Sunday, April 26, 2026
Homeഅമേരിക്കവിയർപ്പ് (കഥ) ✍ റീന മൈക്കിൾ

വിയർപ്പ് (കഥ) ✍ റീന മൈക്കിൾ

മകര സൂര്യൻ അതിന്റെ അകത്തളത്തിലെ ചൂടിനെ മുഴുവനായി ഭൂമിയിലേക്ക് ചൊരിഞ്ഞിട്ടുകൊണ്ട് തെളിഞ്ഞു നിന്നു. കൊയ്ത്ത് പാടങ്ങൾ
വിളവെടുപ്പിന്റെ സുഖവും ദുഃഖവും വേർതിരിച്ചറിഞ്ഞുകൊണ്ട് സൂര്യനോട്
ദയ യാചിക്കും പോലെ ദാഹവും വരൾച്ചയും മറന്ന് ഉണർന്നിരുന്നു.

സൂര്യൻ ഉറക്കമുണർന്ന് കണ്ണ് തുറന്നപ്പോൾ തന്നെ, തന്നെ ആശ്രയിയ്ക്കുന്നവർക്ക് വിശപ്പടക്കാൻ വേണ്ടതെല്ലാം ഒരുക്കി വച്ച്, കൂട്ടരോടൊപ്പം കറുകയും കൊച്ചരിവാളും കൊണ്ട് പാടത്ത് ഇറങ്ങിയതാണ്. സൂര്യന്റെ ദൃഷ്ടിയിൽ നിന്നും പ്രകാശം ഭൂമിയെ
തൊടാൻ തുടങ്ങിയപ്പോൾ തലേന്നത്തെ ബാക്കി വന്ന ചോറ് വറ്റിൽ വെള്ളം ഒഴിച്ച് മുറ്റത്ത് നിന്ന കറിവേപ്പിൽ നിന്നും രണ്ട് ഇല തുണ്ടും മുറിച്ചിട്ട്, കാ‍ന്താരി ചീനിയോട് കുശലം പറഞ്ഞു മൂത്ത കാന്താരിയും പറിച്ചിട്ട്, കറവ തീരാറായ അമ്മിണി പശു ചുരത്തിയ ഇത്തിരി പാൽ കൊണ്ട് ഉണ്ടാക്കിയ മോരും ചേർത്ത് കൂട്ടിയിളക്കി മോന്തിക്കുടിച്ച്, കൊയ്‌ത്തരിവാളും, ചൂടി കയറും എടുത്ത് കൂട്ടരോടൊപ്പം നടന്നു നീങ്ങിയപ്പോൾ അവൾക്കൊപ്പം കൂട്ടു നിന്നത് ആ വീട്ടിലെ പട്ടിണി മറികടക്കുന്ന പ്രതീക്ഷകൾ ആയിരുന്നു. മൂന്ന് കുഞ്ഞുങ്ങൾക്കും, വയസ്സായ പിതാവിനും പിന്നെ കൂടെ കഴിയുന്ന പട്ടിക്കും പൂച്ചയ്ക്കും മുട്ടയിടുന്നതും ഇടാത്തതുമായ നാല്
കോഴികൾക്കും കറവ വറ്റിയ അമ്മിണി പശുവിനും, ജീവിച്ചിരിയ്ക്കുന്ന കുടുംബത്തെ കുറിച്ച് ഒരു ചിന്തയും ഇല്ലാതെ കള്ള് കുടിച്ച് ഉന്മത്തനായി നടക്കുന്ന
ഭർത്താവ് എന്ന മനുഷ്യനും ആഹാരം കൊടുക്കേണ്ടത് കറുകയെന്ന ഒരു സ്ത്രീയുടെ ഉത്തരവാദിത്വം ആയിരുന്നു. അത് ദൈവം കല്പിച്ചതോ, വിധി കനിഞ്ഞു
നൽകിയതോ? അവൾക്കറിയില്ല. അറിയാൻ അവൾ ശ്രമിച്ചില്ല, കാരണം അവളുടെ ചെറുതായ പ്രായം അവൾ നടന്നു നീക്കിയത് രണ്ടായിരത്തിന് മുൻപുള്ള കാലഘട്ടത്തിൽ ആയിരുന്നു.

