

“എനിക്ക് ചെകുത്താന്റെ കഥ വേണ്ട. രാത്രി പേടിക്കും ”

സുമിയുടെ പേടിച്ച മുഖം.
എനിക്കും പേടിയാ സുമി . ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു.

എന്നാൽ കഥവേണ്ട പാട്ടുപാടാം. അടുത്ത അഭിപ്രായം.

അപ്പോൾ പാഠം ആരു പഠിക്കും? ഏതായാലും നമ്മൾ സംസാരിച്ചപ്പോൾ ഉറക്കം പോയില്ലേ എല്ലാവരുടെയും. ടെക്സ്റ്റു ബുക്കെടുത്തോ മക്കളെ എന്നു പറഞ്ഞപ്പോഴേക്കും ഒരാളെഴുന്നേറ്റു നിന്നു.

“ഞാനൊന്നു മുഖം കഴികീട്ട് വരട്ടെ ടീച്ചർ” മിഥിലയാണ്.

ആ പേരിനോടു തനിക്കൊരിഷ്ടമുണ്ട്. സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ശാലീനഭാവമാണവർക്ക്. പ്രായത്തിലേറെ വളർച്ച തോന്നിക്കുന്ന രൂപം. സ്കൂൾ യൂണിഫോം അവൾക്കൊട്ടും ചേരുന്നില്ല. നിഷ്കളങ്ക മുഖത്ത് ഇടയ്ക്കിടെ ആകുലത മിന്നിമറയുന്ന പോലെ എനിക്കു തോന്നാറുണ്ടായിരുന്നു.

അടുത്തദിനവും പൈപ്പിൻ ചുവട്ടിൽ മുഖം കഴുകി നിൽക്കുന്ന മിഥിലയെ ഞാൻ ദൂരെ നിന്നു കണ്ടു.

ഒരു ക്ലാസ്റൂമിൽനിന്നു മറ്റൊരു ക്ലാസിലേയ്ക്കുള്ള പിരിയഡനുസരിച്ചുള്ള എന്റെ വേഗതയുള്ള നടപ്പിനിടയിൽ മിഥില പലതവണ മുഖം കഴുകാൻ ക്ലാസ് വിട്ടിറങ്ങുന്നതും ഓടി ക്ലാസിലേയ്ക്കു പോകുന്നതുമായ ദൃശ്യം എന്തോ ഒരു അസ്വസ്ഥത എനിക്കേകി.

ഒരു വിധം നന്നായി പഠിക്കുന്ന കുട്ടിയാണവൾ. ക്ലാസിൽ ശ്രദ്ധിച്ചിരിക്കുമ്പോഴും നിദ്രയവളെ കീഴ്പ്പെടുത്തുന്നതു ഞാൻ അൽപ്പം ഭീതിയോടെ നോക്കിക്കണ്ടു.

എന്താണതിനു കാരണമെന്നറിയണം. പരസ്യമായി ചോദിക്കാൻ പറ്റില്ല. ഉറക്കം വരുന്ന കുട്ടികളെ പരിഹസിച്ചൊതുക്കുന്ന പതിവെനിക്കില്ലായിരുന്നു

എന്റെ പീരിയഡു കഴിഞ്ഞ് പുറത്തിറങ്ങി അവളെ വിളിച്ച് കാര്യമന്വേഷിക്കാൻ അവസരം കിട്ടുന്നതിനു മുമ്പേ പാഠഭാഗം തീർക്കാനുള്ള ബദ്ധപ്പാടിൽ അടുത്ത ടീച്ചർ ക്ലാസിൽ കയറിയിരിക്കും.

മിഥിലയുടെ ക്ലാസ് നഷ്ടപ്പെടുമെന്നതു കൊണ്ടു ഇക്കാര്യമെന്തു ചെയ്യണമെന്ന ചിന്തയിലായിരുന്നു ഞാൻ.

