സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള മനുഷ്യന്റെ ആത്മദാഹം ഒരിക്കലും അടങ്ങുകയില്ല. കിട്ടാതെ പോകുന്ന സ്നേഹത്തെക്കുറിച്ചുള്ള വേവലാതികൾ കുറച്ചുനാളത്തേക്ക് തുടരും. പിന്നെ എല്ലാം കുറേശ്ശെയായി മറന്നു തുടങ്ങും. ജീവിതയാത്രയിൽ ഏതോ ഒരു വഴിത്തിരിവിൽ മനുഷ്യന് അവന്റെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നു എന്നതാണല്ലോ സത്യം.
ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ കാലചക്രം തെന്നി നിരങ്ങി നീങ്ങി….
എത്ര പെട്ടെന്നാണ് ഒരു സ്കൂൾ വർഷം കടന്നുപോയത്!
ഇന്ന് മാർച്ച് 31,സ്കൂൾ വർഷത്തിന്റെ അവസാന ദിനം. അടുത്തത് എന്ത് എന്ന ഒരു വലിയ ചോദ്യചിഹ്നം മനസ്സിലുണ്ട്.
കഴിഞ്ഞ ഒരു വർഷം വ്യത്യസ്തതകൾ നിറഞ്ഞ അനുഭവങ്ങൾക്ക് സാക്ഷിയായി. പുതിയ കൂട്ടുകാരെ കണ്ടെത്തി.പഴയ കൂട്ടുകാർ പതിയെ കാണാമറയത്തായി. അല്ലെങ്കിലും ഒരു ബന്ധവും ശാശ്വതം അല്ലല്ലോ!
എല്ലാ ബന്ധങ്ങളും താൽക്കാലികം. ആശയവിനിമയത്തിൽ ഇടവേള വരുന്നത് സ്നേഹബന്ധത്തിന്റെ ആഴം കുറയ്ക്കാൻ ഇടവരുത്തും.
“കുറെ നേരമായല്ലോ മാഷ് താടയ്ക്ക് കൈകൊടുത്തിരിക്കുവാൻ തുടങ്ങിയിട്ട്?”
“ഇന്ന് മധ്യവേനൽ അവധിക്ക് സ്കൂൾ അടയ്ക്കുകയല്ലേ കൊച്ചു മാഷേ?
നാളെ എന്ത് എന്ന ചോദ്യം മനസ്സിൽ ഉയരുന്നു..”
“മാഷിന് എന്ത് പേടിക്കാൻ?
മാഷ് പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉണ്ടല്ലോ?
അടുത്തവർഷം ഉറപ്പായിട്ടും നിയമനം ലഭിക്കും.എന്റെ കാര്യമാണ് കഷ്ടം.”
“ഉം. അഞ്ചു വർഷമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താൽക്കാലിക അധ്യാപകനായി ജോലി ചെയ്യുന്നു. ഇ ത്രയും താമസം ഉണ്ടാകും എന്ന് അറിഞ്ഞിരുന്നെങ്കിൽ മലപ്പുറത്തെങ്ങാനും ഒരു എയ്ഡഡ് സ്കൂളിൽ ജോലിക്ക് കയറിയേനെ.”
“എന്താണ് കൊച്ചു മാഷും സദാനന്ദൻ മാഷും തമ്മിൽ ഒരു ചർച്ച?
എനിക്കും കൂടി കേൾക്കാമോ.?”
ഹെഡ്മാസ്റ്റർ ആണ്.
“ഇന്ന് സ്കൂൾ അടച്ചാൽ പിന്നെ എന്ത് എന്നതിനെക്കുറിച്ച് ഞങ്ങൾ സംസാരിക്കുകയായിരുന്നു.”
“ആണോ,?
അതിരിക്കട്ടെ, ഇനി നമ്മൾ എന്നെങ്കിലും കാണാൻ സാധ്യതയുണ്ടോ?
” സാധ്യത തീരെ കുറവാണ് മാഷേ. ”
“എന്റെ വീട് പട്ടാമ്പി അടുത്താണല്ലോ? ഗുരുവായൂർ വരുമ്പോൾ വീട്ടിലൂടെ വരു.’
പ്രധാനാധ്യാപകൻ പറഞ്ഞു.
“ഞാൻ വരാം മാഷേ. പക്ഷേ, സദാനന്ദൻ മാഷിന്റെ കാര്യം പറയുവാൻ പറ്റില്ല.”
“ആണോ, അതെന്താ.?”
