Wednesday, June 3, 2026
Homeഅമേരിക്കപ്രണയം - ചില കാലഭേദങ്ങൾ (ജെൻസിപ്രണയം) ✍ ഒ.കെ.ശൈലജ ടീച്ചർ.

പ്രണയം – ചില കാലഭേദങ്ങൾ (ജെൻസിപ്രണയം) ✍ ഒ.കെ.ശൈലജ ടീച്ചർ.

പ്രണയകാലത്തിന് ജീവിതമെന്ന് അർത്ഥമില്ല. പ്രണയിക്കുമ്പോൾ നമ്മൾ ജീവിക്കുന്നില്ല. ജീവിക്കുമ്പോൾ പ്രണയിക്കുന്നുമില്ല.
പ്രണയിനികളുടെ തത്വശാസ്ത്രം ഇതാണെന്ന് പറയാറുണ്ട്.
ലോകമുണ്ടായകാലം മുതൽ പ്രണയവുമുണ്ട്.
ആത്മീയമായ പ്രണയമുണ്ട്. ഭൗതിക പ്രണയവുമുണ്ട്.
പ്രണയം എന്നത് ഒരാളോടുള്ള അഗാധമായ അടുപ്പമോ ആകർഷണമോ വാത്സല്യമോ ആകാം. ഇതിൽ വികാരങ്ങൾ പെരുമാറ്റങ്ങൾ കരുതൽ ആനന്ദം ആത്മീയ ബന്ധം എന്നിവയൊക്കെയാവാം .

വികാരങ്ങളുടെ ഒരു കൂട്ടമാണ് പ്രണയം എന്നും പറയാം. ജീവിതത്തിനു നിറം നൽകുന്നതും എന്നാൽ സങ്കീർണവുമായ ഒരു മാനസിക അനുഭവതലം കൂടിയാണ് പ്രണയം.

കാലാതിവർത്തിയായ പ്രണയത്തെ കൃത്യമായി നിർവ്വചിക്കുക പ്രയാസമാണ്.
പ്രണയം ആഗ്രഹിക്കാത്ത ഒരു മനുഷ്യനും ഭൂമിയിൽ പിറന്നിട്ടില്ല!. മൗനമായെങ്കിലും മനസ്സിന്റെ ഒരു കോണിൽ പ്രണയം ഒളിപ്പിച്ചുവെച്ചിട്ടുണ്ടാകും
ഓരോ മനുഷ്യനും .
പ്രണയം എന്ന് ആലോചിക്കുമ്പോൾ ഓരോ മലയാളിയും ഓർമയിൽ
ഒരു മയിൽപ്പീലിത്തണ്ട് തേടുകയാകും മനസ്സിൽ’.

പഴയതലമുറയിൽ പ്രണയലേഖനങ്ങൾ കത്തിലൂടെ കൈെമാറിയെങ്കിൽ,
ഇന്റർനെറ്റ് യുഗത്തിൽ ( ഡേറ്റിംഗ് ആപ്പ് പോലുള്ളവ) ഒരു വിരൽ തുമ്പിലാണ് എല്ലാം. പ്രണയിതാക്കൾ ആഗ്രഹിക്കുന്ന നിമിഷത്തിൽ അവർക്ക് വീഡിയോ കോളിലൂടെ പ്രണയസല്ലാപം നടത്താം. നിർജീവമായ കത്തുകളേക്കാൾ ജീവസ്സുറ്റ ചാറ്റിംഗ്!

ഇന്നത്തെ പ്രണയം എത്രമാത്രം ആത്മാർത്ഥമാണ് എന്ന അന്വേഷണം പലപ്പോഴും കൗതുകമുണർത്തും.
തങ്ങളുടെ പ്രണയരംഗങ്ങൾ അപ്പപ്പോൾ തന്നെ സോഷ്യൽ മീഡിയ വഴി മറ്റുള്ളവരെ അറിയിക്കുകയും അതൊരു തരം പ്രഹസനമായി മാറുകയും ചെയ്യുന്നതു കാണാം. താൽക്കാലികമായ ഒരനുഭൂതിയാണ് ഇന്ന് പല പ്രണയങ്ങളും. പരസ്പരം ആസ്വദിച്ച് ആനന്ദിക്കൽ എന്നതാണ് അവരുടെ കാഴ്ചപ്പാടിൽ പ്രണയം .