കൂട്ടുകാരോടും വീട്ടുകാരോടുമെന്നും പറയാൻ പറ്റാത്ത കാര്യങ്ങൾ നിങ്ങൾക്കു വിശ്വാസത്തോടെ തുറന്നു പറയാൻ പറ്റുന്നവർ നിങ്ങളുടെ അധ്യാപകർ മാത്രമാണെന്ന് ക്ലാസിനിടയിലെപ്പോഴോ ഞാൻ പറഞ്ഞ ദിനം തന്നെ മിഥില എന്നെ സമീപിച്ചു.

അന്ന് സ്റ്റാഫുറൂമിൽ ക്ലാസ് രജിസ്റ്റർ ജോലിയുമായി ഇരിക്കുമ്പോൾ ജനലിന്നരികെ അവൾ വന്ന് ഒന്നു പുറത്തേയ്ക്കു വരുമോയെന്നാംഗ്യം കാണിച്ചു.

” ടീച്ചർ ഫ്രീയാണെങ്കിൽ എനിക്കല്പം സംസാരിക്കണം.” അവൾ ഗൗരവകരമായി എന്തോ പറയാനുള്ളതു പോലെ എന്നെ നോക്കി.

മുഖം കഴുകിയത് തുടയ്ക്കാത്തതിനാൽ കൺപീലിയടക്കം നനഞ്ഞു കുതിർന്നു നിൽക്കുന്ന മിഥിലയെ നോക്കിയപ്പോൾ നനഞ്ഞൊട്ടിയ ഒരുകിളിക്കുഞ്ഞിനെ
പോലെയെനിക്കു തോന്നി.ഞാൻ സൂക്ഷിച്ചു നോക്കുന്നതു കണ്ടവൾ പാവാടത്തുമ്പു കൊണ്ടു മുഖം തുടച്ചു.

എങ്ങിനെയാ ഇതൊക്കെ ടീച്ചറോടു പറയുന്നതെന്ന മുഖവുരയോടെ തുടങ്ങി.

“എനിക്ക് ഒരു വിഷമം പറയാനുണ്ട്. ടീച്ചറിതാരോടും പറയില്ലയെന്നെനിക്കുറപ്പു തരണം.”

ജനലിനോടു ചേർന്ന ഇരിപ്പിടം പോലുള്ള ഭാഗത്തു ഞാനിരുന്നു.

അവളോടിരിക്കാൻ പറഞ്ഞിട്ടു കേൾക്കാത്ത ഭാവത്തിലവൾ തുടർന്നു.

“അമ്മ മരിച്ചതിനു പിറ്റേവർഷം തന്നെ അച്ഛൻ വേറെ വിവാഹം കഴിച്ചു. തമിഴ്നാട്ടിൽ സ്ഥിരതാമസക്കാരായ മലയാളി കുടുംബത്തിലെ ഒരു സ്ത്രീയാണ് അമ്മയായി വന്നത്.

പൂക്കച്ചവടക്കാരാണവർ. അച്ഛൻ വിവാഹം കഴിച്ച ശേഷം അവരുടെ ഒരു സഹോദരനും ഞങ്ങളുടെ വീട്ടിൽ താമസമാക്കി. അയാളുമൊപ്പം അച്ഛനും പൂക്കടയാരംഭിച്ചു. നല്ല കച്ചവടമായി. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു. ഒരു അനുജത്തി കൂടി ഉണ്ട്. അവൾ ചെറിയ ക്ലാസിൽ പഠിക്കുന്നു.”

കേട്ടു നിൽക്കുന്ന എന്റെ മുഖത്തു നോക്കാതെയവൾ തുടർന്നു.

“എല്ലാം തുറന്നു പറയണമെന്നു തോന്നി. ടീച്ചർ ആരോടും പറയരുത്.
ഞാൻ ഉറങ്ങാറില്ല രാത്രി. അതുകൊണ്ടാണ് ക്ലാസിൽ വന്നിരുന്നുറങ്ങിപ്പോകുന്നതും കുട്ടികളെന്നെ മുഖം കഴുകി എന്ന് ഇരട്ടപ്പേരു വിളിക്കുന്നതും.”