“പുള്ളിക്ക് ഇതിലൊന്നും വലിയ വിശ്വാസമില്ല. മലപ്പുറത്ത് ആയിരുന്നപ്പോൾ പെരിന്തൽമണ്ണ നിന്ന് ഗുരുവായൂർ എത്തി, അവിടെനിന്ന് പുറപ്പെടുന്ന ബസ്സിന് ചങ്ങനാശ്ശേരിക്ക് പലതവണ പോയിട്ടുണ്ട് എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ, അമ്പലത്തിൽ കയറിയിട്ടില്ല.”
“അതെന്തിനാണ് ചങ്ങനാശ്ശേരിക്ക് പോകാൻ പെരിന്തൽമണ്ണ നിന്ന് ഗുരുവായൂർക്ക് വരുന്നത്?”
“പെരിന്തൽമണ്ണ നിന്ന് വണ്ടി ഫുൾ ആയിരിക്കും. ഗുരുവായൂർ നിന്ന് ആണെങ്കിൽ സീറ്റ് കിട്ടും.”
“ഓഹോ.. ഗുരുവായൂർ കെ.എസ്.ആർടി.സി സ്റ്റാൻഡിൽ വന്നിട്ട് പോലും അമ്പലത്തിൽ കയറിയില്ലെന്നോ?
നിരീശ്വരവാദി ആണോ സദാനന്ദൻ മാഷ്..?”
“ഞാൻ നിരീശ്വരവാദി ഒന്നുമല്ല മാഷേ. അമ്പലത്തിൽ പോവും വല്ലപ്പോഴും. പിന്നെ ഭഗവാൻ എല്ലായിടത്തും ഉണ്ടല്ലോ? എവിടെ നിന്ന് പ്രാർത്ഥിച്ചാലും കേൾക്കും. അമ്പലത്തിനുള്ളിൽ പോയി പ്രാർത്ഥിക്കണം എന്നൊന്നും ഇല്ലല്ലോ?”
“ഈ സദാനന്ദൻ മാഷിനെ വർത്തമാനം പറഞ്ഞു തോൽപ്പിക്കുവാൻ പ്രയാസമാണ് കേട്ടോ ”
കൊച്ചു മാഷ് ചിരിച്ചുകൊണ്ട് പറഞ്ഞു.
അന്ന് രാത്രി നാല് പേരും പല കാര്യങ്ങളും സംസാരിച്ചു. ഓരോരുത്തരുടെയും മേൽവിലാസം പരസ്പരം കൈമാറി.
നല്ല സുഹൃത്തുക്കളെ കിട്ടാനും വേണം ഒരു ഭാഗ്യം. രക്തബന്ധങ്ങളെക്കാൾ ശക്തമായ സുഹൃത്ത് ബന്ധങ്ങൾ ഉണ്ട്.
പ്രിയ കൂട്ടുകാരിയായ ശിരുവാണി പുഴയെ ഇനി എന്ന് കാണും.. .? ഓർമ്മത്തേരിലേറി എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.
കിഴക്ക് മേഘങ്ങൾക്കിടയിലൂടെ മഞ്ഞ വെളിച്ചം പകർന്ന് കതിരവൻ എത്തിനോക്കി. തണുപ്പിനെ വകവയ്ക്കാതെ ശിരുവാണിയുടെ ഓളങ്ങളിൽ ഒന്നുകൂടി മുങ്ങിയിട്ട് സദാനന്ദൻ മാഷ് കരക്കു കയറി.
“ഈ തണുപ്പത്തും ഇങ്ങള് പുഴയിൽ പോയി കുളിച്ചോ മാഷേ..?”
“ഇനി തിരുവാണി പുഴയിൽ ഒരു കുളി ഉണ്ടാവില്ലല്ലോ കൊച്ചു മാഷേ..? അതുകൊണ്ട് ഒന്നുകൂടി മുങ്ങിക്കുളിച്ചു.”
“മാഷ് ഇത്ര രാവിലെ പുറപ്പെടണോ?”
” അതെ.. ”
” നമുക്ക് ഒരുമിച്ച് പോയാൽ പോരെ? ”
” നിങ്ങൾക്ക് കുറച്ചു ദൂരം പോയാൽ പോരെ..?
ഒന്നോ രണ്ടോ മണിക്കൂർ..
എന്റെ കാര്യം അങ്ങനെയല്ലല്ലോ?
ഞാൻ ഇപ്പോൾ ഇറങ്ങിയാലേ നേരം ഇരുട്ടും മുമ്പ് നാട്ടിലെത്തു. ”
സദാനന്ദൻ മാഷ് ബാഗും എടുത്ത് മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ രാധ ചേച്ചി മുന്നിൽ..!
“മാഷ് ഇത്ര നേരത്തെ പോകുകയാണോ?”