പഴയകാല പ്രണയിതാക്കൾ ഒരു പരിധിവരെ സമൂഹം കുടുംബം, മൂല്യങ്ങൾ എന്നിവയെ ഭയപ്പെട്ടിരുന്നു. മാത്രവുമല്ല അത് ഒരുതരം സമർപ്പണമായിരുന്നു എന്നും പറയാം.
എല്ലാം ഇങ്ങനെയാണെന്നല്ല പറഞ്ഞുവരുന്നത്. കാര്യസാദ്ധ്യത്തിനായി പ്രണയം നടിച്ച് പാതിവഴിയിൽ കൊല്ലപ്പെടുന്ന പ്രണയങ്ങൾ പണ്ടും ഉണ്ടായിട്ടുണ്ട്.

ദുഷ്യന്തൻ്റെ ഗാന്ധർവപ്രണയം താൽക്കാലിക ആനന്ദമായിരുന്നല്ലൊ.
എങ്കിലും ചാരിത്രശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ടുള്ള
നിർമലപ്രണയങ്ങൾ പുരാണങ്ങളിൽ ധാരാളമായി കണ്ടെത്താനാകും.

വിശ്വസാഹിത്യത്തിൽ പ്രണയം കാരണം ലോകരാഷ്ട്രങ്ങൾ ചേരിതിരിഞ്ഞ് യുദ്ധം ചെയ്തത് ട്രോജൻ യുദ്ധം വിവരിച്ചു കൊണ്ട് ഹോമർ ഇലിയഡിലും ഒഡീസിയിലും
പറയുന്നുണ്ട്. ചരിത്രത്തിലുടനീളം സ്ത്രീക്കും പ്രണയത്തിനും
വേണ്ടിയുള്ള ഇത്തരം സന്ദർഭങ്ങൾ കണ്ടെത്താനാകും.

എന്നാൽ ,ന്യുജെൻ പ്രണയം നിസ്സാരമായ കാരണത്താൽ ബ്രേക്കപ്പ് ആകുന്നത്
സർവസാധാരണമായ ഒരവസ്ഥയാണ് .’
“യൂസ്ഡ് ആൻ്റ് ത്രോ ” എന്ന നൈമിഷികതയാണത്.
തനിക്ക് ഇഷ്ടം തോന്നുന്ന ആളോട് , അതു തുറന്നുപറയാനും പ്രണയിക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവും എല്ലാ പ്രണേതാക്കൾക്കുമുണ്ട്.
രണ്ടുകൂട്ടരും പരസ്പരം മനസിലാക്കിയാണ് ഇത്തരം ഹൃസ്വകാല പ്രണയങ്ങളിൽ അഭിരമിക്കുന്നത്.
കോളേജ് കാമ്പസ് പ്രണയങ്ങൾ പലതും ഇത്തരത്തിലുള്ള താൽക്കാലിക സംവിധാനങ്ങളാണ് എന്ന് പറയാം.

പലരുടേയും പ്രണയം മൊട്ടായിരിക്കുമ്പോൾ തന്നെ വിടരാതെ കൊഴിഞ്ഞുപോകുകയോ, കരിഞ്ഞുപോകുകയോ ചെയ്യുന്നു.
പ്രണയത്തിൻ്റെ അവിഭാജ്യഘടകമാണ് വിരഹം. പ്രണയം ഒരഭിനിവേശമാണ് എന്നാൽ തീർച്ചയായും ഒരു സമയംപോക്കല്ല. ശരാശരി മൂന്നു വർഷം വരേയേ പ്രണയം നീളുന്നുള്ളൂ എന്ന് മനശാസ്ത്രജ്ഞർ പറയുന്നുണ്ട്.