അവൾ വിഷാദത്തോടെ പറഞ്ഞു നിറുത്തി.

എന്താ ഉറങ്ങാൻ പറ്റാത്തത്.? എന്തെങ്കിലുമസുഖം ഉണ്ടോ? ഞാൻ തിരക്കി.

“അതൊന്നുമല്ല ടീച്ചർ രണ്ടാനമ്മയുടെ ആങ്ങളയെപ്പേടിയാണ് എനിക്ക് . മുറി പൂട്ടിക്കിടക്കാൻ അമ്മ സമ്മതിക്കില്ല. അച്ഛൻ കുറച്ചു മദ്യപിച്ചെത്തുന്നതു കൊണ്ട് ഭക്ഷണം കഴിച്ചയുടൻ ഉറങ്ങിപ്പോകും.

പിന്നെ ഇയാൾ എന്റെ പിറകെയാണ്. പഠിക്കാനിരിക്കുന്നതി
നടുത്തുവന്നു അയാളും വായിക്കുന്നതു പോലെയിരിക്കും.

നോട്ടമൊന്നും ശരിയല്ല. പറ്റാവുന്ന വിധത്തിൽ തട്ടിമുട്ടിപ്പോകും.

കിടന്നാൽ ഇടയ്ക്കിടെ മുറി തുറന്നു നോക്കും. എന്താ എന്നു ഉച്ചത്തിൽ ചോദിച്ചാൽ വേഗം പോകും. പേടിച്ചിട്ട് ചെറിയ അനക്കം കേട്ടാൽ ഇയാൾ ഉപദ്രവിക്കാൻ വന്നെന്നു കരുതി ഉണർന്നു കിടക്കും. മയങ്ങുമ്പോൾ വീണ്ടും വാതിൽ ഞരങ്ങുന്ന ശബ്ദം കേൾക്കുന്നതുപോലെ തോന്നി ഞെട്ടിയുണരും.”

പറയുമ്പോൾ ഭീതി പടർന്ന മിഴികളിൽ നീർ പൊടിഞ്ഞു.

മിഥില അമ്മയോടിത് പറഞ്ഞില്ലേ ? ഞാൻ ചോദിച്ചു.

“പറഞ്ഞു. അമ്മയുടെ സഹോദരനല്ലേ ?അച്ഛനും അയാളെ വലിയ ഇഷ്ടമാണ്. അവരൊന്നും ഞാൻ പറഞ്ഞാൽ വിശ്വസിക്കില്ല.

എന്തോ ഓർത്തവൾ അല്പനേരം നിന്നു.

സങ്കടവും അമർഷവും ഇടകലർന്ന ശബ്ദത്തിലവൾ തുടർന്നു.

” പറയുമ്പോൾ തന്നെ പേടിയാകുന്നു ടീച്ചർ! ഒരു തവണ പാതിരായ്ക്ക് വാതിലനങ്ങുന്നതു കണ്ട് ഞാൻ ചാടിയുണർന്ന് ഒച്ചയെടുത്തു അമ്മയെ വിളിച്ചു. ഞാൻ സ്വപ്നം കണ്ടതായിരിക്കും. ആരുമില്ല എന്നുപറഞ്ഞ് വാതിൽ കുറ്റിയിടാൻ പോലും സമ്മതിച്ചതുമില്ല. അന്നു വെളുക്കും വരെ ഞാനുറങ്ങിയില്ല.”

നിസ്സഹായവസ്ഥയുടെ അങ്ങേയറ്റത്ത് വീർപ്പുമുട്ടി നിൽക്കുന്ന മിഥിലയെ സങ്കടത്തോടെ ഞാൻ നോക്കിയിരുന്നു.

