Wednesday, May 13, 2026
Homeഅമേരിക്കസുവിശേഷ വചനങ്ങൾ (152) ✍ പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

സുവിശേഷ വചനങ്ങൾ (152) ✍ പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

കർത്താവിനു പാടുക (സങ്കീ.101: 1-8)

“ഞാൻ ദയയെയും, ന്യായത്തെയും കുറിച്ചു പാടും; യഹോവേ ഞാൻ നിനക്കു
കീർത്തനം പാടും” (വാ.1).

1893 – ൽ അമേരിക്കയിലെ ചിക്കാഗോയിൽ വച്ചു നടന്ന സർവ്വ മത മഹാ സമ്മേളനത്തിൽ സംബന്ധിക്കുവാൻ ലോകമെമ്പാടും നിന്നും എല്ലാ മതങ്ങളുടെയും പ്രതിനിധികൾ എത്തിയിരുന്നു. യഹൂദർ തുടങ്ങി മുഹമ്മദീയർ വരെ പങ്കെടുത്തിരുന്ന ആ മഹാസമ്മേളനത്തിലെ പ്രാരംഭ യോഗം എങ്ങനെ ആരംഭിക്കണം എന്നതു സംബന്ധിച്ച് മുൻകൂട്ടിത്തന്നെ ചർച്ച ചെയ്തു തീരുമാനിച്ചിരുന്നു.
അവിടെ ഉരുത്തിരിഞ്ഞ തീരുമാനം: “എൻ ദീപമെ ഈ അന്ധകാരത്തിൽ നട
ത്തെന്നെ” (Lead kindly light)എന്ന കാർഡിനൽ ന്യൂമാന്റെ വിശ്വ വിഖ്യാത ഗാനം ആലപിച്ചു സമ്മേളനം തുടങ്ങണം എന്നായിരുന്നു. എല്ലാ മതങ്ങളുടെയും പുറം
തോടുകൾ തുളച്ചു ചെന്ന് ഓരോ ഹൃദയത്തിലും ദിവ്യ രാഗത്തിന്റെ അനുപല്ലവികൾ ഉയർത്തുവാൻ, ആ വരികൾ ശക്തമായിരുന്നു. ഇന്നും പ്രത്യാശയുടെ സൗരഭ്യം പരത്തി, ലോകമെമ്പാടും അത് ആലപിക്കപ്പെടുന്നു. അത് രൂപപ്പെട്ടതിനെക്കുറിച്ചുള്ള
കഥ ഇപ്രകാരമാണ്:

1833 ജൂണിലെ ഒരു ദിനം. കോർഡിക്ക, സാർഡിനിയ ദ്വീപുകളുടെ മദ്ധ്യേയുള്ള
ബോണി ഫോസിയോ കടലിടുക്കിൽ ഒരു ചെറിയ കപ്പൽ വന്നടുത്തിട്ട് ചില ദിവസങ്ങൾ കഴിഞ്ഞിരുന്നു. ഓറഞ്ചു നിറച്ചിരുന്ന ആ ചരക്കു കപ്പലിന്റെ ലക്ഷ്യസ്ഥാനമായിരുന്നില്ല ആ കാലിടുക്ക്. കടൽക്കാറ്റിന്റെ പ്രതികൂലത നിമിത്തമാണ് അതവിടെ അടുപ്പിക്കേണ്ടി വന്നത്. ഇറ്റലിയിൽ നിന്നും ഇംഗ്ലണ്ടിലേക്കു യാത്ര ചെയ്തിരുന്ന ആ കപ്പലിൽ, മറ്റു യാത്രാ സൗകര്യങ്ങൾ ലഭ്യമല്ലാതിരുന്നതിനാൽ, കാർഡിനൽ ന്യൂമാനും ഒരു യാത്രക്കാരനായിരുന്നു. കപ്പൽ പ്രസ്തുത കടലിടുക്കിൽ നങ്കൂരമിട്ടു കിടന്ന ദിനങ്ങളിൽ, രോഗ ബാധിതനായി തീർന്നിരുന്ന ന്യൂമാന് ആ ദിനങ്ങൾ മറക്കാനാകാത്ത അനുഭവമായി മാറുകയുണ്ടായി. ധ്യാന ഭാഗത്തു സങ്കീർത്തനക്കാരനായ ദാവീദ് സാക്ഷിക്കുന്നതു പോലെ, കാർഡിനൽ ന്യൂമാനിലും ദിവ്യ രാഗത്തിന്റെ അനുപല്ലവികർ പൊട്ടി വിടർന്നു.

പുറത്ത് കാറ്റിന്റെ ഹുങ്കാര സ്വരങ്ങൾ ഉയരുമ്പോൾ, വേദ പുസ്തക താളുകളിലെ വചനങ്ങൾ ആയിരുന്നു ന്യൂമാന്റെ ധ്യാനവിഷയം. രോഗത്താൽ തളർന്ന ശരീ
രമായിരുന്നെങ്കിലും, തന്റെ മനസ്സു ജീവനുള്ള വചനങ്ങളാൽ സചേതനമായിരുന്നു.
തന്റെ ഹൃദയത്തിൽ നിന്നും പൊന്തി വന്ന ആശയങ്ങൾ അദ്ദേഹമൊരു കടലാസിലേക്ക് പകർത്തി. അതാണ് “എൻ ദീപമെ ഈ അന്ധകാരത്തിൽ നടത്തെന്നെ” എന്ന, ഇന്നും അനേകർക്ക് സാന്ത്വനവും പ്രത്യാശയും പ്രചോദനവും പകർന്നു നൽകിക്കൊണ്ടിരിക്കുന്ന ഈ ഗാനം. അതു ഇന്നും പുതുമ നഷ്ടപ്പെടാതെ, ക്രിസ്തീയ ഗാനമേഖലയിൽ മാത്രമല്ല, ആംഗലേയ പദ്യസാഹിത്യത്തിൽത്തന്നെ നിറഞ്ഞു നിൽക്കുന്നു. നമ്മുടെ രാഷ്ട്ര പിതാവു ഗാന്ധിജി പോലും, ഈ ഗാനത്താൽ ആകൃഷ്ടനായിരുന്നു. ആയിരങ്ങളോടു ചേർന്ന് നമുക്കും പാടാം: “എൻ ദീപമേ, ഈ അന്ധകാരത്തിൽ നടത്തെന്നെ” എന്ന്. ദൈവം സഹായിക്കട്ടെ…

ചിന്തയ്ക്ക്: ഏതു സാഹചര്യത്തിലും കർത്താവിനു പാടുവാൻ, കർത്താവിനൊപ്പം ജീവിക്കുന്നവർക്ക് മാത്രമേ സാധിക്കൂ.

പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com