അതിനുശേഷം പ്രണയം മറ്റൊരു രീതിയിലേക്ക് വളരുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഒരാൾ നമ്മെ ഭ്രാന്തമായി പ്രണയിക്കുമ്പോൾ അയാൾ എൻ്റെമാത്രം ആയിരിക്കണമെന്ന് പരസ്പരം ആഗ്രഹിക്കും. എന്നാൽ എന്നും കാണുന്നതും എപ്പോഴും മിണ്ടുന്നതും മാത്രമല്ല പ്രണയം.
കാണാതിരിക്കുമ്പോൾ എപ്പോഴും ഓർക്കാനും മിണ്ടാതിരിക്കുമ്പോൾ ഒരുപാട് നോവ്
ഉണർത്തുന്നതുമാണത്.

കുടുംബത്തിന്റെയും സമൂഹത്തിന്റെയും ചട്ടക്കൂട് പൊളിച്ചുകടന്നു പ്രണയസാഫല്യം നേടാനുള്ള തന്റെ അദമ്യമായ ആഗ്രഹത്തെ ഉള്ളിലൊതുക്കി രക്ഷിതാക്കൾ തീരുമാനിക്കുന്നയാളെ വിവാഹംചെയ്തു തനിക്കു ലഭിച്ച ജീവിതവുമായി സമരസപ്പെട്ടുപോകുന്നവരുമുണ്ടായിരുന്നു.

ഇന്ന് ഈ ചിന്താഗതി പാടേ മാറി.
പ്രണയിക്കുന്നതും വിവാഹിതരാകുന്നതും അവനവന് ഇഷ്ടപ്പെട്ട ആളെ മാത്രം. അതു സ്വീകരിക്കാൻ ഏതറ്റം വരേയും പോകാൻ ശ്രമിക്കുന്ന ആത്മാർത്ഥ പ്രണയങ്ങളുമുണ്ട്. ചിലപ്പോൾ ആ പ്രണയം വിവാഹത്തിലെത്തിയില്ലെന്നും വരാം.

മൊയ്തീൻ കാഞ്ചനമാല പ്രണയംപോലെ ജീവിതത്തിൽ മുഴുവൻ ആ ഓർമകളെ പ്രണയിച്ച് സാഫല്യമടയുന്ന സുതാര്യപ്രണയവും വിരളമല്ല.

എന്നാൽ ഇന്ന് പ്രണയം കുറേക്കൂടി പ്രാക്റ്റിക്കലാണ്.
ഒന്ന് നഷ്ടപ്പെട്ടാൽ മറ്റൊന്ന്. അല്ലെങ്കിൽ ഒരേ സമയം പലരേയും പ്രണയിക്കൽ.
വാഹനങ്ങളിൽ സ്റ്റെപ്പിനി ടയർ സൂക്ഷിക്കും പോലെ, നഷ്ടപ്പെട്ടതിന് പകരം ഫിറ്റ് ചെയ്ത് യാത്ര തുടരുക എന്ന രീതി.

ഇതുപക്ഷേ പഴയ പ്രണയങ്ങളിലും അപൂർവമായെങ്കിലും കണ്ടെത്താനാവും.
ചങ്ങമ്പുഴ ഇത് രമണൻ എന്ന പ്രണയകാവ്യത്തിൽ അടയാളപ്പെടുത്തുന്നുണ്ട്.
ഒരു ഘട്ടത്തിൽ നല്ലൊരു വിവാഹത്തിന് സാഹചര്യമൊരുങ്ങിയപ്പോൾ
ചന്ദ്രിക ഇങ്ങനെ പറയുന്നുണ്ടതിൽ.
” എന്തു വന്നാലുമെനിക്കാസ്വദിക്കണം
മുന്തിരിച്ചാറു പോലുള്ളൊരീ ജീവിതം.
ജീവിതം ജീവിതം തേനിനെപ്പോലുള്ള
ജീവിതം ഹാഹാ കിതയ്ക്കുന്നു മന്മനം ”
എന്ന വരിയിൽ രമണനെ മറന്നു കൊണ്ട് സ്വാർത്ഥതയുടെ തീരുമാനമെടുക്കാൻ
മടിക്കുന്നില്ല ചന്ദ്രിക.