ഒരു കിളിക്കുഞ്ഞു ഭീതിയാൽ വിറയ്ക്കുന്ന പോലെ എനിക്കനുഭവപ്പെട്ടു.

എച്ച് എം നോട് പറഞ്ഞിട്ട് പാരന്റ്സിനെ വിളിപ്പിച്ച് സംസാരിക്കട്ടെ. ഞാൻ ചോദിച്ചു

അവൾ ഭയപ്പാടോടെ എന്റെ രണ്ടു കൈയ്യും കൂട്ടിപ്പിടിച്ച് കരയും പോലെ പറഞ്ഞു.

“അയ്യോ ടീച്ചറെ എന്നെ കൊന്നുകളയും. എന്തു വിഷമം ഉണ്ടെങ്കിലും ഉള്ളിലൊളിപ്പിക്കാതെ അമ്മയോടോ
ടീച്ചേഴ്സിനോടോ പറയണമെന്നു എപ്പോഴും ക്ലാസിൽ ടീച്ചർ പറയാറില്ലേ അതുകൊണ്ട് പറഞ്ഞതാണ്. എന്നെ ആരും വിശ്വസിക്കില്ല. തോന്നലെന്നു പറയും.

അവധി ദിവസം പേടിയാണ് വീട്ടിൽ നിൽക്കാൻ. ഇയാള് ഉച്ചയ്ക്ക് ഉണ്ണാൻ വന്നാലും ഭക്ഷണമൊക്കെ ഞാനെടുത്തു കൊടുക്കണം.
അമ്മയ്ക്ക് ഇതിൽ സപ്പോർട്ടുള്ള പോലെ തോന്നും. എന്റെ സ്വന്തം അമ്മയല്ലല്ലോ ”

കിളിക്കുഞ്ഞു വിതുമ്പി .

“ഒരിക്കൽ ടീച്ചർ പറഞ്ഞില്ലേ സമപ്രായക്കാരോടു എല്ലാം ഷെയർ ചെയ്തിട്ടു കാര്യമില്ല അവർ പക്വതയോടെ തീരുമാനമെടുക്കുവാൻ പറ്റാത്ത പ്രായമുള്ളവരാണ് .അവരുടെ ഉപദേശങ്ങൾ ചിലപ്പോൾ അബദ്ധങ്ങളായി മാറിയെന്നും വരാമെന്ന്. മാത്രമല്ല രഹസ്യസ്വഭാവമുള്ള കാര്യങ്ങൾ എല്ലായിടത്തും പാട്ടാകുന്നതും ഇങ്ങനെയാണെന്ന് . വളരെ ശരിയാണ്.

ഉറക്കം വരുന്നതിന്റെ കാരണം, വീട്ടിലെ പണികളൊക്കെ ചെയ്യാൻ അമ്മയെ സഹായിക്കാൻ രാവിലെ ഉണരുന്നതു കൊണ്ടാണെന്നു വെറുതെ ഒരു കുട്ടിയോടു പറഞ്ഞിരുന്നു.അതോടെ
ക്ലാസിലെല്ലാവരുമറിഞ്ഞു”.

ജനലഴികൾക്കിടയിലൂടെ ഞാൻ പുറത്തേയ്ക്കു നോക്കി. പൊരി വെയിൽ കത്തുനിൽക്കുന്നത് പെട്ടെന്നു കെട്ടുപോയ പോലെ ഒരു ഇരുളിമ പരക്കുന്നു. മനസിലും മാനത്തും .

അതൊരു തുലാമാസക്കാലമാണെന്നോർമ്മയുണ്ട്. അന്നവൾ ജാലകച്ചാരെ എന്നോടു സംസാരിച്ചു നിൽക്കുമ്പോൾ കരിമേഘങ്ങൾ ഇടിമുഴക്കി രോഷം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.

