Thursday, October 8, 2026
Homeഅമേരിക്ക- ഡിജിറ്റൽ ലോകത്തെ സത്യവാൻ സാവിത്രി - (കഥ) ✍ പുല്ലമ്പാറ രാജേഷ്

– ഡിജിറ്റൽ ലോകത്തെ സത്യവാൻ സാവിത്രി – (കഥ) ✍ പുല്ലമ്പാറ രാജേഷ്

രാവിലെ ആറുമണിക്ക് തന്നെ ‘ആത്മാന്വേഷണം’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ സുലോചനയുടെ വക പോസ്റ്റ് വന്നു കഴിഞ്ഞിരുന്നു. തുളസിത്തറയുടെ പശ്ചാത്തലത്തിൽ, നെറ്റിയിൽ ചന്ദനക്കുറിയും മുഖത്ത് ലോകത്തിലെ മുഴുവൻ കാരുണ്യവും ആവാഹിച്ച ഒരു ചിരിയുമായി നിൽക്കുന്ന സ്വന്തം ചിത്രം. അതിനു താഴെ സുലോചന ഇങ്ങനെ കുറിച്ചു:

“സത്യത്തിന്റെ പാത കഠിനമാണ് സുഹൃത്തുക്കളെ… എങ്കിലും നന്മ വറ്റാത്ത മനസ്സുമായി നമുക്ക് മുന്നോട്ട് പോകാം. ആർക്കും ഒരു ദ്രോഹവും ചെയ്യാതെ, ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കുന്നതിലാണ് യഥാർത്ഥ ആനന്ദം. ശുഭദിനം!”
പോസ്റ്റ് വീണ പത്താം മിനിറ്റിൽ ലൈക്കുകളുടെയും കമന്റുകളുടെയും പൂരം തുടങ്ങി. “അമ്മേ, അവിടുന്ന് സാക്ഷാൽ ദേവത തന്നെയാണ്!” എന്ന് ഒരാൾ. “ചേച്ചിയുടെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിന് എന്ത് കുളിർമയാണ്” എന്ന് മറ്റൊരാൾ.

മൊബൈൽ സ്ക്രീനിൽ നോക്കി സുലോചന ഒന്നു പുച്ഛിച്ചു ചിരിച്ചു. അടുക്കളയിൽ നിന്ന് ഭർത്താവ് രാഘവൻ ചായ ചോദിച്ചതും സുലോചനയുടെ ഭാവം മാറി. “മനുഷ്യാ, ഞാൻ ഇവിടെ ലോകനന്മയ്ക്ക് വേണ്ടിയുള്ള ചിന്തകളിൽ മുഴുകിയിരിക്കുമ്പോൾ ഒച്ചയുണ്ടാക്കാതെ അവിടെപ്പോയി ഒരു ചായ ഇട്ടു കുടിച്ചൂടെ? എപ്പോഴും എന്റെ ആത്മീയ ചൈതന്യത്തിന് തടസ്സം നിൽക്കാൻ ഓരോ ജന്മങ്ങൾ വന്നോളും!”

രാഘവൻ ഒന്നും മിണ്ടിയില്ല. സുലോചനയുടെ തനിസ്വരൂപം നന്നായറിയാവുന്ന നാട്ടുകാരും വീട്ടുകാരും അവളെ പരമാവധി അകറ്റി നിർത്തിയിരുന്നു. അതുകൊണ്ടുതന്നെയാണ് അവൾ തന്റെ തട്ടകം സോഷ്യൽ മീഡിയയിലേക്ക് മാറ്റിയത്. അവിടെ ആളുകൾക്ക് മുഖം മൂടികൾ മാത്രമേ കാണാനാകൂല്ലോ!

സുലോചനയുടെ കണ്ണ് അടുത്തതായി പതിഞ്ഞത് ‘പ്രവാസി സ്നേഹം’ എന്ന വലിയൊരു വാട്സാപ്പ്-ഫേസ്ബുക്ക് കൂട്ടായ്മയിലാണ്. ഗൾഫിലുള്ള കുറച്ചു പാവം മലയാളികൾ ചേർന്ന് നടത്തുന്ന ചാരിറ്റി ഗ്രൂപ്പാണത്. അതിന്റെ പ്രധാന സംഘാടകൻ ദുബായിലുള്ള സോമൻ എന്ന പ്രവാസിയാണ്. കഠിനാധ്വാനം ചെയ്ത് നാട്ടിലെ പാവങ്ങളെ സഹായിക്കാൻ നടക്കുന്ന ഒരു പാവത്താൻ.

