“എടിയേ, എന്റെ സ്കൂട്ടറിന്റെ താക്കോൽ എവിടെയാ?”
രാവിലെ തിരക്കിന്റെ നടുവിൽ രാഘവന്റെ ശബ്ദം വീടിന്റെ ചുമരുകളിൽ തട്ടി പടർന്നു.
അടുക്കളയിൽ അവൾ തിരക്കിലായിരുന്നു. ഒരു കൈകൊണ്ട് ദോശ മറിച്ചു കൊണ്ട്, മറ്റേ കൈ കൊണ്ട് ടിഫിൻ പൂട്ടി, അടുപ്പിലെ ചായ തിളച്ചുയരുന്ന ശബ്ദത്തിനിടയിൽ അവൾ ഉച്ചത്തിൽ പറഞ്ഞു…
“അവിടെയെങ്ങാനും കാണും.. ശരിക്ക് നോക്കൂ.”
“അമ്മേ യൂണിഫോം ഉണങ്ങിയോ?”
“ടെറസിൽ ഉണ്ട് മോനെ.”
“മോളേ ഇന്നലെ തൈലം കൊണ്ടുവന്നിരുന്നോ?”
അമ്മയുടെ ഊഴമായിരുന്നു.
“നടുമുറിയിലെ മേശപ്പുറത്തുണ്ട് അമ്മേ. എടുത്തുതരണോ?”
സ്നേഹത്തോടെ ചോദിച്ചു.
“കൊച്ചമ്മേ ഇതാ പാല്. അളവല്പം കുറവാണ്. പച്ചപ്പുല്ല് കുറഞ്ഞിട്ടാവും.”
പരമുവിന്റെ ശബ്ദത്തിൽ പതിവ് നിസ്സഹായതയുടെ മങ്ങലുണ്ടായിരുന്നു.
“ദേ വരുന്നു.. അവിടെ വെച്ച് പോവല്ലേ, പൂച്ച തട്ടി മറിക്കും.”
ഓരോ വിളിക്കും അവൾ മറുപടി പറഞ്ഞു. ഓരോ ആവശ്യത്തിനും ഓടി.
ഭർത്താവിന് അവൾ “എടിയേ” ആയിരുന്നു. മക്കൾക്ക് “അമ്മേ”, അമ്മയ്ക്ക് “മോളേ”. ആ വിളികളൊക്കെയ്ക്കും അവൾ ഓടിയെത്തി- വർഷങ്ങളായി.
ഇതെല്ലാം കേട്ടുകൊണ്ടിരുന്ന അച്ഛൻ പതുക്കെ അവളെ നോക്കി ചോദിച്ചു.. “മോളെ നിനക്കൊരു പേരുണ്ടായിരുന്നല്ലോ.. അതെന്തായിരുന്നു? എനിക്കും ഇപ്പോൾ മറന്നു പോയി.”
ആ വാക്കുകൾ അവളുടെ ഉള്ളിൽ വർഷങ്ങളായി ഉറങ്ങിക്കിടന്ന ഒരു നിശബ്ദ വേദനയെ തൊട്ടുണർത്തി. അവളുടെ കൈകൾ നിശ്ചലമായി. ചായ തിളച്ച് കവിഞ്ഞു.. ദോശയുടെ അരികുകൾ കരിഞ്ഞു. ഒരു നിമിഷം, അവൾ സ്തബ്ധയായി. കാരണം അവൾ ആദ്യമായി സ്വന്തം പേരിനെ തേടുകയായിരുന്നു.
ജീവിതത്തിന്റെ തിരക്കുകളിൽ, ബന്ധങ്ങളുടെ വിളിപ്പേരുകളിൽ, ചുമതലകളുടെ ശബ്ദക്കുരുക്കുകളിൽ എവിടെയോ വഴിതെറ്റിപ്പോയ തന്റെ സ്വന്തം പേര് അവൾ ഓർക്കാൻ ശ്രമിച്ചു.
ഒരിക്കൽ സ്കൂൾ വരാന്തകളിൽ കൂട്ടുകാർ വിളിച്ചിരുന്ന പേര്,
കോളേജ് നോട്ടുബുക്കുകളുടെ വക്കിൽ ഒരു സ്വപ്നമായി പൂത്തിരുന്ന പേര്,
വിവാഹത്തിനു മുൻപ് പ്രതീക്ഷകളോടെ ഒപ്പിട്ട പേര്,
അച്ഛന്റെ സ്നേഹ വിളികളിൽ മഴയിൽ നനഞ്ഞിരുന്നൊരു സംഗീതം പോലെ ഉള്ള പേര്…
അവൾ ഒരു നിമിഷം കണ്ണടച്ചു. ഈ വീട്ടിൽ എല്ലാവർക്കും അവൾ എന്തൊക്കെയോ ആയിരുന്നു.. പക്ഷേ സ്വന്തം ജീവിതത്തിന്റെ കണ്ണാടിയിൽ അവൾക്ക് അവളെ തന്നെ തിരിച്ചറിയാൻ കഴിഞ്ഞില്ല.
അവസാനം അവൾക്ക് മനസ്സിലായി- ഏറ്റവും വേദനിപ്പിക്കുന്ന നഷ്ടങ്ങൾ ഒച്ചയില്ലാതെയാണ് സംഭവിക്കുന്നത്.
ആ വീടിന്റെ നിറഞ്ഞ ശബ്ദങ്ങൾക്കിടയിൽ ആരുമറിയാതെ ഒരാളുടെ പേരുകൂടി നഷ്ടമാവുകയായിരുന്നു.




ഹൃദയസ്പർശിയായ കഥ…
നല്ല അവതരണം
മനോഹരമായ കഥ. 🎉🎉🎉🎉
സൂപ്പർ