Wednesday, May 13, 2026
Homeഅമേരിക്കവെയിലിൽ തിളങ്ങുന്ന പള്ളി (കഥ) ✍ അജിത് കരുണാകരൻ

വെയിലിൽ തിളങ്ങുന്ന പള്ളി (കഥ) ✍ അജിത് കരുണാകരൻ

ചെറിയ പെരുന്നാൾ! തറവാട്ടിൽ ഹജറുൽ അസ്‌‌വദ്* മുത്താനുള്ളത്രയും ആൾത്തിരക്കുണ്ട്. ഇക്കാക്കമാർ ഇത്താത്തമാർ ഒപ്പം പങ്കാളികളും കുട്ടികളും സഹായികളും എത്തിയിട്ടുണ്ട്. വിശാലമായ മുറ്റത്ത് പ്ലാവിനും മാവിനും മരുതിനും കീഴെ ഔഡിയും ബെൻസും ബിഎമ്മും തണൽകായുന്നു. തെങ്ങിൻ ചുവടുകളിൽ വണ്ടികളില്ല, തെങ്ങിൻ തലപ്പത്ത് ഉണങ്ങിയ തേങ്ങാക്കുലകളുണ്ട്!

ആഫ്റ്റർ ഷേവിന്റെ അത്തറിന്റെ പുത്തനുടുപ്പുകളുടെ ഗന്ധം തിങ്ങിയ തറവാടിന്റെ അകത്തളത്തിലേക്ക് കമാൽ അവതരിച്ചു. ഷേവ് ചെയ്തിട്ടുണ്ട്. പല്ലുതേച്ചിട്ടുണ്ട്. കുളിച്ചിട്ടുണ്ട്. ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ഇക്കാക്കമാർ ആഗതനെ കണ്ണുകൊണ്ടളന്നെടുത്തു, ഇത്താത്തമാർ വാത്സല്യപൂർവ്വം പുഞ്ചിരിച്ചു. കുട്ടികൾ, ഗാഡ്ജറ്റുകളിൽ മുഖംപൂഴ്ത്തിയിരുന്നു. കമാലിന് കെനിയയിലെ ഒട്ടകപക്ഷികളെ ഓർമവന്നു. ജോലിയുടെ കൂലിയുടെ ആദ്യനാളുകളിൽ കമാൽ ആഫ്രിക്കയിലായിരുന്നു. ഇപ്പോൾ ജോലിയുമില്ല കൂലിയുമില്ല, ക്യാഷ് ക്രഞ്ചുണ്ട്, ഇടയ്ക്കിടെ അപമാനിക്കപ്പെടുന്നുണ്ട്.

ഉച്ച ഭക്ഷണത്തിന് നേരമായി. അത്സ, ആട് ബിരിയാണി കോയി ബിരിയാണി മീൻ ബിരിയാണി, മീൻ പൊള്ളിച്ചത്, കോയി വറുത്തത്, മുട്ടമാല, ഫ്രൂട്ട് സാലഡ് – തറവാട്ടിലെ പ്രധാന പാചകക്കാരി സൈനുത്താ വിഭവങ്ങൾ നിരത്തി. “എല്ലാരും ബരി, കയ്ക്കാനിരിക്ക്. എടക്കെങ്കിലും അസ്സല് കോയിക്കോടൻ ബിരിയാണി കയ്ക്കാലോ” – പാചക കലയിൽ തനിക്കുള്ള നൈപുണ്യത്തിന്റെ അഹന്തയോടെ അവർ ആളുകളെ തീന്മേശയിലേക്ക് ക്ഷണിച്ചു. സൈനുത്തയുടെ ബാല്യവും കൗമാരവും നിക്കാഹിന്റെ ശേഷം കാലവും എല്ലാം തറവാടിനും അതിലെ കുശിനിക്കും വേണ്ടി സമർപ്പിക്കപ്പെട്ടതാണ്. അകന്ന ബന്ധത്തിലെ ഇത്താ – ഇപ്പോൾ പെറ്റുമ്മയെ പോലാണ് പെരുമാറുന്നത്. സൈനുത്താ ഉഷാറാണ്, ലേശം നൊസ്സാണ്. ബുദ്ധികൂടിയവർ അങ്ങനെയാണല്ലോ – എക്സെൻട്രിക്!