സുലോചന പതുക്കെ സോമന്റെ ഇൻബോക്സിലേക്ക് കയറി. ആദ്യം കുറച്ചു മോട്ടിവേഷണൽ വരികൾ അയച്ചു. പിന്നീട് വോയ്‌സ് മെസ്സേജുകൾ. സുലോചനയുടെ ശബ്ദത്തിന് ഒരു പ്രത്യേക മധുരമുണ്ട്. കേൾക്കുന്നവർക്ക് തോന്നും ലോകത്തിലെ ഏറ്റവും വലിയ സാധുവായ സ്ത്രീയാണെന്ന്.

ഒരു ദിവസം സുലോചന സോമന് വോയ്‌സ് അയച്ചു: “സോമൻ മാഷേ… ഞാൻ ഈ ഗ്രൂപ്പിലെ നിങ്ങളുടെ പ്രവർത്തനങ്ങൾ കാണാറുണ്ട്. കലിയുഗത്തിൽ ഇങ്ങനെ നന്മ ചെയ്യുന്ന നിങ്ങളെപ്പോലുള്ളവരെ കാണുമ്പോൾ ദൈവത്തെ നേരിൽ കണ്ടതുപോലെ തോന്നും. എനിക്കും നിങ്ങളോടൊപ്പം ഈ പുണ്യപ്രവർത്തികളിൽ പങ്കാളിയാകണം.”

സോമൻ വീണുപോയി. അദ്ദേഹം മറുപടി നൽകി: “അയ്യോ സുലോചനടീച്ചറേ, നിങ്ങളെപ്പോലെ ഇത്രയും വലിയ ചിന്തകരും പ്രശസ്തരും ഞങ്ങളുടെ കൂടെ വരുന്നത് വലിയൊരു അനുഗ്രഹമാണ്.”

പതുക്കെ പതുക്കെ സുലോചന ഗ്രൂപ്പിലെ പ്രധാനിമാരായ മൂന്ന് നാല് പേരെ തന്റെ വശത്താക്കി. രവി, ജയൻ, സുനിത എന്നിവരായിരുന്നു അവർ. ഗ്രൂപ്പിലെ മറ്റുള്ളവരോട് സുലോചനയെക്കുറിച്ച് പുകഴ്ത്തി സംസാരിക്കാൻ സുലോചന ഇവരെ അടിയറവുവെച്ചു. തന്റെ വാക്ചാതുര്യം കൊണ്ട് അവരെയെല്ലാം സുലോചന തൻ്റെ ആജ്ഞാനുവർത്തികളാക്കി മാറ്റി.

ഗ്രൂപ്പിൽ സ്വാധീനമുറപ്പിച്ചതോടെ സുലോചന അടുത്ത ഘട്ടത്തിലേക്ക് കടന്നു. അവൾ ഗ്രൂപ്പിലെ ഉപഗ്രൂപ്പുകൾ ഉണ്ടാക്കാൻ രവിയോടും ജയനോടും ആവശ്യപ്പെട്ടു. “നമുക്ക് വലിയ കാര്യങ്ങൾ ചെയ്യാനുണ്ട് രവി. മെയിൻ ഗ്രൂപ്പിൽ എല്ലാവരും ഉള്ളതുകൊണ്ട് രഹസ്യമായി ചില നല്ല കാര്യങ്ങൾ ആസൂത്രണം ചെയ്യാൻ പറ്റില്ല. നമ്മൾ വിശ്വസ്തരായവർ മാത്രം അടങ്ങുന്ന ഒരു ‘കോർ കമ്മിറ്റി’ ഉണ്ടാക്കണം,” സുലോചന നിർദ്ദേശിച്ചു.