“ടീച്ചർ മറ്റു ടീച്ചേഴ്സിനോടോ എച്ച്. എമ്മിനോടോ ഇക്കാര്യം പറയല്ലേ വീട്ടിലറിഞ്ഞാൽ പിന്നെ എന്റെ സ്കൂൾ വരവു തന്നെ നിൽക്കും.”

അവൾ ഇതുതന്നെ പറയുന്നത് മൂന്നാമത്തെ തവണയാണ്.

സമാധാനമായിട്ടിരിക്ക് ഞാൻ ആലോചിച്ച് തീരുമാനിക്കാം എന്നാശ്വസിപ്പിച്ചു പറഞ്ഞവളെ ക്ലാസിലേയ്ക്കു വിട്ടു.

അന്ന് പാഠഭാഗവിശകലനത്തിനിടയിൽ അകാരണമായി ഒരുപാടു ഉപദേശങ്ങൾ കാർക്കാശ്യത്തോടെ നിയമംപോലെ ഞാൻപറഞ്ഞു കൊണ്ടിരുന്നു.

മറ്റുള്ളവരുടെ പ്രയാസങ്ങളറിയാതെ അവരെ ഇരട്ടപ്പേർ വിളിക്കുന്നതിന്റെ അപഹാസ്യതയെക്കുറിച്ചും എന്തെങ്കിലും വിഷമങ്ങൾ ആരെങ്കിലും പങ്കിട്ടാൽ നാടു മുഴുവൻ പറഞ്ഞു നടക്കുന്നതിന്റെ വിവരക്കേടിനെയും കുറിച്ച് പറയുമ്പോൾ പാഠ ഭാഗമായതിന് യാതൊരു ബന്ധമുണ്ടായിരുന്നില്ല.

ഒരു പാടു അനുബന്ധ ഉപദേശകഥകൾ സ്ഥിരമായി പറയുന്നതു കൊണ്ട് കുട്ടികൾക്കത് പതിവു സംസാര രീതിയായി തോന്നിക്കാണണം.

പക്ഷേ മിഥില നിറഞ്ഞ മിഴികളോടെ ആരും കാണാതെ എന്നെ നോക്കി പുഞ്ചിരിച്ചു.

അവളുടെ സങ്കടഭാരം തലയിലേറ്റിയ അന്നത്തെ എന്റെ അവസ്ഥയെക്കുറിച്ച് ഇന്നോർക്കുമ്പോഴുമൊരു ചങ്കിടിപ്പ് വരുന്നു.

ശബ്ദമുയർത്തി പ്രതികരിച്ച കരിമേഘങ്ങൾ ഭൂമിയെത്തൊട്ടാശ്വസിപ്പിക്കുമ്പോലെ പെയ്തിറങ്ങുന്ന നേരത്ത് കുട ചൂടി സായന്തനത്തിൽ ഹോസ്റ്റലിലേയ്ക്ക് ഞാൻ നടക്കുമ്പോൾ മഴത്തുള്ളികൾ പതിഞ്ഞ എന്റെ മുഖമാരു കണ്ടാലും കരഞ്ഞു കൊണ്ടു നടക്കുകയാണോയെന്നു തോന്നുന്ന രീതിയിലൊരു
ഹൃദയഭാരമെനിക്കനുഭവപ്പെട്ടു.

രാത്രി വൈകിയും മഴ നിന്നില്ല. നീയെന്തു തീരുമാനിച്ചു എന്നറിഞ്ഞിട്ടേ ഞങ്ങൾ പോകുന്നുള്ളു എന്ന മട്ടിൽ കലിയോടാർത്തു പെയ്തു കൊണ്ടിരുന്നു.

ഹോസ്റ്റലിന്നപ്പുറം റെയിൽ ട്രാക്കിലൂടെ കുതിച്ചുപായുന്ന വണ്ടികളുടെ സ്വരം എന്റെ ഉറക്കം പതിവില്ലാതെ കെടുത്തി.