ആദ്യം വെല്ലിക്ക, പിന്നെ മൂത്ത പുയ്യാപ്ല, പൂക്കാക്ക, ചെറീക്ക, പിന്നെ എളേ പുയ്യാപ്ല, ശേഷം കമാൽ, കുട്ടികൾ – ആണുങ്ങൾ വലിയ തീന്മേശക്ക് ചുറ്റും വട്ടംകൂടിയിരുന്നു. മെയിൽ ഡോമിനേറ്റഡ് സൊസൈറ്റി – ആണിനാണ് മുൻഗണന. പെണ്ണുങ്ങൾ അവർക്ക് താങ്ങായും തണലായും സ്നേഹം വിളമ്പി നിൽക്കുന്നു. ദേജാവു! എല്ലാം ഇതിനുമുന്നേ കണ്ടപോലെ തോന്നുന്നു. ഇതേ ചിത്രം മനസ്സിൽ പതിഞ്ഞിട്ടുണ്ട്. ഇതേ ആളുകൾ, അവരുടെ ഇരിപ്പും നോക്കും വാക്കും, എല്ലാം. ഇനി ഡാവിഞ്ചിയുടെ ലാസ്റ്റ് സപ്പർ തന്റെ മനസ്സിലാരോ ആണിയടിച്ചു തൂക്കിയതാണോ – കമാലിന് ആശങ്കയായി.

അല്ലാഹുവിന് സ്തുതി പറഞ്ഞ് ആളുകൾ തീറ്റ തുടങ്ങി. ആടിനെ, കോഴിയെ, സമുദ്ര ഗർത്തങ്ങൾ അനേകം താണ്ടിയെത്തിയ വമ്പൻ മീനുകളെ, വട്ടത്തിൽ മുറിച്ച വലിയുള്ളി കഷ്ണങ്ങളെ അവർ ഇരുകരങ്ങളാലും വന്യമായി ആക്രമിച്ചു, കടിച്ചു കീറി.

“കമാലെ – അനക്ക് ഇനി എന്താ പ്ലാൻ, ന്റെ കയ്യിൽ കൊറച്ചു പൈസേം കൂടി ണ്ട്. അത് തീർത്ത് തന്നാ ഒരു സഹയാവേനും” – അയക്കൂറ നുള്ളി നാവിലിട്ട് വല്ലിക്ക സ്വതസിദ്ധമായ ശൈലിയിൽ കളിയാക്കിത്തുടങ്ങി. അനുയായികൾ ചിരിച്ചു. പിന്നെ ചവച്ചു. ഉള്ളിലടിച്ചുകയറിയ അലമാലകളടക്കി കമാൽ തന്നിലേക്ക് ഉൾവലിഞ്ഞു. സുനാമിക്ക് മുമ്പുള്ള പ്രകൃതിയുടെ പ്രതിഭാസം!

“ഇത് കമാലിന്” – സൈനുത്താ വലിയ അലൂമിനിയ തട്ടിൽ പോത്തിൻകാൽ ഡെലിക്കസിയുമായി പ്രത്യക്ഷപ്പെട്ടു.

“ഏ… തക്കാളിപ്പെട്ടിക്ക് ഗോദ്‌റെജിന്റെ പൂട്ടോ” – പൂക്കാക്ക സ്കോർ ചെയ്തു. ഗാലറി ഹർഷാരവം പൊഴിച്ചു.

“ങ്ങള് ഓനെ അങ്ങനെ സുയ്‌പ്പാക്കണ്ട! ങ്ങക്കൊക്കെ ഇപ്പൊ ബല്യ കാറ് ണ്ട് ഡൈവറ് ണ്ട്… എന്നാ ങ്ങക്കറയോ, ഈ കുറ്റിച്ചെറ ദേസത്തു ആദ്യായി കാറ് ണ്ടായത് മ്മളെ കമാലിനാ… അതും പത്ത് മുപ്പത് കൊല്ലം മുമ്പ്…” – സൈനുത്താ ഉദാഹരണസഹിതം കമാലിനെ പിന്തുണച്ചു.