അങ്ങനെ സോമൻ പോലുമറിയാതെ പ്രത്യേക സംഘം സുലോചനയുടെ കീഴിൽ രൂപപ്പെട്ടു. സുലോചന അവരോട് നിരന്തരം സംസാരിച്ചു. “നോക്കൂ, സോമൻ നല്ലവനാണ്. പക്ഷേ പുള്ളിക്കാരന് കാര്യപ്രാപ്തി കുറവാണ്. പണം കൈകാര്യം ചെയ്യാൻ കുറച്ചുകൂടി വിവരമുള്ളവർ വേണം. ഉദാഹരണത്തിന് എന്നെപ്പോലെ നാട്ടിലുള്ള ഒരാൾ വിചാരിച്ചാലേ ചാരിറ്റി കൃത്യമായി നടക്കൂ.”

സുനിത ചോദിച്ചു: “അതിന് നമ്മൾ എന്താ ടീച്ചറേ ചെയ്യുക?” സുലോചന നെടുവീർപ്പിട്ടു: “നാട്ടിൽ ഒരു അനാഥാലയമുണ്ട്. അവിടെ കുട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ പണമില്ലാതെ കഷ്ടപ്പെടുന്നു. ഞാൻ എന്റെ കയ്യിൽ നിന്നാണ് ഇപ്പോൾ കൊടുക്കുന്നത്. പക്ഷേ എനിക്ക് എത്രകാലം താങ്ങാൻ പറ്റും? നമുക്ക് ഗ്രൂപ്പിൽ ഒരു ഫണ്ട് കളക്ഷൻ നടത്തിയാലോ? പണം നേരിട്ട് എന്റെ അക്കൗണ്ടിലേക്ക് വരാൻ പറയാം. കാരണം ഇവിടെയുള്ള കാര്യങ്ങൾ ഞാനല്ലേ നോക്കുന്നത്.”

സുലോചനയുടെ മധുരവാക്കുകളിൽ മയങ്ങിയ സുനിതയും രവിയും ബാക്കിയുള്ളവരോട് പറഞ്ഞു: “സുലോചന ടീച്ചർ നേരിട്ടാണ് കാര്യങ്ങൾ നോക്കുന്നത്. അതുകൊണ്ട് ഫണ്ട് അങ്ങോട്ട് അയക്കാം.”

അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ‘പ്രവാസി സ്നേഹം’ ഗ്രൂപ്പിൽ നിന്ന് ലക്ഷക്കണക്കിന് രൂപ സുലോചനയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തി. ഗൾഫിൽ കഷ്ടപ്പെടുന്ന തൊഴിലാളികൾ തങ്ങളുടെ ശമ്പളത്തിൽ നിന്ന് മാറ്റിവെച്ച പണമായിരുന്നു അത്.

പണം അക്കൗണ്ടിൽ നിറഞ്ഞതോടെ സുലോചനയുടെ മോട്ടിവേഷണൽ പോസ്റ്റുകളുടെ എണ്ണം കൂടി. പുതിയ പട്ടുസാരികളും സ്വർണ്ണമാലകളും അണിഞ്ഞുള്ള ചിത്രങ്ങൾ അവൾ പോസ്റ്റ് ചെയ്യാൻ തുടങ്ങി. ആരെങ്കിലും കമന്റിൽ ചോദിച്ചാൽ അവൾ പറയും: “ഇതൊക്കെ എന്റെ അച്ഛന്റെ തറവാട്ടിൽ നിന്ന് കിട്ടിയ സ്വത്തുക്കളാണ്. ഈ സുലോചനയ്ക്ക് പണത്തിനോട് ഒരു ആർത്തിയുമില്ല സഹോദരങ്ങളെ…”

എന്നാൽ യഥാർത്ഥത്തിൽ അനാഥാലയത്തിലേക്ക് സുലോചന ആകെ കൊടുത്തത് അയ്യായിരം രൂപ മാത്രമായിരുന്നു. ബാക്കി തുക കൊണ്ട് അവൾ തന്റെ വീട് പുതുക്കിപ്പണിതു, ആഡംബര ഫോൺ വാങ്ങി.

ഇതിനിടയിൽ ദുബായിൽ ഇരുന്ന സോമന് ചില സംശയങ്ങൾ തോന്നിത്തുടങ്ങി. അദ്ദേഹം ഗ്രൂപ്പിൽ ചോദിച്ചു: “അനാഥാലയത്തിലേക്ക് കൊടുത്ത പണത്തിന്റെ കൃത്യമായ കണക്കുകളും രസീതുകളും സുലോചനടീച്ചർ ഒന്ന് ഗ്രൂപ്പിൽ ഇടണം. ഓഡിറ്റിംഗിന് വേണ്ടിയാണ്.”