എന്നാൽ മറ്റുചിലരാകട്ടെ തനിക്കു ലഭിക്കാത്ത പ്രണയം മറ്റാർക്കും വേണ്ടെന്നുള്ള ബാലിശവും ക്രൂരവുമായ തീരുമാനത്തിൽ തന്റെ പ്രണയിതാവിന്റെ ജീവനപഹരിക്കുന്നു.

ഇതിൻ്റെ മറ്റൊരു തലം കൂടി പരിശോധിക്കുമ്പോൾ യഥാർത്ഥ പ്രണയം മാംസനിബദ്ധമല്ല അതിനപ്പുറത്താണെന്ന അത്യപൂർവമായ ചില പ്രണയ മുഹൂർത്തങ്ങളേയും കണ്ടെത്താനാവും. സുതാര്യവും പരിശുദ്ധവുമായ അത്തരം പ്രണയങ്ങളും പക്ഷേ വിചിത്രങ്ങളായി പരിണമിക്കാറുണ്ട്.

തങ്ങളെ ഒരുമിച്ച് ജീവിക്കാൻ സമൂഹം അനുവദിക്കുന്നില്ല എന്നു കാണുമ്പോൾ സ്വന്തം ശരീരങ്ങളെ നശിപ്പിച്ചിട്ടാണെങ്കിലും തങ്ങളുടെ പ്രണയത്തെ സാക്ഷാൽക്കരിക്കാൻ അവർ തയ്യാറാകുന്ന ചില അപൂർവ പ്രണയങ്ങളുമുണ്ട്.

ഇതും മറ്റൊരർത്ഥത്തിൽ ചങ്ങമ്പുഴ നിരീക്ഷിക്കുന്നുണ്ട് എന്നു കാണാം. അദ്ദേഹത്തിൻ്റെ മോഹിനി എന്ന പ്രണയകവിതയിൽ. പ്രേമപരവശയായ്, മദാലസയായി ഉടുത്തൊരുങ്ങി വരുന്ന കാമുകി സോമശേഖരൻ്റെ മുന്നിലെത്തുമ്പോൾ അയാൾ ഭ്രാന്തമായ ഉന്മാദത്തിൽ പെട്ടു പോകുന്നു.

“മാമകാത്മാവിൽ നീയണിയിച്ച രോമഹർഷങ്ങളൊക്കെയും
എന്നുമീവിധം നിൽക്കണമെങ്കി
ലെന്നെ
വിട്ടു നീ പോകണം.
ആകയാലിന്നു നീ മറയണം
നാക ഹീരക ദീപമേ .
അത്യനർഘമാ മീ മുഹൂർത്തത്തി-
ലുത്തമേ നീ മരിക്കണം.
മാമകാശയം ക്രൂരമാണെങ്കി
ലോമനേ നീ പൊറുക്കണം ”
എന്നു പറഞ്ഞുകൊണ്ട്
“താഴ്ത്തിടുന്നു കഠാരമോമലിൻ
മാർത്തലത്തിലാ രാക്ഷസൻ “.

വീണുമരിക്കുന്ന രോഹിണി ,
മാംസനിബദ്ധമല്ലാത്ത ഉജ്ജലപ്രണയത്തിൽ
രക്തസാക്ഷിയാവുന്ന കാഴ്ചയും
വന്യമായ പ്രണയമല്ലേ എന്ന് ഒരു വേള
നമ്മൾ ശങ്കിച്ചു പോകും.

എന്നാൽ ഇന്ന് പ്രണയത്തിൻ്റെയും വിവാഹത്തിൻ്റെയും കാഴ്ചപ്പാട് ഏറെ മാറിയിരിക്കുന്നു.
പ്രണയിച്ച് വിവാഹിതരായി കുടുംബമായി ജീവിക്കുക എന്നതല്ല, മറിച്ച് വിവാഹമെന്ന ഉടമ്പടിയില്ലാതെ ഇഷ്ടമുള്ള ആളോടൊപ്പം നിയമത്തിന്റെ പരിരക്ഷയില്ലാതെ, “ലിവിംഗ് റ്റുഗെതർ ”
എന്ന പുതിയ വ്യാഖ്യാനങ്ങളിൽ ജീവിക്കുന്ന വലിയൊരു വിഭാഗമുണ്ട് സമൂഹത്തിൽ .