സെക്കന്റ് വിൻഡിന്റെ ഉണർവുവരുന്നു. കമാൽ കോളർ ശരിയാക്കി നിവർന്നിരുന്നു. ഗതകാല പ്രൗഢി പാടിനടക്കാൻ ഒരു പാണനെങ്കിലും ബാക്കിയുണ്ട്, കൂടെയുണ്ട്. മനസ്സിലേക്ക് ഉമ്മച്ചിയുടെ കരുതൽ ഓടിയെത്തി. കൺകോണിൽ നനവുപൊടിഞ്ഞു.

“പച്ചേങ്കില്, ങ്ങക്കറയോ, ഇന്ന് കുറ്റിച്ചെറാന്നല്ല…ഈ ദുനിയാവില് തന്നെ കാറില്ലാത്ത ഒരേ ഒരു മൻസ്യൻ മ്മളെ കമാലാ ….” – ഇത്ത കൂട്ടിച്ചേർത്തു. എന്നിട്ട് പൊട്ടിച്ചിരിച്ചു. വല്ലിക്ക അട്ടഹസിച്ചു, ബിരിയാണി മറ്റുള്ളവരുടെ മുഖത്തേക്ക് തെറിച്ചു.

നൊസ്സത്തി – കമാൽ പല്ലിറുമ്മി.

എത്ര പെട്ടെന്നാണ് ആളുകൾ മാറുന്നത്. ശിരസ്സിലേറ്റി നടന്നവർ പൊടുന്നനെ ചവിട്ടിയരയ്ക്കുന്നു. ജീവനാണെന്നു വിശ്വസിപ്പിച്ചവർ ജീവനെടുക്കുന്നു. ചോരയിലെ കനലായി കരുതിയവർക്കിപ്പോൾ തിരിഞ്ഞുനോക്കുവാൻ പോലും സമയമില്ല; അവർ ശ്വസിക്കുന്നുണ്ട് കുളിക്കുന്നുണ്ട്, കഥകളും കവിതകളും പൊലിപ്പിച്ച ചിത്രങ്ങളും സംപ്രേക്ഷണം ചെയ്യുന്നുണ്ട്! നമുക്കായിമാത്രം അവർക്ക് സമയമില്ല, സൗകര്യമില്ല!

മനസ്സു പ്രക്ഷുബ്ധമാണ്! തിരമാലകൾ അലറിയടിക്കുന്നു! കമാൽ ഊണ് മതിയാക്കി എഴുന്നേറ്റു. ഒന്നും പറയാതെ കൈകഴുകാതെ പുറത്തേക്ക് നടന്നു. മുന്നിൽ വെയിലിൽ തിളങ്ങുന്ന കുറ്റിച്ചിറ പള്ളി, പച്ച ചിറ. കടപ്പുറത്തേക്കുള്ള റോഡ് ചുട്ടുപഴുത്തു കിടക്കുന്നു. അകവും പുറവും ഉഷ്ണം. കമാൽ നഗ്നപാദനായി നിരത്തിൽ ചവിട്ടി.

“ഊയിന്റുമ്മാ…” – കാലുപൊള്ളി!

ഹജറുൽ അസ്‌വദ്: മക്കയിലെ കഅബയുടെ ഒരു പുറം മൂലയിൽ സ്ഥാപിച്ച കല്ലാണ് ഹജറുൽ അസ്‌വദ്.

അജിത് കരുണാകരൻ✍

RELATED ARTICLES

1 COMMENT

  1. ഗൃഹാതുരത്വം ഉണർത്തുന്ന വളരെ നല്ലൊരു കഥ. അ💐ഭിനന്ദനങ്ങൾ 💐💐💐💐💐💐💐💐💐

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com