മലയാളത്തിന്റെ ഗുരുശ്രേഷ്ഠന് ഭാവാഞ്ജലി.
മലയാള സിനിമ ഗാനരംഗത്തും കവിതകളിലും പ്രണയത്തിന്റെ ആത്മാനുഭൂതി പകരുന്ന വരികളുമായി എത്തിയ പ്രിയ ഗുരു അങ്ങേക്ക് പ്രണാമം 🙏
കൊല്ലം ജില്ലയിലെ ചവറ എന്ന കൊച്ചു ഗ്രാമത്തിലെ ഒറ്റപ്പിലാവിലാണ് ,
ഒറ്റപ്ലാക്കിൽ നീലകണ്ഠൻ വേലു കുറുപ്പ് എന്ന ശ്രീ ഒ എൻ വി കുറുപ്പിന്റെ ജനനം.
എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചു തുടങ്ങിയതു മുതൽ കേരളത്തിലെ അതിപ്രശസ്തമായ മിക്ക കലാലയങ്ങളിലും അദ്ദേഹം ഗുരുനാഥനായിരുന്നു. കേരള കലാമണ്ഡലം ചെയർമാൻ, കേന്ദ്ര സാഹിത്യ അക്കാദമിയംഗം, കേരള സാഹിത്യ അക്കാദമിയംഗം എന്നീ നിലകളിലും പ്രവർത്തിച്ച അദ്ദേഹത്തിന് പുരസ്കാരങ്ങളുടെ മലവെള്ളപ്പാച്ചിൽ തന്നെയായിരുന്നു. ജ്ഞാനപീഠം, പത്മശ്രീ, പത്മവിഭൂഷൻ, ഓടക്കുഴൽ അവാർഡ് എന്നിവയ്ക്ക് പുറമേ സാഹിത്യ ജീവിതത്തിൽ ലഭിക്കാവുന്ന എല്ലാ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ കവിതാരചന അദ്ദേഹം തുടങ്ങിയിരുന്നു. ‘ബാലമുരളി ‘ എന്ന പേരിൽ ആയിരുന്നു അദ്ദേഹം ആദ്യകാലങ്ങളിൽ എഴുതിയിരുന്നത്. ” ശ്രീ ഗുരുവായൂരപ്പൻ ”
എന്ന ചലച്ചിത്രം മുതലാണ് ഒഎൻവി എന്ന പേരിൽ തന്നെ ഗാനങ്ങളും കവിതകളും എഴുതിത്തുടങ്ങിയത്.
നിരവധി കവിതകൾ രചിച്ച് സാധാരണക്കാരായ ആളുകളുടെ ഇടയിൽ തന്മയത്വമാർന്ന വരികളിലൂടെ ഇറങ്ങിച്ചെന്നിരുന്നു. അദ്ദേഹത്തിന്റെ
“അമ്മ ” എന്ന കവിതയിൽ ഒരു കുടുംബത്തിൽ സംഭവിക്കാവുന്ന ഭിന്നതകളുടെയും അത് ആ കുടുംബത്തിന്റെ കെട്ടുറപ്പുകളെ എങ്ങനെ ശിഥിലമാക്കുന്നുവെന്നും അതിൽ ഹൃദയം ചിന്നിച്ചിതറുന്ന ഒരു അമ്മയുടെ വികാരവിചാരങ്ങളും എല്ലാം കേരളക്കരയിലെ പ്രിയ വായനക്കാർക്കിടയിൽ ഏറെ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു.
അദ്ദേഹത്തിന്റെ പ്രസിദ്ധമായ മറ്റൊരു കവിതയാണ്’ ‘ കോതമ്പുമണികൾ’.
