Wednesday, June 17, 2026
Homeഅമേരിക്കമലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (ഭാഗം 50) 'തോപ്പിൽ ഭാസി' ✍ അവതരണം: പ്രഭ...

മലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (ഭാഗം 50) ‘തോപ്പിൽ ഭാസി’ ✍ അവതരണം: പ്രഭ ദിനേഷ്

മലയാളിമനസ്സ് ൻ്റെ എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന പംക്തിയുടെ 50ാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏

മലയാള നാടകപ്രസ്ഥാനത്തിന് മൗലീക സംഭാവന നല്കിയ നാടകകൃത്ത് ശ്രീ. തോപ്പിൽ ഭാസി ആണ് ഇന്നത്തെ നക്ഷത്രപ്പൂവ്!

തോപ്പിൽ ഭാസി – (08/04/1924 – 08/12/1992)

മലയാള നാടകവേദിയ്ക്ക് അനശ്വര സംഭാവനകൾ നല്കിയ അതുല്യ പ്രതിഭയായ തോപ്പിൽ ഭാസി 1924 ഏപ്രിൽ 8 ന് ആലപ്പുഴയിലെ വള്ളിക്കുന്നം എന്ന സ്ഥലത്താണ് ജനിച്ചത്. തോപ്പിൽ ഭാസ്ക്കരൻപിള്ള എന്നായിരുന്നു ഇദ്ദേഹത്തിൻ്റെ ശരിയായ പേര്. ശ്രീ.പരമേശ്വരൻപിള്ളയും, നാണിക്കുട്ടിയമ്മയുമായിരുന്നു മാതാപിതാക്കൾ.

എസ്.എൻ.ഡി.പി. സ്ക്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ചങ്ങൻകുളങ്ങര സംസ്കൃത സ്ക്കൂളിൽ നിന്നും ശാസ്ത്ര പരീക്ഷയും പാസ്സായി. പഠനശേഷം രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടുകയും രണ്ടു പ്രാവശ്യം നിയമസഭാഗമാവുകയും ചെയ്തു.

സാധാരണ ജനങ്ങളുടെ ഇടയിലേക്ക് നാടകത്തെ കൊണ്ടെത്തിച്ച് സാർവത്രികമായ അംഗീകാരം നേടിക്കൊടുത്ത നാടകകൃത്താണ് അദ്ദേഹം! കമ്മ്യൂണിസ്റ്റ് ആശയങ്ങളാണ് അദ്ദേഹത്തിൻ്റെ മിക്ക നാടകങ്ങളുടെയും അടിത്തറ. ഈ അടിത്തറയിൽ സാമൂഹ്യ പ്രശ്നങ്ങൾ അവതരിപ്പിച്ച് സാധാരണക്കാർക്ക് ആസ്വാദ്യകരമായ വിധത്തിലാണ് തൻ്റെ നാടകങ്ങളുടെ അവതരണം അദ്ദേഹം നിർവഹിച്ചിട്ടുള്ളത്.

മലയാള നാടകവേദിയുടെ പുരോഗതിയ്ക്ക് തോപ്പിൽ ഭാസി നല്കിയിട്ടുള്ള സംഭാവനകൾ എല്ലാക്കാലത്തും വിലമതിക്കപ്പെടും. കായംകുളം കേന്ദ്രമായി പ്രവർത്തനം ആരംഭിച്ച കെ.പി.എ.സി.(കേരള പീപ്പിൾസ് ആർട്ട് ക്ലബ്) എന്ന നാടകക്കമ്പനിയുടെ പ്രധാന ശില്പിയും സംഘാടകനും തോപ്പിൽ ഭാസി ആയിരുന്നു.

തോപ്പിൽ ഭാസിയുടെ നാടകങ്ങൾ രംഗത്ത് അവതരിപ്പിച്ച് വിജയിപ്പിക്കുന്നതിൽ കെ.പി.എ.സി. നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. ആനുകാലിക സാമൂഹ്യജീവിതത്തിലെ പ്രശ്നങ്ങൾ മിക്ക നാടകങ്ങളിലും തന്മയത്വത്തോടെ അവതരിപ്പിക്കുന്നുണ്ട്. മലയാള നാടക സാഹിത്യത്തിൻ്റെ ഭാവിയിലേക്കുള്ള നല്ല കാൽവയ്പ്പുകളാണ് തോപ്പിൽ ഭാസി നടത്തിയിട്ടുള്ളത്.

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, വിശക്കുന്ന കരിങ്കാലി, സർവ്വേക്കല്ല്, മുടിയനായ പുത്രൻ, മൂലധനം, അശ്വമേധം, ശരശയ്യ, യുദ്ധകാണ്ഡം, തുലാഭാരം, പുതിയ ആകാശം പുതിയ ഭൂമി, പാഞ്ചാലി, കൈയ്യും തലയും പുറത്തിടരുത്, ജനനി, ഇന്നലെ ഇന്ന് നാളെ, സൂക്ഷിക്കുക ഇടതുവശം ചേർന്നുപോവുക എന്നിവയാണ് തോപ്പിൽ ഭാസിയുടെ പ്രധാന നാടകങ്ങൾ!

കർഷകരുടെയും തൊഴിലാളികളുടെയും ജീവിതവും അവരുടെ പ്രശ്നങ്ങളും കഥാപാത്രങ്ങളിൽ കൂടി ചർച്ച ചെയ്യപ്പെടുന്ന നാടകമാണ് ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്നത്. പാർട്ടിക്കു വേണ്ടി ത്യാഗം സഹിച്ചവരെ വിസ്മരിക്കരുത് എന്ന സന്ദേശമാണ് ‘സർവേക്കല്ല്’ എന്ന നാടകത്തിലുള്ളത്. ശാസ്ത്രത്തിൻ്റെ യഥാർത്ഥ വെല്ലുവിളി ജനങ്ങളിൽ എത്തിച്ച് അവർക്ക് ശരിയായ അറിവ് പകർന്നു കൊടുക്കണമെന്നതാണ് ‘അശ്വമേധം’, ‘ശരശയ്യ’ എന്നീ നാടകങ്ങൾ നല്കുന്ന സന്ദേശം. സംഘടിത തൊഴിലാളി വർഗ്ഗത്തിന് സമൂഹത്തോട് കടപ്പാടുണ്ട് എന്ന ആശയം പകരുന്നതാണ് ‘കൈയ്യും തലയും പുറത്തിടരുത്’ എന്ന നാടകം.

മുടിയനായ പുത്രനും, പുതിയ ആകാശം പുതിയ ഭൂമി എന്നീ നാടകങ്ങൾക്ക് കേരള സാഹിത്യ അക്കാഡമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. തോപ്പിൽ ഭാസിയുടെ ആത്മകഥയാണ് ‘ഒളിവിലെ ഓർമ്മകൾ’. ഇദ്ദേഹം ധാരാളം ചലച്ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. കൂടാതെ ചലച്ചിത്ര സംവിധായകൻ കൂടിയായിരുന്നു. കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്!

1992 ഡിസംബർ 8 ന് അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞു🙏🌹

അടുത്ത ലക്കം വീണ്ടും കണ്ടുമുട്ടാം❤️💕💕

അവതരണം: പ്രഭ ദിനേഷ്✍

RELATED ARTICLES

3 COMMENTS

  1. തോപ്പിൽ ഭാസിയുടെ ജീവിത വഴികൾ നന്നായി എഴുതി

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com