സ്ത്രീപുരുഷഭേദമെന്യെ സ്വാതന്ത്ര്യവും സമത്വവും വേണമെന്ന് ശഠിക്കുന്ന ന്യൂജെൻ പ്രണയത്തിനോട് വിയോജിപ്പാണുള്ളത്. കാരണം ആശങ്കാജനകമായ കാഴ്ചപ്പാടിലൂടെയാണ് അവർ മുന്നോട്ട്പോയ്ക്കൊണ്ടിരിക്കുന്നത്.

സ്വാതന്ത്ര്യം സമത്വം എന്നീ പദങ്ങളുടെ ശരിയായരീതിയിലുള്ള അർത്ഥതലങ്ങളെ ഭേദിച്ചുകൊണ്ട് ലക്ഷ്യബോധമില്ലാതെ, ബെസ്റ്റി എന്ന ഓമനപ്പേരിൽ
ആൺപെൺസൗഹൃദം, കുടുംബം സമൂഹം സദാചാരമൂല്യങ്ങൾ എന്നിവയ്ക്ക് വിലകല്പിക്കാതെ യഥേഷ്ടം സഞ്ചരിക്കുന്ന അവസ്ഥ!!.

വിവാഹം, ദാമ്പത്യം, കുടുംബം എന്നീ വാക്കുകൾക്ക് അവരുടെ ജീവിതത്തിൽ പ്രസക്തിയില്ലാതായിരിക്കുന്നു.
പ്രസവം, ശിശുപരിചരണം, ഗൃഹഭരണം മാതാപിതാക്കളെ സംരക്ഷിക്കൽ എന്നീ ഉത്തരവാദിത്വങ്ങളില്ലാതെ സർവ്വതന്ത്രസ്വതന്ത്രരായി ജീവിക്കുക !

“എന്റെ ജീവിതം എങ്ങനെ ജീവിക്കണമെന്നു തീരുമാനിക്കാനുള്ള പൂർണ്ണസ്വാതന്ത്ര്യവും അവകാശവും എനിക്കുണ്ട്. ഇതിൽ ഇടപെടാനുള്ള അധികാരം മാതാപിതാക്കൾക്കു പോലും ഇല്ല” എന്ന ചിന്തയാണ് അവർക്കുള്ളത്.

ഇതിന്റെ ദൂരവ്യാപകമായ ഭവിഷ്യത്തിനെപ്പറ്റി അവർ ചിന്തിക്കുന്നേയില്ല. ഇന്നിൽ അടിച്ചുപൊളിച്ചു ആസ്വദിക്കുക. ഇതിനായി ലഹരി ഉപയോഗവും കണ്ടുവരുന്നു.
കുടുംബം എന്ന പവിത്രമായ ബന്ധം അന്യംനിന്നുപോകുന്ന ദു:സ്ഥിതിയാണ് സംജാതമാകുന്നത് എന്നതിന് യാതൊരു സംശയവുമില്ല !.

മനുഷ്യ ചരിത്രത്തിൻ്റെ പരിണാമപ്രക്രിയയിൽ അവൻ്റെ സാമൂഹികവും സാംസ്ക്കാരികവുമായ ചില അനിവാര്യതകളാകാം ഇതെന്ന് നോക്കിക്കാണാനേ കഴിയൂ.
ലിംഗസമത്വം (ജൻ്റർ ഇക്വാളിറ്റി) എന്ന കാഴ്ചപ്പാടിൽ ഒരാൾ മറ്റൊരാൾക്ക് അടിമപ്പെട്ടോ
വിധേയപ്പെട്ടോ ജീവിക്കേണ്ടവരല്ല എന്ന തിരിച്ചറിവാകാം ഇതിന് പ്രേരണ എന്നും
ന്യായമായും കണ്ടെത്താം.

