സുകന്യ താണുവീണു നമസ്ക്കരിച്ചു കൊണ്ട് അച്ഛനോട് പറഞ്ഞു, അച്ഛാ എന്നെ തെറ്റിദ്ധരിക്കരുത്. എന്റെ ഭർത്താവായ ആ വൃദ്ധനായ ച്യവനമുനി തന്നെയാണ് അകത്തിരിക്കുന്നത്. അശ്വിനിദേവകളുടെ അനുഗ്രഹത്താൽ അദ്ദേഹത്തിന് നവയൗവനവും കണ്ണുകൾക്ക് കാഴ്ചയും സിദ്ധിച്ചിരിക്കുന്നു. അച്ഛൻ അകത്തു പോയി നേരിട്ട് അദ്ദേഹത്തിനോട് തന്നെ ചോദിച്ചു വിവരങ്ങൾ മനസ്സിലാക്കു.
ഒരു അത്ഭുത സ്വപ്നലോകത്തിൽ പതിച്ചവനെ പോലെ രാജാവ് ആശ്രമത്തിനുള്ളിലേയ്ക്ക് മന്ദം മന്ദം കടന്നു ചെന്നു. ഭാര്യാപിതാവിനെ കണ്ട ച്യവനൻ ഭക്ത്യാദരവുകളോടെ എഴുന്നേറ്റു വന്ദിച്ചു. അനന്തരം അവർ തമ്മിൽ നടന്ന സൗഹൃദ സംഭാഷണത്തിൽ അശ്വിനിദേവകളുടെ ആഗമനം മുതലുള്ള സംഭവങ്ങൾ മുഴുവനും മുനി രാജാവിനെ പറഞ്ഞു ധരിപ്പിച്ചു. ഒടുവിൽ അദ്ദേഹം ഇത്രയും കൂടി പറഞ്ഞു,
ഭൂപാലരത്നമേ! ഇതെല്ലാം അങ്ങയുടെ മകളുടെ പാതിവ്രത്യ മഹിമയാൽ ഉണ്ടായ വരലബ്ദികളാണ്. സതീരത്നമായ അവൾ ലോകോത്തരപുണ്യവതിയും ശ്രേഷ്ഠയുമായി തീർന്നിരിക്കുന്നു.
ആ സമയം സുകന്യ അച്ഛനും ഭർത്താവിനും കുടിക്കാൻ പഴച്ചാറു ചേർത്ത മധുര പാനീയം രണ്ടു പർണ്ണപാത്രങ്ങളിലായി ഭക്തിപൂർവ്വം അവരുടെ മുൻപിൽ കൊണ്ടുവെച്ചു ഒതുങ്ങി മാറി നിന്നു. അതിരറ്റ സ്നേഹ വാത്സല്യത്തോടെ മകളെ ഉത്സംഗത്തിൽ ഇരുത്തി കുളിർഗണ്ഡങ്ങളിലും, മൂർദ്ധാവിലും മാറി മാറി ചുംബിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞുകൊണ്ട് ശര്യാതി ശാന്തമായി പറഞ്ഞു.
മകളെ! പൊന്നുമകളേ!കഥയറിയാതെ അച്ഛൻ തെറ്റിദ്ധരിച്ചു വല്ലതും പറഞ്ഞിട്ടുണ്ടെങ്കിൽ എന്റെ മോളത് ക്ഷമിക്കണം. കൊട്ടാരത്തിൽ അമ്മമാർക്കും മറ്റെല്ലാവര്ക്കും നിങ്ങളെ രണ്ടുപേരേയും കാണുവാൻ വളരെ ആഗ്രഹം ഉണ്ട്. ഒരു ദിവസം നിങ്ങളെ കൂട്ടി കൊണ്ടുപോകാമായി ഞാൻ വരും. പൊന്നുമോളെ നിന്റെ അമ്മ കുറേക്കാലമായി ഊണും ഉറക്കവും ഇല്ലാതെ കഴിയുന്നു. അമ്മ തന്ന പഴമാണ് ഞാൻ കൊണ്ടു വന്നിരി ക്കുന്നത്. നീയും ഭർത്താവുംകൂടി അത്
സന്തോഷമായി ഭക്ഷിക്കണം.
അവൾ മറുപടി പറഞ്ഞു ” അച്ഛന്റെ ആഗ്രഹം എങ്ങിനെയോ, അതു പോലെ ഞങ്ങൾ പ്രവർത്തിക്കും.
കുശലപ്രശ്നങ്ങളെല്ലാം കഴിഞ്ഞു മലപോലെ വളർന്ന മനസാ നന്ദത്തോടെ ശര്യാതി യാത്ര പറയാൻ എഴുന്നേറ്റപ്പോൾ ച്യവനൻ അശ്വിനി ദേവകൾ പറഞ്ഞ കാര്യം ഓർമ്മിച്ചുകൊണ്ടുര ചെയ്തു.
മനുപുത്രാ! ഒരു കാര്യം അങ്ങയെ ധരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അശ്വിനിദേവതകൾ ഭിഷഗ്വരന്മാരാണെന്നുള്ള വ്യർത്ഥമായ ഒരു ഭ്രഷ്ടു കൽപ്പിച്ച് ഇന്ദ്രൻ യാഗവേളയിൽ അവർക്ക് സോമപാനം നിരോധിച്ചിരിക്കുന്നു. ഇന്ദ്രന്റെ ഈ അനീതിയിൽ അവർക്ക് വലിയ സങ്കടമുണ്ട്. കാര്യം പറഞ്ഞു അവരുടെ അവകാശം നേടി കൊടുക്കാൻ അവർക്ക് ആരുമില്ല. എനിക്കു ചെയ്ത ഉപകാരത്തിന് പ്രത്യുപകാരമായി അവരുടെ ഭ്രഷ്ട് മാറ്റി കൊടുക്കാം എന്ന് ഞാൻ വാക്ക് പറഞ്ഞിട്ടുണ്ട്. ആയതിനാൽ ഒരു യാഗം അങ്ങു നടത്തണം. ആ യാഗത്തിൽ വെച്ച് അവർക്ക് സോമപാനത്തിനുള്ള അവകാശം ഞാൻ സാധിച്ചു കൊടുത്തു കൊള്ളാം എന്നും മുനി രാജാവിനോട് പറഞ്ഞു.
ശര്യാതി രാജാവ് മിനിയോട് പറഞ്ഞു. മുനീശ്വരാ ഒരു യാഗം നടത്താൻ ഞാൻ ആഗ്രഹിച്ചു കൊണ്ടിരിക്കുകയായിരുന്നു. അങ്ങ് ഇപ്പോൾ ഈ കാര്യം ഓർമ്മപ്പെടുത്തിയത് നന്നായി. യാഗം ഉടനെ നടത്താം എന്നും രാജാവ് പറയുന്നു. അങ്ങിനെ മഹർഷിക്ക് ആത്മസംതൃപ്തിയായി
മകളെ എത്ര കണ്ടിട്ടും മതിവരാതെ സന്തോഷ വാരിധിയിൽ മുങ്ങി രാജാവ് കൊട്ടാരത്തിൽ എത്തി. സർവ്വവിവരങ്ങളും പത്നിമാരേയും പൗരാവലികളേയും
അമാത്യന്മാരെയും ധരിപ്പിച്ചു. ഉടൻ തന്നെ യാഗം നടത്താൻ ഏർപ്പാടാക്കുകയും ചെയ്തു.
( തുടരും.)
6
Sorry that was by mistake
🙏
🙏