ദാരിദ്ര്യത്തിന്റെ ഭാണ്ഡമേന്തി നിൽക്കുന്ന ഒരു ചെറു പെൺകുട്ടിയുടെ കഷ്ടപ്പാടിന്റെയും സഹനത്തിന്റെയും കവിത. മോഹങ്ങളെ പാഴ്കിനാവായി കണ്ട് ജീവിതത്തിന്റെ കയ്പ്പുനീർ മാത്രം കുടിച്ചിറക്കേണ്ടിവരുന്ന ആ പെൺകുട്ടിയെ കുറിച്ച് ഈ കവിതയിൽ എത്ര മനോഹരമായാണ് പ്രതിപാദിച്ചിരിക്കുന്നത്.
അങ്ങനെ എത്രയോ കവിതകൾ. കൊയ്ത്തരിവാൾ അമ്പിളിയിലൂടെ പാവപ്പെട്ട കർഷക ഹൃദയങ്ങളിലേക്ക് വിപ്ലവത്തിന്റെ ചൂരുമായി എത്തിയ പ്രിയ കവി…. താങ്കളെക്കുറിച്ച് എത്ര എഴുതിയാലും മതിയാവില്ല.
മലയാള സിനിമ ഗാനരചയിതാവായെ ത്തിയത് ഒട്ടേറെ മികച്ച ഗാനങ്ങളോടെ ആയിരുന്നു.. പ്രണയവും വിരഹവും നൊമ്പരങ്ങളും അടിച്ചുപൊളി പാട്ടുകളും എല്ലാം ഇതിൽ ഉൾപ്പെടും.
പ്രണയഗാനങ്ങളുടെ മാണിക്യ വീണ യെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. ഓരോ മലയാളിയുടെയും ചുണ്ടിൽ മൂളാൻ തക്കവണ്ണം കടഞ്ഞെടുത്ത വരികളാൽ മെനഞ്ഞ ഗാനങ്ങൾ എത്ര കേട്ടാലും മതിയാവില്ല.
കലാലയ ജീവിതത്തിന്റെ വർണ്ണശബളമായ ഓർമ്മകളെ തട്ടിയുണർത്തുന്ന” ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം ” എന്ന ആ ഒരൊറ്റ വരി മതിയാകും.
മാണിക്യവീണയുമായി, ഓർമ്മകളെ കൈവള ചാർത്തി, ചൈത്രം ചായം ചാലിച്ച്, നെറ്റിയിൽ പൂവുള്ള, ആടി വാ കാറ്റേ, ആദിയുഷ സന്ധ്യപൂത്തതിവിടെ, അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ….. അങ്ങനെ ശ്രവണ മധുരങ്ങളായ എത്രയോ ഗാനങ്ങളാൽ നമ്മെ രോമാഞ്ചം അണിയിക്കുകയും പ്രണയിതാക്കൾക്ക് ഹരം കൊള്ളുന്ന വരികളാൽ കോർത്തിണക്കിയ ഗാനങ്ങളാലും വിരഹവും നൊമ്പരങ്ങളും മനുഷ്യമനസ്സുകളെ കണ്ണീരിൽ ആഴ്ത്തുവാൻ തരത്തിലും ഗാനങ്ങളുൾ രചിച്ച പ്രിയ ഒഎൻവി സാർ വിട പറഞ്ഞു പോയി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.
ഇന്നും അദ്ദേഹം നമ്മുടെയെല്ലാം ഹൃദയങ്ങളിൽ ജീവിക്കുന്നു.
മലയാളക്കരയുടെ അക്ഷരമുറ്റത്ത് ഒരു കെടാവിളക്കായി എന്നും പ്രകാശം പരത്തി ജ്വലിച്ചു നിൽക്കട്ടെ. മലയാളത്തെ സ്നേഹിക്കുന്ന പ്രിയ എഴുത്തുകാർക്കും ആസ്വാദകർക്കും എന്നെന്നും മാർഗ്ഗദർശിയാവട്ടെ.
ചൈത്രം ചാലിച്ചെത്തിയ പ്രിയ കവിയ്ക്ക് ഹൃദയപുഷ്പങ്ങളാൽ പ്രണാമം🙏🌹




നല്ല അനുസ്മരണ കുറിപ്പ്
താങ്ക്സ് 🌹🌹🌹
സന്തോഷം