അവിടെ ബാധ്യതകളോ, വിധേയത്വമോ ഇല്ല. പൂർണ്ണസ്വാതന്ത്ര്യത്തോടെയുള്ള
ജീവിതം എന്നതാണ് ഇവരുടെ ലക്ഷ്യം.
എന്നിരുന്നാലും ഇതിനൊരു ന്യൂനതയുണ്ട് എന്ന് തോന്നുന്നു.
അതായത് മനഷ്യകുലം അകാലത്തിൽ വേരറ്റുപോവുകയോ അതല്ലെങ്കിൽ
ഉത്തരവാദിത്വമില്ലാത്ത ഒരു തലമുറ ഭൂമുഖത്ത് നാളെ ഉദയംചെയ്തേക്കുമോ എന്നുമൊക്കെ സംശയിക്കാമല്ലൊ ?.

ഇനിയൊരുപക്ഷേ ഈ ആശങ്കയും അസ്ഥാനത്താവാനിടയുണ്ട്
എന്നു തോന്നുന്നു.
കാരണം നാളെത്തെ ലോകം നിയന്ത്രിക്കുന്നത് മനുഷ്യനേ ആവില്ലല്ലൊ?
“ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ” വികാസം പ്രാപിച്ച് പ്രണയരഹിതവും മനുഷ്യൻ്റെ
വിചാരവികാരങ്ങൾക്കും ഒട്ടും പ്രസക്തിയില്ലാത്ത ഒരു പുതുലോകമാകാം നമ്മൾ അനുഭവിക്കാൻ പോകുന്നത്. അവിടെ മനുഷ്യൻ ജീവിക്കുന്ന വെറും ഫോസിലുകൾ
മാത്രമാവും എന്നതിൽ തർക്കമുണ്ടാവാനിടയില്ല.

ഒ.കെ.ശൈലജ ടീച്ചർ✍

RELATED ARTICLES

3 COMMENTS

  1. പ്രണയ ചിന്തകൾ മനോഹരമായി എഴുതി
    പുരാണങ്ങൾ മുതൽ ന്യൂജൻ പ്രണയം വരെ…..
    രസകരമായ വായന അനുഭവം നൽകി

  2. പ്രണയത്തിൻ്റെ വിവിധ തലങ്ങളിൽ ഒരു ഗവേഷകയെപ്പോലെ ആഴ്ന്നിറങ്ങി പരമസത്യങ്ങൾ പ്രതിപാദിക്കുന്ന ശ്രേഷ്ഠ രചന. പഴയകാല പ്രണയ ഭാവങ്ങളിൽ ചങ്ങമ്പുഴ കവിതകളാൽ സമ്പന്നമാക്കുന്നതും ഹോമർ രചനകളായ ഇലിയഡും ഒഡീസയും മുതൽ എന്തിന് മൊയ്തീൻ കാഞ്ചനമാല വരെ രചിയിതാവ് പരാമർശിക്കുന്നു. പ്രണയത്തോടുള്ള ന്യൂജൻ ഭാവങ്ങളും ഏറെക്കുറെ ശരിയുമാണ്. പ്രണയം അതിൻ്റെ വ്യാപ്തിയും നിർവചനവും ഈ പറയുന്ന കാര്യങ്ങളിലൊതുങ്ങുന്നവയല്ല. പ്രണയം നിഷ്കാമ പ്രേമമാണ്. നിഷ്കാമ പ്രേമമുള്ളിടത്ത് പരിശുദ്ധ സ്നേഹ ജനിക്കുന്നു. അത്തരം സ്നേഹ നിർമ്മലതയിൽ ഭക്തി വളരുന്നു. ഭക്തിയിലൂടെ മാത്രമേ പ്രണയസായൂജ്യതയിലെത്താനാവു. ഇവിടെ ടീച്ചർ ഈ വിഷയത്തെ സമൂഹത്തിന ഏറെ പ്രയോജനമാക്കും വിധം രചന നിർവ്വഹിക്കുകയും ചെയ്തു. അഭിനന്ദനം

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com