വിശുദ്ധ ഇഗ്നേഷ്യസ് ലൊയോള
••••••••••••••••••••••••••••••••
സ്പെയിനിലെ ബാസ്ക് പ്രവിശ്യയിലെ ഒരു പ്രഭു കുടുംബത്തിൽ നിന്നുള്ള പുരോഹിതനും, ദൈവശാസ്ത്രജ്ഞനും, കത്തോലിക്കാ സന്യാസസമൂഹമായ ഈശോസഭയുടെ സ്ഥാപകനും ആണ് ഇഗ്നേഷ്യസ് ലൊയോള, അല്ലെങ്കിൽ ലൊയോളയിലെ വിശുദ്ധ ഇഗ്നേഷ്യസ്. ഈശോസഭയുടെ ആദ്യത്തെ പരമാധികാരിയും (Superior General) അദ്ദേഹമായിരുന്നു. മതപരമായ കാര്യങ്ങളിൽ വ്യക്തിപരമായ അഭിപ്രായങ്ങളായി പറയപ്പെടുന്നവ, അഹങ്കരിക്കുന്ന മനസ്സുകളുടെ നിഷ്ഫലയത്നം മാത്രമാണെന്നും അവയിൽ നിന്ന് അവ്യവസ്ഥ മാത്രമേ പിറവിയെടുക്കൂ എന്നും ഇഗ്നേഷ്യസ് കരുതി. വെളുപ്പായി നാം കാണുന്നത് കറുപ്പാണെന്ന് പരിശുദ്ധ സഭ പറഞ്ഞാൻ അതു കറുപ്പാണെന്ന് നാം വിശ്വസിക്കണം എന്ന ഇഗ്നേഷ്യസിന്റെ പ്രസ്താവന, കത്തോലിക്കാ സഭയോടുള്ള അദ്ദേഹത്തിന്റെ വിധേയത്വത്തിന്റെ സംഗ്രഹമായെടുക്കാം. ആത്മീയാഭ്യാസങ്ങൾ എന്ന പേരിൽ ഇഗ്നേഷ്യസ് രചിച്ച ധ്യാനഗ്രന്ഥം പ്രസിദ്ധമാണ്
സ്പെയിനിലെ ഉന്നത പ്രഭുവർഗ്ഗത്തിലെ അംഗമായിരുന്ന ഡോൺ ബെൽട്രാൻ ലൊയോളയുടെ പതിമൂന്നു മക്കളിൽ ഒരാളായിരുന്നു ഇഗ്നേഷ്യസ്. ഇനിഗൊ എന്നായിരുന്നു മാതാപിതാക്കന്മാർ നൽകിയ പേര്. ചെറുപ്പത്തിൽ തന്നെ സൈനികപരിശീലനത്തിൽ വളർന്നു വന്ന അദ്ദേഹത്തിന് കാര്യമായ വിദ്യാഭ്യാസമൊന്നും ലഭിച്ചില്ല. പഠനത്തിലോ മതപരമായ കാര്യങ്ങളിലോ അദ്ദേഹം കാര്യമായ താത്പര്യമൊന്നും പ്രകടിപ്പിച്ചില്ല. വീരസാഹസിക കഥകളായിരുന്നു അക്കാലത്തെ വായന.
സ്പെയിനിലെ നവാർ നഗരം ആക്രമിക്കാൻ തുനിഞ്ഞ ഫ്രെഞ്ചുകാരുമായുള്ള യുദ്ധത്തിൽ പങ്കെടുക്കാൻ നിയോഗിക്കപ്പെട്ടതോടെ ഇഗ്നേഷ്യസിന്റെ അലസ്സജീവിതത്തിനു അന്ത്യമായി. 1521 മേയ് 20-ന് യുദ്ധത്തിൽ വലതുകാൽ വെടിയുണ്ടയേറ്റു തകർന്ന അദ്ദേഹം, ശത്രുസൈന്യത്തിന്റെ പിടിയിലായി. അവർ അദ്ദേഹത്തോട് ദയാപൂർവം പെരുമാറിയെങ്കിലും, ഒടിഞ്ഞ കാൽ നേരേയാക്കുവാനുള്ള ശസ്ത്രക്രിയ വിജയിച്ചില്ല. അസ്ഥികൾ നേരേയായിരുന്നില്ല ചേർത്തുവച്ചത്. ആ അവസ്ഥയിൽ ഫ്രഞ്ചുകാർ അദ്ദേഹത്തെ മോചിപ്പിച്ചു. വീട്ടിലെത്തിയ ശേഷം നടത്തിയ രണ്ടാമത്തെ ശസ്ത്രക്രിയയും പരാജയമായിരുന്നു. കാലിൽ ഒരസ്ഥി പുറത്തേയ്ക്ക് നീണ്ടു നിന്നിരുന്നു. മൂന്നാമത്തെ ശസ്ത്രക്രിയ കാൽ നേരേയാക്കുന്നതിൽ വിജയിച്ചെങ്കിലും അതോടെ ഒരു കാലിനു നീളം കുറഞ്ഞുപോയതിനാൽ അദ്ദേഹത്തിനു ചെറിയ മുടന്തു കിട്ടി.