” അതെ.. ”
“എങ്കിൽ വരൂ. രണ്ട് ദോശ കഴിച്ചിട്ട് പോകാം…”
രാധ ചേച്ചിയുടെ സ്നേഹത്തിനു മുന്നിൽ നോ പറയാൻ തോന്നിയില്ല. ദോശയും ചമ്മന്തിയും ചായയും മേശപ്പുറത്ത് നിരുന്നു.
“ഇനി എന്നാ നമ്മൾ കാണുക..?”
‘ ഭൂമി ഉരുണ്ടതല്ലേ ചേച്ചി? എവിടെയെങ്കിലും വെച്ച് നമുക്ക് കാണാം.. ”
“ഞങ്ങളൊക്കെ ഈ കാട്ടുമുക്കിൽ നിന്നും എവിടേക്ക് പോകാനാണ്!
എന്റെ ജീവിതം പരുത്തിച്ചുവട്ടിൽ അലിഞ്ഞുചേരും.”
“ഞാൻ ഒരിക്കൽ വരാം ചേച്ചി..”
“വരണം ….പക്ഷേ, ഒരുപാട് വൈകരുത്. വൈകിയാൽ ചിലപ്പോൾ പരുത്തിച്ചെടി മാത്രമേ ഉണ്ടാവുള്ളൂ ഞാനുണ്ടാവില്ല. പലരും ഈ സ്കൂളിൽ വന്നിട്ടുണ്ടെങ്കിലും മാഷിനോട് ഒരു പ്രത്യേക വാത്സല്യം തോന്നിയിരുന്നു.”
“ഉം,നല്ല വാക്കുകൾക്ക് ഒത്തിരി നന്ദിയുണ്ട് ചേച്ചി”
വിജയൻ ചേട്ടനോടും യാത്രപറഞ്ഞ് സദാനന്ദൻ മാഷ് ശിരുവാണി പുഴയുടെ ഓളങ്ങളെ മുറിച്ചുകിടന്ന് റോഡിൽ കയറി. ജീപ്പിൽ നിന്ന് ഇറങ്ങിയതും ഒരു മയിൽ വാഹനം ബസ് സ്റ്റോപ്പിൽ വന്നു നിന്നു. ബസ്സിന്റെ പിൻവാതിലൂടെ അകത്തു കയറി.
ഭാഗ്യം! ഡോറിന് എതിർവശത്തുള്ള സീറ്റിൽ ഒരാൾ മാത്രം!
“ചേട്ടാ ഞാൻ സൈഡ് സീറ്റിൽ ഇരുന്നോട്ടെ..?”
സീറ്റിലിരുന്ന മധ്യവയസ്കൻ ഒരു നോട്ടം. പിന്നെ അദ്ദേഹം മാറിയിരുന്നു. സൈഡ് സീറ്റിനോട് സദാനന്ദൻ മാഷിന് എന്നും ഒരു പ്രത്യേക ഇഷ്ടമാണ്. വഴിയോരക്കാഴ്ചകൾ കണ്ടുള്ള യാത്ര വളരെ രസകരം തന്നെ.
ഗൂളിക്കക്കടവിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരം വളവും കയറ്റവും ആണ്. അതുകഴിഞ്ഞാൽ പിന്നെ ആനമുളി ചെക്ക് പോസ്റ്റ് വരെ ഏതാണ്ട് രണ്ടു മണിക്കൂറോളം ഇറക്കമാണ്. ബസ് ഇറക്കത്തിലൂടെ പോകുമ്പോൾ ശബ്ദം തീരെ കുറവാണ് . ഒരു മൂളിച്ച മാത്രം….
ബസ്സ് മുക്കാലി ചെക്ക് പോസ്റ്റിൽ നിർത്തിയതും സദാനന്ദൻ മാഷിന്റെ മനസ്സൊന്നു പിടഞ്ഞു. മുൻ വാതിലിന്റെ എതിർവശത്തുള്ള സീറ്റിന്റെ പിന്നിൽ നിന്ന് രണ്ടാമത്തെ സീറ്റിൽ വലതുവശത്തായി ലതയെ പോലൊരു സ്ത്രീ. പിന്നിലെ സ്ത്രീയോട് എന്തോ പറയുന്നുണ്ട്. മുഖം വ്യക്തമായി കണ്ടു. ലത തന്നെ..!
പെട്ടെന്ന് ഓടി ചെല്ലാൻ തോന്നി. അപ്പോഴാണ് ഒരു കാര്യം സദാനന്ദൻ മാഷ് ശ്രദ്ധിച്ചത്. ലതയുടെ സീറ്റിൽ ഒരു പുരുഷനും ഇരിക്കുന്നുണ്ട്.
ഭർത്താവ് മറ്റോ ആണോ.?
ഒന്ന് പോയാലോ..?