ഇതു കേട്ടതും സുലോചനയുടെ ഭാവം മാറി. അവൾ ഉടനെ തന്റെ വിശ്വസ്തരായ രവിയെയും ജയനെയും വിളിച്ചു. “കണ്ടോ രവി… സോമന്‍ മാഷിന് എന്നെ സംശയമാണ്. ഞാൻ ഇത്രയും കാലം നന്മ മാത്രം ചെയ്തിട്ട് എനിക്ക് കിട്ടിയ പ്രതിഫലം കണ്ടോ? എന്നെ അപമാനിക്കാൻ നോക്കുന്ന ഇയാളുടെ കൂടെ ഇനി ഞാൻ ഇല്ല. ഞാൻ ഗ്രൂപ്പ് വിടുകയാണ്,” സുലോചന കരച്ചിലിന്റെ നാടകമാടി.

രവി പ്രകോപിതനായി: “ടീച്ചർ വിഷമിക്കേണ്ട. ആ സോമൻ ആരാണ് ചേച്ചിയെ ചോദ്യം ചെയ്യാൻ? നമുക്ക് നോക്കാം.”

സുലോചന തന്റെ വിശ്വസ്തരെ ഉപയോഗിച്ച് സോമനെതിരെ ഗ്രൂപ്പിൽ തിരിഞ്ഞു. “സോമൻ പണക്കാരനായതുകൊണ്ട് പാവം സുലോചനടീച്ചറെ അധിക്ഷേപിക്കുന്നു” എന്ന രീതിയിൽ ഗ്രൂപ്പിൽ വലിയ വാഗ്വാദങ്ങൾ നടന്നു. ഗ്രൂപ്പ് രണ്ടായി പിളർന്നു. ഭൂരിഭാഗം പേരും സുലോചനയുടെ വ്യാജക്കണ്ണീരിൽ വീണു.

എന്നാൽ സോമൻ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. അദ്ദേഹം നാട്ടിലുള്ള തന്റെ സുഹൃത്തും സാമൂഹ്യപ്രവർത്തകനുമായ പ്രദീപിനെ വിളിച്ച് സുലോചന പറയുന്ന അനാഥാലയത്തിൽ നേരിട്ട് അന്വേഷിക്കാൻ പറഞ്ഞു.

പ്രദീപ് അനാഥാലയത്തിൽ ചെന്നപ്പോഴാണ് സത്യം പുറത്തറിഞ്ഞത്. അവിടെ സുലോചന അഞ്ചു പൈസ കൊടുത്തിട്ടില്ലെന്ന് മാത്രമല്ല, അവിടുത്തെ ഭാരവാഹികൾ പറഞ്ഞു: “സുലോചനയോ? ആ സ്ത്രീ ഇവിടെ വന്ന് കുട്ടികളുടെ കൂടെ കുറച്ചു പടങ്ങൾ എടുത്ത് ഫേസ്ബുക്കിൽ ഇട്ടു എന്നതല്ലാതെ ഒരു സഹായവും ചെയ്തിട്ടില്ല.”

പ്രദീപ് ഉടൻ തന്നെ അവിടുത്തെ രേഖകളും അനാഥാലയ അധികൃതരുടെ വോയ്‌സ് റെക്കോർഡും സോമന് അയച്ചുകൊടുത്തു. കൂടാതെ സുലോചനയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഗ്രൂപ്പിൽ നിന്ന് പോയ പണത്തിന്റെ സ്ക്രീൻഷോട്ടുകളും ശേഖരിച്ചു.

അടുത്ത ദിവസം രാവിലെ സുലോചന പതിവുപോലെ ഒരു മോട്ടിവേഷണൽ പോസ്റ്റ് ഇടാൻ തയ്യാറെടുക്കുകയായിരുന്നു. ‘ക്ഷമയാണ് ഏറ്റവും വലിയ ഗുണം’ എന്നതിനെക്കുറിച്ചായിരുന്നു പോസ്റ്റ്.