പേടിച്ച് ഉറങ്ങാതിരിക്കുന്ന മിഥിലയുടെ അരക്ഷിതാവസ്ഥയോർത്ത് കൊതുകുവലയ്ക്കുള്ളിൽ അസ്വസ്ഥതയോടെ ഞാനെഴുന്നേറ്റിരുന്നു.

സ്വന്തം വീട്ടിൽ ഇത്തരം അവസ്ഥയുള്ള കുട്ടികൾ എത്രയേറെയുണ്ടാകും.

എന്താണു ചെയ്യേണ്ടതെന്നറിയാതെ തണുപ്പുണ്ടായിട്ടും ഞാൻ വല്ലാതെ വിയർത്തു കുളിച്ചു.

ഇന്നത്തെ പോലെ പോക്സോ കേസ് എടുക്കലോ, ചൈൽഡു ലൈനുകളോ, വെൽഫയർ കമ്മറ്റികളോ കൗൺസിലിംഗുകളോ കേട്ടുകേൾവിപോലുമില്ലാത്ത കാലം.

അറിയിക്കേണ്ടിടത്തറിയിച്ചില്ലെങ്കിൽ അതിലും വലിയ അപരാധമായിത് മാറും. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും നേരം വെളുപ്പിച്ചു.

പതിവുപോലെ കോമ്പൗണ്ടിനകത്തുള്ള പള്ളിയിൽ രാവിലെ പോയി ദിവ്യബലിയിൽ പങ്കെടുത്തു മടങ്ങുന്നതിനു മുമ്പ് ദൈവത്തോടു യാചിച്ചു എനിക്കിതിന് ഒരു പരിഹാരം നിർദ്ദേശിക്കണേ നാഥാ.

ഏറ്റവുമടുത്തസുഹൃത്തിനോടിതിനെക്കുറിച്ചു കുട്ടിയുടെ പേരും നാളുമൊന്നും പറയാതെ സൂചിപ്പിച്ചപ്പോൾ

“പോലീസ്കേസിനൊക്കെ പോകലാണ് ആകെയുള്ള മാർഗ്ഗം. ആ കുട്ടിയുടെ ഭാവി തന്നെ അവതാളത്തിലാകും. അമ്മയെ വിളിച്ചു വരുത്തി കാര്യം പറഞ്ഞൊതുക്കുന്നതാണ് നല്ലത്. വീട്ടുകാരുടെ നിർബന്ധത്താൽ അവൾ മൊഴിമാറ്റിപ്പറഞ്ഞ് അവസാനം കേസിന്റെ പിറകെ നമ്മൾ നടക്കേണ്ടിവരും”

ഇതുംകൂടി കേട്ടതോടെ മനസമാധാനം പൂർണമായും നഷ്ടപ്പെട്ട നിലയിലായി ഞാൻ.

ആകാശം നന്നായി തെളിഞ്ഞിട്ടുണ്ട്. പെരിയാറിലെ കാറ്റിന് നല്ല തണുപ്പ് .വൈകുന്നേരത്തെ പുഴക്കാറ്റേറ്റ് കൽപ്പടവുകളിൽ അധ്യാപക സുഹൃത്തുക്കളോടൊപ്പമിരിക്കുക പതിവാണ്.

അധികദൂരമല്ലാതെ പുഴ മധ്യത്തിലെ പാളത്തിലൂടെ പാഞ്ഞു പോകുന്ന തീവണ്ടിയെ നോക്കിയിരുന്നപ്പോൾ മനസിൽ ഓരോ ചിന്തകൾ കടന്നു വന്നു.

അതിനകത്ത് എത്രയാളുകൾ എവിടെയൊക്കെ പോകുന്നുണ്ടാകും? എന്തെല്ലാം പ്രശ്നങ്ങൾ വഹിക്കുന്നവരുണ്ടാകും എന്ന ആത്മഗതം ഉറക്കയായപ്പോൾ ഇന്നെന്താ ഗഹനമായ ചിന്തയിലാണല്ലോ
യെന്നാരോ പറഞ്ഞു.