അടുത്തിരിക്കുന്നത് ഭർത്താവ് ആണെങ്കിൽത്തന്നെ പരിചയപ്പെടാ മല്ലോ..?
അയാൾ തന്നോട് എങ്ങനെ പെരുമാറും?
സദാനന്ദൻ മാഷിന്റെ മനസ്സ് അസ്വസ്ഥമായി. കഴിഞ്ഞവർഷത്തെ ലതയും ഒത്തുള്ള സന്തോഷ മുഹൂർത്തങ്ങൾ മനസ്സിലൂടെ മിന്നിമറഞ്ഞു. തന്റെ മുൻപിൽ മനസ്സ് തുറന്ന പെണ്ണിനെ വീണ്ടും കണ്ടിട്ട് ഒന്നും സംസാരിക്കാതെ പോകാൻ മനസ്സ് അനുവദിക്കുന്നില്ല.
പെട്ടെന്ന് ഒരു ബുദ്ധി തോന്നി. ഡ്രൈവറോട് പോയി എന്തെങ്കിലും സംസാരിക്കുക. അപ്പോൾ ലത തന്നെ കാണുമല്ലോ. പക്ഷേ എന്ത് ചോദിക്കും. ബസ് വിടറായി. രണ്ടും കൽപ്പിച്ചു ഡ്രൈവറുടെ അടുത്തേക്ക് നടന്നു..
“ഒരു സംശയം. എ. വി. ഐ. പി യിൽ ജോലിയുള്ള രാവി സാറിന്റെ അനുജനാണോ നിങ്ങൾ..?”
“അല്ലല്ലോ. എന്താ അങ്ങനെ ചോദിച്ചത്.?”
“നിങ്ങളെ കണ്ടാൽ ബാബുവിനെപ്പോലെ ഉണ്ട്.”
“ഓ.. അതുശരി ”
“സോറി…..”
ഡ്രൈവർ ചിരിച്ചുകൊണ്ട് വണ്ടി മുന്നോട്ട് എടുത്തു.
സദാനന്ദൻ മാഷ് സീറ്റിലേക്കു തിരിഞ്ഞു നടന്നു. നോക്കിയതും ലതയുടെ മുഖത്ത്. സദാനന്ദൻ മാഷ് ചിരിച്ചു.
പക്ഷെ ലത ചിരിച്ചില്ല, എന്നു മാത്രമല്ല. പരിചയ ഭാവം പോലും കാണിച്ചില്ല. ഭർത്താവ് ആണ് അടുത്തി രിക്കുന്നതെങ്കിലും തന്നെ പരിചയപ്പെടുത്തി കൊടുക്കാമായിരുന്നല്ലോ?
സ്ത്രീകളെ പറ്റി കൊച്ചുമാഷ് പറഞ്ഞത് എത്ര സത്യം…!
മയിൽ വാഹനം ചുരം ഇറങ്ങുമ്പോഴും പഴയ ലതയുടെ മുഖം മനസ്സിൽ മിന്നിമറിഞ്ഞു.
മണ്ണാർക്കാട് ബസ്റ്റാൻഡ് എത്തും മുൻപുള്ള ആശുപത്രി പടി സ്റ്റോപ്പിൽ എത്തിയതും സാദാനന്ദൻ മാഷ് ബസിൽനിന്നും ഇറങ്ങി. തിരിഞ്ഞു നോക്കാതെ നടന്നു….
( സദാനന്ദൻ മാഷ്
തുടരും…)
ഒരു സമയത്ത് ഏറ്റവും പ്രിയപ്പെട്ടവർ എന്നു കരുതുന്ന കൂട്ടുകാർ പിന്നീട് ഒരു ബന്ധവും ഇല്ലാത്തവരായി മാറുന്നത് എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും. സത്യസന്ധമായ എഴുത്ത്. തൊഴിലില്ലായ്മ എന്ന ഭീതി എക്കാലും യുവജനങ്ങളുടെ ശത്രു. ജോലി ചെയ്ത സ്ഥലം വിടുമ്പോഴുള്ള വേദന പുഴയിലെ അവസാന കുളി പറഞ്ഞപ്പോൾ വായനക്കാരനും അനുഭവപ്പെട്ടു. അനുഭവത്തിൻ്റെ ഗന്ധമുള്ള വരികൾ.
അഭിപ്രായത്തിനു ഒരുപാട് സന്തോഷം
കാലിക പ്രസ്കതമായ എഴുത്ത്.
ചിന്തനീയം…ആശംസകൾ സർ 🙏
അഭിപ്രായത്തിനു ഒരുപാട് നന്ദി
👏👏
നല്ലൊർമ്മകൾ 🙏