പെട്ടെന്നാണ് സോമൻ ആ വലിയ ഗ്രൂപ്പിലും എല്ലാ ഉപഗ്രൂപ്പുകളിലും പ്രദീപ് ശേഖരിച്ച തെളിവുകൾ മുഴുവൻ പോസ്റ്റ് ചെയ്തത്. അനാഥാലയക്കാരുടെ ശബ്ദരേഖ, പണം കൈപ്പറ്റിയതിന്റെ രേഖകൾ, സുലോചന ചാറ്റുകളിൽ നടത്തിയ തട്ടിപ്പ് ആസൂത്രണങ്ങൾ എല്ലാം പരസ്യമാക്കപ്പെട്ടു.

സോമൻ ഗ്രൂപ്പിൽ കുറിച്ചു: “സത്യവാൻ സാവിത്രിയായി ചമഞ്ഞുനടന്ന സുലോചനയുടെ യഥാർത്ഥ മുഖം ഇതാണ്. പാവങ്ങളുടെ കണ്ണീരൊപ്പാൻ പ്രവാസികൾ ചോരനീരാക്കി ഉണ്ടാക്കിയ പണമാണ് ഈ ‘മോട്ടിവേഷണൽ സിംഹം’ അടിച്ചുമാറ്റിയത്.”

കഥ മാറി മറിഞ്ഞു. അതുവരെ സുലോചനയെ പുകഴ്ത്തിയവർ തെറിവിളികളുമായി കമന്റ് ബോക്സിൽ നിറഞ്ഞു. സുലോചനയെ ന്യായീകരിച്ച രവിയും ജയനും സുനിതയും നാണംകെട്ട് ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് ആയി.

സുലോചന ഭയന്നുപോയി. അവൾ ഉടനെ സോമനെ ഫോണിൽ വിളിച്ചു. ആ മധുരശബ്ദം മാറി, അതിൽ ഭയവും വിറയലും കലർന്നിരുന്നു. “സോമൻ മാഷേ… എന്നോട് ക്ഷമിക്കണം. എനിക്ക് പറ്റിയ അബദ്ധമാണ്. ഞാൻ പണമൊക്കെ തിരിച്ചു തരാം. ദയവായി പോലീസിൽ പരാതിപ്പെടരുത്. എന്റെ മാനം പോകും.”

അപ്പുറത്ത് നിന്ന് സോമന്റെ കുറിക്ക് കൊള്ളുന്ന മറുപടി വന്നു: “എന്താ സുലോചനടീച്ചറേ… നിങ്ങളല്ലേ ഫേസ്ബുക്കിൽ എഴുതാറുള്ളത് ‘സത്യത്തിന്റെ പാത കഠിനമാണ്, അത് നേരിടണം’ എന്ന്? ഇപ്പോൾ ആ പാതയിലൂടെ ഒന്ന് നടക്കൂ. നിയമം അതിന്റെ വഴിക്ക് വരും. നിങ്ങളുടെ മധുരമുള്ള വിഷം ഇനി ആരുടെയും മേൽ ചെലവാകില്ല.”

വൈകുന്നേരമായപ്പോഴേക്കും സുലോചന തന്റെ ഫേസ്ബുക്ക് പ്രൊഫൈൽ ഡീആക്ടിവേറ്റ് ചെയ്തു. നാട്ടുകാർ അവളുടെ വീടിനു മുന്നിലൂടെ നടക്കുമ്പോൾ പരസ്പരം നോക്കി ചിരിക്കാൻ തുടങ്ങി. സോഷ്യൽ മീഡിയയിലെ കോപ്രായങ്ങൾക്കും വ്യാജ മോട്ടിവേഷനുകൾക്കും ഒടുവിൽ നിയമത്തിന്റെ മുന്നിൽ സുലോചനയ്ക്ക് തന്റെ മുഖംമൂടി എന്നെന്നേക്കുമായി അഴിച്ചുവെക്കേണ്ടി വന്നു.

പുല്ലമ്പാറ രാജേഷ്✍

RELATED ARTICLES

2 COMMENTS

  1. ഇതൊരു കഥ അല്ല..
    ഉത്തരം തട്ടിപ്പുകൾ ധാരാളം സോഷ്യൽ മീഡിയ ഉപയോഗിച്ച് നടക്കുന്നുണ്ട്….

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