ഇവിനിംഗ് വാക്കിനിറങ്ങിയ എച്ച്എം നെ കണ്ട് ഞാനിപ്പോൾ വരാമെന്നു പറഞ്ഞവിടെ നിന്നെഴുന്നേറ്റു ചെന്നു.

മിഥിലയുടെ കാര്യങ്ങൾ പറഞ്ഞൊപ്പിച്ചു. “ഇത് ഇലയ്ക്കും മുള്ളിനും കേടില്ലാതെ പരിഹരിക്കണം. മാതാപിതാക്കളെ വിളിപ്പിക്കാം” എച്ച്.എം. പറഞ്ഞു.

പക്ഷേ മിഥില അറിയരുത് ഞാൻ ചാടിക്കയറിപ്പറഞ്ഞു,

നാളെ അവരെ കോൺടാക്ട് ചെയ്യാനുള്ള മാർഗ്ഗം നോക്കട്ടെ. എന്നു പറഞ്ഞ് എച്ച്.എം. നടന്നു പോയി.

വീടുകളിൽ ലാൻഡ്‌ഫോൺ പോലും വിനിമയ മാർഗ്ഗമായില്ലാത്ത കാലമാണെന്നോർക്കണം.മിഥിലയുടെ അച്ഛന്റെ പൂക്കടയിലേയ്ക്ക് ശനിയാഴ്ച മാതാപിതാക്കളുടെ മീറ്റിംഗ് ഉള്ളതിനാൽ വരണമെന്ന സന്ദേശം പ്യൂൺ വഴി എത്തിച്ചു.

അന്ന് പതിവുപോലെയുള്ള വാരാന്ത്യത്തിലെ വീട്ടിൽപ്പോക്ക് വിഷമത്തോടെയാണെങ്കിലും ഒഴിവാക്കി ഞാൻ എച്ച്.എമ്മിനൊപ്പം അവരെ കാത്തിരുന്നു.

സ്കൂളിലെ മുഴുവൻ പാരന്റ്സിനുമൊരുമിച്ചുള്ള മീറ്റിംഗാണെന്നു തെറ്റിദ്ധരിച്ച് വളരെ ഉല്ലാസഭാവേന എത്തിച്ചേർന്ന മിഥിലയുടെ മാതാപിതാക്കൾ ഓഫീസ് റൂമിൽ ഞങ്ങളെ മാത്രം കണ്ട് അത്ഭുതപ്പെട്ടു.

കാര്യങ്ങൾ അവരോടു പറയുമ്പോൾ നിസഹകരണ ഭാവേന സഹോദരന്റെ ഭാഗത്തു നിന്നു സംസാരിച്ച ഭാര്യയോട് കുപിതനായി മിഥിലയുടെ അച്ഛൻ പറഞ്ഞു
“നാളെ മുതൽ അവൻ കടയിൽ മാത്രം മതി വീട്ടിൽ വേണ്ട.”

തിങ്കളാഴ്ച അസംബ്ലി കഴിഞ്ഞു മടങ്ങുമ്പോൾ മിഥില എന്നെ നോക്കി വിടർന്ന ചിരി തന്നു.

അന്ന് ക്ലാസ് മുറിയുടെ മുൻപിൽ അവൾ എന്നെ കാത്തു നിന്നിരുന്നു.

” അയാൾ പോയി ടീച്ചർ.
അമ്മ അച്ഛന്റെ ഒരൊറ്റ ഒച്ചയിൽ പേടിച്ചു വിറച്ചു മിണ്ടാതായിപ്പോയി. നിന്നെയും തിരിച്ച് തമിഴ് നാട്ടിലേയ്ക്ക് വിടുമെന്നു അച്ഛ പറയുന്നതു കേട്ടു. ”

മിഥിലയ്ക്ക് സന്തോഷമായോ ഞാൻ ചോദിച്ചു.