വേദന സഹിച്ചു കഴിഞ്ഞ ഇഗ്നേഷ്യസ് വായിക്കാൻ പുസ്തകങ്ങൾ ആവശ്യപ്പെട്ടു. താൻ വായിച്ചു ശീലിച്ചിരുന്ന തരം, പ്രേമത്തിന്റേയും യുദ്ധത്തിന്റേയും കാല്പനികരചനകളാണ് അദ്ദേഹം ഉദ്ദേശിച്ചിരുന്നതെങ്കിലും വീട്ടിൽ ആകെയുണ്ടായിരുന്നത് ജർമ്മൻ ദൈവശാസ്ത്രജ്ഞനും കാർത്തൂസിയൻ സന്യാസിയുമായ സാക്സണിയിലെ ലുഡോൾഫ് രചിച്ച “ക്രിസ്തുവിന്റെ ജീവിതം ” , “വിശുദ്ധന്മാരുടെ ജീവിതം” എന്നീ പുസ്തകങ്ങളായിരുന്നു. ഇവയുടെ വായന ആദ്യം അദ്ദേഹത്തിനു മുഷിച്ചിൽ സമ്മാനിച്ചെങ്കിലും ക്രമേണ അവ അദ്ദേഹത്തെ ഒരാത്മീയ പരിവർത്തനത്തിലേയ്ക്കു നയിച്ചു.

യേശുവിന്റേയും വിശുദ്ധമറിയത്തിന്റേയും, വിശുദ്ധന്മാരുടേയും ജീവിതം താൻ വായിച്ചിരുന്ന കാല്പനികരചനകളിലെ പ്രേമത്തേയും യുദ്ധത്തേയുംകാൾ സാഹസികവും ആകർഷകവുമായി അദ്ദേഹത്തിനു തോന്നി. അതോടെ, സൈനികജീവിതം ഉപേക്ഷിക്കാനും, അസ്സീസിയിലെ ഫ്രാൻസിസിനെപ്പോലുള്ളവരുടെ മാതൃക പിന്തുടർന്ന്, ദൈവസേവനത്തിനായി സ്വയം സമർപ്പിക്കാനും ഇഗ്നേഷ്യസ് ഉറച്ചു. അദ്ദേഹം വിശുദ്ധസ്ഥലങ്ങളെ “അവിശ്വാസികളുടെ” പിടിയിൽ നിന്നു മോചിപ്പിക്കാൻ ജെറുസലേമിലേയ്ക്ക് പോകാൻ ആഗ്രഹിച്ചു.
ലൊയോളയുടെ വ്യക്തിത്വത്തിന്റെ മുദ്ര ആഴത്തിൽ പതിഞ്ഞ പ്രസ്ഥാനമായിരുന്നു ഈശോസഭ. ആദ്യം എഴുതിയ നിയമാവലി, അദ്ദേഹം പുതിയ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ പരിഷ്കരിച്ച് കൂടുതൽ പ്രായോഗികമാക്കി. റോമിലെ തന്റെ ലളിതമായ മുറിയിലിരുന്ന്, യൂറോപ്പിലും, ലോകത്തിന്റെ ഇതരഭാഗങ്ങളിലുമുള്ള സഭയുടെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രാഗല്ഭ്യത്തോടെയും അധികാരത്തോടെയും നിയന്ത്രിച്ചു.
പ്രായമേറിയപ്പോൾ, സംഘടനയുടെ ഉത്തരവാദിത്തങ്ങൾ ഇഗ്നേഷ്യസിന് ക്ലേശകരമായതോടെ അടുത്ത സഹപ്രവർത്തകരോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം മയമില്ലാത്തതായി. എന്നാൽ അദ്ദേഹം ഏറ്റവുമേറെ കണിശക്കാരനായത് തന്നോടുതന്നെയായിരുന്നു. ഒരു കഷ്ണം അപ്പവും, ഇത്തിരി വെള്ളവും മാത്രമായി അദ്ദേഹത്തിന്റെ ആഹാരം. പലപ്പോഴും, നാലുമണിക്കൂർ മാത്രമായിരുന്നു ഉറക്കം.
ഇഗ്നേഷ്യസ് മരിക്കുമ്പോൾ ഈശോസഭയിൽ ആയിരത്തോളം അംഗങ്ങൾ ഉണ്ടായിരുന്നു. അവരിൽ 35 പേരായിരുന്നു ഏറ്റവും മുകളിലെ ശ്രേണിയിൽ പെട്ടവരായിരുന്നത്. 1556-ൽ അന്തരിച്ച ലൊയോളയെ 1609-ൽ, പൗലോസ് അഞ്ചാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവനായും 1622-ൽ ഗ്രിഗോരിയോസ് പതിനഞ്ചാമൻ മാർപ്പാപ്പ വിശുദ്ധനായും പ്രഖ്യാപിച്ചു. ജൂലൈ 31-ആം തിയതി ഇഗ്നേഷ്യസിന്റെ തിരുനാളായി കൊണ്ടാടപ്പെടുന്നു. 1922-ൽ പീയൂസ് പതിനൊന്നാമൻ മാർപ്പാപ്പ ഇഗ്നേഷ്യസിനെ എല്ലാ അദ്ധ്യാത്മധ്യാനങ്ങളുടേയും മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചു. സൈനികരുടേയും, ഈശോസഭയുടേയും, സ്പെയിനിലെ ബാസ്ക് പ്രവിശ്യയുടേയും ബിസ്കേയിലെ ഗൂയിപ്പുസ്കോ പ്രവിശ്യയുടേയും മദ്ധ്യസ്ഥനും ഈ വിശുദ്ധനാണ്.




🙏❤️
നല്ല അറിവ് 🙏