സ്വാതന്ത്ര്യത്തിനായുള്ള ഭാരതീയരുടെ പോരാട്ടത്തിന്റെ ഗതി മാറ്റിയ ദിനമാണ് ക്വിറ്റ് ഇന്ത്യാ ദിനം. ആഗസ്റ്റ് വിപ്ലവം എന്നറിയപ്പെടുന്ന ക്വിറ്റ് ഇന്ത്യാ ദിനത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് ആഗസ്റ്റ് 9 ന് 84 വയസ് തികയുകയാണ്… ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന അവസാനത്തെ ബഹുജന മുന്നേറ്റം എന്ന് ക്വിറ്റ് ഇന്ത്യാ സമരത്തെ വിശേഷിപ്പിക്കാം..
ഇന്ത്യയ്ക്ക് ഡൊമനിയന്‍ പദവി നല്‍കുന്നത് സംബന്ധിച്ചുണ്ടായ ക്രിപ്‌സ് ദൗത്യം പരാജയപ്പെട്ട ശേഷം അവസാന സമരത്തിനു തയാറാക്കാനായി 1942 മാര്‍ച്ചില്‍ ഹരിജന്‍ വാരികയില്‍ എഴുതിയ ഒരു ലേഖനത്തിലൂടെയാണ് ഗാന്ധിജി ഇതിനു തുടക്കമിട്ടത്..
ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക
ബ്രിട്ടീഷുകാര്‍ ഇന്ത്യവിടുക എന്ന മുദ്രാവാക്യം മുഴക്കി ഗാന്ധിജിയുടെ നേതൃത്വത്തിലാണ് ഈ ഐതിഹാസിക സമരം നടന്നത്. സാമ്രാജ്യത്വത്തെ എത്രയും പെട്ടെന്ന് ഇന്ത്യയില്‍ നിന്ന് കെട്ടുകെട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1942 ആഗസ്റ്റ് 9 ന് പ്രക്ഷേഭത്തിന് തുടക്കമിട്ടത്..
1942 ജൂലൈ ആറു മുതല്‍ 14 വരെ വാര്‍ധയില്‍ നടന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി ഇതു സംബന്ധിച്ച് ഒരു പ്രമേയം പാസാക്കി. വൈദേശിക ആധിപത്യം അവസാനിപ്പിക്കണം. ഇതിനു വേണ്ടി മാത്രമല്ല ഇന്ത്യയുടെ രക്ഷയ്ക്കും ലോക നന്മയ്ക്കും വേണ്ടി ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടണം. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നല്‍കാമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിക്കണം..
ഇല്ലെങ്കില്‍ അക്രമ രഹിത ബഹുജനസമരം ആരംഭിക്കുമെന്ന് ഈ പ്രമേയത്തിലൂടെ മുന്നറിയിപ്പു നല്‍കി..
ക്വിറ്റ് ഇന്ത്യാ പ്രമേയത്തിന് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അംഗീകാരം വാങ്ങുന്നതിനായി പ്രത്യേക യോഗം വിളിച്ചുകൂട്ടി..
1942 ആഗസ്റ്റ് ഏഴ്, എട്ട് തീയതികളില്‍ ബോംബെയിലെ മലബാര്‍ ഹില്ലില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ യോഗത്തിലാണ് ചരിത്രപ്രധാനമായ ക്വിറ്റ് ഇന്ത്യാ പ്രമേയം ജവഹര്‍ലാല്‍ നെഹ്‌റു അവതരിപ്പിച്ചത്. മൗലാന അബ്ദുള്‍ കലാം ആസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രമേയത്തെ പിന്താങ്ങിയത് സര്‍ദാര്‍ വല്ലഭായി പട്ടേലാണ്. തുടര്‍ന്ന് ബോംബേയിലെ ഗോവാലിയ ടാങ്ക് മൈതാനത്ത് നടന്ന സമ്മേളനത്തില്‍ ഗാന്ധിജി പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക എന്ന ആഹ്വാനം ഉള്‍ക്കൊള്ളുന്ന പ്രസംഗവും നടത്തി. സ്വാതന്ത്ര്യമല്ലാതെ മറ്റൊന്നും ഞങ്ങള്‍ക്കു വേണ്ട എന്നും ഗാന്ധിജി പ്രഖ്യാപിച്ചു..
ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നൽകുക എന്ന മഹാത്മാഗാന്ധിയുടെ ആഹ്വാന പ്രകാരം 1942 ഓഗസ്റ്റ് മാസം ആരംഭിച്ച നിയമ ലംഘന സമരമാണ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം (ഭാരത് ച്ഛോടോ ആന്തോളൻ അഥവാ ഓഗസ്റ്റ് പ്രസ്ഥാനം)..
രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് 1939 സെപ്റ്റംബറിൽ വാർദ്ധയിൽ വെച്ചു നടന്നകോൺഗ്രസ് പാർട്ടിയുടെ പ്രവർത്തക സമിതി യോഗത്തിൽ ഉപാധികൾക്കു വിധേയമായി ഫാസിസത്തിനു എതിരേയുള്ള സമരത്തെ അനുകൂലിക്കുന്ന പ്രമേയം പാസ്സാക്കി, പക്ഷേ ഇതിനു പകരമായി സ്വാതന്ത്ര്യം ആവശ്യപ്പെട്ടപ്പോൾ ബ്രിട്ടീഷുകാർ ആ ആവശ്യം നിരസിക്കുകയാണു ചെയ്തത്..
ഇന്ത്യൻ ദേശീയ നേതാക്കളുടെ പ്രതിഷേധം ഒത്തു തീർപ്പിലൂടെ പരിഹരിക്കാൻ ബ്രിട്ടൻ ക്രിപ്സ് കമ്മീഷനെ ഇന്ത്യയിലേക്കയച്ചു. സ്വയം ഭരണത്തിനായി ഒരു നിശ്ചിത കാലയളവ് പ്രസ്താവിക്കാനോ എന്തെല്ലാം അധികാരങ്ങൾ കൈയൊഴിയും എന്ന് വ്യക്തമായി നിർവ്വചിക്കാനോ ഈ കമ്മീഷനു കഴിഞ്ഞില്ല..
കമ്മീഷൻ നൽകാൻ തയ്യാറായ പരിമിത-ഡൊമീനിയൻ പദവി ഇന്ത്യൻ പ്രസ്ഥാനത്തിനു പൂർണമായും അസ്വീകാര്യമായിരുന്നു. ഇവയുടെ ഫലമായി കമ്മീഷൻ പരാജയപ്പെട്ടു.സമ്പൂർണ്ണ സ്വാതന്ത്ര്യത്തിനുള്ള തങ്ങളുടെ ആവശ്യത്തിൽ ബ്രിട്ടീഷ് സർക്കാരിൽ നിന്നും വ്യക്തമായ ഉറപ്പുലഭിക്കാനായി കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചു..




🙏🙏🙏