പ്രശ്നമെങ്ങനെ പരിഹരിച്ചു ?അച്ഛനെ എങ്ങനെയറിയിച്ചു ? എന്നൊന്നും അവൾ ചോദിച്ചില്ല.

പൊടുന്നനെ എന്റെ വലതുകൈത്തലമെടുത്ത് ഉമ്മ വെച്ച് ക്ലാസിലേയ്ക്ക് ചിറകുറച്ച കിളിയെപ്പോലെ പാറിപ്പറന്നു പോയി.

വിചാരിക്കാതെയുളള്ള അവളുടെ പ്രവൃത്തിയിൽ എന്റെ കൈയ്യിലിരുന്ന ചോക്ക് താഴെ വീണൊടിഞ്ഞു.

ഒരു ജീവിതം ഇതുപോലുടഞ്ഞു പോകാതെ രക്ഷപ്പെട്ടതോർത്ത് നിശ്വാസമുതിർത്ത് ഞാനത് കുമ്പിട്ടെടുത്തു.

ക്ലാസിലേയ്ക്കു കയറുന്നതിനിടയിൽ അകാരണമായി എന്റെ കണ്ണു നനയുകയും തൊണ്ട ഇടറുകയും ചെയ്തു.

RELATED ARTICLES

6 COMMENTS

  1. നല്ലൊരു അധ്യാപിക ഒരമ്മയുടെ സ്നേഹ വാത്സല്യങ്ങളോടെ മക്കളെപ്പോലെ തന്റെ വിദ്യാർത്ഥികളിൽ എങ്ങനെ സ്വാധീനിക്കപ്പെടുന്നു എന്നതിൻ്റെ നേർച്ചിത്രമാണീ അനുഭവക്കുറിപ്പ്.സ്വതന്ത്രയായി ആ കിളിക്കുഞ്ഞിനെ ചിറക് വിരിച്ച് പറക്കാൻ പ്രാപ്തമാക്കിയതിന് , സ്നേഹാദരങ്ങളോടെ അഭിനന്ദനങ്ങൾ ❤️

  2. മിഥിലയിലെ കിളിക്കുഞ്ഞിനെ മിഥിലയിലെ റാണിയാക്കി മാറ്റിയ തൂലികയ്ക്ക് അഭിനന്ദനങ്ങൾ.

  3. മിഥിലയിലെ കിളികുഞ്ഞിൻ്റെ അവസാനം എന്തായിരിക്കും എന്ന ആകാംക്ഷയോടെയും അതിലേറെ ഹൃദയമിടിപ്പോടെയുമാണ് വായിച്ചുതീർത്തത് . വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിന് തെല്ലൊരാശ്വാസവും ശാന്തതയും സന്തോഷവുo അനുഭവപ്പെട്ടു.

  4. ചിറകുറച്ച കിളിയെപ്പോലെ ക്ലാസ് മുറിയിലേയ്ക്ക് കയറിപ്പോയ മിഥിലയുടെ ചിത്രം മുന്നിൽ തെളിയുന്നുണ്ട്.
    മക്കയിലിരുന്ന് റോമിയുടെ അനുഭവക്കുറിപ്പ് വായിക്കുമ്പോൾ ഒരധ്യാപകനായിരുന്ന ഞാനും ആ നല്ല ദിനങ്ങൾ ഓർത്തു പോകുന്നു.
    നല്ലൊരു വായനാനുഭവം തന്നതിന് ഒരു പാട് സ്നേഹം.
    പ്രാർഥനകളുടെ നടുവിൽ നിന്ന് കൊണ്ട് പറയട്ടെ
    എഴുത്ത് ഒരു സപര്യയായി മാറട്ടെ.
    ഭാവുകങ്ങൾ.❤️❤️

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com