ഉണർന്നപ്പോൾ സൂര്യൻ ശാന്തൻ ആയിരുന്നെങ്കിലും ഭൂമിയെ കണ്ട് മുഷിഞ്ഞതിന്റെ കോപത്താൽ ആവാം ഉച്ച വെയിലിന് ഭൂമിയെ കത്തിയ്ക്കാൻ ഉള്ള ചൂട് ഉണ്ടായിരുന്നു. ആ ചൂടിനെ തണുപ്പിയ്ക്കാനോ, സ്വയം ആശ്വാസം കണ്ടെത്തുവാനോ, അതോ വെയിൽ ചൂടേറ്റ് കരുവാളിച്ച ശരീരത്തിൽ പൊള്ളൽ ഏൽക്കാത്തത്  കൊണ്ടോ, കറുകയും കൂട്ടരും കൊയ്‌ത്ത് പാട്ടിന്റെ
ഈരടികൾ മൂളിക്കൊണ്ട് മുറിച്ചിട്ട കറ്റകൾ ചൂടികയറിൽ വരിഞ്ഞു കെട്ടി,തല ചുമടായി ചുമന്ന്, പാട വരമ്പും, ഇടവഴിയും, മുറിച്ച് കടന്ന്, ചെറിയ കയറ്റങ്ങളും, ഇറക്കങ്ങളും, താണ്ടി ഉടയോന്റെ മുറ്റത്ത് കറ്റയെതള്ളിയിട്ട് നിവരുമ്പോൾ ശരീരത്തിലെ വിയർപ്പ് തുള്ളികൾ എല്ലാം ഒത്തു ചേർന്ന് ചെറു ചാലുപോൽ ഒഴികിയിറങ്ങുന്നതിന്റെ ചൂടും, ആ വിയർപ്പ് ചാലുകൾ ഉടുത്ത തുണിയെ നനയ്ക്കുന്നതിന്റെ തണുപ്പും, ശരീരത്തോടോട്ടിയ തുണിയിൽ നിന്നുയിരുന്ന വിയർപ്പിന്റെ ഗന്ധവും അവളറിയുമായിരുന്നു. അപ്പോഴും പട്ടിണിയകലുന്ന ദിവസങ്ങളുടെ പ്രതീക്ഷ അവളെ താങ്ങി നിർത്തിയിരുന്നു.

ശരീരത്തിൽ ഉണങ്ങി ഒട്ടിയ വിയർപ്പിന്റെ ഗന്ധത്തോടെയും, കല്ലിലും മുള്ളിലും മണ്ണിലും ചവിട്ടി നടന്ന നഗ്നപാതത്തിലെ തഴമ്പിന്റെ ബലത്തോടെയും ദുരിത ദുഖങ്ങളുടെ കുന്നുകളും, നിരപ്പുകളും നടന്നു നീങ്ങവേ, പ്രായാധിക്യം വന്ന പിതാവ് ജീവിതം തീർന്ന് തിരികെ മടങ്ങി.സ്വന്തം ശരീരത്തെ മദ്യാസക്തിയ്ക്ക് തീറെഴുതി കൊടുത്ത ഭർത്താവ് ജീവിതത്തെ ബാക്കി നിർത്തികൊണ്ട് പരലോകം പൂകിയപ്പോൾ
നാളെയുടെ തുണ എന്ന പ്രതീക്ഷ അവൾ മക്കളിലേയ്ക്ക് മാറ്റിയെഴുതി. ഒടുവിൽ
പറക്കമുറ്റിയ മക്കൾ ചിറക് വിരിച്ച് പല ചില്ലകൾ തേടി പറന്നു പോയപ്പോൾ
കാഴ്ച കുറഞ്ഞ കണ്ണുകളും, തഴമ്പിന്റെ ബലം കുറഞ്ഞ കാലുകളും, വിയർപ്പിന്റെ
അളവ് കുറഞ്ഞ ശരീരവുമായി അവൾ. പഴക്കമേറി ഇടിഞ്ഞു വീഴാറായ നാല്
ചുവരുകൾക്കുള്ളിൽ അപ്പോഴും ഉണങ്ങി ഒട്ടിയ അവളുടെ പഴയ വിയർപ്പിന്റെ ഗന്ധംഒളിഞ്ഞിരിപ്പുണ്ടായിരുന്നു.അവൾക്ക് തുണയായി കൂടെ നിന്നതും കാലങ്ങൾക്ക്മുന്നേ അവളിൽ ചേക്കേറിയ പ്രതീക്ഷകളും…

റീന മൈക്കിൾ✍

RELATED ARTICLES

13 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com